Connect with us

india- canada

കാനഡ മറ്റൊരു ബാലാകോട്ടോ?

മറ്റൊരർഥത്തിൽ ട്രൂഡോ പഠിച്ച കള്ളനാണ്. ഇപ്പോഴത്തെ തിരിച്ചടി രാഷ്ട്രീയ ഓഹരിയാക്കാൻ ട്രൂഡോക്ക് സാധിക്കുമെന്നാണ് വ്യക്തമാകുന്നത്. കാരണം അദ്ദേഹം ഇടപെടുന്നത് സിഖ് വൈകാരികതയുമായാണ്. അതുകൊണ്ട് ഇന്ത്യ എത്ര മസിൽ പെരുപ്പിച്ചാലും ട്രൂഡോക്ക് പ്രശ്‌നമില്ല. ഇന്ത്യാവിരുദ്ധത പച്ചക്ക് പറഞ്ഞ് കൊണ്ടിരിക്കും. അതയാളുടെ രാഷ്ട്രീയ കൗശലമാണ്. സർവ പരിഹാസവും അയാൾ കൈയും കെട്ടി കേട്ട് നിൽക്കും.

Published

|

Last Updated

രർഥത്തിൽ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാര്യം വലിയ കഷ്ടമാണ്. ഇളിഭ്യനായി നിൽക്കുകയാണ് അദ്ദേഹം. ജി 20ക്ക് ഇന്ത്യയിൽ വന്ന് വിമാനം കേടായി 36 മണിക്കൂർ ഡൽഹിയിലെ ഹോട്ടലിൽ കാത്തുകെട്ടിക്കിടക്കേണ്ടി വന്നു. പകരം വിമാനം ഏർപ്പാടാക്കാമെന്ന് പറഞ്ഞിട്ട് കൂട്ടാക്കിയില്ല. നേരാംവണ്ണം ഒരു ഉഭയ കക്ഷി ചർച്ച പോലും നടന്നില്ല. നരേന്ദ്ര മോദിയോട് ചില പായാരങ്ങളൊക്കെ പറഞ്ഞെങ്കിലും അദ്ദേഹം മുഖവിലക്കെടുത്തില്ല. ഹർദീപ് സിംഗ് നിജ്ജാറിനെ കനേഡിയൻ മണ്ണിലിട്ട് വകവരുത്തിയത് ഇന്ത്യൻ ഏജന്റുമാരാണെന്ന ആരോപണം ന്യൂഡൽഹിയിൽ ശക്തമായി ഉന്നയിക്കാൻ യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ സഹായം തേടിയെങ്കിലും വലിയ ഫലമുണ്ടായില്ല. കാനഡയിലെ പ്രതിപക്ഷ പാർട്ടികൾ ട്രൂഡോയെ ട്രോളി കൊല്ലുകയാണ്. ഏതായാലും ഇറങ്ങി, കുളിച്ചു കയറാം എന്ന നിലയിലേക്ക് ട്രൂഡോ എത്തിയത് ഈ അപഹാസം സഹിക്ക വയ്യാതെയാണ്. നിജ്ജാറിനെ കൊന്നത് ഇന്ത്യയാണെന്നതിന് തെളിവുണ്ടെന്ന് ഹൗസ് ഓഫ് കോമൺസിൽ പ്രഖ്യാപിച്ചത് അങ്ങനെയാണ്. അവസരം പാർത്തിരുന്ന ഇന്ത്യ തിരിച്ചടിച്ചു. വെറും നയതന്ത്രതലത്തിൽ മാത്രമല്ല. കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിസക്ക് മേലും കൈവെച്ചു. ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറക്കണമെന്ന് ന്യൂഡൽഹി ആവശ്യപ്പെട്ടിട്ടുമുണ്ട്. ഖലിസ്ഥാൻ ബന്ധമുള്ള ഓരോരുത്തരെയും പാഠം പഠിപ്പിക്കാൻ തന്നെയാണ് ഇന്ത്യൻ പുറപ്പാട്. അമേരിക്കൻ പിന്തുണ പൂർണമായി ആർജിക്കാൻ ട്രൂഡോക്ക് സാധിക്കുമോ? നിജ്ജാർ വധത്തിൽ ഇന്ത്യക്കുള്ള പങ്കിന് തെളിവ് വെക്കൂവെന്ന അന്താരാഷ്ട്ര ആവശ്യം ജസ്റ്റിൻ ട്രൂഡോ പാലിക്കുമോ? സ്വതന്ത്ര വ്യാപാര കരാറിൽ നിന്ന് പിന്നോട്ട് പോയതിന് അപ്പുറത്തേക്ക് സാമ്പത്തിക, വാണിജ്യ പകപോക്കലിലേക്ക് അദ്ദേഹം നീങ്ങുമോ? ഇതെല്ലാം വരും ദിവസങ്ങളിൽ വ്യക്തമാകേണ്ട കാര്യങ്ങളാണ്. തത്കാലം ട്രൂഡോ വിയർക്കുകയാണ്.

