Ongoing News
ഐപിഎൽ താരലേലം: മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും ഉയർന്ന വിലയുള്ള കളിക്കാർ
റോയൽ ചലഞ്ചേഴ്സ് താരമായിരുന്ന ഇന്ത്യൻ പേസർ ഹർഷൽ പട്ടേലിനെ 11.75 കോടിക്ക് കിങ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി.
ദുബൈ | 2024ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കളിക്കാരുടെ ലേലത്തിൽ വിലയേറിയ താരങ്ങളായി ഓസ്ട്രേലിയൻ ക്രിക്കറ്റർമാരായ പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും. ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കിനെ 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സഹതാരം പാറ്റ് കമ്മിൻസിനെ 20.50 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദുമാണ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ താരങ്ങളായി ഇരുവരും മാറി.
മിച്ചൽ സ്റ്റാർക്കിനായി മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ആദ്യ ലേല യുദ്ധം കണ്ടു. ഡൽഹി 9.60 കോടി രൂപ വരെയും മുംബൈ 10 കോടി രൂപ വരെയും ലേലം ചെയ്തു. ഇവിടെ നിന്ന് ഗുജറാത്ത് ടൈറ്റൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ലേലയുദ്ധം നടന്നു. ഒടുവിൽ 24.75 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അദ്ദേഹത്തെ സ്വന്തമാക്കിയത്.
കമ്മിൻസിനെ വാങ്ങാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലായിരുന്നു വാശിയേറിയ പോരാട്ടം. ഒടുവിൽ സൺറൈസേഴ്സ് വിജയിച്ചു. രണ്ട് കോടി രൂപയായിരുന്നു കമ്മിൻസിന്റെ അടിസ്ഥാന വില. പാറ്റ് കമ്മിൻസ് ഈ വർഷം ഓസ്‌ട്രേലിയയെ രണ്ട് ഐസിസി ടൂർണമെന്റുകളിൽ വിജയിപ്പിച്ചുവെന്നത് ശ്രദ്ധേയമാണ്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പ് ക്രിക്കറ്റിലും ഓസീസിന് കിരീടം നേടിക്കൊടുത്ത ടീമിന്റെ ക്യാപ്റ്റൻ പാറ്റ് കമ്മീൻസ് ആയിരുന്നു.
റോയൽ ചലഞ്ചേഴ്സ് താരമായിരുന്ന ഇന്ത്യൻ പേസർ ഹർഷൽ പട്ടേലിനെ 11.75 കോടിക്ക് കിങ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ പേസർ ജെറാഡ് കോട്ട്സിയെ മുംബൈ ഇന്ത്യൻസ് അഞ്ച് കോടിക്ക് സ്വന്തമാക്കി. ഷർദുൽ താക്കൂറിനെ നാല് കോടിക്കും ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയെ 1.80 കോടിക്കും ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി.
മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗാണ് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വില കൂടിയ ഇന്ത്യൻ താരം. 2015ൽ 16 കോടി രൂപയ്ക്കാണ് യുവരാജിനെ ഡൽഹി ഡെയർഡെവിൾസ് സ്വന്തമാക്കിയത്. ഇഷാൻ കിഷൻ (15.25 കോടി രൂപ), ഗൗതം ഗംഭീർ (14.90 കോടി രൂപ), ദീപക് ചാഹർ (14 കോടി രൂപ), ദിനേഷ് കാർത്തിക് (12.50 കോടി രൂപ) എന്നിവരാണ് മറ്റു വിലയേറിയ ഇന്ത്യൻ താരങ്ങൾ.