articles
കാവിയുടെ അദൃശ്യ അധിനിവേശം
ഒരു കാര്യമുറപ്പാണ്; രാഷ്ട്രീയ അടിയൊഴുക്കുകള്‍ കാണാന്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിനോ നിരീക്ഷകര്‍ക്കോ മാധ്യമ വിശാരദര്‍ക്കോ അശേഷം പ്രാപ്തിയില്ലാതെ പോയതാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള കാവി മുന്നേറ്റത്തിനു നിദാനം. ഏതെങ്കിലും ഒരു ജില്ലയിലോ മേഖലയിലോ ഒതുങ്ങുന്നതല്ല ഈ പ്രതിഭാസമെന്നും മലനാടും ഇടനാടും തീരദേശങ്ങളും സ്പര്‍ശിച്ചുകൊണ്ടാണ് വെറുപ്പിന്റെ രാഷ്ട്രീയം പരന്നൊഴുകിയതെന്നും സമ്മതിക്കേണ്ടതുണ്ട്.
കാലങ്ങളായി നാം പണിതുവെച്ച ഭദ്രമായ പ്രതിരോധഭിത്തി തകര്‍ത്ത് കാവിരാഷ്ട്രീയം കേരളത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുകയറ്റം നടത്തിയിരിക്കുന്നു. ഇടത്, വലത് പാര്‍ട്ടികള്‍ക്ക് അത് മുന്‍കൂട്ടി കാണാന്‍ സാധിക്കാതെ പോയത് സമൂഹത്തില്‍ ആരോരുമറിയാതെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടത് കൊണ്ടാണ്. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് കേരളത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയെന്ന്, 1980 തൊട്ട് ഇവിടെ ബി ജെ പിയുടെ നേതൃനിരയിലുള്ള മൂന്നാം മോദി സര്‍ക്കാറിലെ കേരളത്തില്‍ നിന്നുള്ള പ്രതിനിധി ജോര്‍ജ് കുര്യന്‍ സണ്‍ഡേ എക്സ്പ്രസ്സുമായുള്ള അഭിമുഖത്തില്‍ (2024 ജൂണ്‍ 23) നിരീക്ഷിക്കുകയുണ്ടായി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് പത്ത് സീറ്റെങ്കിലും നേടാനാകുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.
ചര്‍ച്ചുമായും വിശ്വാസികളുമായും അടുത്തിടപെട്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ആര്‍ എസ് എസിന്റെ കോര്‍ അജന്‍ഡ നന്നായറിയുന്ന കാതലുള്ള രാഷ്ട്രീയക്കാരനാണദ്ദേഹം. 1925ല്‍ ആര്‍ എസ് എസ് രൂപവത്കൃതമായ അന്ന് തൊട്ട് കേരളം ഹിന്ദുത്വവിചാരഗതിയുടെ ഉന്നമായിരുന്നു. ഒരുവേള യു പിയിലുള്ളതിനേക്കാള്‍ “ശാഖകള്‍’ ഇവിടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും സംഘ്പരിവാറിന് ബാലികേറാമലയായി കേരളം ഇതുവരെ നിലകൊണ്ടത് നവോത്ഥാന, പുരോഗമന, ദേശീയ ചിന്താധാരകളുടെ അതിശക്തമായ അടിത്തറയിലാണ് നമ്മുടെ സാമൂഹിക വ്യവസ്ഥ കെട്ടിപ്പടുത്തത് എന്നത് കൊണ്ടാണ്. 1998 തൊട്ട് ഹിന്ദുത്വ ശക്തികള്‍ ഡല്‍ഹിയില്‍ അധികാരത്തിലേറിയിട്ടും വിന്ധ്യക്കിപ്പുറം കര്‍ണാടക ഒഴികെയുള്ള സംസ്ഥാനങ്ങളിലേക്ക് കടന്നുകയറ്റം നടത്താന്‍ എന്തുകൊണ്ട് ബി ജെ പിക്ക് സാധിച്ചില്ല എന്നത് ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് ഡിപാര്‍ട്ട്മെന്റിന്റെ പ്രത്യേക ഗവേഷണ വിഷയമാണ്.
ഹിന്ദി ബെല്‍റ്റില്‍, വിശിഷ്യാ യു പിയിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലുമൊക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാ അവകാശവാദങ്ങളെയും തകര്‍ത്ത് ബി ജെ പി കനത്ത തിരിച്ചടി നേരിട്ട ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എങ്ങനെ കാവിരാഷ്ട്രീയം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നമ്മുടെ മണ്ണിലേക്ക് അധിനിവേശം നടത്തി എന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍, കഴിഞ്ഞ പത്ത് വര്‍ഷമായി ഹിന്ദുത്വ നേതൃത്വം കേരളത്തെ എങ്ങനെ കണ്ടു, ഏത് വിധത്തില്‍ ഇടപെട്ടു, എത്ര കോടികള്‍ ചെലവഴിച്ചു എന്നിത്യാദി വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനം ആവശ്യമാണ്. ഒരു കാര്യമുറപ്പാണ്; രാഷ്ട്രീയ അടിയൊഴുക്കുകള്‍ കാണാന്‍ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വത്തിനോ നിരീക്ഷകര്‍ക്കോ മാധ്യമ വിശാരദര്‍ക്കോ അശേഷം പ്രാപ്തിയില്ലാതെ പോയതാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള ഈ കാവി മുന്നേറ്റത്തിനു നിദാനം. ഏതെങ്കിലും ഒരു ജില്ലയിലോ മേഖലയിലോ ഒതുങ്ങുന്നതല്ല ഈ പ്രതിഭാസമെന്നും മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ, മലനാടും ഇടനാടും തീരദേശങ്ങളും സ്പര്‍ശിച്ചുകൊണ്ടാണ് വെറുപ്പിന്റെ രാഷ്ട്രീയം പരന്നൊഴുകിയതെന്നും സമ്മതിക്കേണ്ടതുണ്ട്.
ശത്രുക്കളെ തിരിച്ചറിഞ്ഞ ഹിന്ദുത്വവാദികള്‍
വി ഡി സവര്‍ക്കറും എം എസ് ഗോള്‍വാള്‍ക്കറും മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വം “ദേശ
ദ്രോഹി’കളായ അപരന്മാരെ അടയാളപ്പെടുത്തിയുള്ള വംശീയ ദേശീയതയാണ്. ജാതിയും മതവും ഭാഷയും സംസ്‌കാരവുമൊക്കെയാണ് അതിന്റെ ആധാരശില. അവിടെ നിന്നാണ്, ഫ്രഞ്ച് പൊളിറ്റിക്കല്‍ സയന്റിസ്റ്റും ഇന്‍ഡോളജിസ്റ്റുമായ ക്രിസ്റ്റോഫി ജഫ്ലറ്റ് എടുത്തുകാട്ടിയ വംശീയ ജനാധിപത്യത്തിന് നരേന്ദ്ര മോദിയുടെ കാലഘട്ടം കളമൊരുക്കുന്നത്. ജാതിയിലും മതത്തിലും ഹൈന്ദവ സംസ്‌കൃതിയിലും ഊന്നിയ ഇമ്മട്ടിലൊരു രാഷ്ട്രീയ സംവിധാനത്തില്‍ മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കോ കമ്മ്യൂണിസ്റ്റുകള്‍ക്കോ പ്രത്യേകിച്ച് ഇടമൊന്നുമില്ല.
