Connect with us

prathivaram health

ഹൈപ്പർ ടെൻഷൻ ഒരു ടെൻഷൻ ആണോ?

എല്ലാം സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറിലുമെല്ലാം ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് ബി പി നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്നു. മസാലകളും പാക്കറ്റ് ഭക്ഷണങ്ങളും അടങ്ങിയ പുതുതലമുറ ട്രെൻഡിൽ നിന്നും പ്രകൃതിയോടിണങ്ങുന്ന ആഹാര രീതി പിന്തുടരാൻ സാധിച്ചാൽ പല അസുഖങ്ങളെയും വരുതിയിലാക്കാൻ നമുക്ക് സാധിക്കും.

Published

|

Last Updated

മേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) നടത്തിയ പഠനങ്ങളനുസരിച്ച് ധാരാളം പഴങ്ങളും പച്ചക്കറികളും ആഹാര രീതിയിൽ ഉൾപ്പെടുത്തുന്നത് ബ്ലഡ് പ്രഷർ അഥവാ ഹൈപ്പർ ടെൻഷൻ കുറക്കാൻ സഹായകമാണെന്നു കണ്ടെത്തിയിട്ടുണ്ട്. DASH (Dietary approaches to stop hypertension) ഭക്ഷണ ക്രമ രീതികൾ ഇതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു.

താഴെ പറയുന്ന ഭക്ഷണങ്ങൾ എങ്ങനെ ബി പി കുറക്കാൻ സഹായിക്കും എന്ന് നമുക്ക് നോക്കാം:

ഓട്സ്

ഓട്സിലെ ബീറ്റ ഗ്ലുക്കൻ എന്ന ലയനശേഷിയുള്ള നാരുകളും മറ്റു ചില ഹൃദയാരോഗ്യത്തിന് ഗുണകരമായ ഘടകങ്ങളും ഓക്സിഡേറ്റീവ് സ്ട്രെസ് എന്ന അവസ്ഥയെ നിയന്ത്രിക്കാൻ ഉതകുന്നതിലൂടെ ബ്ലഡ് പ്രഷർ കുറക്കാനും സഹായകമാണെന്നു പഠനങ്ങൾ പറയുന്നു.

ഡാർക്ക് ചോക്ലേറ്റ്

ചോക്ലേറ്റ് നമുക്കെല്ലാം ഇഷ്ടമാണെങ്കിലും പലർക്കും ഡാർക്ക് ചോക്ലേറ്റിനോട് അത്ര പ്രിയം പോരാ. ടേസ്റ്റ് തന്നെ പ്രധാനം! എന്നാൽ ഇവയിലെ ഫ്ളാവാനോയിഡ്‌സ് എന്ന ഘടകം ബി പി കുറക്കാൻ സഹായകമാണ്. ആന്റിയോക്സിഡന്റുകൾ എന്ന സ്വഭാവമാണ് ഇതിന്റെ ഗുണത്തിന് കാരണം.

ബീറ്റ്റൂട്ട്

ഡയറ്ററി നൈട്രേറ്റുകൾ അടങ്ങിയ ഭക്ഷണ പദാർഥമായതിനാൽ രക്ത സമ്മർദത്തിന് ബീറ്റ്റൂട്ട് വളരെ നല്ലതാണെന്ന് കരുതപ്പെടുന്നു.

ഏത്തപ്പഴം

ഏത് പ്രായക്കാർക്കും കഴിക്കാവുന്ന, പോഷണ സമ്പുഷ്ടമായ ഏത്തപ്പഴത്തിലെ പൊട്ടാസ്യം എന്ന ഘടകവും മറ്റു ധാതുക്കളും നാരുകളും രക്തസമ്മർദത്തിനും ഗുണകരമായി ഭവിക്കുന്നു.

ബെറികൾ

ആന്തോസയാനിൻ എന്ന ആന്റിയോക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ബെറികൾ ഹൃദയാരോഗ്യത്തിനും ചുറുചുറുക്കിനും ഏറെ നന്ന്!

തണ്ണിമത്തൻ

സിട്രുലിൻ എന്ന അമിനോ ആസിഡ് അടങ്ങിയിരിക്കുന്ന തണ്ണിമത്തൻ ഉപാപചയ പ്രവർത്തനങ്ങളിലൂടെ രക്തധമനികളുടെ ആയാസരഹിതമായ പ്രവർത്തനത്തിന് വേണ്ടുന്ന ഘടകങ്ങൾ ഉത്പാദിപ്പിച്ചു കൊണ്ട് രക്തസമ്മർദത്തെ കുറക്കാൻ സഹായിക്കുന്നു.

മുകളിൽ പറഞ്ഞവ കൂടാതെ നാരുകളും ആന്റിയോക്സിഡന്റുകളും എല്ലാം സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറിലുമെല്ലാം ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് ബി പി നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്നു. മസാലകളും പാക്കറ്റ് ഭക്ഷണങ്ങളും അടങ്ങിയ പുതുതലമുറ ട്രെൻഡിൽ നിന്നും പ്രകൃതിയോടിണങ്ങുന്ന ആഹാര രീതി പിന്തുടരാൻ സാധിച്ചാൽ പല അസുഖങ്ങളെയും വരുതിയിലാക്കാൻ നമുക്ക് സാധിക്കും. അതുപോലെ, അധികമായാൽ അമൃതും വിഷം എന്ന് ഓർമിപ്പിച്ചുകൊണ്ടു, ഒന്നും അധികമാകാതിരിക്കാനും നമുക്ക് ശ്രദ്ധിക്കാം. ഒരു ക്വാളിഫൈഡ് ഡയറ്റിഷ്യന്റെ സേവനം ഇക്കാര്യത്തിൽ തേടാൻ മടി കാണിക്കരുത്!