Techno
ബജറ്റിലൊതുങ്ങുന്ന ഐ ഫോണ്‍ 16 ഇ; അറിയാം പ്രത്യേകതകൾ
ആപ്പിള്‍ ഇന്‍റലിജന്‍സ് ഉള്‍പ്പെടെയുള്ള ഫീച്ചറുകളാല്‍ സമ്പന്നമായ ഐ ഫോണ്‍ നോക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാകും പുത്തന്‍ 16 ഇ.

കുറഞ്ഞ വില കൂടുതൽ ഫീച്ചറുകൾ. അതാണ് കഴിഞ്ഞദിവസം ആപ്പിൾ പുതുതായി അവതരിപ്പിച്ച 16ഇ ഫോണിന്‍റെ പ്രത്യേകത. ആപ്പിള്‍ ഇന്‍റലിജന്‍സ് ഉള്‍പ്പെടെയുള്ള ഫീച്ചറുകളാല്‍ സമ്പന്നമായ, ബജറ്റിലൊതുങ്ങുന്ന ഐ ഫോണ്‍ നോക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാകും പുത്തന്‍ 16 ഇ. പുത്തന്‍ മോഡലിന്‍റെ വരവോടെ ഐഫോൺ എസ്ഇ ആപ്പിൾ പിന്‍വലിച്ചു. ഐഫോൺ 16 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലാണിത്. മുമ്പ് ഇറക്കിയ ഐഫോൺ എസ്‌ഇയുടെ പിൻഗാമിയായി എസ്‌ഇ 4 എത്തുമെന്നായിരുന്നു ഐഫോൺ ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇനി എസ്‌ഇ മോഡൽ വരില്ലെന്നും ആപ്പിൾ വ്യക്തമാക്കി.
6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയും എ18 ചിപ്പ്‌സെറ്റുമായാണ് ഫോണ്‍ ഒരുക്കിയിരിക്കുന്നത്.
എ18 ചിപ്പിന്‍റെ മികച്ച പെര്‍ഫോമന്‍സാണ് പ്രധാന ആകര്‍ഷണം. 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന XDR ഡിസ്പ്ലേ, മികച്ച ബാറ്ററി ലൈഫ് എന്നിവയും ഫോണിന്‍റെ സവിശേഷതയാണ്. കണ്ടാൽ സിംഗിള്‍ ക്യാമറയാണെന്ന് തോന്നുമെങ്കിലും 2 ഇന്‍ 1 ക്യാമറ സിസ്റ്റമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോഫോക്കസുള്ള 12MP ട്രൂ ഡെപ്ത് ക്യാമറയെ 48 എംപിയിലേക്കും മാറ്റാന്‍ സാധിക്കും. ഡോള്‍ബി വിഷന്‍ സപ്പോര്‍ട്ടുള്ള 4K വീഡിയോകളും ഫോണില്‍ എടുക്കാന്‍ സാധിക്കും.
ഐഫോൺ SE സീരീസിലെ മ്യൂട്ട് സ്വിച്ചിന് പകരം ആക്ഷൻ ബട്ടൻ 16 ഇ യ്ക്ക് ഉണ്ട്. IP68 റേറ്റിങ്, സെറാമിക് ഷീൽഡ് ഫ്രണ്ട് കവർ, കട്ടിയേറിയ ബാക്ക് ഗ്ലാസ് എന്നിവയും മോഡലിന്‍റെ മറ്റ് സവിശേഷതകളാണ്. കറുപ്പ്, വെള്ള, മാറ്റ് ഫിനിഷുകളിൽ ഐഫോൺ 16e ലഭ്യമാകും. 128 ജിബിയുടെ ബേസ് മോഡലിന് 59900 രൂപയാണ് വില. 256 ജിബിയുടെ പതിപ്പിന് 69900 രൂപയും 512 ജിബി പതിപ്പിന് 89900 രൂപയും നൽകണം. ഫെബ്രുവരി 21 മുതൽ ഫോണിനായുള്ള പ്രീ-ബുക്കിങ് ആരംഭിക്കും. ഫെബ്രുവരി 28 മുതൽ ഫോണുകള്‍ ഉപഭോക്താക്കളിലേക്ക് എത്തും.