കേരളത്തിന്റെ നിഖില മേഖലകളിലുമുള്ള കുതിപ്പിന് തടയിടുക, സംസ്ഥാനം മുന്നോട്ടുവെക്കുന്ന ബദലുകളെ നിഷ്പ്രഭമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആര്‍ എസ് എസ് ആസ്ഥാനത്ത് ചുട്ടെടുക്കുന്ന “കേരള അജന്‍ഡ’യുടെ പ്രയോഗവത്കരണം പല മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാന -കേന്ദ്ര സര്‍ക്കാറുകള്‍ തമ്മിലുള്ള ചക്കളത്തിപ്പോരായി പ്രതിപക്ഷ നേതാവും മറ്റു യു ഡി എഫ് നേതാക്കളും നിസ്സാരവത്കരിച്ച ഈ പോരാട്ടത്തിന്റെ രാഷ്ട്രീയ മാനങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ക്കായില്ല. അതേസമയം, അതിപിന്നാക്ക-ദുര്‍ബല വിഭാഗങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാന്‍ അതിനിടയില്‍ താഴേത്തട്ടില്‍ എണ്ണമറ്റ കേന്ദ്ര പദ്ധതികളുമായി അല്‍ഫോന്‍സ് കണ്ണന്താനം, വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയ കേന്ദ്ര മന്ത്രിമാരും സുരേഷ് ഗോപിയെ പോലുള്ള ഇടനിലക്കാരും ആര്‍ എസ് എസ് പ്രചാരകരും ജനമധ്യത്തില്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. സ്വദേശ് ദര്‍ശന്‍ സ്‌കീം, പ്രശാദ് സ്‌ക്രീം എന്നീ പദ്ധതികളിലൂടെ ഇക്കോടൂറിസം മേഖലയില്‍ മോദി സര്‍ക്കാര്‍ കോടികള്‍ വാരിവിതറിയപ്പോള്‍ ആരും അന്വേഷിച്ചില്ല ആരാണ് അതിന്റെ ഗുണഭോക്താക്കളെന്ന്. തങ്ങളുടെ ടാര്‍ഗറ്റ് ഗ്രൂപ്പിലേക്ക് നിഷ്പ്രയാസം ഇറങ്ങിച്ചെല്ലാനുള്ള പാലമായിരുന്നു അവ. ശബരിമല-പമ്പ-സന്നിധാനം സര്‍ക്യൂട്ട്, ശ്രീപത്മനാഭക്ഷേത്ര വികസന പദ്ധതി, ഗുരുവായൂര്‍ വികസന പദ്ധതി തുടങ്ങി നാമറിയാത്ത എണ്ണമറ്റ ഹിന്ദുത്വ അജന്‍ഡകളിലേക്ക് കേന്ദ്ര ഖജനാവില്‍ നിന്ന് നൂറുകണക്കിന് കോടികള്‍ ഒഴുകുന്നുണ്ടായിരുന്നു. അവര്‍ണ വിഭാഗത്തെ കൈയിലെടുക്കാന്‍ ശിവഗിരി സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ട് രൂപകല്‍പ്പന ചെയ്ത് 750 കോടിയോളം നല്‍കി.
തങ്ങള്‍ക്കിതുവരെ വേണ്ടവിധം സ്വാധീനം ചെലുത്താന്‍ പറ്റാത്ത അതിപിന്നാക്ക വിഭാഗത്തിലേക്ക് വന്‍ സന്നാഹത്തോടെ ഇരച്ചുകയറാന്‍ സാധിച്ചതാണ് ആര്‍ എസ് എസ് ലക്ഷ്യമിടുന്ന ഹിന്ദുത്വവത്കരണത്തിന്റെ വഴിയില്‍ വളരെ മുന്നോട്ട് പോകാന്‍ ബി ജെ പിക്ക് തുണയായത്. ആലപ്പുഴയിലും തൃശൂരിലും ആറ്റിങ്ങലിലും തിരുവനന്തപുരത്തും ഇരു മുന്നണികള്‍ക്കും ഭീഷണിയായാണ് കാവിരാഷ്ട്രീയം പരന്നൊഴുകിയതെന്ന് കാണാന്‍ പ്രയാസമില്ല. ഇതുവരെ ഇടതു രാഷ്ട്രീയത്തിന്റെ ഓരം ചേര്‍ന്നുനില്‍ക്കാന്‍ മാത്രം ശീലിച്ച മത്സ്യത്തൊഴിലാളികള്‍, പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങള്‍, ആദിവാസികള്‍, നഗരപ്രാന്തങ്ങളിലെ ചെറ്റക്കുടിലുകളില്‍ ജീവിക്കുന്നവര്‍ തുടങ്ങി പിന്നാക്ക വിഭാഗങ്ങളിലെ ഏറ്റവും പിന്നാക്കക്കാരെ വശീകരിച്ച് കൂടെനിര്‍ത്തുന്നതില്‍ വിജയിക്കുന്നതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിന്റെ, ഐക്യകേരളം രൂപപ്പെട്ടത് മുതല്‍ നിലനില്‍ക്കുന്ന, രാഷ്ട്രീയ സന്തുലിതത്വം തെറ്റാന്‍ പോകുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍ ബി ജെ പി പ്രസിഡന്റ് കെ സുരേന്ദ്രന്‍ അവകാശവാദങ്ങള്‍ നിരത്തവെ ഉപയോഗിച്ച ഒരു പദമുണ്ട്, സോഷ്യല്‍ എന്‍ജിനീയറിംഗ്. മോദിയുടെ കഴിഞ്ഞ 10 വര്‍ഷത്തെ ഭരണത്തിനിടയില്‍ സംഘ്പരിവാര്‍ പലരിലൂടെയായി ഇവിടെ നടപ്പാക്കിയ സോഷ്യല്‍ എന്‍ജിനീയറിംഗിന്റെ ഫലശ്രുതിയാണീ റിസല്‍ട്ടെന്ന്. അതിന്റെ ആത്യന്തികഫലം വര്‍ഗീയ വ്യാപനമാണ്.
വിദ്വേഷരാഷ്ട്രീയത്തിന് നമ്മുടെ നാട്ടിലും കൂടുതല്‍ സ്വീകാര്യത കൈവരുന്നു എന്നതാണ്.
വശീകരണ വഴിയിലെ ഭാരതരത്‌നത്തിനപ്പുറം
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിലൂടെ സവര്‍ണ, തീവ്രവലതുപക്ഷത്തിന്റെ മനസ്സിലേറിയതിന്റെ പിറ്റേന്ന്, 2024 ജനുവരി 23ന് പ്രധാനമന്ത്രി മോദി ഒരു അപ്രതീക്ഷിത പ്രഖ്യാപനം നടത്തി. അതിപിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി പോരാടിയ സോഷ്യലിസ്റ്റ് നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ കര്‍പ്പുരി ഠാക്കൂറിനെ ഭാരതരത്‌നം നല്‍കി ആദരിക്കുന്നു എന്നതാണത്. ഠാക്കൂര്‍ മരിച്ച് 35 വര്‍ഷം കഴിഞ്ഞ ശേഷം രത്‌നം ചാര്‍ത്തുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് അപ്പോള്‍ തന്നെ പ്രതികരണങ്ങളുണ്ടായി. മതേതരപക്ഷത്തു നിന്ന് തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് എന്‍ ഡി എയിലേക്ക് ചേക്കേറിയ നിതീഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമുള്ള ഈ അടവ് പ്രയോഗം തിരഞ്ഞെടുപ്പില്‍ ഫലം കണ്ടു. ആര്‍ ജെ ഡി കോണ്‍ഗ്രസ്സ് കൂട്ടുകെട്ടിനെ പിന്തള്ളി ജനതാദള്‍(യു) -ബി ജെ പി സഖ്യം വന്‍ മുന്നേറ്റം നടത്തി. ഒ ബി സി വിഭാഗത്തെ പോലെ ഇ ബി സിയും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണെന്ന കണ്ടെത്തല്‍ രാജ്യത്തുടനീളം ബി ജെ പിയുടെ ഇലക്ഷന്‍ തന്ത്രത്തിന്റെ പുതിയ ഫോര്‍മുലയായി. അതിന്റെ ഭാഗമായാണ് മോദി തിരഞ്ഞെടുപ്പ് ക്യാമ്പയിനിലുടനീളം പട്ടികജാതി, പട്ടികവര്‍ഗത്തിനു വേണ്ടി വാദിച്ചതും അവരുടെ സംവരണം തട്ടിയെടുക്കാന്‍ മുസ്‌ലിംകള്‍ ശ്രമിക്കുകയാണെന്ന കല്ലുവെച്ച നുണ ആരോപിച്ചതും. കേരള സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദി പരസ്യമായി ഇമ്മട്ടിലുള്ള പ്രസംഗങ്ങള്‍ നടത്തിയില്ലെങ്കിലും ഈ വിഭാഗത്തിലേക്ക് ഇറങ്ങിച്ചെല്ലാനും കാവിരാഷ്ട്രീയത്തോടൊപ്പം അവരെ ചേര്‍ത്തുപിടിക്കാനും അണിയറയില്‍ ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.
