prathivaram health
ഫാറ്റീ ലിവര്‍ ഒരു ജീവിതശൈലീ രോഗമോ ?
അഞ്ച് ശതമാനത്തിൽ അധികം കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയെയാണ് ഫാറ്റീ ലിവർ ആയി പരിഗണിക്കുന്നത്.
അനാരോഗ്യകരമായ ജീവിതരീതിയുടെയും ശീലങ്ങളുടെയും പ്രതിഫലനമായ ഒരു ജീവിതശൈലീ രോഗമാണ് ഫാറ്റീ ലിവർ. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഫാറ്റീ ലിവർ ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. ഫാറ്റീ ലിവർ ബാധിക്കുന്നവരിൽ യുവാക്കളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനയാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത. ശാരീരിക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നതിൽ കരൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ, പല കാരണങ്ങളാൽ കരളിൽ കൊഴുപ്പടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റീ ലിവർ എന്നറിയപ്പെടുന്നത്. അഞ്ച് ശതമാനത്തിൽ അധികം കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയെയാണ് ഫാറ്റീ ലിവർ ആയി പരിഗണിക്കുന്നത്.
അമിതമായ മദ്യപാനം മൂലം ഉണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റീ ലിവർ, മദ്യപാനം മൂലമല്ലാതെ ഉണ്ടാകുന്ന നോൺ- ആൽക്കഹോളിക് ഫാറ്റീ ലിവർ എന്നിങ്ങനെ രണ്ട് തരത്തിൽ ഫാറ്റീ ലിവർ കണ്ടുവരുന്നു.
പ്രമേഹം, രക്തസമ്മർദം, കൊളസ്‌ട്രോൾ പോലുള്ള ജീവിതശൈലീ രോഗം ഉള്ളവരിൽ ഫാറ്റീ ലിവറിനുള്ള സാധ്യതകൾ ഏറെയാണ്.മാത്രമല്ല പൊണ്ണത്തടിയും അമിത മദ്യപാനവും ഫാറ്റീ ലിവറിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു. കൂടാതെ ചില മരുന്നുകളുടെ പാർശ്വഫലമായും വിൽസൺ ഡിസീസ് പോലുള്ള രോഗങ്ങളുടെ ഭാഗമായും ചിലരിൽ ഫാറ്റീ ലിവർ കണ്ടുവരുന്നു.
ഫാറ്റീ ലിവർ ബാധിച്ച മിക്കവരിലും പ്രകടമായ ലക്ഷണങ്ങൾ അനുഭവപ്പെടാറില്ല. പ്രാരംഭഘട്ടത്തിൽ തന്നെ രോഗ നിർണയം നടത്തി ചികിത്സിച്ചില്ലെങ്കിൽ ഇത് ലിവർ സിറോസിസ് പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കും. കാലുകളിലും വയറിലും ഉണ്ടാകുന്ന നീർക്കെട്ട് ലിവർ സിറോസിസ് ബാധിച്ചവരിൽ കണ്ടുവരുന്ന ലക്ഷണങ്ങളാണ്.
സിംപിൾ ഫാറ്റീ ലിവർ എന്ന് അറിയപ്പെടുന്ന ഗ്രേഡ് 1 ഫാറ്റീ ലിവർ, ഫാറ്റീ ലിവർ രോഗത്തിന്റെ പ്രാരംഭ ഘട്ടമാണ്. ഈ ഘട്ടത്തിൽ, കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വളരെ കുറവായിരിക്കും, മാത്രമല്ല കരളിന് കാര്യമായ കേടുപാടുകൾ സംഭവിക്കുന്നില്ല. എന്നിരുന്നാലും ഈ അവസ്ഥയെ ഉടനടി കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് ഗ്രേഡ് 2 അല്ലെങ്കിൽ 3 പോലുള്ള ഫാറ്റീ ലിവർ രോഗത്തിന്റെ ഗുരുതരമായ ഘട്ടങ്ങളിലേക്ക് പുരോഗമിക്കും.
ചികിത്സയോടൊപ്പം ആരോഗ്യകരമായ ജീവിതശൈലീ മാറ്റങ്ങളിലൂടെ ഗ്രേഡ് 1 ഫാറ്റീ ലിവർ നിയന്ത്രിക്കാൻ സാധിക്കും. ഗ്രേഡ് 1 ഫാറ്റീ ലിവർ രോഗം പ്രാരംഭ ഘട്ടത്തിലാണെങ്കിൽ അത് അപകടകരമല്ല. കാരണം, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൊത്തം കരളിന്റെ മൂന്നിലൊന്നിൽ താഴെയുള്ള അവസ്ഥയാണ് ഗ്രേഡ്1. അതിനാൽ, ഭക്ഷണക്രമം, ശാരീരികവ്യായാമങ്ങൾ, ഭാരം കുറയ്ക്കൽ, പൂർണമായി മദ്യപാനം ഒഴിവാക്കൽ എന്നിവയുടെ സഹായത്തോടെ ഇത് പഴയപടിയാക്കാനാകും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
- ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും ശരീരം വിയർക്കും വിധം വ്യായാമം ചെയ്യുക.
- അന്നജമടങ്ങിയ അരി ഭക്ഷണം പോലെയുള്ളവയുടെ അളവ് പരമാവധി കുറയ്ക്കുക.
- ഒരു ദിവസം കഴിക്കുന്ന അന്നജത്തിന്റെ അളവ് 20 ശതമാനത്തിൽ താഴെയാക്കുന്നതാകും അഭികാമ്യം.
- പഞ്ചസാര, റെഡ് മീറ്റ്, എണ്ണ പലഹാരങ്ങൾ എന്നിവ പൂർണമായി ഒഴിവാക്കുക.
- പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ചികിത്സയോടൊപ്പമുള്ള ഇത്തരം ജീവിതശൈലീ മാറ്റങ്ങളിലൂടെ കരൾ തകരാറിനെ തടയുന്നതിനോ കരൾ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെങ്കിൽ അത് മാറ്റിയെടുക്കാനും സഹായിക്കുന്നു. മാത്രമല്ല, ഗ്രേഡ് 1 ഫാറ്റീ ലിവർ രോഗം നേരത്തേ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നത് രോഗാവസ്ഥയുടെ വ്യാപനം തടയാനും കരളിന്റെ പ്രവർത്തനം നിലനിർത്താനും സഹായിക്കും.
പ്രതിരോധ മാർഗങ്ങൾ
- ഇലക്കറികൾ
ഇലക്കറികളിലുള്ള നൈട്രറ്റ്, പോളീഫീനോൾസ് എന്നിവ ഫാറ്റീ ലിവർ പ്രതിരോധിക്കാൻ ഫലപ്രദമാണ്. - പയറുപരിപ്പു വർഗങ്ങൾ
പയറുപരിപ്പു വർഗങ്ങളിലുള്ള റെസിസ്റ്റന്റ് സ്റ്റാർച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ത്വരിതപ്പെടുത്തുകയും നോൺ- ആൽക്കഹോളിക്ക് ലിവർ സിറോസിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. - മത്സ്യം
മത്സ്യങ്ങളിലുള്ള ഒമേഗ-3 ഫാറ്റീ ആസിഡ് ലിവർ ഫാറ്റ് കുറയ്ക്കുന്നതിനും ട്രൈഗ്ലിസറൈഡ് കുറയ്ക്കുന്നതിനും ഫലപ്രദമാണ്. - നാരടങ്ങിയ ഭക്ഷ്യവസ്തുക്കൾ
നാരുകൾ ധാരാളം അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം ട്രൈഗ്ലിസറൈഡ് കുറയ്ക്കുന്നതിലൂടെ ഫാറ്റീ ലിവറിനെ പ്രതിരോധിക്കുന്നു. - സസ്യ വിത്തുകൾ
പ്രധാനമായും സൺഫ്ലവർ സീഡ്‌സിലെ വിറ്റമിൻ ഇ ആന്റീ ഓക്‌സിഡന്റ് നോൺ ആൽക്കഹോളിക് ഫാറ്റീ ലിവറിനെ ഫലപ്രദമായി പ്രതിരോധിക്കുന്നു. - വെളുത്തുള്ളി
വെളുത്തുള്ളിയുടെ ഉപയോഗം ഫാറ്റീ ലിവർ രോഗമുള്ളവരിൽ ഫാറ്റ് കുറയ്ക്കുന്നതിലൂടെ അമിത ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. - മഞ്ഞൾ
മഞ്ഞളിലെ പ്രധാന ഘടകമായ കുർക്കുമിൻ ലിവർ രോഗമുള്ളവരിൽ ഉയർന്ന അളവിൽ കാണപ്പെടുന്ന ലിവർ എൻസൈമുകളെ ത്വരിതപ്പെടുത്തുന്നു.
ഫാറ്റീ ലിവറിന് ഇടയാക്കുന്ന ഘടകങ്ങൾ
- രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്തുന്നതും ശരീരഭാരം വർധിപ്പിക്കുന്നതുമായ ഭക്ഷണങ്ങൾ.
- മദ്യപാനം.
- പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, പലഹാരങ്ങൾ മുതലായവ.
- എണ്ണയിൽ വറുത്ത പലഹാരങ്ങൾ.
- മൈദ, മൈദ അടങ്ങിയ ബേക്കറി പലഹാരങ്ങൾ മുതലായവ.
- റെഡ് മീറ്റ്. ഉദാഹരണത്തിന് അമിതമായ ബീഫ് ഉപയോഗം, പോർക്ക് മുതലായവ.
- പഴച്ചാറുകൾ, പഴങ്ങൾ എന്നിവ അമിതമായി കഴിക്കുന്നതിലൂടെ പഴങ്ങളിലെ പ്രധാന ഘടകമായ ഫ്രക്ടോസ് കരളിൽ കൊഴുപ്പായി ശേഖരിക്കപ്പെടുന്നത്.
- ദ്രുതഗതിയിലുള്ള ശരീരഭാരം കുറയ്ക്കലും പോഷകാഹാരക്കുറവും
- ഇൻസുലിൻ പ്രതിരോധം. ഇത് ഇൻസുലിൻ ഹോർമോണിനോട് പ്രതികരിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുമുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു.
പോഷക സമൃദ്ധമായ ഭക്ഷണവും ചിട്ടയായ വ്യായാമവും പോലുള്ള ജീവിതശൈലീ മാറ്റങ്ങൾ അമിത ശരീരഭാരവും കൊഴുപ്പും കുറയ്ക്കാനും കരൾ തകരാറിനെ തടയുന്നതിനും കരൾ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെങ്കിൽ അത് മാറ്റിയെടുക്കുന്നതിനുമുള്ള ഏറ്റവും നല്ല മാർഗമാണ്.