ipl 2022
ഐ പി എൽ; വിരുന്നൊരുക്കാൻ മുംബൈ?
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നാൽ ഇത്തവണ ഐ പി എൽ കടൽ കടക്കില്ലെന്ന സൂചനയാണ് ബി സി സി ഐ വൃത്തങ്ങൾ നൽകിയത്
മുംബൈ | ഇന്ത്യൻ പ്രീമിയർ ലീഗി (ഐ പി എൽ)ന്റെ പുതിയ സീസൺ മത്സരങ്ങൾ മാർച്ച് 27 മുതൽ ആരംഭിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി സി സി ഐ. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നാൽ ഇത്തവണ ഐ പി എൽ കടൽ കടക്കില്ലെന്ന സൂചനയാണ് ബി സി സി ഐ വൃത്തങ്ങൾ നൽകിയത്. മഹാരാഷ്ട്രയാണ് വേദിയായി കണ്ടിരിക്കുന്നത്. മുംബൈയിലെ വാൻഖഡെ സ്റ്റേഡിയം, ബ്രാബൺ സ്റ്റേഡിയം, ഡി വൈ പാട്ടീൽ സ്റ്റേഡിയം, ഗഹുഞ്ചയിലെ എം സി എ സ്റ്റേഡിയം എന്നീ നാല് വേദികളിലായിരിക്കും മത്സരങ്ങൾ.
കൊവിഡ് വ്യാപനം രൂക്ഷമാകുകയാണെങ്കിൽ യു എ ഇയിലേക്ക് ടൂർണമെന്റ് മാറ്റുന്നതിനോട് ചില ഫ്രാഞ്ചൈസികൾ ഓൺലൈൻ യോഗത്തിൽ അനുകൂല നിലപാട് സ്വീകരിച്ചു. എന്നാൽ ചുരുക്കം ചില ഫ്രാഞ്ചൈസികൾ ദക്ഷിണാഫ്രിക്കയെ ബാക്കപ്പ് വേദി ആക്കാനാണ് താത്പര്യം പ്രകടിപ്പിച്ചത്. പുതിയ ഫ്രാഞ്ചൈസികളായ അഹമ്മദാബാദിനും ലക്‌നോവിനും ഇന്ത്യയിൽ തന്നെ മത്സരങ്ങൾ നടത്താനാണ് ഏറെ താത്പര്യം.
മുംബൈയിൽ മാത്രം നടത്തുകയാണെങ്കിൽ ബയോ ബബ്ൾ സുരക്ഷ കാത്തുസൂക്ഷിക്കാമെന്നും ബി സി സി ഐ പ്രതിനിധി പറഞ്ഞു. ഇത്തവണ പുതിയ രണ്ട് ടീമുകൾ വരുന്നതോടെ മത്സരങ്ങൾ 60ൽ നിന്ന് 74 ആകും. വേദിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായാൽ അടുത്ത മാസം 20ന് മത്സരത്തിന്റെ സമയക്രമം പ്രഖ്യാപിക്കുമെന്നും ബി സി സി ഐ പ്രതിനിധി അറിയിച്ചു.