National
യുപിയില്‍ ഐപിഎല്‍ വാതുവെപ്പ് സംഘം പിടിയില്‍
അഞ്ച് പേരടങ്ങുന്ന സംഘത്തെയാണ് നോയ്ഡയില്‍ നിന്ന് പിടികൂടിയത്.
ലക്‌നോ| ഉത്തര്‍പ്രദേശില്‍ ഐപിഎല്‍ വാതുവെപ്പ് സംഘം പിടിയില്‍. അഞ്ച് പേരടങ്ങുന്ന സംഘത്തെയാണ് നോയ്ഡയില്‍ നിന്ന് പിടികൂടിയത്. രാജസ്ഥാന്‍ സ്വദേശികളായ ആനന്ദ് സ്വാമി (26), ശ്രേയാഷ് ബല്‍സാര (27) ഹരിയാന സ്വദേശി രോഹിത് ശിവജ് (20), പരസ് മഗു (30), സുമിത് ദഹിയ (25) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ നാല് വര്‍ഷമായി വാതുവെപ്പ് നടത്തുന്ന സംഘമാണ് ഇവര്‍. വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ് സംഘാംഗങ്ങള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) നടക്കുന്ന സമയത്ത് ഇവര്‍ ഒത്തുചേരും. പിന്നീടാണ് വാതുവെപ്പ്. സുമിത് ദഹിയ ബിബിഎ ബിരുദധാരിയാണ്. മറ്റ് നാലു പേര്‍ ബിടെക് ബിരുദധാരികളുമാണ്.
ക്രിക്കറ്റ് ലൈവ് ആപ്പ് എന്ന ആപ്ലിക്കേഷന്‍ തങ്ങളുടെ ലാപ്‌ടോപ്പില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇവര്‍ എല്ലാ മത്സരങ്ങളും ലൈവായി കാണാറുണ്ട്. ടെലിവിഷനിലൂടെയുള്ള ടെലികാസ്റ്റ് ഇതില്‍ നിന്ന് മൂന്നോ നാലോ സെക്കന്‍ഡ് വൈകും. ഈ സമയം ഉപയോഗിച്ചാണ് ഇവര്‍ വാതുവെക്കുന്നത്. എല്ലാ മത്സരത്തിലും സംഘത്തിലെ ഒരാള്‍ സ്റ്റേഡിയത്തിലുണ്ടാകും. ഇദ്ദേഹം നല്‍കുന്ന വിവരങ്ങളും വാതുവെപ്പില്‍ നിര്‍ണായകമാകും. ഇത്തരത്തില്‍ സംഘം ഒരുപാട് പണമുണ്ടാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.