മറ്റൊരർഥത്തിൽ ട്രൂഡോ പഠിച്ച കള്ളനാണ്. ഇപ്പോഴത്തെ തിരിച്ചടി രാഷ്ട്രീയ ഓഹരിയാക്കാൻ ട്രൂഡോക്ക് സാധിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യ എത്ര ശക്തമായ നടപടി സ്വീകരിക്കമോ അത്രയും ട്രൂഡോക്ക് രാഷ്ട്രീയ ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് വിദഗ്ധർ മുന്നോട്ട് വെക്കുന്നത്. കാരണം അദ്ദേഹം ഇടപെടുന്നത് സിഖ് വൈകാരികതയുമായാണ്. ഇന്ത്യക്ക് പുറത്തെ ഏറ്റവും വലിയ സിഖ് സമൂഹം കാനഡയിലാണ്. എട്ട് ലക്ഷം വരും അവർ. അതിനേക്കാളേറെ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ വംശജർ അവിടെയുണ്ടെങ്കിലും അവർക്ക് സിഖുകാരെപ്പോലെ സാമ്പത്തിക, രാഷ്ട്രീയ സ്വാധീന ശക്തിയില്ല. ഗുരുദ്വാരകൾ കേന്ദ്രീകരിച്ച് ആസൂത്രിതമായി പ്രവർത്തിക്കാനും പൊതു ബോധത്തെ സ്വാധീനിക്കാനും സിഖുകാർക്ക് സാധിക്കും. ട്രൂഡോയുടെ ലിബറൽ പാർട്ടിക്കാണ് ഈ സിഖ് ഗ്രൂപ്പുകൾ കാലങ്ങളായി അധ്വാനിച്ചു കൊണ്ടിരിക്കുന്നത്. ഖലിസ്ഥാൻ തീവ്രവാദമെന്ന് ഇന്ത്യയിൽ അടയാളപ്പെടുത്തുന്ന ആശയധാര സ്വാഭാവികമായ സ്വാതന്ത്ര്യ ദാഹമാണെന്ന് ചിന്തിക്കാൻ മാത്രം ലിബറലാണ് കനേഡിയൻ രാഷ്ട്രീയ ബോധം. കനിഷ്‌ക വിമാന അട്ടിമറിയിൽ 300 മനുഷ്യർ മരിച്ചു വീണിട്ടും അതിന് പിന്നിൽ സിഖ് ഭീകരവാദികളാണെന്ന് തിരിച്ചറിഞ്ഞിട്ടും ഈ പൊതു ബോധത്തിന് വലിയ വ്യത്യാസമില്ലെന്നോർക്കണം. നെറികെട്ട കുത്തിത്തിരിപ്പുകൾ നിരവധി തെളിഞ്ഞിട്ടും ലിബറൽ പാർട്ടിയുടെ മച്ചുനൻമാരായി ഖലിസ്ഥാൻവാദികൾ തുടരുകയാണ്. അതുകൊണ്ട് ഇന്ത്യ എത്ര മസിൽ പെരുപ്പിച്ചാലും ട്രൂഡോക്ക് പ്രശ്‌നമില്ല. അദ്ദേഹം ഇന്ത്യാവിരുദ്ധത പച്ചക്ക് പറഞ്ഞ് കൊണ്ടിരിക്കും. അതയാളുടെ രാഷ്ട്രീയ കൗശലമാണ്. സർവ പരിഹാസവും അയാൾ കൈയും കെട്ടി കേട്ട് നിൽക്കും.

