fact check
കരിപ്പൂരിൽ നിന്നും ഡൽഹിയിലേക്ക് ഇൻഡിഗോ വിമാനം പറത്തുന്നത് ഫാത്തിമ ഫിദയോ?
'ഇന്ന് കരിപ്പൂരിൽ നിന്നും ഡൽഹിയിലേക്ക് പറക്കുന്ന ഇൻഡിഗോ വിമാനം പറത്തുന്നത് മലപ്പുറം ജില്ലയിലെ തൂവ്വൂരിലുള്ള ഫാത്തിമ ഫിദ' - ഒരു പെൺകുട്ടിയുടെ ചിത്ര സഹിതം ഫേസ്ബുക്കിലും വാട്സ്ആപ്പിലും നിറഞ്ഞോടുന്ന ചൂടുള്ള വാർത്തയുടെ വാസ്തവമറിയാം

മലപ്പുറം | ‘ഇന്ന് കരിപ്പൂരിൽ നിന്നും ഡൽഹിയിലേക്ക് പറക്കുന്ന ഇൻഡിഗോ വിമാനം പറത്തുന്നത് മലപ്പുറം ജില്ലയിലെ തൂവ്വൂരിലുള്ള ഫാത്തിമ ഫിദ’ – ഒരു പെൺകുട്ടിയുടെ ചിത്ര സഹിതം ഫേസ്ബുക്കിലും വാട്സ്ആപ്പിലും നിറഞ്ഞോടുന്ന ചൂടുള്ള വാർത്തയാണിത്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാടിനടുത്ത് തൂവ്വൂരിലുള്ള ഫാത്തിമ ഫിദ എന്ന പെൺകുട്ടിയുടെ ചിത്രസഹിതമുള്ള പോസ്റ്റ് കണ്ടാൽ ആരും ആദ്യമൊന്ന് വിശ്വസിച്ച് പോകും. മലബാറിലെ മുസ്‍ലിം പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ തിളങ്ങുന്നതിന്റെ അഭിമാനം പോസ്റ്റുകളിൽ നിറഞ്ഞുതുളുമ്പി നിൽക്കുന്നുമുണ്ട്.
എന്നാൽ സംഭവം ശുദ്ധ നുണയാണ്. 2024 ഫെബ്രുവരി എട്ടാം തീയതി എന്റെ തിരൂർ എന്ന ഫേസ്ബുക്ക് പോസ്റ്റിൽ പ്രത്യക്ഷപ്പെട്ട ഈ വ്യാജവാർത്ത പിന്നീടങ്ങോട്ട് മുൻപിൻ നോക്കാതെ നെറ്റിസൺസ് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ കമന്റ് ബോക്സുകളിൽ പ്രസ്തുത വാർത്ത തെറ്റാണെന്ന് പലരും എഴുതിയിട്ടുണ്ടെങ്കിലും കണ്ടവർ കണ്ടവർ വാർത്ത ഷെയർ ചെയ്ത് പ്രചരിപ്പിച്ചു.
തുവ്വൂർ സ്വദേശി ഫാത്തിമ ഫിദ 2024 ജനുവരി 31ന് പൈലറ്റാവാനുള്ള കോഴ്സ് പഠിക്കാനായി ഉത്തര്‍പ്രദേശിലേക്ക് പോയിട്ടേ ഉള്ളൂവെന്നും അവർ വിമാനം പറത്തുന്നു എന്ന വാർത്തകൾ തെറ്റാണെന്നും അവരുടെ പിതാവ് അബൂജുറൈജ് സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. മകള്‍ കോഴ്സിന് ചേര്‍ന്നതിനെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിനെ വളച്ചൊടിച്ചാണ് ഇപ്പോഴത്തെ തെറ്റായ പ്രചാരണമെന്നും പിതാവ് പറഞ്ഞു.