തെളിയോളം
സമ്മാനം പൊതിഞ്ഞുവെച്ചാൽ മതിയോ?
നബിദിനം "താങ്ക്സ് ഗിവിംഗ്' ആഘോഷമായി പ്രചരിപ്പിക്കപ്പെടേണ്ട ഒരു ആശയമാണ്. നന്ദിയുടെ അടിത്തറയിലാണ് എല്ലാ സ്മാരകങ്ങളും കെട്ടി ഉയർത്തപ്പെടുന്നത്. അതു തന്നെയാണ് എല്ലാ ആഘോഷങ്ങളുടെയും കാതൽ. വിശ്വാസികൾ അർപ്പിക്കുന്ന പ്രാർഥനകൾ നന്ദിയുടെ ബഹിർപ്രകടനമാണ്."സഹജീവികളോട് നന്ദി പ്രകടിപ്പിക്കാത്തവൻ എങ്ങനെയാണ് സർവതും നൽകിയ ജഗന്നിയന്താവിനോട് നന്ദിയുള്ളവനാകുന്നത്' എന്ന തിരുനബിയരുൾ കൃതജ്ഞതാ പ്രകടനം ജീവിതചര്യയാക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതാവട്ടെ.
“നിങ്ങൾക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങൾ നിങ്ങൾ മറച്ചുവെക്കരുത്, അത് നന്ദികേടാണ്’ എന്ന നബിവചനം ജീവിതത്തിലെ രണ്ട് സുപ്രധാന കാര്യങ്ങളെ കുറിച്ചുള്ള ഓർമപ്പെടുത്തലാണ്. അതിൽ ഒന്ന് നമ്മുടെ അനുഗ്രഹങ്ങളാണ്, രണ്ട് അതിനുള്ള നന്ദിപ്രകടനവും. നമ്മുടെ ഓരോ ജീവിതാനുഭവത്തെയും അനുഗ്രഹമായി കാണാനുള്ള മനോനില കൈവരിക്കുകയെന്നത് സുപ്രധാനമാണ്. ചുട്ടുപഴുത്ത തീക്കട്ടയിൽ ചവിട്ടുന്നത് വേദനാജനകമാണ്, എന്നാൽ ആ അനുഭവത്തിലെ വേദന ഓർത്തിരിക്കുന്നതിനേക്കാൾ തീക്കനലിനോട് ഇടപെടുമ്പോൾ കാണിക്കേണ്ട ജാഗ്രത മനസ്സിൽ വെക്കുക എന്നതാണ് നന്ദിപ്രകടനത്തിന്റെ ഏറ്റവും തീക്ഷ്ണമായ വശം.
“ജീവൻ’ എന്ന ഏറ്റവും വലിയ അനുഗ്രഹത്തിൽ തുടങ്ങി നമ്മൾ അനുഭവിക്കുന്ന ആയിരക്കണക്കിന് ആനന്ദങ്ങൾക്ക് എത്രമാത്രം കൃതജ്ഞത നിറഞ്ഞവരാവണം നാം!.
കൃതജ്ഞത അനുഭവിക്കുകയും അത് പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നത് ഒരു സമ്മാനം പൊതിഞ്ഞ് നൽകാതിരിക്കുന്നതിന് തുല്യമാണ് എന്ന് വില്യം ആർതർ വാർഡ്. എല്ലാം ഉണ്ടായിരിക്കെ തന്നെ പരമദരിദ്രനായിരിക്കുന്നതിന് തുല്യമാണ് നന്ദിയോടെ ജീവിക്കാൻ കഴിയാത്തവൻ. കൃതജ്ഞത കാണിക്കാത്ത ഒരാൾക്കും ഒരിക്കലും യഥാർഥ ജീവിതാസ്വാദനം സാധ്യമാകില്ല.
അനുഗ്രഹങ്ങളെ ഓർക്കുന്നതിനു പകരം നിനച്ചിരിക്കാതെ വന്നു പോയ ദുരന്തസന്ദർഭങ്ങളിൽ നിന്ന് മനസ്സിനെ വേർപെടുത്താതെ നീറിക്കഴിയുന്നവരുണ്ട്. പ്രയാസങ്ങളില്ലാതിരിക്കുന്നതാണ് ജീവിതത്തിലെ ഒരേയൊരു അനുഗ്രഹമെന്ന മൂഢവിചാരത്തിന്റെ അടിമകളായ ഇത്തരക്കാർ സ്വയം തീർക്കുന്ന തടവറയിൽ കഴിയുകയാണെന്നതാണ് യാഥാർഥ്യം.
കോടീശ്വരനായാൽ അതിന്റെ മൂന്നിലൊന്ന് നികുതി കൊടുക്കേണ്ടി വരുമല്ലോ എന്നത് കൊണ്ടാണ് ഞാൻ പണം സമ്പാദിക്കാത്തത് എന്ന മരമണ്ടൻ ദുർന്യായക്കാരന്റെ കഥ കേട്ടിട്ടുണ്ട്. ദാരിദ്ര്യം സുഖകരമായ ഒരനുഭവമായി എടുക്കുന്നതിൽ പന്തികേടൊന്നുമില്ല. പക്ഷെ ആ സുഖം ശരിയായ ആസ്വാദനമാകുന്നത് “ലഭിച്ചതിൽ തൃപ്തി’ യുള്ള കൃതജ്ഞതാ മനോഭാവമാണെങ്കിൽ മാത്രമാണ്. നേട്ടങ്ങളുടെ പരമാധികാരി ഞാൻ മാത്രമാണ് എന്ന് ചിന്തിക്കുമ്പോഴാണ് നാം നന്ദികെട്ടരാവുക.
മറ്റുള്ളവർക്കൊന്നും ഒരു ഗുണവും കിട്ടാത്ത സൗഭാഗ്യമാണ് തനിക്ക് വേണ്ടതെന്നും അങ്ങനെയല്ലെങ്കിൽ പിന്നെ ആർക്കുമാർക്കും ഒന്നും വേണ്ട എന്നുമുള്ള ഇടുങ്ങിയ മനസ്സിന് “നന്ദി’ എന്ന വിചാരത്തിലേക്ക് വളരാൻ കഴിയില്ല. ഓരോ നിമിഷവും നമുക്ക് ലഭിക്കുന്ന വിലമതിക്കാനാവാത്ത അനുഗ്രഹങ്ങളോട് നമ്മുടെ പ്രതികരണം ഏത് രീതിയിലാണെന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതാണ്.
നന്ദി ഒരു ജീവിതശൈലിയായി വികസിപ്പിക്കുന്നത് നമ്മുടെ ഓരോ നിമിഷങ്ങളെയും മനോഹരമാക്കും. ജോലി, വീട്, കളി, സാമൂഹിക ബന്ധങ്ങൾ, പള്ളി, സ്കൂൾ, അയൽപക്കം, കുടുംബം – ജീവിതത്തിന്റെ എല്ലാ ഇടപെടൽ മേഖലകളിലും വേഗം കുറച്ച്, മനഃപൂർവം പ്രവർത്തിക്കുന്നതിലൂടെ മാത്രമേ നന്ദി പ്രകടിപ്പിക്കാനുള്ള സന്ദർഭങ്ങളെ ആഴത്തിൽ നുകരാൻ നിങ്ങൾക്ക് കഴിയൂ. അറിഞ്ഞ് ശ്വസിക്കുമ്പോൾ ശുദ്ധവായു വിലമതിക്കാനാവാത്ത ഒന്നാണ് എന്ന ഓർമയിൽ നിങ്ങൾ നെഞ്ചിൽ കൈവെക്കും. തെളിമയുള്ള ഒരു പുഞ്ചിരി ഹൃദയമറിഞ്ഞ് ചുണ്ടിൽ വിരിഞ്ഞു നിൽക്കേണ്ട എത്രയെത്ര സുന്ദര മുഹൂർത്തങ്ങളാണ് ഓരോ ദിവസവും നമ്മിലൂടെ കടന്നു പോകുന്നത്. ബാത്ത്റൂമിൽ ഒരു കപ്പ് വെള്ളമെടുത്ത് ദേഹത്ത് ഒഴിക്കുമ്പോൾ, സുഖപ്രദമായ കിടക്കയിൽ നിവർന്നങ്ങനെ കിടക്കുമ്പോൾ, നിങ്ങളിഷ്ടപ്പെടുന്ന വാഹനത്തിലേറി പുതിയ ലക്ഷ്യങ്ങളിലേക്ക് യാത്ര പോകുമ്പോൾ…
എല്ലാം ഉള്ളിലുണ്ട് എന്ന രീതിയിൽ കടപ്പാടുകൾ ഒതുക്കി വെക്കരുത് എന്ന് തന്നെയാണ് തുടക്കത്തിൽ സൂചിപ്പിച്ച പ്രവാചകാധ്യാപനത്തിന്റെ പൊരുൾ. പരാതികളാണ് നമ്മുടെ പ്രധാന ഊന്നലാകുന്നത് എന്നിടത്ത് നാം നിസ്സാരന്മാരാവുകയാണെന്നറിയുക. ജോലിസ്ഥലത്ത് മോശമായ ഒരു സാഹചര്യം വരുമ്പോൾ നിങ്ങൾ മുമ്പ് ആസ്വദിച്ച് ചെയ്ത ഒരു പ്രോജക്റ്റിനെക്കുറിച്ചോ അല്ലെങ്കിൽ നിങ്ങളെ നിലനിർത്തുന്ന ഒരു ജോലി നിങ്ങൾക്കുണ്ടെന്ന ലളിതമായ വസ്തുതയെക്കുറിച്ചോ ചിന്തിച്ചു നോക്കൂ. രോഗാതുരനായി കിടക്കുകയാണെങ്കിൽ, ജാലകത്തിലൂടെ കടന്നു വരുന്ന സൂര്യപ്രകാശം, നല്ല ഓർമകൾ, ഒരു സുഹൃത്തിൽ നിന്നുള്ള ഒരു ഫോൺ കോൾ, ഒരു നല്ല പുസ്തകം, ദയയുള്ള കുടുംബക്കാർ ഇങ്ങനെ എത്ര അനുഗ്രഹങ്ങളുണ്ട് നമ്മെ ശക്തിപ്പെടുത്താൻ!. ജീവിതത്തിലെ ഏത് പ്രയാസഘട്ടത്തിലും ലിസ്റ്റു ചെയ്യാൻ ഇങ്ങനെ കുറെ തെളിഞ്ഞ കാര്യങ്ങൾ തേടുന്നത് നിങ്ങളുടെ കാഴ്ചപ്പാടിനെത്തന്നെ മാറ്റും.
നബിദിനം “താങ്ക്സ് ഗിവിംഗ്’ ആഘോഷമായി പ്രചരിപ്പിക്കപ്പെടേണ്ട ഒരു ആശയമാണ്. നന്ദിയുടെ അടിത്തറയിലാണ് എല്ലാ സ്മാരകങ്ങളും കെട്ടി ഉയർത്തപ്പെടുന്നത്. അതു തന്നെയാണ് എല്ലാ ആഘോഷങ്ങളുടെയും കാതൽ. വിശ്വാസികൾ അർപ്പിക്കുന്ന പ്രാർഥനകൾ നന്ദിയുടെ ബഹിർപ്രകടനമാണ്. വൈദ്യുതി പോലെ ഉത്പാദിപ്പിക്കപ്പെടുകയും ഉപയോഗിക്കുകയും ചെയ്യേണ്ട ഒന്നാണ് കൃതജ്ഞത.
സന്തോഷ സൂചകമായി അയൽക്കാർക്ക് ഒരു മധുരം നൽകുമ്പോൾ, ഏകാന്തത കുടിച്ചു കഴിയുന്ന പ്രായം ചെന്ന ഒരാളെ സന്ദർശിക്കുമ്പോൾ, കാടുകെട്ടിക്കിടക്കുന്ന ഒരു പൊതുവഴി സന്നദ്ധ സേവനമായി ശുചീകരിക്കുമ്പാൾ… ഇങ്ങനെ ചെയ്യുന്ന ഓരോ സദ്പ്രവർത്തിയും നന്ദിസൂചകമായി കാണണം. കടയിൽ നിന്ന് ഒരു പഴം വാങ്ങിക്കഴിക്കുമ്പോൾ അതിന്റെ മരം നട്ട് വളർത്തിയ എവിടെയോ ഉള്ള ഒരാളുടെ പ്രയത്നം മനസ്സിൽ ഉണരണം. “സഹജീവികളോട് നന്ദി പ്രകടിപ്പിക്കാത്തവൻ എങ്ങനെയാണ് സർവതും നൽകിയ ജഗന്നിയന്താവിനോട് നന്ദിയുള്ളവനാകുന്നത്’ എന്ന തിരുനബിയരുൾ കൃതജ്ഞതാ പ്രകടനം ജീവിതചര്യയാക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതാവട്ടെ.