Business
ഐഫോൺ 16 ഇന്തോനേഷ്യയിൽ നിരോധിച്ചു; കാരണം ഇതാണ്...
രാജ്യത്ത് ഐഫോൺ 16 മായി ബന്ധപ്പെട്ട ഏതൊരു പ്രവർത്തനവും നിയമവിരുദ്ധമാണെന്നും ഉപഭോക്താക്കൾ അത് വാങ്ങരുതെന്നും വ്യവസായ മന്ത്രി
ജക്കാർത്ത | ആഗോള വിപണിയിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന ആപ്പിളിന്റെ ഐഫോൺ 16ന് നിരോധനമേർപ്പെടുത്തി ഇന്തോനേഷ്യ. ഇതിന്റെ വിൽപ്പനയും ഉപയോഗവും ഇന്തോനേഷ്യയിൽ നിരോധിച്ചതായി വ്യവസായ മന്ത്രി അഗസ് ഗുമിവാങ് കർത്താസസ്മിത അറിയിച്ചു. രാജ്യത്ത് ഐഫോൺ 16 മായി ബന്ധപ്പെട്ട ഏതൊരു പ്രവർത്തനവും നിയമവിരുദ്ധമാണെന്നും ഉപഭോക്താക്കൾ അത് വാങ്ങരുതെന്നും വ്യവസായ മന്ത്രി മുന്നറിയിപ്പ് നൽകി.
ഇന്തോനേഷ്യയിൽ എവിടെയെങ്കിലും ഐഫോൺ 16 ഉപയോഗിക്കുന്നുണ്ടെങ്കിൽ, അത് നിയമവിരുദ്ധമാണെന്നും ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഉപകരണത്തിന് ഇൻ്റർനാഷണൽ മൊബൈൽ എക്യുപ്‌മെൻ്റ് ഐഡൻ്റിറ്റി (ഐഎംഇഐ) സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ലെന്നും വിദേശത്ത് നിന്ന് ഐഫോൺ 16 വാങ്ങാനും ഇന്തോനേഷ്യയിൽ ഉപയോഗിക്കാനും ഉപഭോക്താക്കൾക്ക് അനുവാദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്തോനേഷ്യയിൽ ആപ്പിൾ വാഗ്ദാനം ചെയ്ത നിക്ഷേപം നടത്താത്താണ് നിരോധനത്തിലേക്ക് നയിച്ചത്. 1.71 ട്രില്യൺ രൂപ (ഇന്തോനേഷ്യൻ കറൻസി) നിക്ഷേപിക്കുമെന്ന് ആപ്പിൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിലവിൽ 1.48 ട്രില്യൺ രൂപ മാത്രമാണ് നിക്ഷേപിച്ചത്. നിക്ഷേപത്തുകയിൽ 230 ബില്യൺ രൂപ (ഇന്ത്യൻ കറൻസിയിൽ ഏകദേശം 124 കോടി രൂപ) കുറവ് വന്നതാണ് ഇന്തോനേഷ്യയെ ചൊടിപ്പിച്ചത്.
ഐഫോൺ 16 ലൈനപ്പ് ആഗോള വിപണിയിൽ സെപ്റ്റംബർ 20 നാണ് അവതരിപ്പിച്ചത്. ഇന്തോനേഷ്യയിൽ ഇതുവരെ വിൽപന തുടങ്ങിയിരുന്നില്ല. ഐഫോൺ 16 മുതൽ ആപ്പിൾ വാച്ച് സീരീസ് 10 വരെയുള്ള പുതിയ ഉൽപ്പന്നങ്ങളൊന്നും ഇന്തോനേഷ്യയിൽ ഉപയോക്താക്കൾക്ക് വാങ്ങാൻ കഴിയില്ല, മാത്രമല്ല അവ പുറം രാജ്യങ്ങളിൽ നിന്ന് വാങ്ങാനും ഇന്തോനേഷ്യയിലേക്ക് കൊണ്ടുപോകാനും പോലും സാധിക്കില്ല.