Connect with us

Editors Pick

ഡീപ്‍സീക്ക് R1 വിപ്ലവമോ? തിരുത്താം അഞ്ച് മിഥ്യാ ധാരണകൾ

ഡീപ്‍സീക്കിന്റെ AI മോഡലുകൾ കാര്യക്ഷമതയിലും ചെലവിലും മികച്ച മെച്ചപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇത് കൃത്രിമ സാമാന്യ ബുദ്ധിയിലേക്ക് (AGI) എത്തിച്ചേരുന്നതിന്റെ സൂചനയല്ല.

Published

|

Last Updated

ചൈനീസ് AI സ്റ്റാർട്ടപ്പ് ഡീപ്‍സീക്കിന്റെ റീസണിംഗ് മോഡൽ (R1) പുറത്തിറങ്ങിയതോടെ, ടെക് ഇൻഡസ്ട്രി എക്സിക്യൂട്ടീവുകളും നിയമനിർമ്മാതാക്കളും ഒരുപോലെ ഈ കമ്പനിയെ പ്രശംസിച്ച് രംഗത്ത് വരികയാണ്. ന്യൂയോർക്ക് മുതൽ ടോക്കിയോ വരെയുള്ള മാർക്കറ്റുകളിൽ ടെക് സ്റ്റോക്കുകളുടെ അഭൂതപൂർവമായ വിൽപ്പനയിലേക്കാണ് ഇതിന്റെ കടന്നുവരവ് നയിച്ചത്. ഗുണനിലവാരവും ചെലവ് കുറവുമാണ് ഡീപ്‍സീക്കിന്റെ പ്രചുരപ്രചാരത്തിന് കാരണം. കുറഞ്ഞ ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകൾ (GPU) ഉപയോഗിച്ച്, OpenAI-യുടെ o1 മോഡലിന് തുല്യമോ അതിലും മികച്ചതോ ആയ പ്രകടനം R1 നൽകുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഡീപ്‍സീക്കിന്റെ ചാറ്റ്ബോട്ട് ആപ്പ്, R1-ലേക്ക് സൗജന്യ ആക്സസ് നൽകുന്നതോടെ, പല രാജ്യങ്ങളിലെയും ആപ്പ് സ്റ്റോറുകളിൽ ഇത് തരംഗമായിക്കഴിഞ്ഞു. എന്നാൽ, ഈ വിജയകഥയെ ചിലർ സംശയത്തോടെയാണ് കാണുന്നത്. ഡീപ്‍സീക്ക് തങ്ങളുടെ GPT മോഡലുകൾ ഉപയോഗിച്ച് തന്നെയാണ് AI മോഡലുകളെ പരിശീലിപ്പിച്ചതെന്ന ആരോപണവുമായി ഓപ്പൺ എ ഐ തന്നെ രംഗത്ത് വന്നുകഴിഞ്ഞു.

ഡീപ്സീക്കിനെ കുറിച്ചുള്ള ചില ധാരണകൾ ശരിയാണോ എന്ന് നോക്കാം.

  • ഡീപ്‍സീക്കിന്റെ AI മോഡലുകൾ AGI-യിലേക്കുള്ള വഴി

    യാഥാർത്ഥ്യം: ഡീപ്‍സീക്കിന്റെ AI മോഡലുകൾ കാര്യക്ഷമതയിലും ചെലവിലും മികച്ച മെച്ചപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇത് കൃത്രിമ സാമാന്യ ബുദ്ധിയിലേക്ക് (AGI) എത്തിച്ചേരുന്നതിന്റെ സൂചനയല്ല.

    AGI എന്നത് മനുഷ്യ ബുദ്ധിയെ തുല്യമോ അതിലും മികച്ചതോ ആയ പ്രകടനം നടത്താൻ കഴിയുന്ന AI മോഡലിനെ സൂചിപ്പിക്കുന്നു. ഇതുവരെ ആർക്കും അത്തരമൊരു AI മോഡൽ വികസിപ്പിച്ചെടുത്തിട്ടില്ല. എങ്കിലും, OpenAI, ഡീപ്സീക്ക് തുടങ്ങിയ കമ്പനികൾ AGI വികസിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട് എന്നത് യാഥാർഥ്യമാണ്.

  • ഡീപ്‍സീക്കിന്റെ വിജയം യുഎസ് എക്സ്പോർട്ട് നിയന്ത്രണങ്ങളെ പരാജയപ്പെടുത്തി

    യാഥാർത്ഥ്യം: അമേരിക്കയുടെ എക്സ്പോർട്ട് നിയന്ത്രണങ്ങൾ ചൈനയുടെ AI വികസനത്തെ ഇപ്പോഴും ബാധിക്കുന്നു എന്നത് വസ്തുതയാണ്.

    ഡീപ്‍സീക്കിന്റെ വിജയം, അമേരിക്കയുടെ എക്സ്പോർട്ട് നിയന്ത്രണങ്ങളുടെ അപ്രതീക്ഷിത ഫലമായി വിലയിരുത്തപ്പെടുന്നുണ്ട്. Nvidia-യുടെ മികച്ച ചിപ്പുകൾ ലഭ്യമല്ലാതിരുന്നതിനാൽ, ഡീപ്‍സീക്ക് ഗവേഷകർ AI മോഡലുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ നൂതന രീതികൾ കണ്ടെത്തുകയായിരുന്നു. എങ്കിലും, എക്സ്പോർട്ട് നിയന്ത്രണങ്ങൾ ചൈനയുടെ AI പരീക്ഷണങ്ങളെ മന്ദഗതിയിലാക്കുമെന്ന് തന്നെയാണ് വിദഗ്ധർ പറയുന്നത്.

