Editors Pick
പക്ഷിപ്പനി മനുഷ്യർക്ക് അപകടം വരുത്തുമോ?
പക്ഷികളുടേയും അവയെ ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷകരുടേയും ജീവിതത്തില്‍ വീഴുന്ന ഇടിത്തീയാണ് പക്ഷിപ്പനി. രോഗം ബാധിച്ചവയെ മാത്രമല്ല പകര്‍ച്ചവ്യാധി തടയാനുള്ള പദ്ധതിയുടെ ഭാഗമായി രോഗമില്ലാത്തവയേയും കൂടി കൊന്നുകളയേണ്ടിവരുന്നു എന്നത് കർഷകർക്കുണ്ടാക്കുന്ന നഷ്ടവും വേദനയും ചെറുതല്ല.
ഉടലില്‍ തീപിടിച്ച ഒരുകൂട്ടം താറാവുകള്‍ പ്രാണരക്ഷക്കായി കായലിലേക്ക് എടുത്തു ചാടുന്ന ചിത്രം ആരുടെയും ഹൃദയത്തില്‍ തട്ടുന്നതാണ്. ആലപ്പുഴയില്‍ നിന്നുള്ള ആ വീഡിയോ അന്ന് ടിവി ചാനലുകള്‍ ആവര്‍ത്തിച്ചു കാണിച്ചിരുന്നു. അന്നത് കണ്ടവരാരും മറന്നിരിക്കാന്‍ സാദ്ധ്യതയില്ല.
പക്ഷികളുടേയും അവയെ ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷകരുടേയും ജീവിതത്തില്‍ വീഴുന്ന ഇടിത്തീയാണ് പക്ഷിപ്പനി. രോഗം ബാധിച്ചവയെ മാത്രമല്ല പകര്‍ച്ചവ്യാധി തടയാനുള്ള പദ്ധതിയുടെ ഭാഗമായി രോഗമില്ലാത്തവയേയും കൂടി കൊന്നുകളയേണ്ടിവരുന്നു എന്നത് കർഷകർക്കുണ്ടാക്കുന്ന നഷ്ടവും വേദനയും ചെറുതല്ല.
പക്ഷിപ്പനി (Highly pathogenic avian influenza ) എന്നത് പക്ഷികളെയും ചില മൃഗങ്ങളെയും, അപൂര്‍വമായി മനുഷ്യനെയും ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്. സര്‍വ്വ സാധാരണയായി കാണുന്ന ജലദോഷ വൈറസായ ഇന്‍ഫ്ലുവെന്‍സാ (influenza) വൈറസിന്റെ അനേകം ബന്ധുക്കളില്‍ ചിലതാണ് പക്ഷിപ്പനി വൈറസുകള്‍ (avian influenza).
മനുഷ്യരെപ്പോലെ പക്ഷികള്‍ക്കും പനി വരാം. ഏവിയൻ ഫ്ളൂ, ഏവിയന്‍ ഇന്‍ഫ്ലുവന്‍സ എന്നെല്ലാം അറിയപ്പെടുന്ന പക്ഷിപ്പനി പടര്‍ത്തുന്നത് H5N1 വൈറസുകളാണ്. ഇവ പക്ഷികള്‍, പക്ഷിക്കുഞ്ഞുങ്ങള്‍, താറാവ് പോലുള്ള വളര്‍ത്തു പക്ഷികള്‍, കാട്ടുപക്ഷികള്‍ തുടങ്ങിയവയെ ബാധിക്കും. ചിലപ്പോൾ പക്ഷിപ്പനി (H5N1) മനുഷ്യരിലും അപകടം വരുത്തും. 1997-ല്‍ ഹോംങ്കോംഗിലാണ് പക്ഷിപ്പനി വൈറസ് നേരിട്ട് മനുഷ്യര്‍ക്ക് പിടിപെട്ട ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ പക്ഷികള്‍ക്ക് രോഗബാധ കണ്ടെത്തി.
2008 ജനുവരിയിലാണ് H5N1 ഇന്ത്യയിലെത്തുന്നത്. 3.9 ദശലക്ഷം കോഴികളേയും കുഞ്ഞുങ്ങളേയും പക്ഷിപ്പനി പകര്‍ച്ച തടയാനായി കൊന്നൊടുക്കി. ഫെബ്രുവരി രണ്ടിനു ശേഷം ഒരു കേസും കണ്ടെത്തിയിട്ടില്ല. ഏവിയന്‍ ഫ്ളൂ സാധാരണപക്ഷികളെയാണ് ബാധിക്കുന്നത്. പക്ഷെ H5N1 2003 ശേഷം 234 മനുഷ്യരെയും കൊന്നൊടുക്കി എന്ന് WHO രേഖപ്പെടുത്തുന്നു.
ഇന്‍ഫ്ലുവെന്‍സാ വൈറസുകളുടെ കോശത്തിന് നേര്‍ത്ത ഒരു ആവരണമുണ്ട്. ഈ ആവരണത്തില്‍ മുത്തുപതിപ്പിച്ചതു പോലെ കാണപ്പെടുന്ന ചില പ്രോട്ടീനുകളും ഉണ്ട്. ഈ പ്രോട്ടീനുകള്‍ വൈറസിനെ മറ്റൊരു കോശത്തിനു പുറത്ത് ഒട്ടിച്ചേര്‍ന്നിരിക്കാനും അതു വഴി ആ കോശത്തിനുള്ളില്‍ കയറിപ്പറ്റാനുമൊക്കെ സഹായിക്കുന്ന രണ്ട് രാസത്വരകങ്ങളാണ് (എന്‍സൈമുകള്‍). ഇതില്‍ രണ്ടെണ്ണമാണ് പ്രധാനം: ഹീം-അഗ്ലൂട്ടിനിന്‍(H), ന്യൂറാമിനിഡേസ് (N) എന്നിവ. ഈ പ്രോട്ടീനുകളുടെ ടൈപ്പ് അനുസരിച്ച് ഇന്‍ഫ്ലുവെന്‍സാ വൈറസുകളെ H, N എന്നീ അക്ഷരങ്ങളെ ഇനീഷ്യലായി ചേര്‍ത്ത് വിളിക്കുന്നു.
H1N1, H1N2, H3N2 എന്നിവയാണ് മനുഷ്യനെ ബാധിക്കുന്നതെന്നു കണ്ടെത്തിയിട്ടുള്ള ഇന്‍ഫ്ലുവെന്‍സാ വൈറസ് ടൈപ്പുകള്‍. കാലാകാലങ്ങളില്‍ ജൈവ പരിണാമഫലമായി ഇതു രൂപാന്തരം പ്രാപിക്കുന്നു. ഇതില്‍ ഇപ്പോള്‍ നാം വാര്‍ത്തകളില്‍ വായിക്കുന്ന പക്ഷിപ്പനിയുണ്ടാക്കുന്നത് H5N1 എന്ന ടൈപ്പ് ഇന്‍ഫ്ലുവെന്‍സാ വൈറസാണ്. ഇത് ഹോംഗ് കോംഗില്‍ 1997-ല്‍ സ്ഥിരീകരിക്കപ്പെട്ട പക്ഷിപ്പനി ബാധ മുതല്‍ക്ക് വ്യാപകമായ ഒരു വൈറസ് രൂപാന്തരമാണ് .
കാട്ടുപക്ഷികളാണ് ഈ വൈറസുകളുടെ വാഹകര്‍. അവയുടെ കുടലിലാണ് വൈറസ് കാണപ്പെടുന്ന ഏത്. ഇവയില്‍ ഈ രോഗാണു കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടാക്കുന്നതായി കണ്ടിട്ടില്ല. ഈ പക്ഷികളുടെ തുപ്പല്‍, കാഷ്ഠം, മറ്റു സ്രവങ്ങള്‍ എന്നിവ പലയിടത്തും വീഴുമ്പോള്‍ അതിലൂടെ ഈ വൈറസും പരക്കുന്നു. ഈ വിസര്‍ജ്ജ്യ വസ്തുക്കളുമായി (വെള്ളം, ആഹാരം തുടങ്ങിയ ) ഏതെങ്കിലും രീതിയില്‍ ബന്ധപ്പെടുന്ന വളര്‍ത്തു പക്ഷികളിലേയ്ക്ക് വൈറസ് പകരുന്നു.
