Connect with us

Editorial

യുക്രൈനില്‍ ഇന്ത്യന്‍ നയം പാളിയോ?

യുദ്ധം ഒരു നേട്ടവുമുണ്ടാക്കില്ല, ആര്‍ക്കും. ഇതാണ് പിന്തുടരേണ്ട മൂല്യം. ഇന്ത്യ ഈ വിഷയത്തില്‍ നടത്തിയ പ്രതികരണങ്ങളിലെല്ലാം ഈ ആശയമാണ് നിറഞ്ഞുനില്‍ക്കുന്നത്. അതിനെ നയമില്ലായ്മയായോ ബലഹീനതയായോ ഇരു തോണിയില്‍ കാല് വെക്കലായോ വ്യാഖ്യാനിക്കുന്നത് ശരിയല്ല.

Published

|

Last Updated

യുക്രൈനിലെ റഷ്യന്‍ ആക്രമണം ശക്തമായി തുടരുകയാണ്. സൈന്യത്തോടൊപ്പം ജനങ്ങളൊന്നാകെ അധിനിവേശത്തെ ചെറുക്കാന്‍ ഇറങ്ങുന്നുണ്ടെങ്കിലും വലിയ സൈനിക ശക്തിയായ റഷ്യയെ പ്രതിരോധിക്കാന്‍ അതൊന്നും മതിയാകുന്നില്ലെന്നാണ് റിപോര്‍ട്ട്. നാറ്റോ രാജ്യങ്ങളില്‍ നിന്നുള്ള ആയുധങ്ങള്‍ യുക്രൈനില്‍ എത്തുന്നുവെന്നും റഷ്യന്‍ പക്ഷത്തുള്ള ചില രാജ്യങ്ങള്‍ സൈന്യത്തെ അയക്കുന്നുവെന്നും വാര്‍ത്തകളുണ്ട്. യുദ്ധം അടങ്ങുകയല്ല, വ്യാപിക്കുകയാണെന്ന പ്രതീതിയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഏത് ഏറ്റുമുട്ടലിനും അര്‍ഥവത്തായ കൂടിയാലോചനകളിലൂടെ, വിട്ടുവീഴ്ചകളിലൂടെ അന്ത്യം കുറിക്കാന്‍ സാധിക്കുമെന്ന ചരിത്രം ലോകത്തിന് മുമ്പിലുണ്ട്. ആ ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് സംയമനത്തിലേക്കും യുദ്ധവിരാമത്തിലേക്കും ഉണരുക മാത്രമാണ് ഇപ്പോഴത്തെ പോംവഴി. യുദ്ധം ഒരു നേട്ടവുമുണ്ടാക്കില്ല, ആര്‍ക്കും. ഇതാണ് പിന്തുടരേണ്ട മൂല്യം. ഇന്ത്യ ഈ വിഷയത്തില്‍ നടത്തിയ പ്രതികരണങ്ങളിലെല്ലാം ഈ ആശയമാണ് നിറഞ്ഞുനില്‍ക്കുന്നത്. അതിനെ നയമില്ലായ്മയായോ ബലഹീനതയായോ ഇരു തോണിയില്‍ കാല് വെക്കലായോ വ്യാഖ്യാനിക്കുന്നത് ശരിയല്ല. സംയമനം, ചര്‍ച്ച, നിരായുധീകരണം തുടങ്ങിയവ യുദ്ധമുഖത്ത് മോശം വാക്കുകളല്ല.

റഷ്യന്‍ അധിനിവേശത്തെ ശക്തമായി തള്ളിപ്പറയുന്നില്ല എന്ന വിമര്‍ശം അംഗീകരിക്കുമ്പോഴും യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയെടുക്കുന്ന നിലപാട് പ്രതീക്ഷാനിര്‍ഭരം തന്നെയാണ്. ചേരിചേരായ്മയെന്ന ഇന്ത്യന്‍ പാരമ്പര്യത്തെ അത് മുറുകെ പിടിക്കുന്നുണ്ട്. റഷ്യയിലെയും യുക്രൈനിലെയും അമേരിക്കയിലെയും ഉന്നത നേതാക്കള്‍ ഒരുപോലെ ഇന്ത്യയുമായി സംസാരിക്കുന്നുവെന്നത് പ്രശ്നസങ്കീര്‍ണമായ ഈ ഘട്ടത്തില്‍ തികച്ചും പോസിറ്റീവായ സൂചനയാണ്. ഇന്ത്യക്ക് എല്ലാ കണ്ണികളെയും കൂട്ടിയിണക്കാനുള്ള സാധ്യത തെളിയുന്നുവെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. അത്തരമൊരു ഉത്തരവാദിത്വത്തിലേക്ക് ഇന്ത്യയും സമാനമനസ്‌കരായ രാജ്യങ്ങളും ഉയരുക മാത്രമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പരിഹാരം.

യുക്രൈന്‍ സൈനിക നടപടിക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ യു എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം റഷ്യ വീറ്റോ ചെയ്തതോടെ പാസ്സാകാതെ പോയി. ഇന്ത്യയും ചൈനയും യു എ ഇയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 11 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. ഇന്ത്യ എന്തുകൊണ്ട് പ്രമേയത്തെ അനുകൂലിച്ചില്ല എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. റഷ്യയുമായുള്ള സുദീര്‍ഘവും സുദൃഢവുമായ ബന്ധം വിട്ടുനില്‍ക്കല്‍ തീരുമാനത്തിലേക്ക് നയിച്ച പ്രധാന ഘടകമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയാണ് റഷ്യ. 75 ശതമാനം യുദ്ധസാമഗ്രികളും ഇന്ത്യ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. യു എസ് പലവിധ തടസ്സങ്ങളുണ്ടാക്കിയിട്ടും എസ് 400 വ്യോമ പ്രതിരോധ മിസൈല്‍ ഇടപാടുമായി ഇന്ത്യ മുന്നോട്ട് പോകുകയായിരുന്നല്ലോ.

ചൈനയില്‍ നിന്നുള്ള അതിര്‍ത്തി ഭീഷണി ശക്തമായിരിക്കുകയും പാക്കിസ്ഥാനുമായി ചൈന കൈകോര്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ റഷ്യയുമായുള്ള ബന്ധം ഊഷ്മളമാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നതും വസ്തുതയാണ്. എന്നാല്‍ അത് മാത്രമല്ല ഇത്തരമൊരു നിലപാടെടുക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി രക്ഷാസമിതിയില്‍ നടത്തിയ പ്രസംഗത്തില്‍ കൃത്യമായ വിശദീകരണമുണ്ട്. സംഘര്‍ഷം തുടരുന്നതില്‍ ഇന്ത്യക്ക് കടുത്ത ആശങ്കയുണ്ടെന്നും കൊന്ന് തീര്‍ത്ത് ഒന്നിനും പരിഹാരം കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളടങ്ങുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ഒഴിപ്പിക്കലിലും ആശങ്കയുണ്ട്. യു എന്‍ ചാര്‍ട്ടര്‍, അന്താരാഷ്ട്ര നിയമങ്ങള്‍, രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനം എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ ആഗോളക്രമം രൂപപ്പെട്ടിരിക്കുന്നത്. എല്ലാ അംഗങ്ങളും ഈ തത്ത്വങ്ങളെ മാനിക്കുകയും മുന്നോട്ടുപോക്കിന് മാര്‍ഗങ്ങള്‍ ആരായുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാസമിതിയില്‍ മാത്രമായെടുത്ത നയമല്ല ഇതെന്ന് യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇന്ത്യയെടുത്തിട്ടുള്ള സമീപനം നോക്കിയാല്‍ മനസ്സിലാകും. യുക്രൈന്‍ വിഷയം രക്ഷാസമിതി ചര്‍ച്ചക്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പ്രമേയം വോട്ടിനിട്ടപ്പോഴും ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു. ഈ മാസം 19ന് മ്യൂണിച്ച് സുരക്ഷാ ഉച്ചകോടിയില്‍ വിദേശമന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞതും ശ്രദ്ധേയമായിരുന്നു. യുക്രൈന്‍ സംഘര്‍ഷം പൊടുന്നനെ ഉണ്ടായതല്ലെന്നും സോവിയറ്റാനന്തര രാഷ്ട്രീയവും നാറ്റോ വിപുലീകരണവും യൂറോപ്പും വിശാല പടിഞ്ഞാറും തമ്മിലുള്ള റഷ്യയുടെ ബന്ധവുമെല്ലാം അതില്‍ ചേര്‍ന്നിരിക്കുന്നുവെന്നാണ് ജയ്ശങ്കര്‍ പറഞ്ഞത്. യുക്രൈന്‍ അധിനിവേശത്തിന് റഷ്യ പറയുന്ന ന്യായീകരണങ്ങള്‍ ഈ വാചകത്തിലുണ്ട്. യു എസിന്റെ കുത്തിത്തിരിപ്പ് നയത്തെ അദ്ദേഹം പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നു.
യു എന്നില്‍ ഇന്ത്യയുടെ സഹായം തേടി എസ് ജയ്ശങ്കറെ യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വിളിച്ചിരുന്നു. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ ശക്തവും സംയുക്തവുമായ പ്രതികരണം വേണമെന്നായിരുന്നു ആവശ്യം. ബ്ലിങ്കന്‍ വിളിച്ചതില്‍ സന്തോഷമുണ്ടെന്നും യുക്രൈനിലെ സംഭവവികാസങ്ങളും അവയുടെ പ്രത്യാഘാതങ്ങളും ചര്‍ച്ചയായെന്നും ജയ്ശങ്കര്‍ പിന്നീട് ട്വീറ്റ് ചെയ്തു. എന്നാല്‍ റഷ്യന്‍ അധിനിവേശമെന്ന വാക്ക് പ്രയോഗിക്കാനോ അപലപിക്കാനോ അദ്ദേഹം തയ്യാറായില്ല.

അമേരിക്ക പറഞ്ഞിടത്ത് ഇന്ത്യ നിന്നിട്ടില്ല. റഷ്യയെ പരിധിവിട്ട് ന്യായീകരിക്കാനും തയ്യാറായിട്ടില്ല. ഇത് സന്തുലിതമായ നയമാണെന്ന് ലോകത്തിന് ബോധ്യപ്പെടണമെങ്കില്‍ പ്രായോഗിക മൂല്യമുള്ള മാധ്യസ്ഥ്യത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ഇന്ത്യ നീങ്ങണം. ഈ നയം ആഭ്യന്തരമായി ബോധ്യപ്പെടണമെങ്കില്‍ യുക്രൈനില്‍ നിന്ന് സ്വന്തം പൗരന്മാരെ ഒരു പോറലുമേല്‍ക്കാതെ നാട്ടിലെത്തിക്കാന്‍ സാധിക്കുകയും വേണം.