ഇതാദ്യമായല്ല ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ വന്ന് അപഹാസ്യനായി മടങ്ങുന്നത്. 2018ൽ, പ്രധാനമന്ത്രിപദത്തിൽ അവരോധിനായി മൂന്ന് വർഷം പിന്നിടുമ്പോൾ അദ്ദേഹം ന്യൂഡൽഹിയിൽ വന്നിരുന്നു. ഒരു രാഷ്ട്രത്തലവന് കിട്ടാവുന്ന ഏറ്റവും തണുത്ത സ്വീകരണം ഏറ്റുവാങ്ങിയാണ് അന്ന് തന്റെ ഏഴ് ദിവസത്തെ ഇന്ത്യാ സന്ദർശനം പൂർത്തിയാക്കി മടങ്ങിയത്. പുറത്ത് നിന്ന് ആര് വന്നാലും വിമാനത്താവളത്തിൽ കാത്തുനിന്ന്, ഫോട്ടോ പിടിച്ചുവെന്ന് ഉറപ്പ് വരുത്തും വരെ കെട്ടിപ്പിടിക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യക്കുള്ളത്. എച്ച് വൺ ബി വിസയിലും ട്രംപിന്റെ അമേരിക്ക ഫസ്റ്റിലും കുടുങ്ങി സിലിക്കൺവാലിയിലെ കച്ചവടം ഏറെക്കുറെ പൂട്ടിയ സാഹചര്യമായിരുന്നു അന്ന്. അതുകൊണ്ട് ഇന്ത്യൻ ഐ ടിക്കാർക്കടക്കം ആശ്രയ കേന്ദ്രമായിരുന്നു കാനഡ. കനേഡിയൻ കമ്പനികൾ ഇന്ത്യയിൽ നല്ല നിലയിൽ നിക്ഷേപം നടത്തുന്നുമുണ്ടായിരുന്നു. ഈ വലിപ്പങ്ങളൊന്നും പക്ഷേ, മോദിക്ക് പ്രശ്നമായില്ല. ട്രൂഡോ ഭാര്യക്കും കുട്ടികൾക്കുമൊപ്പം ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ സ്വീകരിക്കാൻ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിയെപ്പോലും അയച്ചില്ല. ജസ്റ്റിന് സ്വാഗതമരുളി മോദി ട്വിറ്ററിൽ ഒരു വരി പോലും കുറിച്ചില്ല. ആറ് ദിവസം കഴിഞ്ഞാണ് മോദി ട്രൂഡോക്ക് മുഖം കാണിച്ചത്. ഇന്ന് വാർത്തകളിൽ നിറയുന്ന ഇന്ത്യാ- കാനഡ അകൽച്ചയുടെ മാരക വേർഷനാണ് 2018ൽ കണ്ടതെന്ന് ചുരുക്കം.

ട്രൂഡോയെ അവഗണിക്കാൻ അന്നേ തക്കതായ കാരണങ്ങളുണ്ടായിരുന്നു. വോട്ട് ബേങ്ക് രാഷ്ട്രീയത്തിന്റെ മർമമറിഞ്ഞ ട്രൂഡോ തന്റെ മന്ത്രിസഭയിൽ നാല് സിഖുകാർക്കാണ് ആദ്യ ഊഴത്തിൽ ഇടം നൽകിയത്. കനേഡിയൻ സിഖുകാർക്കിടയിൽ ഇന്റർനാഷനൽ സിഖ് യൂത്ത് ഫെഡറേഷൻ പോലുള്ള ഖലിസ്ഥാൻവാദി സംഘടനകൾ സജീവമാണ്. ടൊറന്റോയിലടക്കമുള്ള ഗുരുദ്വാരകൾ കേന്ദ്രീകരിച്ച് ഇത്തരം ആശയപ്രചാരണങ്ങൾ പരസ്യമായി നടക്കുന്നു.
പല ഗുരുദ്വാരകളിലും ഇന്ത്യൻ പ്രതിനിധികൾക്ക് പ്രവേശനം അനുവദിക്കാറില്ല. ഖൽസാ ഡേ പരേഡിൽ ട്രൂഡോ പങ്കെടുക്കും. പ്രഖ്യാപിത ഖലിസ്ഥാൻവാദി നേതാക്കൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യും. നയതന്ത്ര ബന്ധം തുടരണമെങ്കിൽ തീവ്രവാദികളെ തള്ളിപ്പറയണമെന്ന് ഇന്ത്യ പലവട്ടം അന്ത്യശാസനം നൽകിയതാണ്. നേർ വിപരീതമാണ് സംഭവിച്ചത്. പ്രധാന പ്രവിശ്യയായ ഒന്റാരിയോയിലെ നിയമസഭ പാസ്സാക്കിയ പ്രമേയം ഇന്ത്യയെ കൂടുതൽ നോവിക്കുന്നതായിരുന്നു. ഇന്ദിരാഗാന്ധി വധത്തിന് പിറകേ നടന്ന സിഖ് കൂട്ടക്കൊല വംശഹത്യയാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു പ്രമേയം.

