Connect with us

Kerala

വൈദ്യുതി വകുപ്പിലെ ക്രമക്കേടില്‍ അന്വേഷണം വേണം; ബാധ്യത സാധാരണക്കാരന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമം: കെ സുധാകരന്‍

ഇതിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുധാകരന്‍

Published

|

Last Updated

തിരുവനന്തപുരം |  വൈദ്യുതി വകുപ്പിലെ ക്രമക്കേടില്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ .ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടത്തിലേക്ക് കെഎസ്ഇബിയെ തള്ളിയിട്ടിട്ട് വൈദ്യുതി നിരക്ക് വര്‍ദ്ധനവ് രൂപത്തില്‍ സാധാരണക്കാരന്റെ തലയില്‍ ബാധ്യത കെട്ടിവെയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമം കോണ്‍ഗ്രസ് അനുവദിക്കില്ല. ഇതിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

വൈദ്യുതി വകുപ്പില്‍ നിന്നും ഗുരുതരമായ ക്രമക്കേടുകളാണ് പുറത്തുവന്നിട്ടുള്ളത്. കെഎസ്ഇബി ചെയര്‍മാന്റെ വാക്കുകളില്‍ തന്നെ വ്യക്തമായ സിപിഎം ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത 15000 കോടി രൂപ നഷ്ടത്തിലേയ്ക്ക് ബോര്‍ഡിനെ തള്ളിയിട്ടിരിക്കുന്നു. ഈ വര്‍ഷത്തെ നഷ്ടം മാത്രം 2500 കോടി കടക്കുമെന്ന് അറിയുന്നു. ബോര്‍ഡ് ആസ്ഥാനത്ത് നിന്നും വിവരങ്ങള്‍ ചോര്‍ത്തി വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തെ ഇതുവരെ പിടിച്ചിട്ടില്ല. വാണിജ്യ രഹസ്യങ്ങള്‍ വരെ ഇഷ്ടക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്ത് വലിയ അഴിമതി നടത്തിയിരിക്കുന്നു. ബോര്‍ഡിന് നഷ്ടം വരുന്ന സൗര പദ്ധതിയിലടക്കം വലിയ തോതില്‍ കമ്മീഷന്‍ ഇടപാടുകള്‍ നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.ഹൈഡല്‍ ടൂറിസത്തിന്റെ മറവില്‍ ഏക്കര്‍ കണക്കിന് ഭൂമി സിപിഎം നിയന്ത്രിക്കുന്ന സൊസൈറ്റികള്‍ക്ക് ക്രമവിരുദ്ധമായി കൈമാറിയിരിക്കുന്നു. സര്‍ക്കാര്‍ അനുമതി ഇല്ലാതെ തന്നെ ശമ്പള പരിഷ്‌ക്കരണം നടത്തി 1200 കോടി രൂപ അധിക ബാധ്യതയുണ്ടാക്കിയിരിക്കുന്നു. ഈ ക്രമക്കേടുകള്‍ ഒക്കെ പിണറായി വിജയന്‍ അറിയാതെ നടക്കില്ലെന്ന് വ്യക്തമാണ്. വൈദ്യുതി ഭവന്റെ സംരക്ഷണം വ്യവസായ സുരക്ഷാ സേനയെ ഏല്‍പിക്കുന്നത് പോലും സിപിഎം ഭയക്കുന്നു. പിണറായി വിജയന്റെ ഓഫീസില്‍ വിവാദ വനിത വിഹരിച്ചത് പോലെ കെഎസ്ഇബി ആസ്ഥാനവും കുത്തഴിഞ്ഞ് കിടക്കട്ടെ എന്നാണ് സിപിഎം പറയുന്നത്. ചട്ടവിരുദ്ധമായ ഫയലുകള്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഒപ്പിടീച്ച് ആയിരക്കണക്കിന് കോടി രൂപയുടെ ബാധ്യതയാണ് കെഎസ്ഇബിക്ക് സിപിഎം ഭരണകൂടം സമ്മാനിച്ചിരിക്കുന്നത്.ഈ സാമ്പത്തിക നഷ്ടം മറികടക്കാന്‍ സാധാരണക്കാരന്റെ വൈദ്യുതി ചാര്‍ജ് കൂട്ടാന്‍ പോകുന്നു. സി പി എമ്മിന് ഭരിക്കാന്‍ അറിയാത്തതിന് ഈ നാട്ടിലെ പാവപ്പെട്ടവര്‍ എന്തു പിഴച്ചു? വൈദ്യുതി മന്ത്രിയായിരിക്കേ കോടികള്‍ കട്ടെടുത്ത പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കെഎസ്ഇബിയില്‍ കോടികളുടെ അഴിമതി നടക്കുമെന്നതില്‍ പൊതുജനത്തിന് സംശയം കാണില്ല. എന്നാല്‍ ആയിരക്കണക്കിന് കോടി രൂപ നഷ്ടത്തിലേയ്ക്ക് കെഎസ്ഇബിയെ തള്ളിയിട്ടിട്ട് ആ ബാധ്യത വൈദ്യുതി നിരക്ക് വര്‍ദ്ധനവ് രൂപത്തില്‍ സാധാരണക്കാരന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമം കോണ്‍ഗ്രസ് അനുവദിക്കില്ല.ജനപക്ഷത്ത് ജനങ്ങളുടെ ശബ്ദമായി പ്രതിപക്ഷം നിലയുറപ്പിച്ചിട്ടുണ്ട്. കെഎസ്ഇബിയില്‍ നടന്ന അഴിമതികളില്‍ സര്‍ക്കാര്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണം. കെഎസ്ഇബിയില്‍ കോടികളുടെ ക്രമക്കേട് നടത്തി, ബാദ്ധ്യത തീര്‍ക്കാന്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടിയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം നയിക്കാന്‍ ഇന്നാട്ടിലെ സാമൂഹിക പ്രതിബദ്ധതയുള്ള ഓരോ പൗരന്‍മാരെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു.

 

Latest