Articles
പോക്സോ നിയമം ഇങ്ങനെയായാല്‍ മതിയോ?
2012ലെ പോക്സോ നിയമത്തിന് ഒരു വ്യാഴവട്ടക്കാലം പൂര്‍ത്തിയാകുമ്പോള്‍ മാറിയ കാലത്തെ അഭിസംബോധന ചെയ്യാന്‍ നിയമത്തിനാകുന്നില്ലെന്ന് ബോധ്യമാകും. പോക്സോയെപ്രതി രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത നിരീക്ഷണങ്ങള്‍ അതിന്റെ നിദര്‍ശനങ്ങളാണ്. പോക്സോ കേസുകളില്‍ നമ്മുടെ ന്യായാധിപര്‍ പലപ്പോഴും ആശയക്കുഴപ്പത്തിലാകുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം.

കുട്ടികളെ ലൈംഗിക ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി കൊണ്ടുവന്ന 2012ലെ പോക്സോ നിയമത്തിന് ഒരു വ്യാഴവട്ടക്കാലം പൂര്‍ത്തിയാകുമ്പോള്‍ മാറിയ കാലത്തെ അഭിസംബോധന ചെയ്യാന്‍ നിയമത്തിനാകുന്നില്ലെന്ന് ബോധ്യമാകും. പോക്സോയെപ്രതി രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത നിരീക്ഷണങ്ങള്‍ അതിന്റെ നിദര്‍ശനങ്ങളാണ്. പോക്സോ കേസുകളില്‍ നമ്മുടെ ന്യായാധിപര്‍ പലപ്പോഴും ആശയക്കുഴപ്പത്തിലാകുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം.
കോടതിക്ക് സുഖകരമല്ലാത്ത ഏരിയ
നിയമപരമായി പ്രായപൂര്‍ത്തിയാകാത്ത, 18 വയസ്സ് തികയാത്ത കൗമാരക്കാരാണല്ലോ പോക്സോ നിയമത്തിന്റെ പ്രധാന സ്റ്റേക് ഹോള്‍ഡേഴ്സ്. കൗമാര പ്രണയം ഒരു ലീഗല്‍ ഗ്രേ ഏരിയ ആണ്. അതിനെ കുറ്റകൃത്യമായി കണക്കാക്കേണ്ടതുണ്ടോ എന്ന കാര്യം സംവാദാത്മകമാണെന്ന് ഈയിടെ നിരീക്ഷിച്ചത് ഡല്‍ഹി ഹൈക്കോടതിയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി സമ്മതത്തോടെ ലൈംഗിക വേഴ്ചയിലേര്‍പ്പെട്ട കൗമാരക്കാരെ അറസ്റ്റ് ചെയ്യുന്നതിന് പകരം സര്‍ക്കാറുകള്‍ അവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നത് പരിഗണിക്കണമെന്ന് ഉത്തരാഖണ്ഡ്, കേരള ഹൈക്കോടതികളും പറഞ്ഞിരുന്നു. കുട്ടികള്‍ ശാരീരികവും വൈകാരികവുമായി നേരത്തേ പ്രായപൂര്‍ത്തിയിലെത്തുന്നുണ്ട്. ഭക്ഷണവും ജീവിതശൈലിയും കാലാവസ്ഥയിലെ മാറ്റങ്ങളും സാങ്കേതിക വളര്‍ച്ചയുമെല്ലാം കുട്ടികളുടെ ശാരീരിക, മാനസിക വളര്‍ച്ചയെ സ്വാധീനിക്കുകയും തത്ഫലമായി ലൈംഗിക താത്പര്യങ്ങള്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ നേരത്തേ പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ കൗമാരക്കാരുടെ ഉഭയസമ്മതത്തോടെയുള്ള രതിബന്ധങ്ങളെ ക്രിമിനല്‍ കുറ്റകൃത്യമായി പരിഗണിക്കേണ്ടതുണ്ടോ എന്നാണ് കോടതികള്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്. സാധാരണ നിലയില്‍ നിയമപരമായ പ്രായപൂര്‍ത്തിയുടെ വയസ്സ് 18 ആണ്. എന്നാല്‍ വിവാഹ പ്രായം പുരുഷനും സ്ത്രീക്കും യഥാക്രമം 21ഉം 18ഉം ആണ്. പെണ്‍കുട്ടികളുടെ നിയമപരമായ പ്രായപൂര്‍ത്തിയും വിവാഹ പ്രായവും 18 വയസ്സാണെങ്കില്‍ ആണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആണ് നമ്മുടെ രാജ്യത്ത്. 18 വയസ്സ് പൂര്‍ത്തിയായ ആണിനും പെണ്ണിനും ഉഭയസമ്മത പ്രകാരം ലൈംഗിക വേഴ്ചയിലേര്‍പ്പെടാമെന്നും നിയമമുണ്ട്. നേരത്തേ രാജ്യത്ത് വ്യഭിചാരം കുറ്റകൃത്യമായിരുന്നെങ്കില്‍ ഇപ്പോള്‍ കുറ്റകൃത്യമല്ലെന്നതാണ് സ്ഥിതി. നിയമപരമായി പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിക്ക് ഉഭയസമ്മത വിവാഹപൂര്‍വ ലൈംഗികതക്ക് രാജ്യത്തെ നിയമം പച്ചക്കൊടി കാട്ടുമ്പോഴാണ് വിവാഹത്തിലൂടെ അത് സാധ്യമാകണമെങ്കില്‍ 21 വയസ്സ് പൂര്‍ത്തിയാകണമെന്ന മാന്‍ഡേറ്റ്. ഇപ്പറഞ്ഞ പൊരുത്തക്കേടിലേക്കാണ് കൗമാര പ്രണയം ന്യായാധിപര്‍ക്ക് വീണ്ടുമൊരു പൊല്ലാപ്പായി മാറുന്നത്.
ഓട്ടയടച്ചാല്‍ മതിയാകില്ല
ഒരു പെണ്‍കുട്ടിക്ക് തന്റെ ശരീരത്തില്‍ മറ്റൊരാള്‍ക്ക് സമ്മതം നല്‍കുന്നതിനുള്ള പ്രായം (Age of consent) 18 വയസ്സായതിനാലാണ് അതിന് ശേഷം ഉഭയസമ്മത ലൈംഗിക വേഴ്ചക്ക് നിയമം അനുമതി നല്‍കുന്നതത്രെ. എന്നാല്‍ 18 വയസ്സ് പൂര്‍ത്തിയാകാത്ത, നിയമപരമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന്‍ ലൈംഗിക വേഴ്ചയിലേര്‍പ്പെട്ടാല്‍ പോക്സോ നിയമപ്രകാരം അത് ഗുരുതര കുറ്റകൃത്യമാണ്. 18 വയസ്സ് പൂര്‍ത്തിയാകാത്ത കൗമാരക്കാരായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉഭയസമ്മതപ്രകാരം ലൈംഗിക വേഴ്ചയിലേര്‍പ്പെട്ടാല്‍ കൗമാരക്കാരനെതിരെ പോക്സോ പ്രകാരം നിയമ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അതിലാണിപ്പോള്‍ കോടതികളുടെ ചെക്ക്. പോക്സോ നിയമം ജന്‍ഡര്‍ ന്യൂട്രല്‍ എന്നാണ് വെപ്പ്. പക്ഷേ പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലേക്ക് അയക്കുമ്പോള്‍ ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കി വിചാരണക്ക് വിധേയമാക്കുന്നു. ശാരീരികവും വൈകാരികവുമായി നേരത്തേ പ്രായപൂര്‍ത്തിയിലെത്തുന്ന കൗമാരക്കാരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക വേഴ്ചയെ പെണ്‍കുട്ടിക്ക് തന്റെ ശരീരത്തില്‍ സമ്മതം നല്‍കാന്‍ നിയമമനുവദിക്കുന്ന പ്രായമായ 18 വയസ്സ് പൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താല്‍ എങ്ങനെ ക്രിമിനല്‍ കുറ്റമായി കാണാനാകുമെന്നാണിപ്പോള്‍ കോടതികള്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്. അത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത ഉഭയസമ്മത കൗമാര രതിക്കേസുകള്‍ ചില ഹൈക്കോടതികള്‍ റദ്ദാക്കുന്നുണ്ടെന്നത് സമൂഹത്തെ ലൈംഗിക അരാജകത്വത്തിലേക്ക് എടുത്തെറിയുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. വ്യഭിചാരം ക്രിമിനല്‍ കുറ്റമായിരുന്നത് പരമോന്നത കോടതി തന്നെ ഇതിനകം ഡീക്രിമിനലൈസ് ചെയ്തിട്ടുണ്ടെന്നതോര്‍ക്കണം. ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ പോന്ന ഇത്തരം പ്രശ്നങ്ങളില്‍ ഓട്ടയടക്കുന്നതിന് പകരം സുചിന്തിതവും യുക്തവുമായ പരിഹാരങ്ങളാണ് വേണ്ടത്.
