Connect with us

National

ഐപിഎല്‍ ഒത്തുകളി: ധോണി നല്‍കിയ കോടതിയലക്ഷ്യ ഹരജിയില്‍ ഐപിഎസ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ

ഐപിഎസ് ഉദ്യോഗസ്ഥന്‍ ജി സമ്പത്ത് കുമാറിന് 15 ദിവസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

Published

|

Last Updated

ചെന്നൈ| മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണി നല്‍കിയ കോടതിയലക്ഷ്യ ഹരജിയില്‍ ഐപിഎസ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ. മദ്രാസ് ഹൈക്കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥന്‍ ജി സമ്പത്ത് കുമാറിന് 15 ദിവസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിക്കും ഹൈക്കോടതിക്കും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ധോണി കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എസ്.എസ് സുന്ദര്‍, സുന്ദര്‍ മോഹന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

സമ്പത്ത് കുമാറിന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി ശിക്ഷാവിധി 30 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഐപിഎല്‍ വാതുവെപ്പില്‍ തന്റെ പേര് ഉപയോഗിച്ചതിന് 2014-ല്‍ എം.എസ് ധോണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു.