Connect with us

ഗള്‍ഫ് കാഴ്ച

ഇറാനില്‍ പുതിയ പ്രസിഡന്റ്, പക്ഷെ നയം മാറ്റം അകലെ

ഇറാനില്‍ അന്തിമ തീരുമാനമെടുക്കുന്നയാള്‍ പ്രസിഡന്റല്ല എന്നത് പ്രശ്‌നമാണ്.

Published

|

Last Updated

റാന്‍ പ്രസിഡന്റായി, പരിഷ്‌കരണ വാദി മസൂദ് പെസെഷ്‌കിയന്‍ തിരഞ്ഞെടുക്കപ്പെട്ടത് മധ്യ പൗരസ്ത്യ മേഖലയില്‍ വലിയ ചലനം സൃഷ്ടിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. ശിയാ സാമ്രാജ്യ കാഴ്ചപ്പാടുകളില്‍ അധിഷ്ഠിതമായ ഇറാന്റെ നിയന്ത്രണം അടുത്തൊന്നും ആത്മീയ നേതൃത്വം ഭരണകൂടത്തിന് വിട്ടുകൊടുക്കില്ല. പ്രാദേശിക നയങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ മസൂദിന് സാധിക്കില്ല. യമനില്‍ അടക്കം ശിയാ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് തുടരേണ്ടി വരും. സ്വാഭാവികമായും ഗള്‍ഫ് രാജ്യങ്ങളും ഇറാനും ശീത സമരം തുടരും. മധ്യ പൗരസ്ത്യ മേഖലയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതാണ് സിറിയ, യമന്‍, ഇറാഖ് എന്നിവിടങ്ങളില്‍ ഇറാന്റെ കൈകടത്തല്‍.

മറുവശത്ത്, അമേരിക്ക അത്രയെളുപ്പത്തിലൊന്നും ഇറാനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കുകയുമില്ല. രാജ്യാന്തര ഒറ്റപ്പെടല്‍, ആഭ്യന്തര അതൃപ്തി, സമ്പദ്വ്യവസ്ഥയുടെ വീഴ്ച, ഇസ്രാഈലുമായി നേരിട്ടുള്ള പോരാട്ട സാധ്യത എന്നിവയെ നിരന്തരം അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ് ഇറാന്‍. ഇതിനൊന്നും ഒറ്റമൂലിയില്ല. ‘ഇറാനെ ലോകത്തിന് മുന്നില്‍ തുറക്കു’മെന്ന് മസൂദ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആവര്‍ത്തിച്ചിരുന്നു. ഭരണകൂടവും ഇറാനിയന്‍ ജനതയും തമ്മിലുള്ള പാരസ്പര്യം പുനര്‍നിര്‍മ്മിക്കുക, സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുക, ഇറാന്റെ കര്‍ശനമായ ധാര്‍മ്മിക നിയമങ്ങള്‍ക്ക് കീഴിലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുക എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ ഇറാനില്‍ തീരുമാനങ്ങളെല്ലാം വരുന്നത് ആത്മീയ നേതൃത്വത്തില്‍ നിന്ന്. ആ ഘടനയ്ക്ക് മാറ്റം വരുത്താന്‍ പുതിയ പ്രസിഡന്റിന് സാധിക്കില്ല.