ഉഭയസമ്മതത്തോടെയുള്ള കൗമാര രതിക്കേസിലെ കുറ്റാരോപിതന്‍ ഒരുതരം സമൂഹ ഭ്രഷ്ടില്‍ കഴിയേണ്ടി വരുന്നെന്നും ആത്മവിശ്വാസം നഷ്ടപ്പെട്ട് പിന്നീട് സമൂഹ മുഖ്യധാരയിലേക്ക് തിരിച്ചുവരവ് അസാധ്യമാകുന്ന വിധത്തിലാകുന്നെന്നുമൊക്കെയാണ് കേസുകള്‍ റദ്ദാക്കുന്ന കോടതി വിധികള്‍ നിരീക്ഷിക്കുന്നത്. അപമാനഭാരവും പഠന പ്രശ്നങ്ങളും നിയമ നടപടികള്‍ക്കിടയിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന വൈകാരികാവസ്ഥയും ഇരയെയും ബാധിക്കുന്നുണ്ടെന്നാണ് കോടതി ഭാഷ്യം. കുറ്റാരോപിതനെ ശിക്ഷിക്കാന്‍ ഇരയുടെ സാക്ഷ്യം മതിയാകുമ്പോള്‍ കുറ്റമുക്തനാകാന്‍ മറുത്തൊരു സാക്ഷ്യം മതിയാകുന്നുമില്ലെന്നും ഇവ്വിഷയികമായി നിയമ വിദഗ്ധര്‍ വിമര്‍ശമുന്നയിക്കുന്നുണ്ട്.
കൗമാരക്കാരുടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക വേഴ്ചക്കേസുകളില്‍, കുറ്റാരോപിതന്റെ കൂടെ ജീവിക്കാന്‍ ആഗ്രഹിച്ചു കൊണ്ടുള്ള ബന്ധമായിരുന്നെന്ന് ഇര എത്ര പറഞ്ഞാലും അത് മുഖവിലക്കെടുക്കാതെ കോടതികള്‍ കുറ്റാരോപിതര്‍ക്ക് ശിക്ഷ വിധിക്കുകയാണത്രെ. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുമ്പോഴും വിചാരണ സമയത്തുമൊന്നും സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്ന കാര്യം പരിഗണിക്കപ്പെടാത്തത് ഇത്തരം കേസുകളില്‍ അകപ്പെടുന്നവര്‍ക്ക് നിയമ – നീതിന്യായ സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെടാനിടയാക്കുമെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്.
കൗമാര പ്രണയ ബന്ധം അംഗീകരിക്കാത്ത, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പോക്സോ വകുപ്പുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് അലഹബാദ് ഹൈക്കോടതി ഈയിടെ പറഞ്ഞിരുന്നു. കുറ്റാരോപിതരെ കുടുക്കാന്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ശ്രമിക്കുന്നു. പെണ്‍കുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിലല്ല. മറിച്ച് പങ്കാളിയെ തിരഞ്ഞെടുത്തതാണ് രക്ഷിതാക്കളുടെ പ്രശ്നമെന്നും പറയുന്നുണ്ട് കോടതി. പലവിധ മാനങ്ങളുള്ള ഒരു പ്രശ്നമാണ് കൗമാര പ്രണയം എന്നിരിക്കെ പഴുതുകളില്ലാത്ത നീതിന്യായ പരിഹാരമാണ് അതിന് വേണ്ടത്.
മുന്‍വിധികളില്ലാത്ത പരിഹാരമുണ്ടാകണം
25 മുതല്‍ 49 വരെ വയസ്സുള്ള സ്ത്രീകളില്‍ 10 ശതമാനത്തിന്റെയും ആദ്യ ലൈംഗിക അനുഭവം 15 വയസ്സിനും 39 ശതമാനം സ്ത്രീകളുടെത് 18 വയസ്സിനും മുമ്പായിരുന്നെന്ന് 2019 – 21ലെ നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ചൂണ്ടിക്കാട്ടുന്നുണ്ട്. അത്തരം അനുഭവങ്ങള്‍ ഭീഷണിപ്പെടുത്തിയോ സമ്മതമില്ലാതെയോ ആയിരുന്നില്ലെന്നതാണ് ശ്രദ്ധേയം. അതായത് നിയമപരമായി പ്രായപൂര്‍ത്തിയാകുന്ന 18 വയസ്സിന് മുമ്പ് തന്നെ സമ്മതത്തോടെയുള്ള ലൈംഗികാനുഭവങ്ങള്‍ വലിയൊരു വിഭാഗം പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകുന്നെന്നാണ് കണക്ക്. എന്നിരിക്കെ കൗമാര ലൈംഗികതയെ കയറൂരി വിടുന്നത് ഗുരുതര സാമൂഹിക സാംസ്‌കാരിക പ്രശ്നങ്ങളുണ്ടാക്കും. കൗമാരക്കാലത്തിന്റെ ആകാംക്ഷകളെയും ആസക്തികളെയും നിയന്ത്രിക്കാനാകും വിധം കൗമാര ലൈംഗികതയെ നിയമ ചട്ടക്കൂടിനുള്ളില്‍ കൊണ്ടുവരികയാണ് വേണ്ടത്. അതിന് നിയമ, അക്കാദമിക രംഗങ്ങളില്‍ നിന്നുയര്‍ന്നുകൊണ്ടിരിക്കുന്ന പരിഹാരം പെണ്‍കുട്ടികള്‍ക്ക് സമ്മതം നല്‍കുന്നതിനുള്ള പ്രായം 16 വയസ്സായി കുറക്കുക എന്നതാണ്. അത് അനുയോജ്യമാകുമെന്ന് തോന്നുന്നില്ല. കാരണം ഇരയുടെ സമ്മതമുണ്ടെന്ന വ്യാജങ്ങളുണ്ടാക്കി വേട്ടക്കാര്‍ തടിതപ്പുന്ന സ്ഥിതിവിശേഷമുണ്ടാക്കുമത്. കുടുംബ വ്യവസ്ഥിതിയെ ശിഥിലമാക്കുന്ന മൂല്യച്യുതി വേറെയും. അപ്പോള്‍ പിന്നെ വിവാഹപ്രായം തന്നെ 16 വയസ്സിലേക്ക് ചുരുക്കാനുള്ള നീക്കമാണുണ്ടാകേണ്ടത്. വിവാഹത്തിന് പ്രായം മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത് തന്നെയും ഒഴിവാക്കിയാല്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനും ലൈംഗിക ചൂഷണങ്ങള്‍ തടയാനും സഹായിക്കും. എല്ലാവരും 18 വയസ്സിന് മുമ്പ് തന്നെ വിവാഹിതരാകണം എന്ന നിര്‍ബന്ധമില്ലാതിരിക്കുമ്പോള്‍ തന്നെ വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അതാകുകയുമാകാം. അതേസമയം വിവാഹ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ദമ്പതികള്‍ പാലിക്കുന്നുണ്ടെന്നതില്‍ സാമൂഹിക ജാഗ്രതയും ആവശ്യമെങ്കില്‍ നിയമനിര്‍മാണവും വേണ്ടിവരുമെന്ന് മാത്രം. രാജ്യത്ത് വ്യഭിചാരം ക്രിമിനല്‍ കുറ്റമായിരുന്നത് സുപ്രീം കോടതി റദ്ദാക്കിയതിനൊടുവില്‍ പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ് സംഹിത രൂപപ്പെടുത്തിയ ഘട്ടത്തില്‍ ആഭ്യന്തര കാര്യ പാര്‍ലിമെന്ററി സമിതി വ്യഭിചാരക്കുറ്റം പുനഃസ്ഥാപിക്കണമെന്ന ശിപാര്‍ശ മുന്നോട്ടുവെച്ചിരുന്നു. കുടുംബ ഭദ്രതയെ തകര്‍ക്കുന്ന കുത്തഴിഞ്ഞ ലൈംഗിക സംസ്‌കാരം നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യമല്ലെന്നായിരുന്നു അതിന് ഹേതുകമായി വിശദീകരിച്ചിരുന്നതെന്നത് ഇവിടെ പ്രസ്താവ്യമാണ്.