സവര്‍ണ വോട്ടില്‍ വലിയ ശതമാനം പരമ്പരാഗതമായി കോണ്‍ഗ്രസ്സിന്റെ കൈയിലാണെന്നിരിക്കെ, ഈഴവര്‍, അടിസ്ഥാന വര്‍ഗങ്ങള്‍, ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരെ ഒപ്പം കൂട്ടാനാണ് ബി ജെ പി ശ്രമിച്ചത്. തിരഞ്ഞെടുപ്പ് ഫലം വരികയും ഇടതുപക്ഷത്തിന് കനത്ത പ്രഹരമേല്‍ക്കുകയും ചെയ്തപ്പോഴാണ് വെള്ളാപ്പള്ളി നടേശനെ പോലുള്ളവര്‍ അണിയറയില്‍ താമരക്കുവേണ്ടി വോട്ട് പിടിക്കുകയായിരുന്നുവെന്ന സത്യം ജനത്തിന് ബോധ്യമായത്. ഇടതു സര്‍ക്കാര്‍ രൂപം നല്‍കിയ നവോത്ഥാന സമിതിയുടെ തലപ്പത്തിരുന്നായിരുന്നു ഈ കൊലച്ചതി. ആലപ്പുഴയില്‍ ബി ജെ പിയുടെ ശോഭാ സുരേന്ദ്രന്‍ വാരിക്കൂട്ടിയ വോട്ടിന്റെ വലിയൊരു വിഹിതം ഇടതു സ്ഥാനാര്‍ഥി എം ആരിഫിന് കിട്ടേണ്ട ഈഴവ വോട്ടായിരുന്നു.
കേരള രാഷ്ട്രീയം വഴിത്തിരിവിലാണ്. എത്ര പുരോഗമനം പറഞ്ഞാലും ജാതി, മത ശക്തികളാണ് ഇന്നും ഇവിടെ രാഷ്ട്രീയഗതിയും തിരഞ്ഞെടുപ്പ് ഫലവും തീരുമാനിക്കുന്നത്. ക്രൈസ്തവ, ഈഴവ, അതിപിന്നാക്ക വിഭാഗങ്ങള്‍ ബി ജെ പിക്ക് അനുകൂലമായി ഇപ്പോള്‍ എടുത്ത നിലപാട് തിരുത്തപ്പെടുന്നില്ലെങ്കില്‍ 1967 തൊട്ട് കേരളം പിന്തുടര്‍ന്ന് പോന്ന ഇരുമുന്നണി സംവിധാനം താളം തെറ്റുകയും രാഷ്ട്രീയ ഋതുപ്പകര്‍ച്ചയിലേക്ക് വഴിമാറുകയും ചെയ്യും. കേന്ദ്ര മന്ത്രിമാരായ ജോര്‍ജ് കുര്യനെയും സുരേഷ് ഗോപിയെയും ബി ജെ പി ഏല്‍പ്പിച്ച ദൗത്യം ചെറുതല്ല. അവര്‍ക്ക് നല്‍കിയ ന്യൂനപക്ഷം, ടൂറിസം, ഫിഷറീസ് തുടങ്ങിയ വകുപ്പുകള്‍ ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെല്ലാന്‍ അവസരമൊരുക്കിക്കൊടുക്കും. കേരളത്തെ കാവി പുതപ്പിക്കാന്‍ ഏതറ്റം വരെ പോകാനും മടിക്കാത്തവരാണ് ഇവരെന്ന് മനസ്സിലാക്കുന്നത് എല്ലാവര്‍ക്കും നല്ലത്.