Connect with us

വ്രതവിശുദ്ധി

റിലീഫ് പ്രവർത്തനങ്ങളോട് അകമഴിഞ്ഞ് സഹകരിക്കുക

ഉള്ളതിലൊരു പങ്ക് നിർധനർക്കായി വിനിയോഗിക്കാനുള്ള സന്മനസ്സ് കാട്ടണം. ഒരു കഷ്ണം ഈത്തപ്പഴം കൊണ്ടെങ്കിലും ദാനം ചെയ്ത് പുണ്യം നേടണമെന്ന പ്രേരണ ഇതാണ് സൂചിപ്പിക്കുന്നത്.

Published

|

Last Updated

കഷ്ടപ്പാടും യാതനകളും പേറി, പട്ടിണി തിന്ന്, കണ്ണീർ കുടിച്ച് കഴിയുന്ന പാവങ്ങളെ കണ്ടിട്ടുണ്ടോ?. ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത സാധു ജനങ്ങൾ മാരക രോഗത്തിന്റെ നീർച്ചുഴിയിൽ കിടന്ന് പ്രയാസപ്പെടുന്ന ദയനീയ രംഗങ്ങൾക്ക് ദൃക്സാക്ഷിയായിട്ടുണ്ടോ?.
മക്കളുടെ ജീവൻ രക്ഷിക്കാനായി ചികിത്സിച്ച് ചികിത്സിച്ച് സ്വത്തും സമ്പാദ്യവും മുടിഞ്ഞ് പ്രതീക്ഷ മങ്ങി നിൽക്കുന്ന മാതാപിതാക്കളുടെ പരിഭവം കേട്ടിട്ടുണ്ടോ?. തളർന്ന് കിടപ്പിലായ യുവത്വങ്ങളുടെ ആശ്രിതരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?. അനാഥ വീടുകളിൽ നിന്ന് കേൾക്കുന്ന കുഞ്ഞുങ്ങളുടെ രോദനങ്ങൾ എന്തിനാകുമെന്ന് ആലോചിച്ചിട്ടുണ്ടോ?
അതെല്ലാം നമ്മളറിയണം. ദാരിദ്ര്യവും കഷ്ടതയും അനുഭവിക്കുന്നവരെക്കുറിച്ച് മനസ്സിലാക്കണം. എന്നാലേ നാമനുഭവിക്കുന്ന സുഖ സന്തോഷങ്ങൾ നമുക്ക് ബോധ്യപ്പെടുകയുള്ളൂ.
അനാഥകളെയും അഗതികളെയും ചേർത്തുപിടിക്കണം. ആശ്രയമില്ലാത്ത കുടുംബങ്ങൾക്ക് അത്താണിയാകണം. പ്രായം തളർത്തിയവർക്ക് ആശ്വാസം പകരണം. മനോവ്യഥ അനുഭവിക്കുന്നവരെ സമാധാനിപ്പിക്കണം.

നിത്യ രോഗികളെ സന്ദർശിക്കലും ആശ്വാസ വാക്കുകൾ പറയലും പ്രാർഥിച്ചു കൊടുക്കലും അവരുടെ അകം തണുപ്പിക്കുന്ന പ്രവർത്തനങ്ങളാണ്. ഇവ പുണ്യമാണെന്ന് മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.
ബന്ധുക്കളിലും അയൽക്കാരിലും സൗഹൃദ വലയത്തിലും സാമ്പത്തിക ഞെരുക്കമനുഭവിക്കുന്നവരെ കണ്ടറിഞ്ഞ് ധനസഹായം ചെയ്തുകൊടുക്കണം. അത് നമ്മുടെ ബാധ്യതയാണ്. വിശുദ്ധ ഖുർആനിൽ ധാരാളം സ്ഥലങ്ങളിൽ അല്ലാഹു നമ്മോട് സമ്പത്ത് ചെലവഴിക്കാൻ ആവശ്യപ്പെടുന്നത് കാണാം. സമ്പത്ത് നല്ല രീതിയിൽ വിനിയോഗിക്കുന്നവർക്ക് വലിയ വാഗ്ദാനങ്ങൾ ഉറപ്പ് തരുന്നുമുണ്ട്.

നിങ്ങളുടെ സമ്പത്തിൽ നിന്ന് വല്ലതും ചെലവഴിക്കുകയാണെങ്കിൽ അതിന്റെ പ്രതിഫലം നിങ്ങൾക്കു തന്നെയാണ്. അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ടല്ലാതെ നിങ്ങൾ സമ്പത്ത് ദാനം ചെയ്യരുത്. നല്ല നിലയിൽ നിങ്ങൾ എന്ത് ചെലവഴിച്ചാലും അതിന്റെ പ്രതിഫലം നിങ്ങൾക്ക് പൂർണമായി നൽകപ്പെടുന്നതാണ്- ദാന ധർമത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അല്ലാഹു വിശുദ്ധ ഖുർആനിലൂടെ നൽകുന്ന സന്ദേശമാണിത്.

പാവപ്പെട്ട ഒരു കുടുംബത്തെ ഏറ്റെടുക്കാനോ ഒരു രോഗിയുടെ മുഴുവൻ ചികിത്സാ ചെലവ് നൽകാനോ നമുക്ക് സാധിച്ചു കൊള്ളണമെന്നില്ല. എങ്കിലും ഉള്ളതിലൊരു പങ്ക് നിർധനർക്കായി വിനിയോഗിക്കാനുള്ള സന്മനസ്സ് കാട്ടണം. ഒരു കഷ്ണം ഈത്തപ്പഴം കൊണ്ടെങ്കിലും ദാനം ചെയ്ത് പുണ്യം നേടണമെന്ന പ്രേരണ ഇതാണ് സൂചിപ്പിക്കുന്നത്. അവശതയനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനുമായി നമ്മുടെ നാടുകളിൽ പ്രവർത്തിക്കുന്ന എല്ലാ നല്ല സംഘങ്ങളോടും സഹകരിക്കുക. അവർ ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങളോട് സഹകരിക്കുകയും കഴിയുന്ന സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്യുക.

നമ്മുടെ സഹോദരങ്ങൾക്ക് നാം സഹായികളായി വർത്തിക്കുമ്പോഴെല്ലാം അല്ലാഹുവിന്റെ സഹായം നമുക്കും കിട്ടിക്കൊണ്ടിരിക്കുമെന്ന ഹദീസ് ഓർത്ത്, നല്ല നിലയിൽ നിങ്ങൾ എന്ത് ചെലവഴിക്കുന്നുവോ അതിനുള്ള പ്രതിഫലം പൂർണമായും നിങ്ങൾക്ക് ലഭിക്കുമെന്ന അല്ലാഹുവിന്റെ വാഗ്ദാനം മുൻനിർത്തി റിലീഫ് പ്രവർത്തനങ്ങളോട് അകമഴിഞ്ഞ് സഹകരിക്കുക.

Latest