‘ഇറാനില്‍ അന്തിമ തീരുമാനമെടുക്കുന്നയാള്‍ പ്രസിഡന്റല്ല എന്നത് പ്രശ്‌നമാണ്. അദ്ദേഹത്തിന്റെ ചുമതല സാധാരണയായി പരിമിതമാണ് ‘മധ്യ പൗരസ്ത്യ ദേശത്തെയും വടക്കേ ആഫ്രിക്കയിലെയും. ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പ് മുതിര്‍ന്ന ഉപദേഷ്ടാവ് ദിന എസ്ഫാന്‍ഡിയറി ചൂണ്ടിക്കാട്ടി. ഇറാന്‍ ആത്മീയ നേതാവ് ആയത്തുള്ള അലി ഖുമൈനിക്കു അനാരോഗ്യം ഉണ്ടെങ്കിലും ഇപ്പോഴും ഭരണത്തില്‍ ഇടപെടുന്നുണ്ട്. ‘ഏതെങ്കിലും തരത്തിലുള്ള പരിഷ്‌കരണ അജണ്ട നടപ്പിലാക്കാനുള്ള മസൂദിന്റെ കഴിവില്‍ സംശയമുണ്ട്. ആന്തരികമാകട്ടെ ബാഹ്യമാകട്ടെ വലിയ മാറ്റങ്ങളുണ്ടാകില്ല, ”എസ്ഫാന്‍ഡിയറി ചൂണ്ടിക്കാട്ടി . ആകെയുള്ള ആശ്വാസം ഇറാനില്‍ നേതൃ പ്രതിസന്ധി തീരുമെന്നത് മാത്രം.

ഇറാന്‍ തകരുന്നത്, ആത്യന്തികമായി മേഖലക്ക് ഗുണം ചെയ്യില്ല. സാമൂഹിക കെട്ടുറപ്പില്ലായ്മയുടെ അനുരണനം മേഖലയിലാകെ പടരും. പുതിയ പ്രസിഡന്റായി മസൂദ് തിരഞ്ഞെടുക്കപ്പെട്ടതില്‍ ഗള്‍ഫ് ഭരണകൂടങ്ങള്‍ അഭിനന്ദനം അറിയിച്ചു. അയല്‍ രാജ്യങ്ങളുമായി മികച്ച ബന്ധം ഗള്‍ഫ് ഭരണകൂടങ്ങള്‍ ആഗ്രഹിക്കുന്നു. മസൂദ് ആ പക്ഷക്കാരനാണെന്നു കരുതുന്നു.

മുന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ വേര്‍പാട് ഇറാന് വലിയ ആഘാതമായിരുന്നു. ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് മരണം. ആ ആഘാതത്തില്‍ നിന്ന് ഇറാന്‍ മോചിതമായിട്ടില്ല. റഈസിയുടെ ഖബറടക്കത്തിനു മുമ്പ് തന്നെ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖുമൈനിയുടെ പിന്‍ഗാമിയെന്നു നിശ്ചയിക്കപ്പെട്ട നേതാവ് കൂടിയായിരുന്നു ഇബ്രാഹിം റഈസി. ഖുമൈനിക്ക് വയസായി. വേഗം പിന്‍ഗാമിയെ കണ്ടെത്തണമെന്ന് ഭരണകൂടത്തിനും മത പണ്ഡിതര്‍ക്കും അഭിപ്രായമുണ്ടായിരുന്നു.

ഇറാന്റെ ഭരണ സംവിധാനത്തെ തകിടം മറിക്കാന്‍ രാജ്യത്തിന് പുറത്തു ഗൂഢാലോചന ശക്തിപ്പെട്ടു വരികയുമാണ്. രാജ്യത്തിനകത്ത്, ആധുനികവാദികളുടെ പ്രതിഷേധം കനക്കുന്നു. ഇതിനെയെല്ലാം നേരിടാന്‍ കെല്‍പുള്ള നേതാവായിരുന്നു ഇബ്രാഹിം റഈസി. ആ ഒഴിവിലേക്കാണ് മസൂദ് ഉയര്‍ത്തപ്പെടുന്നത്. രാജ്യാന്തര വേദികളില്‍ ഇറാനു വേണ്ടി ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ നിലകൊള്ളാറുണ്ട്. അത് മസൂദിന് ആശ്വാസം. പക്ഷെ ആയത്തുള്ള ഖുമൈനിയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനും സമയമായിട്ടുണ്ട്. ഖുമൈനിക്ക് 85 വയസായി. അതിന്റെ ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ട്. മകന്‍ സയിദ് മുജ്തബ പിന്‍ഗാമിയാകുമെന്നു പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ ഇറാന്റെ ഭരണ വ്യവസ്ഥയില്‍ കുറേകാലത്തേക്കു മാറ്റങ്ങള്‍ക്കു തീരെ സാധ്യതയില്ല.

 

 

 

 

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest