Editors Pick
ഇനി സാധ്യമോ ഹിപ്പി സർവീസ്?
കാലമേറെ കഴിഞ്ഞെങ്കിലും ഈ ബസ് റൂട്ട് യാത്രാ ചരിത്രത്തിലെ ഒരു കൗതുകകരമായ അധ്യായമായി തുടരുന്നു.
1957-ൽ, ലണ്ടനിൽ നിന്ന് കൊൽക്കത്തയിലേക്ക് (അന്നത്തെ കൽക്കട്ട) ശ്രദ്ധേയമായ ഒരു ബസ് യാത്ര സാധ്യമായിരുന്നു. അത് ‘ഹിപ്പി റൂട്ട്’ എന്നറിയപ്പെടുന്നു. വെറും 145 പൗണ്ടിന് (ഇന്നത്തെ മൂല്യം 2500 ഓളം പൗണ്ട് ), ബെൽജിയം, യുഗോസ്ലാവിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലൂടെ യൂറോപ്പിലും ഏഷ്യയിലുമായി 10,000 മൈൽ ( ഏകദേശം 1600 കിലോമീറ്റർ) യാത്ര ചെയ്യാം. യാത്രയ്ക്ക് ഏകദേശം 120 ദിവസം വരെ എടുത്തു.
AEC റീഗൽ III മോഡൽ ബസ്സാണ് യാത്രയ്ക്ക് ഉപയോഗിച്ചിരുന്നത്. ഓടിച്ചത് ഓസ്വാൾഡ്-ജോസഫ് ഗാരോ-ഫിഷർ ആയിരുന്നു. ഇത് ഒരു സാധാരണ ബസ് സർവീസ് ആയിരുന്നില്ല. യാത്രക്കാർക്ക് ഉറങ്ങുന്ന കമ്പാർട്ടുമെൻ്റുകൾ, ഫാനുകൾ, മ്യൂസിക്, കൂടാതെ വഴിയിൽ ഹോട്ടലുകളിൽ ക്യാമ്പ് ചെയ്യാനോ താമസിക്കാനോ ഉള്ള അവസരങ്ങൾ പോലും വാഗ്ദാനം ചെയ്തു. താജ്മഹൽ, കാസ്പിയൻ കടൽ തീരം, ഖൈബർ പാസ് തുടങ്ങിയ ഐതിഹാസിക കാഴ്ചകളിൽ സ്റ്റോപ്പുകളുള്ള യാത്ര ഒരു ടൂർ പോലെയായിരുന്നു.
കുറച്ച് വർഷങ്ങൾക്ക് ശേഷം, ബസ് അപകടത്തിൽ പെട്ടു. എന്നാൽ ബ്രിട്ടീഷ് സഞ്ചാരിയായ ആൻഡി സ്റ്റുവർട്ട് അത് “ആൽബർട്ട്” എന്ന പേരിൽ ഡബിൾ ഡെക്കറായി പുനഃസ്ഥാപിച്ചു. 1968-ൽ സിഡ്‌നിയിൽ നിന്ന് ലണ്ടനിലേക്ക് ഇന്ത്യ, ബർമ, തായ്‌ലൻഡ്, മലേഷ്യ വഴി യാത്ര തുടർന്നു.
ആൽബർട്ട് ടൂർസ് വർഷങ്ങളോളം ഈ സാഹസിക റൂട്ട് നടത്തി, 15 യാത്രകൾ പൂർത്തിയാക്കി. എന്നിരുന്നാലും ഇറാനിയൻ വിപ്ലവം ഉൾപ്പെടെയുള്ള രാഷ്ട്രീയ അസ്ഥിരതയും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും കാരണം 1976-ൽ ഈ സേവനം നിർത്തിവച്ചു.
കാലമേറെ കഴിഞ്ഞെങ്കിലും ഈ ബസ് റൂട്ട് യാത്രാ ചരിത്രത്തിലെ ഒരു കൗതുകകരമായ അധ്യായമായി തുടരുന്നു. ഇന്ന് ഇതുപോലൊരു ബസ് സർവീസ് ചിന്തിക്കാൻ പോലും ആകില്ല. എങ്കിലും ഭാവിയിൽ ഇത്തരം ബസ് റൂട്ടുകൾ വരുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികൾ.