Connect with us

Articles

ഇറാനിന്റെത് ശിഥിലീകരണ ദൗത്യമോ?

ഗസ്സക്ക് മാനുഷിക സഹായമെത്തിക്കാൻ സാമ്പത്തികമായി സഹായിക്കുന്നവർ പോലും രാഷ്ട്രീയമായി ഇടപെടാൻ സന്നദ്ധരല്ല. അന്താരാഷ്ട്ര നീതിന്യായ കോടതിയല്ല, ആര് വന്ന് പറഞ്ഞാലും "യുദ്ധം' അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു പ്രഖ്യാപിക്കുന്നത് ഈ നിസ്സംഗതയുടെ ആത്മവിശ്വാസത്തിലാണ്

Published

|

Last Updated

ഫലസ്തീനിൽ ഇസ്‌റാഈൽ നടത്തുന്ന കൂട്ടക്കൊല വാർത്തകളിൽ നിന്ന് അതിവേഗം അപ്രത്യക്ഷമാകുകയാണ്. ആവർത്തിക്കപ്പെടുന്ന വാർത്തകൾക്ക് സംഭവിക്കുന്ന പതിവ് ദുര്യോഗമായി അതിനെ തള്ളിക്കളയാനാകില്ല. സയണിസ്റ്റുകളെ നിവർന്ന് നിന്ന് ചോദ്യം ചെയ്യാനുള്ള ഇച്ഛാശക്തി ആഗോള സമൂഹമെന്ന് വിളിക്കപ്പെടുന്ന രാഷ്ട്രീയ സംവിധാനങ്ങൾക്കൊന്നിനുമില്ലെന്ന നിസ്സഹായത കൂടി അതിലടങ്ങിയിട്ടുണ്ട്. യു എന്നിനോ മറ്റേതെങ്കിലും അന്തർദേശീയ കൂട്ടായ്മക്കോ ജൂതരാഷ്ട്രത്തെ നിയന്ത്രിക്കാനാകില്ലെന്ന് വ്യക്തമായിരിക്കുന്നു. ഫലസ്തീന് വേണ്ടി സംസാരിക്കുന്നവരുടെ ശബ്ദം ദുർബലമാണ്. ഗസ്സക്ക് മാനുഷിക സഹായമെത്തിക്കാൻ സാമ്പത്തികമായി സഹായിക്കുന്നവർ പോലും രാഷ്ട്രീയമായി ഇടപെടാൻ സന്നദ്ധരല്ല. അന്താരാഷ്ട്ര നീതിന്യായ കോടതിയല്ല, ആര് വന്ന് പറഞ്ഞാലും “യുദ്ധം’ അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു പ്രഖ്യാപിക്കുന്നത് ഈ നിസ്സംഗതയുടെ ആത്മവിശ്വാസത്തിലാണ്. മറുഭാഗത്ത് സയണിസത്തിനുള്ള പിന്തുണയിൽ ട്രംപിനേക്കാൾ അപകടകാരിയാണ് ബൈഡൻ. ജർമനിയെപ്പോലുള്ള ചില യൂറോപ്യൻ ഭരണാധികാരികൾ മുമ്പൊരിക്കലുമില്ലാത്തവിധം ഇസ്‌റാഈലിനെ പിന്തുണക്കുന്നു. ഇറാന്റെ പിന്തുണയോടെ ഹൂത്തികൾ ചെങ്കടലിൽ നടത്തുന്ന മിന്നലാക്രമണങ്ങളും ബന്ദികളെ മുൻനിർത്തിയുള്ള ഹമാസിന്റെ സമ്മർദ നീക്കങ്ങളും നിഷ്ഫലമാകുകയും ചെയ്യുന്നു. ഗസ്സയിലെ മനുഷ്യർ തണുപ്പിലും രോഗത്തിലും വിശപ്പിലും തീരുമ്പോഴും അവർക്ക് മേൽ ബോംബിടുന്ന നൃശംസത അറുതിയില്ലാതെ അരങ്ങേറിക്കൊണ്ടേയിരിക്കുന്നു. ഈ വിഷയം തന്നെയാണ് ഇപ്പോഴും സംസാരിക്കേണ്ടത്. എന്നാൽ അതിൽ നിന്ന് വലിച്ചുകൊണ്ടുപോകുന്ന സംഭവവികാസങ്ങൾ തുടരെത്തുടരെ വന്നുകൊണ്ടിരിക്കുന്നു. അവയിലൊന്നാണ് ഇറാൻ- പാക് സംഘർഷം. ഇറാൻ നടത്തുന്ന കൈവിട്ട കളികൾ ഫലസ്തീൻ രാഷ്ട്ര സ്വപ്‌നത്തെ ഒരുനിലക്കും സഹായിക്കാത്ത ബഹുരാഷ്ട്ര കൂട്ടപ്പൊരിച്ചിലിലേക്ക് കാര്യങ്ങളെത്തിക്കുകയാണ്.

ശക്തിപ്രകടനം
ഇറാനെ സർവ കാര്യത്തിലേക്കും വലിച്ചിഴക്കുകയെന്ന ഇസ്‌റാഈൽ- യു എസ് തന്ത്രം ഹമാസിന്റെ ഒക്‌ടോബർ ഏഴ് ആക്രമണത്തിന് പിറകേയും കണ്ടു. ഇത് ഇറാൻ നടത്തുന്ന നിഴൽ യുദ്ധമാണെന്ന് ഇസ്‌റാഈൽ പ്രധാനമന്ത്രി തന്നെ വിളിച്ചു കൂവി. സ്വാഭാവികമായും പെന്റഗണും അത് ആവർത്തിച്ചു. ഹമാസിനെ സമ്പൂർണമായി പിന്തുണക്കുന്ന പ്രതികരണം ഇറാൻ രാഷ്ട്രീയ നേതൃത്വം നടത്തിയതോടെ ഈ ആരോപണത്തിന് കനമേറുകയും ചെയ്തു. അറബ് രാജ്യങ്ങൾ ഫലസ്തീനെ വേണ്ടവിധം പിന്തുണക്കുന്നില്ലെന്ന പതിവ് ആരോപണം ഇറാൻ ആവർത്തിച്ചു. അറബ് യുവാക്കളെ വൈകാരികമായി ഇളക്കിവിടാൻ ശിയാ ഗ്രൂപ്പുകളും ഇഖ്‌വാനീ ബന്ധമുള്ള സംഘങ്ങളുമെല്ലാം പണ്ടേ ചെയ്തുകൊണ്ടിരിക്കുന്നതാണ് ഈ പരിപാടി. പാശ്ചാത്യ രാജ്യങ്ങൾക്ക് മേൽ എണ്ണ ഉപരോധമേർപ്പെടുത്താൻ സഊദിക്ക് ധൈര്യമുണ്ടോ എന്നൊക്കെ വെല്ലുവിളിച്ചു ഇക്കൂട്ടർ. യു എസ് ഉപരോധം മറികടന്ന് എണ്ണ വിൽക്കാൻ പഠിച്ചപണി പതിനെട്ടും നോക്കുന്ന ഇറാനെ മുൻനിർത്തിയാണ് ഈ വെല്ലുവിളികളെന്നോർക്കണം. ഏതായാലും ഹമാസും ഹിസ്ബുല്ലയും ഹൂത്തികളും ചെയ്യുന്നതിന്റെയെല്ലാം ക്രഡിറ്റ് തങ്ങളിലേക്ക് വന്നുചേരുന്നത് ഇറാൻ ആസ്വദിച്ചു വരികയായിരുന്നു. പക്ഷേ, അതോടെ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്‌റാഈൽ നടത്തുന്ന അതിക്രമത്തിന് സമാന്തരമായി ഇറാനെ കൂടി ആക്രമണ മുനയിലേക്ക് കൊണ്ടുവരാൻ യു എസിനും ജൂതരാഷ്ട്രത്തിനും സാധിച്ചു. ഇറാൻ റെവല്യൂഷനറി ഗാർഡിന്റെ ഉന്നത കമാൻഡർ ഡിസംബർ അവസാനം സിറിയയിൽ കൊല്ലപ്പെട്ടത് ഈ നീക്കത്തിന്റെ ഭാഗമായിരുന്നു. അവിടെ നിന്നില്ല, ഇറാഖിൽ കൊല്ലപ്പെട്ട റെവല്യൂഷനറി ഗാർഡ് മേധാവി ഖാസിം സുലൈമാനിയുടെ ഖബറിടത്തിന് അരികെ നടന്ന സ്‌ഫോടനങ്ങളിൽ 90 പേർ മരിച്ചു. ഈ മാസം ആദ്യമായിരുന്നു ഈ ആക്രമണം. ഇറാനിലെ കർമാൻ നഗരത്തിലാണ് ഈ ഖബറിടം. രാജ്യത്തിനുള്ളിൽ കടന്ന് ഈ ആക്രമണം നടത്തിയത് ആരാണെന്ന് കണ്ടെത്താൻ ഇതുവരെ ഇറാന് സാധിച്ചിട്ടില്ല. അവകാശവാദവും ആരോപണവും മാത്രമേ മുന്നിലുള്ളൂ.
അഫ്ഗാനിസ്താനിലെ ഇസിൽ തീവ്രവാദികളാണ് അവകാശവാദവുമായി രംഗത്ത് വന്നത്. സയണിസ്റ്റ് ഭീകര സംഘങ്ങളാണ് പിന്നിലെന്ന് ഇറാൻ ആരോപിക്കുകയും ചെയ്യുന്നു. ഈ സംഭവങ്ങളെല്ലാം ഇറാനുണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. ഇറാനിയൻ രഹസ്യാന്വേഷണ സംവിധാനം മൊത്തം താറുമാറാണെന്ന് ലോകത്തിന് മനസ്സിലായി. സിറിയയിലും ലബനാനിലും ഇറാഖിലുമെല്ലാം ഇറാൻ താത്പര്യങ്ങൾ ആക്രമിക്കപ്പെട്ടു. ഈ ജാള്യം മറയ്ക്കുന്നതിനും ശക്തി തെളിയിക്കുന്നതിനുമാണ് ഇറാൻ അയൽ രാജ്യങ്ങളെയെല്ലാം ആക്രമിച്ചു കൊണ്ടിരിക്കുന്നത്. ഷോ ഓഫ് സ്ട്രംഗ്ത് അത്രയേ ഉള്ളൂ. മേഖലക്കാകെ ഇറാൻ ഭീഷണിയാണെന്ന് ആവർത്തിച്ച് അമേരിക്ക ഭീതി സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ ആഭ്യന്തരമായി വലിയ പ്രതിസന്ധിയിലാണ് ഇറാനെന്ന് ബെർലിൻ ജർമൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ അഫയേഴ്‌സിലെ ഹമീദ് റെസാ അസീസി അഭിപ്രായപ്പെടുന്നു. അതുകൊണ്ട് ഇറാന് കടുത്ത പ്രതികരണം നടത്തിയേ മതിയാകൂ. അതാണ് ഇറാഖിലും പാകിസ്താനിലും സിറിയയിലും കണ്ടത്.

തുടങ്ങിയത് ഇറാൻ
കഴിഞ്ഞ ചൊവ്വാഴ്ച പാകിസ്താനിലെ ബലൂചിസ്താനിൽ വ്യോമാക്രമണം നടത്തി ഇറാന്റെ റെവല്യൂഷനറി ഗാർഡ് പതിയ സംഘർഷത്തിന് തുടക്കമിടുകയായിരുന്നു. ബലൂചിസ്ഥാനിലെ തീവ്രവാദ സംഘടനയായ ജയ്ശേ അൽ അദ്്ലിന്റെ താവളങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നാണ് ഇറാൻ പറയുന്നത്. വ്യാഴാഴ്ച വൈകിട്ട് ഇറാനിലെ സിസ്താൻ- ബലൂചിസ്ഥാൻ മേഖലയിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ തിരിച്ചടിച്ചു. ഇറാനിലെ തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് വ്യോമാക്രമണമെന്നും ഒട്ടേറെ തീവ്രവാദികൾ കൊല്ലപ്പെട്ടെന്നും പാകിസ്താൻ അവകാശപ്പെടുമ്പോൾ നാല് കുട്ടികളക്കം ഒമ്പത് സിവിലിയൻമാർ മരിച്ചതിനേ സ്ഥിരീകരണമുള്ളൂ. ഇറാൻ പാകിസ്താനിൽ നടത്തിയ ആക്രമണത്തിലും രണ്ട് കുട്ടികളാണ് മരിച്ചത്. 2012ലാണ് ജയ്ശേ അൽ അദ്ൽ രൂപവത്കരിച്ചത്. ഇറാന്റെ തെക്കുകിഴക്കൻ കോണിലുള്ള അസ്ലി ബലൂചിസ്ഥാൻ എന്നറിയപ്പെടുന്ന സിസ്താൻ- ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന നിരവധി സുന്നി (ശിയേതരമെന്ന അർഥത്തിൽ) ഗ്രൂപ്പുകളിൽ ഒന്നാണിത്. അതിർത്തിയിലെ ഇറാൻ സൈനികർക്കെതിരെ 2013 മുതൽ ആക്രമണം നടത്തിവരുന്നുണ്ട് ജയ്ശേ അൽ അദ്ൽ. കഴിഞ്ഞ ഡിസംബർ മധ്യത്തിൽ സംഘടന ഇറാൻ നഗരമായ റാസ്‌കിലെ പോലീസ് സ്റ്റേഷൻ ആക്രമിച്ച് 11 പോലീസുകാരെ കൊന്നിരുന്നു. ജയ്ശേ അൽഅദ്്ലിന്റെ ഇത്തരം അക്രമങ്ങൾക്ക് പ്രതികാരമാണ് ചൊവ്വാഴ്ചത്തെ ആക്രമണമെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. അൽഅദ്‌ലിനെ ഉപയോഗിച്ച് ഇറാനിൽ അസ്ഥിരത സൃഷ്ടിക്കാൻ അമേരിക്ക ശ്രമിക്കുമെന്നതാണ് ഭയമെങ്കിൽ പാകിസ്താനെ കൂട്ടുപിടിച്ച് പ്രതിരോധം ഒരുക്കുകയായിരുന്നു ശിയാ രാഷ്ട്രം ചെയ്യേണ്ടിയിരുന്നത്. ഇറാൻ പറയുന്നത് പോലെ ഇസ്‌റാഈലിനെ നേരിടുകയാണ് ചെയ്യുന്നതെങ്കിൽ അത് അയൽ രാജ്യങ്ങളെയാകെ ശത്രുക്കളാക്കിക്കൊണ്ടാകണോ? പുതിയ യുദ്ധ മുന്നണിയിലേക്ക് വലിച്ചു കൊണ്ടുപോകുന്ന സയണിസ്റ്റ് തന്ത്രത്തിന് തലവെച്ചു കൊടുക്കുകയാണോ
വേണ്ടത്?
ഇറാനിലെ സിസ്താൻ- ബലൂചിസ്ഥാനിൽ വ്യോമാക്രമണം നടത്തി ഒമ്പത് പേരെ വധിച്ച പാക് നടപടിയിലും ഇതേ ചോദ്യം നിലനിൽക്കുന്നു. ആർക്കുവേണ്ടിയായിരുന്നു തിടുക്കപ്പെട്ട തിരിച്ചടി? സത്യത്തിൽ ഇറാനും പാകിസ്താനും തമ്മിൽ ഏറ്റവും ഊഷ്മളമായ ബന്ധമാണ് ഇപ്പോൾ നിലനിൽക്കുന്നത്. സിസ്താൻ്- ബലൂചിൽ പാക് ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിർ അബ്ദുല്ലാഹിയാനും പാക് കാവൽ പ്രധാനമന്ത്രി അൻവറുൽ ഹഖ് കാകറും ചർച്ച നടത്തി, ഹസ്തദാനം ചെയ്ത്, ചിരിച്ചു നിൽക്കുന്ന പടം ഇരു രാഷ്ട്രങ്ങളും ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ആക്രമണം നടന്ന അതേ സമയത്ത് ഹോർമുസ് സ്‌ട്രൈറ്റിലും പേർഷ്യൻ ഗൾഫിലും ഇറാൻ- പാക് സൈനികർ സംയുക്ത നാവിക അഭ്യാസത്തിലായിരുന്നു. എന്താണ് ഇതിന്റെ അർഥം? ഇറാന്റെ ആക്രമണവും പാകിസ്താന്റെ പ്രത്യാക്രമണവും ഒത്തുകളിയായിരുന്നോ?