    കൂടുതൽ AI പരീക്ഷണങ്ങൾ നടത്തുകയും AI ഏജൻ്റുമാരെ നിർമ്മിക്കുകയും ചെയ്യുമ്പോൾ കയറ്റുമതി നിയന്ത്രണങ്ങൾ ചൈനയെ മന്ദഗതിയിലാക്കുമെന്ന് അടുത്തിടെ ഓപ്പൺഎഐ വിട്ടുപോയ AI നയ വിദഗ്ധനായ മൈൽസ് ബ്രണ്ടേജ് അഭിപ്രായപ്പെടുന്നു.

    വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുമ്പ് ഡീപ്‌സീക്ക് എൻവിഡിയയുടെ പഴയ തലമുറ എ100 ജിപിയു 10,000 യൂണിറ്റുകൾ സംഭരിച്ചതായും റിപ്പോർട്ടുകളുണ്ട്.

  • ഡീപ്‍സീക്ക് Nvidia-യ്ക്ക് ഒരു ഭീഷണി

    യാഥാർത്ഥ്യം: ഡീപ്സീക്കിന്റെ R1 മോഡൽ Nvidia-യ്ക്ക് അത്ര വലിയ ഭീഷണിയാകില്ല. ജനുവരി 27ന് Nvidia-യുടെ ഓഹരി 17 ശതമാനം ഇടിഞ്ഞിരന്നു. എന്നാൽ അടുത്ത ദിവസം തന്നെ ഇതുതിരിച്ചുകയറി. 29ന് വീണ്ടും നാല് ശതമാനം ഇടിഞ്ഞു. ഡീപ്‍സീക്ക് അത്രവലിയ പ്രത്യാഘാതം യുഎസ് ചിപ്പ് നിർമാതാക്കളായ Nvidia-ക്ക് ഏൽപ്പിക്കുന്നില്ല എന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

    R1 മോഡൽ Nvidia-യുടെ ചിപ്പുകളുടെ ആവശ്യകത കുറയ്ക്കുമെങ്കിലും, ഇത് ചിപ്പ് ഭീമന് വലിയ ആഘാതമുണ്ടാക്കില്ല. മൈക്രോസോഫ്റ്റ് CEO സത്യ നാദെല്ലയെ പോലുള്ളവർ, ഡീപ്‍സീക്കിന്റെ സാങ്കേതികവിദ്യ വികസനം GPU-യുടെ ആവശ്യകത വർദ്ധിപ്പിക്കുമെന്ന് എക്സ് പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്.

  • ഡീപ്സീക്ക് R1 ഒരു പൂർണ്ണമായ ഓപ്പൺ-സോഴ്സ് മോഡലാണ്

    യാഥാർത്ഥ്യം: R1 മോഡൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാനും പരിഷ്കരിക്കാനും കഴിയും, എന്നാൽ ഇത് പൂർണ്ണമായ ഓപ്പൺ-സോഴ്സ് ആയി കണക്കാക്കാനാവില്ല.

    R1 മോഡലിന്റെ ആർക്കിടെക്ചറും വെയ്റ്റുകളും (ഒരു AI മോഡൽ വിവരങ്ങൾ എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന സംഖ്യാ മൂല്യങ്ങൾ) MIT ലൈസൻസിന് (സോഫ്റ്റ്‌വെയർ ഉപയോഗിക്കാനും പരിഷ്‌ക്കരിക്കാനും വിതരണം ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്ന സോഫ്റ്റ്‌വെയർ ലൈസൻസാണ് എംഐടി ലൈസൻസ്.) കീഴിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും, ഇത് ഓപ്പൺ-സോഴ്സ് എന്ന നിർവചനത്തിന് പൂർണ്ണമായും യോജിക്കുന്നില്ല.

  • ഡീപ്‍സീക്കിന്റെ AI മോഡലുകൾ അധിക ഡാറ്റാ സ്വകാര്യത റിസ്ക് ഉണ്ടാക്കുന്നു

    യാഥാർത്ഥ്യം: ഡീപ്‍സീക്കിന്റെ AI മറ്റ് LLM-കളെപ്പോലെ ഉള്ള ഡാറ്റാ സ്വകാര്യത റിസ്ക് ഉണ്ടാക്കുന്നു എന്നത് ശരിയാണ്.

    എന്നാൽ ഡീപ്‍സീക്കിന്റെ R1 മോഡൽ ഉപയോക്താക്കൾക്ക് ലോക്കലായി റൺ ചെയ്യാനാകും, അതിനാൽ ഡാറ്റാ സ്വകാര്യത ഇടപെടലുകൾ കുറയ്ക്കാനാകും എന്ന് വിലയിരുത്തപ്പെടുന്നു.

ഡീപ്‍സീക്കിന്റെ വിജയം AI രംഗത്ത് ഒരു പുതിയ അധ്യായമാണെന്ന് തന്നെയാണ് തോന്നുന്നത്. എന്നാൽ ഇത് യഥാർത്ഥത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നത് ഭാവിയിലേക്കുള്ള ചർച്ചകളെ ആശ്രയിച്ചിരിക്കുന്നു.

കടപ്പാട്: ദി ഇന്ത്യൻ എക്സ്പ്രസ്

Latest