Business
ഐഫോൺ 16 മുതൽ വാച്ച് 10 വരെ; ആപ്പിൾ വാർഷിക ലോഞ്ചിംഗ് സെപ്തംബർ ഒൻപതിന്
വാച്ച് സീരീസ്, എയർപോഡുകൾ എന്നിവയ്‌ക്ക് പുറമെ, യുഎസ്ബി-സി പോർട്ട്, ബ്ലൂടൂത്ത് 5.3, എച്ച്2 ചിപ്പ് എന്നിവ ഉൾക്കൊള്ളുന്ന രണ്ടാം തലമുറ എയർപോഡ്‌സ് മാക്‌സും അവതരിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ
കാലിഫോർണിയ | സെപ്റ്റംബർ 9 തിങ്കളാഴ്ച ആപ്പിളിന്റെ വാർഷിക ശരത്കാല പരിപാടി നടത്തുമെന്ന് ആപ്പിൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. നിരവധി ഹൈലൈറ്റുകളോട് കൂടിയാണ് ഇത്തവണ ഇവന്റ് എത്തുന്നത്. പുതിയ ഐഫോൺ 16 ലൈനപ്പിന്റെ ലോഞ്ച് ഉണ്ടായിരിക്കും ഇതിൽ പ്രധാനം.
ആപ്പിൾ കമ്പനിയുടെ പുതിയ ആപ്പിൾ വാച്ചുകൾ മുതൽ എയർപോഡുകൾ വരെ അപ്ഗ്രേഡ് ചെയ്ത ഉൽപ്പന്നങ്ങളുടെ പരിചയപ്പെടുത്തലും ഇതിൽ ഉണ്ടായേക്കും. ചിലപ്പോൾ പുതുക്കിയ ഐപാഡ് മിനി പോലും ഇതിൽ പ്രദർശിപ്പിച്ചേക്കാം എന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിൽ ഒന്നാണ് ആപ്പിൾ വാച്ച് സീരീസ് പത്തിന്റെ ലോഞ്ച്. ഈ പുതിയ തലമുറ ആപ്പിൾ വാച്ചോടെ ആപ്പിൾ വാച്ചിന്റെ പത്താം വാർഷികവും ആഘോഷിക്കുകയാണ്. ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോയുടെ റിപ്പോർട്ട് അനുസരിച്ച്, പുതിയ തലമുറ ആപ്പിൾ വാച്ച് വലിയ ഡിസ്‌പ്ലേകളുള്ള മെലിഞ്ഞ ഡിസൈനിലാകും അവതരിപ്പിക്കുക. ഇത് നിലവിലെ 41 എംഎം, 45 എംഎം ഓപ്ഷനുകളിൽ നിന്ന് 45 എംഎം, 49 എംഎം കെയ്‌സുകളിലേക്കുള്ള വലുപ്പം മാറ്റുന്നു. വലിയ 49 എംഎം വലുപ്പം നിലവിലെ ആപ്പിൾ വാച്ച് അൾട്രായുമായി സാമ്യമുള്ളതായിരിക്കും എന്നും വിലയിരുത്തപ്പെടുന്നു. വാച്ചിൻ്റെ ആന്തരിക ഘടകങ്ങൾക്ക് കാര്യമായ നവീകരണം ആപ്പിൾ നൽകുമെന്നും അഭ്യൂഹമുണ്ട്. അടുത്ത തലമുറ മോഡലിൽ റെസിൻ പൂശിയ ചെമ്പ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആപ്പിളിൻ്റെ ഈ ഇവൻ്റിൻ്റെ മറ്റൊരു ഹൈലൈറ്റ് നാലാം തലമുറ എയർപോഡുകൾ ആയിരിക്കും. ഈ വർഷം, ആപ്പിൾ വ്യത്യസ്ത വിലയിൽ ഇതിന്റെ രണ്ട് പതിപ്പുകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
വാച്ച് സീരീസ്, എയർപോഡുകൾ എന്നിവയ്‌ക്ക് പുറമെ, യുഎസ്ബി-സി പോർട്ട്, ബ്ലൂടൂത്ത് 5.3, എച്ച്2 ചിപ്പ് എന്നിവ ഉൾക്കൊള്ളുന്ന രണ്ടാം തലമുറ എയർപോഡ്‌സ് മാക്‌സും അവതരിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി കിംവദന്തികൾ സൂചിപ്പിക്കുന്നു. ഇത് ഓഡിയോ ഗുണനിലവാരവും ബാറ്ററി ലൈഫും വർദ്ധിപ്പിക്കും. പുതിയ വർണ്ണ ഓപ്ഷനുകളും പ്രതീക്ഷിക്കപ്പെടുന്നു.
എന്തൊക്കെയാണ് ആപ്പിൾ ഉപഭോക്താക്കൾക്കായി കാത്തു വച്ചിരിക്കുന്നത് എന്ന് അറിയാൻ സെപ്റ്റംബർ 9 വരെ കാത്തിരിക്കണം എന്നതാണ് കാര്യം.