Connect with us

Ongoing News

ഐ പി എല്‍ താര ലേലം; രണ്ടാം ദിനത്തിലും 'പൊരിഞ്ഞ പോരാട്ടം'

Published

|

Last Updated

ബെംഗളൂരു | ഐ പി എല്‍ മെഗാലേലത്തിന്റെ രണ്ടാം ദിവസവും താരങ്ങള്‍ക്കായി പൊരിഞ്ഞ ‘പോരാട്ടം’. ഇംഗ്ലണ്ട് ആള്‍റൗണ്ടര്‍ ലിയാം ലിവിംഗ്്സ്റ്റണ്‍ രണ്ടാം ദിനത്തിലെ വിലയേറിയ താരമായി. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ലിവിംഗ്്സ്റ്റണിനെ 11.50 കോടി രൂപക്ക് പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചു. ഇത്തവണ ഒരു വിദേശ താരത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയാണിത്. സിംഗപ്പൂര്‍ താരം ടിം ഡേവിഡിനെ 8.25 കോടിക്കും ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറെ എട്ട് കോടിക്കും മുംബൈ ഇന്ത്യന്‍സ് വിളിച്ചെടുത്തു. 40 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ടിം ഡേവിഡിനെ വാശിയേറിയ ലേലത്തിനൊടുവിലാണ് മുംബൈ സ്വന്തമാക്കിയത്. ഈ സീണണില്‍ കളിക്കുമെന്നുറപ്പില്ലാത്ത ആര്‍ച്ചറിനെ ഭാവി മുന്നില്‍ക്കണ്ട് മുംബൈ വിളിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ രാജസ്ഥാനൊപ്പമായിരുന്ന ആര്‍ച്ചറിന് പരുക്കിനെ തുടര്‍ന്ന് കളിക്കാനായിരുന്നില്ല.

വെസ്റ്റിന്‍ഡീസ് താരം റൊമാരിയോ ഷെപേര്‍ഡിനെ 7.75 കോടി രൂപക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ഖലീല്‍ അഹ്്മദിനെ 5.25 കോടിക്കും ചേതന്‍ സാകരിയയെ 4.20 കോടിക്കും ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയെടുത്തു. നവ്ദീപ് സെയ്നിയെ 2.60 കോടിക്ക് രാജസ്ഥാന്‍ റോയല്‍സും ജയ്ദേവ് ഉനദ്കടിനെ 1.40 കോടിക്ക് മുംബൈ ഇന്ത്യന്‍സും വാങ്ങി. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ വെസ്റ്റിന്‍ഡീസ് താരം ഒഡീന്‍ സ്മിത്തിനെ ആറ് കോടി രൂപക്ക് പഞ്ചാബ് കിംഗ്്‌സ് വിളിച്ചെടുത്തു. ഒരു കോടിയായിരുന്നു അടിസ്ഥാന വില.

മാര്‍ക്കോ യാന്‍സനെ 4.20 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചപ്പോള്‍ ശിവം ദുബെ നാല് കോടിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തി. ദക്ഷിണാഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രത്തെ (2.60 കോടി) സണ്‍റൈസേഴ്സ് ഹൈദരാബാദും അജിങ്ക്യ രഹാനെയെ (ഒരു കോടി) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും വിജയ് ശങ്കറെ (1.40 കോടി) ഗുജറാത്ത് ടൈറ്റന്‍സും സ്വന്തമാക്കി.