വൈറസ് മൂലം ഉണ്ടാകുന്ന രോഗാവസ്ഥ എല്ലാ പക്ഷികളിലും ഒരുപോലെയാവില്ല. ചിലതില്‍ ഈ വൈറസ് വളരെ തീവ്രത കുറഞ്ഞ ഒരു ഇന്‍ഫക്ഷന്‍ മാത്രമേ ഉണ്ടാക്കുന്നുള്ളൂ. രോഗലക്ഷണങ്ങളില്‍ ആകെ കാണാവുന്നത് മുട്ടയിടലിന്റെ തോതു കുറയല്‍ മാത്രമാകാം. ഒപ്പം തൂവലുകള്‍ പിഞ്ചിപ്പോകുന്ന പ്രശ്നങ്ങളും കാണാറുണ്ട്. തീവ്രത കുറഞ്ഞ ഈ അവസ്ഥയില്‍ രോഗം ബാധിച്ച പക്ഷി മരണപ്പെടാറില്ല. ആഴ്ചകള്‍ക്കുള്ളില്‍ അവ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും.
എന്നാല്‍ ഭീകരമായ അവസ്ഥയുണ്ടാകുന്നത് രോഗതീവ്രത വളരെ കൂടുതലായിരിക്കുമ്പോഴാണ്. ഈയവസ്ഥ സംജാതമായാല്‍ ഏതാണ്ട് 48 മുതല്‍ 72 മണിക്കൂറിനകം പക്ഷി മരണപ്പെടാവുന്നതാണ്.
കാട്ടുപക്ഷികളെ തിന്നുക വഴി മൃഗങ്ങളിലേക്കും ഈ രോഗം പടരുന്നതായി കാണാം. ഉദാഹരണത്തിന് രോഗം ബാധിച്ച പക്ഷികളെ തിന്ന് തായ്ലണ്ടിലും മറ്റും മൃഗശാലയിലെ കടുവകള്‍ ചത്തതായി റിപ്പോര്‍ട്ടുണ്ട്. വളര്‍ത്തു പൂച്ചകളും ഇങ്ങനെ ചത്തതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് വിപുലമായ അന്വേഷണങ്ങള്‍ നടത്തപ്പെട്ടു. വളര്‍ത്തുപൂച്ച ചത്തുവെന്നു കണ്ട കേസുകളിലൊക്കെയും രോഗം ബാധിച്ച പക്ഷികളെ അവ തിന്നതായി കണ്ടെത്തിയിട്ടുണ്ട്. പന്നി പോലുള്ള മൃഗങ്ങളില്‍ പക്ഷികളുടെ വിസര്‍ജ്യത്തില്‍ നിന്നും പക്ഷിപ്പനി പകരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
ഈ വൈറസ് ബാധിച്ച മനുഷ്യരില്‍ ഇതുവരെ അറിവായിട്ടുള്ളതില്‍ വച്ച് ജലദോഷത്തിന്റെയും സാധാരണ കഫക്കെട്ടിന്റെയും ലക്ഷണങ്ങളാണ് കണ്ടിട്ടുള്ളത്. ചെങ്കണ്ണ് പോലുള്ള ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പനിയും ചുമയും തൊണ്ടവീക്കവും ന്യൂമോണിയയും കാണാം. അപൂര്‍വ്വമായി തലച്ചോറിനെ ബാധിക്കുകയും ചെയ്യാറുണ്ട്.
രോഗതീവ്രതയേക്കാള്‍ വലിയ ആശങ്കയുണ്ടാക്കുന്നത് പലപ്പോഴും വാര്‍ത്തകളാണ്. കോഴി വിപണിയിലെ മത്സരങ്ങള്‍ പോലും പക്ഷിപ്പനി എന്ന രോഗത്തെ ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്. വസ്തുതകളേക്കാള്‍ പെരുപ്പിച്ച വാര്‍ത്തകള്‍ വിപണിയെ ബാധിച്ചിട്ടുമുണ്ട്.