900 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം സൗഹൃദത്തിന്റെതാണ്. 1947ൽ പാകിസ്താനെ ഒരു രാഷ്ട്രമായി ആദ്യം അംഗീകരിച്ചത് ഇറാനാണ്. ശീതയുദ്ധ കാലത്ത് ഇരുരാജ്യങ്ങളും പരസ്പരം സഹകരിച്ചു പ്രവർത്തിച്ചു. 1965ലെ ഇന്ത്യാ- പാക് യുദ്ധത്തിൽ ഇറാൻ പാകിസ്താനെ പിന്തുണച്ചു. 1979ലെ ഇറാൻ വിപ്ലവത്തോടെയും അഫ്ഗാൻ പ്രശ്നത്തോടെയുമാണ് ഈ സൗഹൃദത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അഫ്ഗാനിലെ താലിബാൻ സർക്കാറിന് പാകിസ്താൻ പിന്തുണ നൽകുന്നതും പാകിസ്താന്റെ അമേരിക്കയുമായുള്ള അടുപ്പവും ഇറാന് ദഹിച്ചില്ല. 2018ൽ ഇറാൻ തങ്ങളുടെ തന്ത്രപ്രധാന തുറമുഖമായ ചബഹാറിന്റെ ഒരു ഭാഗം ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യക്ക് നൽകിയത് പാകിസ്താനും നീരസമുണ്ടാക്കി. ഈ ഭിന്നതകൾക്കിടയിലും വ്യാപാരം, ഊർജം തുടങ്ങിയ കാര്യങ്ങളിൽ സഹകരണം നിലനിർത്തുകയും ഉഭയകക്ഷി പ്രശ്നങ്ങൾ അപ്പപ്പോൾ പറഞ്ഞു തീർക്കാൻ ശ്രമിക്കുകയും ചെയ്തുവരുന്നുണ്ട്. പിന്നെ തീവ്രവാദ ഗ്രൂപ്പുകളാണ്. ഇരു രാജ്യങ്ങളും കൈകോർത്താൽ ഈ ഗ്രൂപ്പുകളെ അമർച്ച ചെയ്യുകയെന്നത് ഞൊടിയിട കൊണ്ട് സാധ്യമായ കാര്യമാണെന്ന് ആർക്കാണ് അറിയാത്തത്. പക്ഷേ അവയെ തൊടില്ല. അതത് ഭരണകൂടങ്ങൾ തരാതരം ഉപയോഗിക്കുന്ന സ്വന്തം തെമ്മാടി സംഘങ്ങളാണ് അവ. ഇറാന്റെ അടിക്ക് പിന്നിൽ ശക്തിപ്രകടനമാണെങ്കിൽ പാകിസ്താന്റെ തിരിച്ചടിക്ക് പിന്നിൽ അമേരിക്കയാണ്. പാക് സിവിലിയൻ നേതൃത്വം അറിവോ സമ്മതമോ ഇല്ലാതെ സൈന്യത്തെ കളത്തിലിറക്കാനുള്ള മിടുക്ക് യു എസിനുണ്ടല്ലോ. ആ മിടുക്കാണ് സിസ്താൻ- ബലൂചിൽ കണ്ടത്.

ശിയാ വിപ്ലവം
പാകിസ്താനിൽ മാത്രമല്ല ഇറാൻ അതിർത്തി കടന്ന് ആക്രമിച്ചത്. മൊസ്സാദ് കേന്ദ്രങ്ങൾക്കെതിരെയെന്ന ന്യായത്തിൽ ഇറാഖിലും ഐ എസ് ഭീകരർക്കെതിരെയെന്ന പേരിൽ സിറിയയിലും അത് നടന്നു. എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും സയണിസ്റ്റുകൾക്ക് ആഹ്ലാദം പകരുന്നതാണ് ഈ സംഘർഷം. ഗസ്സയിൽ മൂന്നര മാസം മുമ്പ് തുടങ്ങിയ ഇസ്റാഈലിന്റെ വംശഹത്യ ശമനമില്ലാതെ തുടരുകയും പാശ്ചാത്യ ലോകത്തുൾപ്പെടെ പൊതുസമൂഹം ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തുവരികയും ചെയ്ത സന്ദർഭത്തിൽ ഈ ഏറ്റുമുട്ടൽ ആഗോളശ്രദ്ധ ഫലസ്തീനിൽ നിന്ന് വഴിമാറാനിടയാക്കും. ഇസ്റാഈലിനും അമേരിക്കക്കുമാണ് ഇത് കൂടുതൽ ഗുണം ചെയ്യുക. മേഖല അശാന്തവും കലുഷിതവുമാകണമെന്നാണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്. ഇറാനെ ചൂണ്ടിക്കാട്ടിയാണ് അറബ് രാജ്യങ്ങളെ യു എസ് വരുതിയിൽ നിർത്തുന്നത്.

ഇസ്‌ലാമിക വിപ്ലവമെന്ന് ആഘോഷിക്കപ്പെട്ട രാഷ്ട്രീയ മാറ്റം സമ്മാനിച്ച കരുത്ത് മുസ്‌ലിം രാജ്യങ്ങളിൽ ശൈഥില്യം വിതക്കാനാണ് ഇറാൻ ഉപയോഗിച്ചതെന്ന വിമർശത്തെ സാധൂകരിക്കുന്നതാണ് പുതിയ സംഭവങ്ങൾ. ഇറാഖിൽ ഒരു ശിയാ ഭരണകൂടം സ്ഥാപിക്കാൻ ആ കരുത്ത് വിനിയോഗിച്ചു. സിറിയയിൽ ബശർ അൽ അസദിനെ നിലനിർത്താൻ ആളും അർഥവും ഇറക്കി. യമനിൽ ഹൂത്തികൾക്കാണ് പിന്തുണ. ബഹ്‌റൈനിൽ കലാപം വിതച്ചു. സഊദിക്കെതിരെ പലയിടങ്ങളിൽ നിഴൽ യുദ്ധം. ഇന്ത്യയിൽ ഹിന്ദുത്വ ഫാസിസ്റ്റുകളോടൊപ്പമാണ്. പാകിസ്താനിൽ മുഖ്യധാരയിൽ ലയിക്കാനാകാത്ത ന്യൂനപക്ഷമാണ് ശിയാക്കൾ. മതകീയ പ്രത്യയ ശാസ്ത്രത്തെ അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി കാണുകയാണ് ശീഇസം ചെയ്തത്. സകല മതരാഷ്ട്രവാദികളും ഇറാനെ പുകഴ്ത്തുന്നതിന്റെ ആന്തരാർഥമിതാണ്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest