Connect with us

International

ഇറാൻ പ്രസിഡന്റിന്റെ മരണം സംശയാസ്പദം; അന്വേഷണം തുടങ്ങി

മധ്യ പൗരസ്ത്യ മേഖലയിൽ സംഘർഷം കനത്തു നിൽക്കുന്ന സാഹചര്യത്തിൽ, യാത്രക്ക് ഹെലിക്കോപ്റ്റർ ഉപയോഗിക്കാൻ തീരുമാനിച്ചിടത്തു തുടങ്ങുന്നു സുരക്ഷാ വീഴ്ച.

Published

|

Last Updated

ദുബൈ | ഇറാൻ പ്രസിഡന്റ് ഇബ്റാഹിം റൈസിയുടെ മരണത്തിനിടയാക്കിയ ഹെലിക്കോപ്റ്റർ അപകടം സംശയാസ്പദം. മൂന്ന് ഹെലിക്കോപ്റ്ററുകളിലായാണ് ഇബ്റാഹിം റൈസിയും സംഘവും അസർബൈജാൻ അതിർത്തിയിലേക്ക് പോയത്. ഇതിൽ റൈസിയുടെ ഹെലിക്കോപ്റ്റർ മാത്രമാണ് തകർന്നത്. അമേരിക്കൻ നിർമിത ബെൽ 212 ഹെലിക്കോപ്റ്ററാണിത്. മധ്യ പൗരസ്ത്യ മേഖലയിൽ സംഘർഷം കനത്തു നിൽക്കുന്ന സാഹചര്യത്തിൽ, യാത്രക്ക് ഹെലിക്കോപ്റ്റർ ഉപയോഗിക്കാൻ തീരുമാനിച്ചിടത്തു തുടങ്ങുന്നു സുരക്ഷാ വീഴ്ച. പ്രതികൂല കാലാവസ്ഥയുമായിരുന്നു.

രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറൻ പർവത പ്രദേശത്തു കൂടിയായിരുന്നു യാത്ര. ഇത് അപകട മേഖലയാണ്. വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ല ഹിയാൻ ,കിഴക്കൻ അസർബൈജാൻ ഗവർണർ മാലിക് റഹ്‌മതി, പ്രവിശ്യയുടെ ഇമാം മുഹമ്മദ് അലി അൽ ഹാശിം എന്നിവർ കൂടെയുണ്ടായിരുന്നു. അസർബൈജാൻ പ്രവിശ്യയിലെ ജോൽഫക്കടുത്താണ് അപകടം. കൃത്യമായി പറഞ്ഞാൽ വർസാഗാൻ പട്ടണത്തിനടുത്തുള്ള ദിസ്മറിലെ സംരക്ഷിത വനമേഖലയിൽ. രക്ഷാ പ്രവർത്തകർ റോഡ് വഴിയാണ് അവിടേക്കെത്തിയത്.

റൈസിയും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവും ഒരു അണക്കെട്ട് പദ്ധതി നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു.
ഇറാനും അസർബൈജാനും സൗഹൃദം പുലർത്തുന്നത് പാശ്ചാത്യ രാജ്യങ്ങൾക്കു താത്പര്യമുള്ള കാര്യമല്ല. ഇസ്റാഈലിന് വൈദ്യുതി നൽകുന്ന രാജ്യം കൂടിയാണ് അസർബൈജാൻ. ഇറാനും ഇസ്റാഈലിനും ഒരേ പോലെ തന്ത്ര പ്രധാന പ്രദേശമാണിത്.

സാംസ്കാരികമായി അസർബൈജാനു ഇറാനുമായാണ് അടുപ്പം. ഗസ്സയിൽ ആക്രമണം നടത്തുന്നതിനൊപ്പം ഇസ്റാഈൽ ഇറാൻ നേതാക്കളെ ലക്ഷ്യം വെക്കാൻ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം സിറിയയിൽ ഇറാൻ നയതന്ത്ര കാര്യാലയത്തിൽ ഇസ്റാഈൽ ബോംബിട്ടു. സ്ഥാനപതി അടക്കം കൊല്ലപ്പെട്ടു. ഇതിനു പ്രതികാരമായി ഹോർമുസ് കടലിടുക്കിൽ ഇസ്‌റാഈലിലേക്കു പോകുന്ന കപ്പലുകൾ ഇറാൻ തടഞ്ഞു. ഇതെല്ലാം സംഘർഷം രൂക്ഷമാക്കി.

ഇബ്റാഹിം റൈസി കൊല്ലപ്പെട്ട ഹെലിക്കോപ്റ്റർ അപകടം ” പ്രതികൂല കാലാവസ്ഥ കാരണം കഠിനമായ ലാൻഡിംഗ്” എന്നാണ് ഇറാൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദിക്കു ലഭിച്ച പ്രാഥമിക വിവരമെങ്കിലും രാജ്യാന്തര ഗൂഡാലോചനയെക്കുറിച്ചുള്ള അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. അപകട മരണമായാലും കുറേകാലത്തേക്ക് സംശയവും അവിശ്വാസവും പുകഞ്ഞു നിൽക്കും.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest