National
നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടാമെന്ന് ഇറാന്‍
ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുതിര്‍ന്ന ഇറാന്‍ വിദേശകാര്യ ഉദ്യോഗസ്ഥൻ
ന്യൂഡല്‍ഹി | യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവറയില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയക്കായി മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍. ഇറാന്‍ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശത്തിനിടെ മുതിര്‍ന്ന ഇറാന്‍ വിദേശകാര്യ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.
വിഷയത്തില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മാനുഷിക പരിഗണന വെച്ച് സഹായിക്കാന്‍ തയ്യറാണെന്നും അദ്ദേഹം അറിയിച്ചു. നിമിഷപ്രിയയുടെ വധശിക്ഷക്ക് യമന്‍ പ്രസിഡന്റ് റശാദ് അല്‍ അലിമി അടുത്തിടെയാണ് അനുമതി നല്‍കിയത്. ഒരു മാസത്തിനകം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് റിപോര്‍ട്ടുകള്‍.
കൊല്ലപ്പെട്ട യെമന്‍ യുവാവ് തലാല്‍ അബ്ദുല്‍ മഹ്ദിയുടെ കുടുംബവുമായും ഇദ്ദേഹത്തിന്റെ ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷക്കുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. 2018ല്‍ യമന്‍ കോടതിയാണ് നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചത്. ദയാധനം നല്‍കി നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാന്‍ കുടുംബം ശ്രമിച്ചിരുന്നെങ്കിലും തലാലിന്റെ കുടുംബം വഴങ്ങിയില്ല.
നിമിഷപ്രിയയുടെ വധശിക്ഷയെക്കുറിച്ച് അറിഞ്ഞെന്നും കുടുംബത്തിന് എല്ലാവിധ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ നേരത്തേ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു