Connect with us

Editorial

അദാനി വീഴുകയാണോ?

ബി ബി സിയുടെ ഗുജറാത്ത് റിപോര്‍ട്ടിനെ നേരിട്ട രീതിയില്‍ ഹിന്‍ഡന്‍ബര്‍ഗിനെ നേരിടാന്‍ സാധിക്കില്ലെന്ന് സര്‍ക്കാറിനും ഭരണപക്ഷ പാര്‍ട്ടിക്കും ഉറച്ച ബോധ്യമുണ്ട്. ഏത് നിയമ നടപടികളും നേരിടാന്‍ തയ്യാറാണെന്നും റിപോര്‍ട്ടില്‍ ഉറച്ച് നില്‍ക്കുകയാണെന്നുമുള്ള ഹിന്‍ഡന്‍ബര്‍ഗിൻ്റെ പ്രസ്താവന വന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ആ ബോധ്യത്തിന് ശക്തി പകരുന്നുമുണ്ട്.

Published

|

Last Updated

രാജ്യത്തെ ഏറ്റവും വലിയ വ്യവസായിയായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിൻ്റെ ഗവേഷണ റിപോര്‍ട്ട് ആഗോളതലത്തില്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്. ആ ഞെട്ടലിൻ്റെ പ്രതിഫലനം ഓഹരി വിപണിയിലെ കൂപ്പുകുത്തലിനും കാരണമായി. അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപ ഗവേഷണ കമ്പനിയാണ് ഇത്. വന്‍കിട കമ്പനികളുടെ നിക്ഷേപങ്ങളെ കുറിച്ച് വ്യവസ്ഥാപിതമായ രീതിയില്‍ അന്വേഷണം നടത്തുകയും ആറ് മാസമോ അതില്‍ അധികമോ കാലം നീണ്ടുനില്‍ക്കുന്ന അന്വേഷണത്തിനൊടുവില്‍ റിപോര്‍ട്ട് പുറത്തുവിടുകയും ചെയ്യുന്ന രീതിയാണ് ഇവര്‍ കൈക്കൊള്ളാറുള്ളത്. റെക്കോര്‍ഡുകളും കമ്പനികളുടെ ആഭ്യന്തര കോര്‍പറേറ്റ് രേഖകളും പരിശോധിച്ചാണ് ഇത്തരത്തില്‍ അന്വേഷണം നടത്താറുള്ളത്. റിപോര്‍ട്ട് പ്രസിദ്ധപ്പെടുത്തും മുമ്പ് ഏത് കമ്പനിക്കെതിരെയാണോ അന്വേഷണം നടത്തുന്നത് അവരുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കാറുമുണ്ട്. വ്യാജവും ഊതി വീര്‍പ്പിച്ചതുമായ അവകാശവാദങ്ങള്‍ ഉന്നയിച്ച് ഓഹരി തട്ടിപ്പ് നടത്തുന്ന കമ്പനികള്‍ക്കെതിരെയാണ് ഇവരുടെ ഓപറേഷന്‍. വന്‍കിട കമ്പനികളുടെ ചതിക്കുഴിയില്‍ നിന്ന് നിക്ഷേപകരെ രക്ഷപ്പെടുത്തുകയെന്ന ദൗത്യമാണ് ഹിന്‍ഡന്‍ബര്‍ഗിന് മുന്നിലുള്ളത്. പ്രസിദ്ധപ്പെടുത്തിയ റിപോര്‍ട്ടിൻ്റെ പേരില്‍ കമ്പനിക്ക് ഇതുവരെ ഖേദിക്കേണ്ടി വരികയോ നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടി വരികയോ ചെയ്തിട്ടില്ലായെന്നത് ആ കമ്പനിയുടെ വിശ്വാസ്യത വളര്‍ത്തുന്നു. വസ്തുതകള്‍ മാത്രമാണ് തങ്ങളുടെ റിപോര്‍ട്ടിലുള്ളതെന്ന ഉറച്ച അവകാശവാദമാണ് ഹിന്‍ഡന്‍ബര്‍ഗിൻ്റെ മറ്റൊരു പ്രത്യേകത.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ അന്വേഷണ റിപോര്‍ട്ട് സാമ്പത്തികവും രാഷ്ട്രീയവുമായ കോളിളക്കങ്ങള്‍ക്കാണ് ഇടവരുത്തിയിരിക്കുന്നത്. ഒറ്റ റിപോര്‍ട്ടിന് പിന്നാലെ അദാനിക്കുണ്ടായ ആഘാതത്തിൻ്റെ വിള്ളല്‍ കാണിച്ചു തരുന്നത് ഹിന്‍ഡന്‍ബര്‍ഗിൻ്റെ വിശ്വാസ്യത തന്നെയാണ്. അങ്ങനെ ഏതെങ്കിലുമൊരു ഓണ്‍ലൈന്‍ റിപോര്‍ട്ട് വരുമ്പോഴേക്കും പിന്‍വലിക്കാന്‍ മാത്രം വിഡ്ഢികളല്ല അദാനി പോലുള്ള വന്‍കിട കമ്പനികളില്‍ നിക്ഷേപം നടത്തിയവര്‍. പിന്‍വലിക്കപ്പെടുന്ന കോടികള്‍ അദാനിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്.

ഒരുകൂട്ടം കടലാസ് കമ്പനികള്‍ ഉപയോഗിച്ചാണ് അദാനിയുടെ തട്ടിപ്പെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. അദാനി ഗ്രൂപ്പിൻ്റെ മുന്‍ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചും വിവിധ രാജ്യങ്ങളിലെ രേഖകള്‍ പരിശോധിച്ചുമാണ് റിപോര്‍ട്ട് പുറത്തിറക്കിയത്. എന്നാല്‍ റിപോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്നാണ് അദാനി ഗ്രൂപ്പിൻ്റെ വിശദീകരണം. ജനുവരി 27ന് നടത്താനിരുന്ന ഓഹരി പൊതുവില്‍പ്പന അട്ടിമറിക്കാനാണ് റിപോര്‍ട്ട് പുറത്തുവിട്ടതെന്നും അദാനി ഗ്രൂപ്പ് ആരോപിക്കുന്നു.

ഊതി വീര്‍പ്പിച്ച അവകാശവാദങ്ങളുടെ ബലത്തിലാണ് അദാനി ഗ്രൂപ്പ് വ്യാപാരം നടത്തുന്നതെന്നായിരുന്നു അന്വേഷണത്തിലെ പ്രധാന ആരോപണം. റിപോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ തന്നെ ഓഹരി വിപണിയില്‍ അദാനിക്ക് ആഘാതം നേരിടേണ്ടി വന്നു. രണ്ട് ദിവസത്തിനിടെ നാല് ലക്ഷത്തോളം കോടി രൂപയുടെ നഷ്ടമാണ് ഓഹരി വിപണിയില്‍ മാത്രം കമ്പനിക്കുണ്ടായത്. ധനികരുടെ ഫോബ്സ് പട്ടികയില്‍ രണ്ടാമതായിരുന്ന ഗൗതം അദാനി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നും വാര്‍ത്തകള്‍ വന്നു. കമ്പനിയുടെ സെന്‍സെക്സ് 874 പോയിന്റും നിഫ്റ്റി 258 പോയിന്റും ഇടിഞ്ഞു. അദാനി ഓഹരിക്ക് പിന്നാലെ ബേങ്ക് ഓഹരികള്‍ക്കും നഷ്ടം നേരിട്ടു.

അദാനിയുടെ വീഴ്ച കേന്ദ്ര സര്‍ക്കാറിന് കൂടി തിരിച്ചടിയാണ്. സര്‍ക്കാറിൻ്റെ പ്രധാന വികസന പ്രവര്‍ത്തനങ്ങളിലെല്ലാം അദാനിയുടെ കൈയൊപ്പുണ്ട്. അതിനാല്‍ അദാനിയെ പ്രതിരോധിക്കലും ഏത് വിധേനയും അദാനിയുടെ ഓഹരിത്തകര്‍ച്ചയെ പിടിച്ചുനിര്‍ത്തലും കേന്ദ്ര സര്‍ക്കാറിൻ്റെ കൂടി ഉത്തരവാദിത്വമായി മാറിയിട്ടുണ്ട്. അദാനിയെയും അതുവഴി രാജ്യത്തെയും തകര്‍ക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട് എന്ന ന്യായീകരണവും ഇത്തരം കോണുകളില്‍ നിന്ന് വന്നിട്ടുണ്ട്. എന്നാല്‍, ഔദ്യോഗികമായി ഒരു പ്രതികരണവും സര്‍ക്കാറിൻ്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

ബി ബി സിയുടെ ഗുജറാത്ത് റിപോര്‍ട്ടിനെ നേരിട്ട രീതിയില്‍ ഹിന്‍ഡന്‍ബര്‍ഗിനെ നേരിടാന്‍ സാധിക്കില്ലെന്ന് സര്‍ക്കാറിനും ഭരണപക്ഷ പാര്‍ട്ടിക്കും ഉറച്ച ബോധ്യമുണ്ട്. ഏത് നിയമ നടപടികളും നേരിടാന്‍ തയ്യാറാണെന്നും റിപോര്‍ട്ടില്‍ ഉറച്ച് നില്‍ക്കുകയാണെന്നുമുള്ള ഹിന്‍ഡന്‍ബര്‍ഗിൻ്റെ പ്രസ്താവന വന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ആ ബോധ്യത്തിന് ശക്തി പകരുന്നുമുണ്ട്.

വിഷയത്തെ രാഷ്ട്രീയപരമായി നേരിടാന്‍ തന്നെയാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്. വെളിപ്പെടുത്തലുകളില്‍ ഗൗരവതരമായ അന്വേഷണത്തിന് സെബിയും റിസര്‍വ് ബേങ്കും തയ്യാറാകണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ നടപടികളോട് മോദി സര്‍ക്കാര്‍ കണ്ണടക്കുകയാണെന്നും ആരോപണങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതാണെന്നും കോണ്‍ഗ്രസ്സ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ അനാസ്ഥ പുലര്‍ത്തുന്നത് കൊടുക്കല്‍ വാങ്ങലിൻ്റെ ഭാഗമാണോയെന്നും ജയ്റാം രമേശ് ചോദിക്കുന്നുണ്ട്. എന്നാല്‍, ഈ ചോദ്യം കൂടുതല്‍ ഉച്ചത്തില്‍ പാര്‍ട്ടി ചോദിച്ച് കൊണ്ടിരിക്കുമോയെന്ന് കണ്ടറിയണം.
ആരോപണങ്ങള്‍ ശരിയാണെങ്കില്‍ രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന രീതിയിലുള്ള ഓഹരി തട്ടിപ്പിനാണ് അദാനി നേതൃത്വം വഹിച്ചതെന്ന് പറയേണ്ടി വരും. അങ്ങനെയാണെങ്കില്‍ അത്തരമൊരു വലിയ ക്രമക്കേടിന് കേന്ദ്രം കൂട്ടുനിന്നുവെന്നും ന്യായമായും സംശയിക്കേണ്ടി വരും. ആ സംശയങ്ങള്‍ നിരന്തരം ഉന്നയിക്കുകയും ട്വീറ്റുകളില്‍ മാത്രം ഒതുങ്ങാതെ അത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കുകയും ചെയ്ത് നിക്ഷേപകരെയും അതുവഴി രാജ്യത്തിൻ്റെ വികസനത്തെയും സംരക്ഷിക്കുകയെന്നത് കോണ്‍ഗ്രസ്സ് എന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ ദൗത്യം തന്നെയാണ്.

Latest