Connect with us

തെളിയോളം

വാങ്ങുന്നത് താങ്ങുന്നതാണോ?

ഉപഭോഗം ആധുനിക മനുഷ്യ ജീവിത സാഹചര്യങ്ങളുടെ ഒരു പ്രധാന ഘടകം തന്നെയാണ്. സൂപ്പർ മാർക്കറ്റുകളും ഓൺലൈൻ കച്ചവടവും വ്യാപിച്ച ഈ കാലത്ത് വാങ്ങൽ ശീലങ്ങളെ മനസ്സിലാക്കുന്നതിനും നിയന്ത്രിക്കുന്നതിനും നല്ല അവബോധം അനിവാര്യമാണ്.

Published

|

Last Updated

മസോണിലോ ഫ്ലിപ്കാർട്ടിലോ മറ്റേതെങ്കിലും ഓൺലൈൻ ഷോപ്പിലോ ആപ്പിലോ നിങ്ങൾ ഒരു പർച്ചേസ് നടത്തിയത്, മുൻകൂട്ടി നിങ്ങൾ തന്നെ തീരുമാനിച്ച ശേഷമാണോ അതോ വാങ്ങാനായി വെബ്‌സൈറ്റിൽ വരുന്നതിനു മുമ്പ് ആ ഓൺലൈൻ കമ്പനികൾ നിങ്ങൾക്കായി തീരുമാനമെടുത്തതാണോ? ശരിക്കും നമുക്കായി വാങ്ങൽ തീരുമാനങ്ങൾ എടുക്കുന്നത് നമ്മളല്ല എന്നതാണ് പുതിയ കാലത്തെ അനുഭവം.

മാർക്കറ്റർമാർ ഉപഭോക്താക്കളുടെ ബുദ്ധിശൂന്യമായ ചെലവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് മനഃശാസ്ത്രപരമായ ഒട്ടേറെ തന്ത്രങ്ങൾ ഉപയോഗിക്കുന്ന കാലമാണിത്. മെഷീൻ ലേണിംഗ് അൽഗോരിതങ്ങൾ, പ്രത്യേക ഓഫറുകൾ, ശോഭനമായ മാർക്കറ്റിംഗ് സ്ട്രാറ്റജികൾ എന്നിവ ഉപഭോക്താക്കളെ വാങ്ങലിന് പ്രേരിപ്പിക്കുന്ന ചില ഘടകങ്ങളാണ്.ഇതിനുപുറമേ, നിരന്തര സമ്മർദം മൂലം മനോനിയന്ത്രണമില്ലാത്ത സന്ദർഭങ്ങളിലും ആളുകൾ നിർബന്ധിതമായി ഷോപ്പിംഗ് നടത്താൻ കൂടുതൽ സാധ്യതയുണ്ട്.

ഉത്പന്നങ്ങളുടെ ഉപയോഗ സവിശേഷതകളെക്കാൾ അതിന്റെ പ്രതീകാത്മക മൂല്യത്തിനാണ് ഇന്ന് വാങ്ങുന്നവർ കൂടുതൽ മുൻഗണന നൽകുന്നത്. ബ്രാൻഡഡ് ഉത്പന്നങ്ങൾ ഉപഭോക്താക്കളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന തരത്തിലുള്ള വ്യാപക പരസ്യങ്ങൾ വിലകൂടിയ വാങ്ങൽ ശീലത്തിനുള്ള മറ്റൊരു പ്രേരണാ ഘടകമാണ്. സാമ്പത്തികശാസ്ത്രത്തിന്റെ കാര്യത്തിൽ, narcissism (സ്വയം ആരാധന) വർധിച്ചതിനാൽ ആളുകൾ അവരുടെ ബാഹ്യരൂപഭംഗി മെച്ചപ്പെടുത്താനും കൂടുതൽ വസ്തുക്കൾ സ്വരൂപിക്കാനുമുള്ള താത്പര്യം കാണിക്കുന്നു.

ഉപഭോഗം ആധുനിക മനുഷ്യ ജീവിത സാഹചര്യങ്ങളുടെ ഒരു പ്രധാന ഘടകം തന്നെയാണ്. സൂപ്പർ മാർക്കറ്റുകളും ഓൺലൈൻ കച്ചവടവും വ്യാപിച്ച ഈ കാലത്ത് വാങ്ങൽ ശീലങ്ങളെ മനസ്സിലാക്കുന്നതിനും നിയന്ത്രിക്കുന്നതിനും നല്ല അവബോധം അനിവാര്യമാണ്. വേണ്ടതിലധികം ചെലവഴിക്കുന്നത് പലരുടെയും സാമ്പത്തിക നിലയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇതിന് പ്രധാന കാരണം മനഃശാസ്ത്രപരമായ പ്രേരണകളാണ്. ആവേശം നിറഞ്ഞപ്പോൾ ലാഭകരമെന്ന് തോന്നുന്ന ഡീലുകൾ ഏറ്റെടുക്കൽ, മാനസിക സമ്മർദത്തിൽ ഷോപ്പിംഗിലൂടെ ആശ്വാസം കണ്ടെത്തൽ, അല്ലെങ്കിൽ മറ്റുള്ളവരുടെ ചെലവ് മാതൃകയാക്കൽ എന്നിവ ഇതിനുദാഹരണങ്ങളാണ്.

വാങ്ങലുകൾ അമിതമായി ചെയ്യാൻ പല മാനസിക ഘടകങ്ങളും സ്വാധീനിക്കാറുണ്ട്. ഡോപാമൈൻ ഉത്പാദനം മൂലമുള്ള പുതിയ മോഡൽ എന്ത് കാണുമ്പോഴുമുള്ള ആവേശം നമ്മെ കൂടുതൽ ചെലവഴിക്കാൻ പ്രേരിപ്പിക്കും. വൈകാരിക സമ്മർദം മൂലം ചിലർ ഉന്മാദത്തിലും ദുഃഖത്തിലും ഷോപ്പിംഗിനെ ആശ്വാസമായി കാണാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളുടെയോ സോഷ്യൽ മീഡിയയുടെയോ നിരന്തര സ്വാധീനം ട്രെൻഡുകൾ പിന്തുടരാൻ പ്രേരിപ്പിക്കും. അതോടൊപ്പം, വിലക്കുറവോ ആകർഷകമായ ഓഫറുകളോ കണ്ട് അത്യാവശ്യമില്ലാത്ത സാധനങ്ങൾ പോലും ഒരു മികച്ച ഡീൽ ആണ് എന്ന തോന്നൽ മൂലം വാങ്ങിക്കൂട്ടുന്നവരുണ്ട്. ഒരു ഉത്പന്നത്തിന്റെ തുടക്കവില അഥവാ ആങ്കറിംഗ് ഇഫക്റ്റിൽ വീണ് അതിന്റെ വിലക്കുറവ് വലിയ ഓഫറാണെന്ന് കരുതി വാങ്ങുന്നവരും ഏറെയുണ്ട്.

വാങ്ങൽ ആവേശം നിയന്ത്രിക്കാൻ ആദ്യം തന്നെ ട്രിഗറുകൾ അഥവാ അധിക ചെലവിനുള്ള നിങ്ങളുടെ പ്രേരണകൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കുകയാണ് പ്രധാന വഴി. കൃത്യമായ ബജറ്റിംഗ് പിന്തുടരുന്നതിലൂടെ മാസശമ്പളവും ആവശ്യകതകളും കണക്കിലെടുത്ത് നിയന്ത്രിത ചെലവുതീരുമാനങ്ങൾ സ്വീകരിക്കാൻ നമുക്ക് കഴിയും. മാനസിക സമ്മർദം വരുമ്പോൾ ഷോപ്പിംഗിനു പകരം ആരോഗ്യകരമായ മറ്റു മാർഗങ്ങൾ അന്വേഷിക്കുക. എന്തെങ്കിലും വാങ്ങുന്നതിന് മുമ്പ് അതിന്റെ ആവശ്യകത പരിഗണിക്കുക.

മുൻകാലങ്ങളിൽ, ആളുകൾ ആഴ്ചയിൽ ഒരു ദിവസം ഷോപ്പിംഗിനായി നീക്കിവെച്ചിരുന്നു. അത് മികച്ച ആസൂത്രണത്തോടെ പർച്ചേസ് ചെയ്യാൻ അവരെ സഹായിച്ചിട്ടുണ്ട്. ആഴ്ചയിലെ ചില ദിവസങ്ങളിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം ഷോപ്പിംഗ് നടത്താൻ നിങ്ങളെ അനുവദിക്കുക എന്നത് നല്ല ഒരു വാങ്ങൽ നിയന്ത്രണ തന്ത്രം തന്നെയാണ്. നിങ്ങളുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് ഷോപ്പിംഗ് ആപ്പുകൾ നീക്കം ചെയ്തുകൊണ്ട് നമുക്കിത് എളുപ്പമാക്കാം. ചെലവിന്റെ മനഃശാസ്ത്രം മനസ്സിലാക്കുമ്പോൾ ധനവിനിയോഗം എളുപ്പമാകും. മനസ്സാന്നിധ്യത്തോടെയുള്ള തീരുമാനങ്ങൾ എടുക്കാനായാൽ വേണ്ടതിലധികം ചെലവഴിക്കുന്നതിൽ നിന്ന് പിന്മാറാനും സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും നമുക്ക് സാധിക്കും.

Latest