അഞ്ച് വർഷത്തിന് ശേഷം ട്രൂഡോ ഒരിക്കൽ കൂടി ഇന്ത്യയിലെത്തുമ്പോഴേക്ക് ഒരു പാട് കാര്യങ്ങൾ സംഭവിച്ചു കഴിഞ്ഞിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായത് കർഷക പ്രക്ഷോഭമായിരുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ ഐതിഹാസികമായ സമരം നടന്നു. സ്വതസിദ്ധമായ പിടിവാശി തുടർന്നെങ്കിലും ഒടുവിൽ നിയമം പിൻവലിക്കാൻ മോദി സർക്കാർ നിർബന്ധിതമായി. സഹിക്കാനാകാത്ത തിരിച്ചടിയായിരുന്നു അത്. അഹങ്കാരത്തിന്റെ കരണത്തേറ്റ അടി. സിഖ് സമുദായമായിരുന്നു ആ സമരത്തിന്റെ ചാലക ശക്തി. അന്താരാഷ്ട്രതലത്തിൽ സമരത്തിന് വലിയ പ്രചാരണം നൽകാൻ കാനഡയിലെ സിഖ് ഗ്രൂപ്പുകൾ ഓവർടൈമെടുത്തു. സമരമുന്നണിയിലേക്ക് കാനഡയിൽ നിന്ന് പണമൊഴുകിയെന്നും ആരോപണമുയർന്നു. ജൂണിൽ കൊല്ലപ്പെട്ട നിജ്ജാർ ഇക്കാര്യത്തിൽ നേരിട്ടിടപെട്ടുവെന്നും രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. ഇന്ത്യയിൽ നടന്ന നിരവധി കുത്തിത്തിരിപ്പുകൾക്ക് ചുക്കാൻ പിടിച്ച, ലക്ഷണമൊത്ത ഖലിസ്ഥാൻ ഭീകരനായ നിജ്ജാർ കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരക്കടുത്ത് അജ്ഞാതന്റെ വെടികൊണ്ട് തലതകർന്ന് വീഴുമ്പോൾ കേന്ദ്ര ഭരണകൂടത്തിന്റെ പ്രതികാരം കൂടി പുലരുന്നുവെന്നത് സത്യം. പക്ഷേ, ചത്തത് കീചകനായതിനാൽ കൊന്നത് ഭീമനാകണമെന്നില്ലല്ലോ.

അപ്പോഴും ചില രാഷ്ട്രീയ വസ്തുതകൾ കാണാതിരിക്കാനാകില്ല. കാനഡയിൽ മാത്രമല്ല, ഇന്ത്യയിലും പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണല്ലോ. 2019ലെ ബാലാകോട്ട് ആക്രമണത്തിൽ പ്രതിപക്ഷത്തെ നേതാക്കൾ എന്ത് ചോദ്യമുന്നയിച്ചാലും അതിന്റെ രാഷ്ട്രീയ പ്രഹര ശേഷിയുടെ കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. അത്രമേൽ വ്യക്തവും ശക്തവുമായിരുന്നു അതിർത്തി കടന്നുള്ള സർജിക്കൽ സ്‌ട്രൈക്കിന്റെ രാഷ്ട്രീയം. സാമൂഹിക മാധ്യമങ്ങളിൽ കാനഡയെച്ചൊല്ലി ഉയരുന്ന ഹൈവോൾട്ടേജ് ദേശസ്‌നേഹ പ്രകടനങ്ങൾ ശ്രദ്ധിച്ചാൽ മറ്റൊരു ബാലാകോട്ട് കാണാനാകും. ശക്തനായ ഭരണാധികാരി, ഏത് അതിർത്തി കടന്നും ശിക്ഷ നടപ്പാക്കാനുള്ള ശേഷി, ദേശീയ സുരക്ഷയിൽ വിട്ടീവാഴ്ചയില്ലാത്ത നിലപാട്, ഒന്നും പഴയത് പോലെയാകില്ലെന്ന വീരസ്യം.

രാഷ്ട്രം കൈക്കൊള്ളുന്ന അനിവാര്യമായ നടപടികളെ രാഷ്ട്രീയ നേട്ടത്തിനായി അതിവിദഗ്ധം ഉപയോഗിക്കുകയാണ്. ചുമ്മാ പിന്തുണക്കുകയല്ലാതെ പ്രതിപക്ഷത്തിന് ഒരക്ഷരം മിണ്ടാനാകില്ല. ഖലിസ്ഥാൻ തീവ്രവാദികൾക്ക് പാക്കിസ്്താൻ ചെയ്തു കൊടുക്കുന്ന ഒത്താശകൾ ഇനി വാർത്തയിൽ നിറയും. കാനഡയിലെ ഹിന്ദു സമൂഹം വാർത്താകേന്ദ്രമായി മാറും.
രാഷ്ട്രത്തെ പിന്തുണക്കാം, ഈ രാഷ്ട്രീയത്തെ എങ്ങനെ പിന്തുണക്കും?

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest