Connect with us

prathivaram cover story

ആ ചിറകടികൾ നിലയ്ക്കുന്നത് അപായമണിയോ?

കാലത്തിന്റെ കുതിച്ചോട്ടത്തിൽ താനേ കൈമോശം വന്നു തുടങ്ങിയ അസംഖ്യം പ്രതിഭാസങ്ങളെ കുറിച്ചെണ്ണുമ്പോഴും നമ്മൾ പറയാൻ മറന്നു പോകുന്ന ചിലതുണ്ട്.അതിലുൾപ്പെടും അങ്ങാടിക്കുരുവികൾ.ഓരോ നാട്ടിലെയും അങ്ങാടിത്തെരുവോരങ്ങളെ ശബ്ദമുഖരിതവും സജീവവുമാക്കിയ കുഞ്ഞൻ കിളികളും അവയുടെ കിരികിരി നാദവും നമുക്കിപ്പോൾ തീർത്തും അന്യമായിരിക്കുന്നു. കേരളത്തിലും ഇന്ത്യയിലെ മഹാനഗരങ്ങളായ മുംബൈ, ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത, ഗോവ, പുണെ തുടങ്ങി നിരവധിയിടങ്ങളിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരീക്ഷണം നടത്തിയപ്പോൾ സാധാരണ കണ്ടുവന്നിരുന്ന ചില പട്ടണങ്ങളിൽ നിന്ന് അങ്ങാടിക്കുരുവികൾ അപ്രത്യക്ഷമായിരിക്കുന്നു. ഇത് വരും കാലത്ത് പരിസ്ഥിതി നേരിട്ടേക്കാവുന്ന ചില ഭയാനകമായ വിപത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Published

|

Last Updated

നുഷ്യ സംസ്‌കാരത്തിന്റെയും ആവാസ വ്യവസ്ഥയുടെയും ആരോഗ്യത്തിന്റെയും സുസ്ഥിരതയുടെയും ജൈവ സൂചികകളാണ് പക്ഷികൾ. ഇന്ത്യയിൽ കാണപ്പെടുന്ന ആയിരത്തി മൂന്നൂറിലധികം പക്ഷിവിഭാഗങ്ങളിൽ അഞ്ഞൂറിലധികം പക്ഷികളും കേരളത്തിൽ കാണപ്പെടുന്നുണ്ട്. ഇതിൽ സ്വദേശികളും വിദേശികളും ഉൾപ്പെടുന്നു. കേരളത്തിലെ തനതു പക്ഷികളിൽ പകുതിയോളവും ഇന്ന് വംശനാശ ഭീഷണിയിലുമാണ്. ലോകത്തിലെ വംശനാശം നേരിടുന്ന പക്ഷികളെക്കുറിച്ചുള്ള പഠനങ്ങളിൽ ഭൂരിഭാഗവും ആവാസ വ്യവസ്ഥയുടെ ശോഷണവും മാനവ സംസ്കാരത്തിൽ വന്ന മാറ്റവുമാണ് ഹേതുവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നല്ല കാടുകൾ, തോടുകൾ, തണ്ണീർത്തടങ്ങൾ, കുന്നുകൾ, പാറപ്പരപ്പുകൾ, കണ്ടൽക്കാടുകൾ എന്നിവയുടെ നാശം പക്ഷികളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായി.

ലോകത്തെല്ലായിടത്തും കാണപ്പെടുന്ന പക്ഷി വർഗമാണ് അങ്ങാടിക്കുരുവികൾ (house sparrow). ഇന്ത്യയിലും ലോകത്തെമ്പാടും ഇവയുടെ വംശം അത്ഭുതകരമാം വിധം ഇല്ലാതായിക്കൊണ്ടിരിക്കുന്നത് പരിസ്ഥിതി സ്‌നേഹികളെയും പക്ഷി നിരീക്ഷകരെയും കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയിരിക്കുന്നത്. നമ്മുടെ അങ്ങാടികളിൽ സദാ ശബ്ദമുണ്ടാക്കി അതിവേഗം അങ്ങാടിക്കകത്തെ പലചരക്ക് കടകളിൽൡ നിന്നും ധാന്യങ്ങൾ കൊത്തിപ്പെറുക്കി പറന്നകലുന്ന അങ്ങാടിക്കുരുവികളുടെ കാഴ്ച കുട്ടികളെയും മുതിർന്നവരെയും അങ്ങാടികളിൽ പിടിച്ചു നിർത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അത് നമുക്ക് വളരെ പെട്ടെന്ന് മറക്കുക സാധ്യമല്ല.

കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ മിക്ക പട്ടണങ്ങളിൽ നിന്നും അങ്ങാടിക്കുരുവികൾ വിട പറഞ്ഞുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലും ബ്രിട്ടനിലും കഴിഞ്ഞ അമ്പത് വർഷങ്ങൾക്കിടയിൽ ഏകദേശം എഴുപത് ശതമാനത്തോളം അങ്ങാടിക്കുരുവികളുടെ കുറവ് കണ്ടെത്തിയതായി റോയൽ സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് ബേർഡ്‌സ് ( Royal Society for Protection of Birds)  എന്ന സംഘടന കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയിലും ലോകത്തെമ്പാടും അങ്ങാടിക്കുരുവികൾ വംശനാശത്തിന്റെ വക്കിലെത്തിയതായാണ് കണ്ടെത്തൽ.

കേരളത്തിലെയും ഇന്ത്യയിലെ മറ്റ് മഹാനഗരങ്ങളായ മുംബൈ, ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത, ഗോവ, പുണെ തുടങ്ങി നിരവധി പട്ടണങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരീക്ഷണം നടത്തിയപ്പോൾ ചില പട്ടണങ്ങളിൽ അങ്ങാടിക്കുരുവികളെ കാണാനേ സാധിച്ചില്ലെന്ന് മാത്രമല്ല, അഹമ്മദാബാദ്, മുംബൈ, ഹൈദരാബാദ് പോലുള്ള നഗരങ്ങളിലാകെ കണ്ടെത്താൻ സാധിച്ചത് വിരലിലെണ്ണാവുന്ന പക്ഷികളെ മാത്രമാണ്. ഇന്നത്തെ കുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്ക് അങ്ങാടിക്കുരുവികളെ അറിയില്ല. കാരണം ഇന്ന് അങ്ങാടികളിൽ അങ്ങാടിക്കുരുവികളെ കാണാൻ സാധിക്കുന്നില്ല.

അങ്ങാടിക്കുരുവികളില്ലാത്ത അങ്ങാടികൾ നിശബ്ദവും ശൂന്യവുമാണ്. മനുഷ്യരാശിയുമായി പ്രത്യേകിച്ച് അങ്ങാടികളിലെ കച്ചവടക്കാരുമായി ഇത്രയധികം ബന്ധം സ്ഥാപിച്ച മറ്റ് പക്ഷികൾ പക്ഷിലോകത്ത് അപൂർവമാണ്. ഒരു കാലത്ത് കടയ്ക്കകത്ത് കയറി തുറന്ന് വെച്ച ചണച്ചാക്കിനകത്ത് കയറി എന്തും കൊത്തിത്തിന്നാൻ അനുവാദം ഉണ്ടായിരുന്ന ഒരേയൊരു പക്ഷിയാണ് അങ്ങാടിക്കുരുവികൾ. അതിനുള്ള സ്വാതന്ത്ര്യം ഈ പക്ഷികൾക്കുണ്ടായിരുന്നു.  കടക്കകത്ത് കയറി എന്തും വാരിക്കോരിത്തിന്നാൻ മാത്രമല്ല കടക്കകത്ത് അങ്ങാടിക്കുരുവികൾക്ക് പ്രജനനം നടത്താനുള്ള കൂടുകൾ പോലും ഒരുക്കിക്കൊടുത്തിരുന്നു.അങ്ങനെ അങ്ങാടിക്കുരുവികൾ പെറ്റുപെരുകിയാൽ മാത്രമാണ് കച്ചവടക്കാർക്ക് ഐശ്വര്യമുണ്ടാവുകയെന്ന് പഴയ തലമുറയിലെ കച്ചവടക്കാർ വിശ്വസിച്ചിരുന്നു.

കാരണം തേടി…

അങ്ങാടിക്കുരുവികളോടുള്ള സ്‌നേഹം മാത്രമല്ല കച്ചവടത്തിന്റെ അഭിവൃദ്ധി കൂടിയായിരുന്നു കടക്കുള്ളിൽ അവക്ക് കൂടൊരുക്കുന്നതിന്റെ ലക്ഷ്യം.  കച്ചവടക്കാരുടെ തുറന്ന് വെച്ച ചാക്കിനകത്തെ ധാന്യങ്ങളും അവയിൽ കാണുന്ന പുഴുക്കളും കടമുറിക്കകത്തെ കൂറകളും മറ്റു ചെറുജീവികളുമായിരുന്നു ഇവയുടെ ഭക്ഷണം.  ധാന്യച്ചാക്കിന് മേൽഭാഗത്ത് കാണുന്ന കൂത്താടികളെയും പുഴുക്കളെയും പ്രാണികളെയും കൊത്തിത്തിന്ന്  ധാന്യം ശുദ്ധീകരിക്കുന്നതിൽ ഇത്തരം പക്ഷികൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്.

അങ്ങാടികളിലെ താരമായിരുന്ന അങ്ങാടിക്കുരുവികൾക്ക് എന്ത് സംഭവിച്ചു. വംശനാശം അതിവേഗത്തിൽ സംഭവിക്കാൻ ഇടയാക്കിയ കാരണങ്ങളെന്താണ്?ആഗോളവത്കരണത്തിന്റെ ഫലമായി കച്ചവട സംസ്‌കാരത്തിലും രീതിയിലും വന്ന മാറ്റമാണ് ഒരു പരിധിവരെ അങ്ങാടിക്കുരുവികളുടെ വംശനാശത്തിലേക്ക് നയിച്ച ഏറ്റവും പ്രധാന കാരണം. വൻകിട മാളുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും രംഗപ്രവേശം, കൊവിഡ് കാലത്തെ കടയടച്ചിടൽ, കച്ചവട സ്ഥാപനങ്ങളുടെ മോടി പിടിപ്പിക്കൽ, പട്ടണങ്ങളിലെ തണൽ മരങ്ങളുടെ നാശം, കീടനാശിനി പ്രയോഗം, പൊതുകിണറിന്റെ അഭാവം, ഭക്ഷ്യ ദൗർലഭ്യം, അത്യുഷ്ണം, പാക്ക് ചെയ്ത ധാന്യങ്ങൾ, നിരപ്പലകകൾ കൊണ്ട് അടച്ചിടുന്ന കടകളുടെ അഭാവം തുടങ്ങിയവയും അങ്ങാടിക്കുരുവികളുടെ അപ്രത്യക്ഷമാകലിന് വഴിമരുന്നിട്ടിട്ടുണ്ടെന്ന് പറയാം.

അവശേഷിക്കുന്ന വിരലിലെണ്ണാവുന്ന അങ്ങാടിക്കുരുവികളെയെങ്കിലും സംരക്ഷിച്ച് വംശവർധനവ് സാധിച്ചില്ലെങ്കിൽ അങ്ങാടിക്കുരുവികളെ ഇനി നമുക്ക് ഡോഡോ പക്ഷികളെപ്പോലെ ചില്ലുകൂടുകളിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.  അങ്ങാടിക്കുരുവികളുടെ നാശം ഒരു പക്ഷിവർഗത്തിന്റെ മാത്രം നാശമല്ല, മാനവസംസ്‌കാരത്തിന്റെ കൂടി നാശത്തിലേക്കാണ് വിരൽചൂണ്ടുന്നത്. പ്രകൃതിയെക്കുറിച്ചും പക്ഷികളെക്കുറിച്ചുമുള്ള പുതിയ കാഴ്ചപ്പാടാണ് നമ്മളിലുണ്ടാകേണ്ടത്. ഒരു പക്ഷിവിഭാഗം ഇല്ലാതായാൽ അതുമായി ബന്ധപ്പെട്ട മറ്റൊന്ന് ഇല്ലാതാകുമെന്ന പ്രകൃതിപാഠം നാം വിസ്മരിക്കരുത്. പ്രകൃതി സംരക്ഷണമെന്നത് മാനവ സംരക്ഷണം തന്നെയാണെന്ന് തിരിച്ചറിയുക. പക്ഷിനിരീക്ഷകർക്കും പ്രകൃതി സ്‌നേഹികൾക്കും യുവതലമുറക്കും ഇതിനായി കൈകോർക്കാൻ സാധിക്കും.

അങ്ങാടിക്കുരുവികളെ സംരക്ഷിക്കാനായി മുംബൈ നാച്യുറൽ ഹിസ്റ്ററി സൊസൈറ്റിയും സഹായങ്ങൾ നൽകിവരുന്നുണ്ട്. ഷോപ്പിംഗ് മാളുകളും സൂപ്പർ മാർക്കറ്റുകളും തികച്ചും ശീതീകരിച്ച മുറികളും അവക്ക് പുഷ് ബാക്ക് ഗ്ലാസ് ഡോറുകളുമാണ്. ഇത്തരത്തിലുള്ള മുറിക്കകത്തേക്ക് അങ്ങാടിക്കുരുവികൾക്ക് പ്രവേശനം സാധ്യമല്ല എന്നു മാത്രമല്ല, പാക്ക് ചെയ്തുവെച്ച പ്ലാസ്റ്റിക് കവറിനകത്തെ ഭക്ഷ്യധാന്യങ്ങൾ കൊത്തിത്തിന്നുകയും അസാധ്യമാണ്. കടകൾക്ക് മുന്നിലെ കൃത്രിമ ലോണുകളിൽ പക്ഷികൾക്ക് ആഹാരമാക്കാവുന്ന പുൽച്ചാടികളും പുഴുക്കളും പ്രാണികളും ലഭിക്കാതെ വരികയും  ചെയ്യുന്നു.  ഇതും പക്ഷികളുടെ വംശനാശത്തിന് ഹേതുവായിട്ടുണ്ട്.

പഴയ കച്ചവടക്കാർ പക്ഷികൾക്ക് കടക്കകത്ത് കൂടുവെച്ച് കൊടുക്കുന്ന ശീലക്കാരായിരുന്നുവെങ്കിൽ പുതുതലമുറയിലെ “ന്യൂജൻ’ കച്ചവടക്കാർക്ക് ഇതിൽ താത്പര്യം ഒട്ടുമേ ഇല്ലതാനും. മാത്രവുമല്ല, മച്ച് മേയാത്ത മേൽക്കൂരക്ക് പകരം ദ്വാരങ്ങളോ പഴുതുകളോ ഇല്ലാത്ത ജിപ്‌സം ബോർഡ് പാകിയ സീലിംഗ് കാരണം പക്ഷികൾക്ക് കൂടൊരുക്കാനുള്ള സൗകര്യക്കുറവും നേരിടുന്നു. ഇവിടെ അങ്ങാടിക്കുരുവികൾക്ക് സ്ഥാനമില്ലാതാകുന്നു. നഗരങ്ങളിൽ ഉയർന്നുനിൽക്കുന്ന മൊബൈൽ ടവറുകൾ പക്ഷികളുടെ സ്വതന്ത്ര സഞ്ചാരത്തിന് വിഘാതമായ ഘടകങ്ങളാണ്.

മൊബൈൽ ടവറുകളിൽ നിന്ന് പുറപ്പെടുന്ന മൈക്രോവേവ് തരംഗങ്ങൾ പക്ഷികളുടെ നിലനിൽപ്പിന് തടസ്സമാകുന്നു. കൂട്ടിനകത്ത് രണ്ടും മൂന്നും മുട്ടകളിടുന്നുവെങ്കിലും പലപ്പോഴും ഒന്നോ രണ്ടോ മുട്ടകൾ മാത്രമാണ് വിരിയുന്നത്. സമീപ പൂന്തോട്ടങ്ങളിലും കൃഷിയിടങ്ങളിലും ഉപയോഗിക്കുന്ന കീടനാശിനി ഇവക്ക് ഭീഷണിയാകുന്നു.

ആഗോളവത്കരണത്തിന്റെ ഭാഗമായി ചെറുപട്ടണങ്ങൾ വൻ നഗരങ്ങളായി മാറുകയുണ്ടായി.  കടകൾക്ക് പുറമെ പാണ്ടികശാലകളും ആധുനികവത്കരണത്തിന്റെ പാതയിലായത് അവിടെയും പക്ഷികൾക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നു. പഴയ പാണ്ടികശാലകൾ അപ്രത്യക്ഷമായതും പക്ഷികളുടെ ഭക്ഷ്യക്ഷാമത്തിന് വഴിയൊരുക്കി. കാല വ്യതിയാനം അങ്ങാടിക്കുരുവികളെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്.

മുമ്പൊക്കെ ധാന്യച്ചാക്കുകൾ ചണം കൊണ്ടാണ് ഉണ്ടാക്കിയതെങ്കിൽ ഇന്ന് ചാക്കുകളെല്ലാം പ്ലാസ്റ്റിക്കായി മാറി; ഇതും ഒരു കാരണമാണ്. നിശബ്ദമായ അങ്ങാടികളിൽ ഇപ്പോഴും നടക്കുമ്പോൾ എവിടെ നിന്നോ ആ ഇന്പമാർന്ന ചെറു ശബ്ദം കാതിൽ മുഴങ്ങുന്നതായി കേൾക്കാം; തിരിച്ചുവരുമോ അങ്ങാടികളിലേക്ക് ആ കുരുവിനാദങ്ങൾ….

Latest