judiciary
മാറുന്നത് മുഖം മാത്രമോ?
നേരത്തേ ഭരണകൂട താത്പര്യങ്ങള്‍ക്കൊപ്പം പലപ്പോഴും നിലയുറപ്പിച്ചതിന്റെ ഉപകാരസ്മരണയാണ് പുതിയ മുഖ്യ ന്യായാധിപനെ തേടിയെത്തിയ പദവിയെന്ന ആക്ഷേപം പല കോണില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്.
കഴിഞ്ഞ അര നൂറ്റാണ്ട് കാലമായി രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഇടനാഴികളില്‍ ഉയര്‍ന്ന ശിരസ്സും കോടതി മുറികളില്‍ ഉറച്ച ശബ്ദവുമായി കപില്‍ സിബലുണ്ട്. ഭരണഘടനാപരമായി പ്രാധാന്യമുള്ള നിയമ വ്യവഹാരങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമാണ് മുതിര്‍ന്ന അഭിഭാഷകനായ സിബല്‍. പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെ രാജ്യം ഉറ്റുനോക്കിയ നിര്‍ണായക നിയമ വ്യവഹാരങ്ങളില്‍ ഭരണഘടനാ താത്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കോടതി മുറിയിലെ നീതിയുടെ ശബ്ദമായി മാറി അദ്ദേഹം. സങ്കീര്‍ണവും വിശാല ചര്‍ച്ചകള്‍ ആവശ്യമുള്ളതുമായ നിയമ പ്രശ്‌നങ്ങളില്‍ സുപ്രീം കോടതി അദ്ദേഹത്തിന്റെ സഹായം അഭ്യര്‍ഥിക്കുന്നതും പതിവാണ്. തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന ഹരജിയില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബഞ്ച് കപില്‍ സിബലിന്റെ സഹായവും അഭിപ്രായവും തേടിയിരുന്നു.
സുപ്രീം കോടതിയില്‍ പ്രതീക്ഷയില്ലാതായിരിക്കുന്നു എന്ന് ആഗസ്റ്റ് ആറിന് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട പീപ്പിള്‍സ് ട്രൈബ്യൂണലിലെ തന്റെ പ്രഭാഷണത്തില്‍ കബില്‍ സിബല്‍ പറയുകയുണ്ടായി. സുപ്രീം കോടതിയുടെ സമീപകാല വിധിതീര്‍പ്പുകളെയും ഇടപെടലുകളെയും മുന്‍നിര്‍ത്തിയാണ് അദ്ദേഹം തന്റെ നിരാശ പങ്കുവെച്ചത്. ഗുജറാത്ത് വംശഹത്യയിലെ ഉന്നതതല ഗൂഢാലോചന തള്ളിയ എസ് ഐ ടി റിപോര്‍ട്ട് ചോദ്യം ചെയ്തുകൊണ്ട് സാകിയ ജഫ്്രി സമര്‍പ്പിച്ച ഹരജി തള്ളിയ സുപ്രീം കോടതി വിധിയും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ ചില വകുപ്പുകളുടെ ഭരണഘടനാ സാധുത ശരിവെച്ച സുപ്രീം കോടതി വിധിയും സവിശേഷമായി പരാമര്‍ശിച്ചിട്ടുണ്ട് അദ്ദേഹം. വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകള്‍ ചില പ്രത്യേക ബഞ്ചുകള്‍ക്ക് നിര്‍ണയിച്ച് നല്‍കുന്നു. അവരുടെ വിധി എന്തായിരിക്കുമെന്ന് പ്രവചിക്കാവുന്നതാണ്. ഐ പി സിയിലെ 120(ബി) വകുപ്പ് പ്രകാരം ക്രിമിനല്‍ ഗൂഢാലോചനാകുറ്റം ചുമത്തി ഒരു നിരപരാധിയെ തടവിലിടാം. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയാത്ത കാലത്തോളം ജാമ്യം കിട്ടില്ല. 2020 മുതല്‍ സിദ്ദീഖ് കാപ്പന്‍ ജയിലിലാണെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ പ്രസംഗം നിയമ രാഷ്ട്രീയ രംഗങ്ങളില്‍ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.
അഞ്ച് പതിറ്റാണ്ടായി രാജ്യത്തെ പരമോന്നത കോടതിയിലെ പ്രഗത്ഭ അഭിഭാഷകനാകുക വഴി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ അടുത്ത് നിന്ന് നോക്കിക്കാണാന്‍ കഴിഞ്ഞ കപില്‍ സിബലിന്റെ ബോധ്യം അത്ര നിസ്സാരമായി കരുതേണ്ടതല്ല. ഭരണഘടനയുടെ കാവലാള്‍ ദൗത്യം നിര്‍വഹിക്കുന്നതിന് പകരം ഭരണഘടനാ മൂല്യങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിന് കോടാലിക്കൈയാകുന്ന നീതിപീഠ അപഭ്രംശത്തെ പ്രതി ആധികാരികമായി പറയാന്‍ കഴിയും ആ മുതിര്‍ന്ന അഭിഭാഷകന്. പരമോന്നത നീതിപീഠത്തിലെ പ്രതീക്ഷകള്‍ അസ്തമിച്ച മട്ടില്‍ അദ്ദേഹം സംസാരിക്കുമ്പോഴും പുതിയ ചീഫ് ജസ്റ്റിസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുകൊണ്ടിരിക്കുന്നു. 2014ന് ശേഷം സുപ്രീം കോടതിയിലെ മുഖ്യ ന്യായാധിപ പദവിയില്‍ പല പേരുകള്‍ മാറിവന്നതല്ലാതെ നീതി ലഭ്യമാക്കേണ്ട പരമോന്നത സ്ഥാപനത്തിന് ഭരണഘടനാപരമായ ഒരുയര്‍ച്ചയും ഉണ്ടാക്കാനായിട്ടില്ലെന്നാണ് നീതിന്യായ വ്യവസ്ഥയുമായി അടുത്ത് നില്‍ക്കുന്നവരുടെ തന്നെ അനുഭവസാക്ഷ്യം. പ്രത്യുത രാജ്യത്തെ നീതി ലഭ്യതയുടെ വഴികള്‍ കൂടുതല്‍ നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്. അത്തരമൊരു ഘട്ടത്തില്‍ ജസ്റ്റിസ് എന്‍ വി രമണയില്‍ നിന്ന് യു യു ലളിതിലേക്ക് മുഖ്യ ന്യായാധിപ പദവി കൈമാറ്റം ചെയ്യപ്പെടുമ്പോഴും പ്രത്യേകിച്ചൊന്നും സംഭവിക്കാനിടയില്ലെന്ന് കപില്‍ സിബലിനെ പോലുള്ളവര്‍ കരുതിക്കാണണം.
എസ് എ ബോബ്‌ഡെക്ക് ശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍ വി രമണ വന്നപ്പോള്‍ ശകലം പ്രതീക്ഷാഭരിതമായ വാര്‍ത്തകള്‍ക്ക് നമുക്ക് കാതോര്‍ക്കാനായത് അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കരിയറിലെ തെളിച്ചവും നിലപാടും കാരണമായിരുന്നു. എന്നാല്‍ ഒഴുക്കിനെതിരെ നീന്താന്‍ അദ്ദേഹത്തിനും ഏറെക്കുറെ കഴിഞ്ഞിട്ടില്ല എന്നുവേണം മനസ്സിലാക്കാന്‍. വരുന്ന ആഗസ്റ്റ് 26ന് മുഖ്യ ന്യായാധിപ പദവിയില്‍ നിന്ന് വിരമിക്കാനിരിക്കെ ഭരണഘടനാപരമായി അതിപ്രധാനമായ പ്രശ്‌നങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ മുതിരാതെ തന്റെ മുന്‍ഗാമിയെപ്പോലെ രംഗമൊഴിയാന്‍ തന്നെയാണ് ജസ്റ്റിസ് എന്‍ വി രമണയും താത്പര്യപ്പെടുന്നത് എന്നാണ് ബോധ്യമാകുന്നത്. 2019 ആഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്മീരിന്റെ സവിശേഷ ഭരണഘടനാ പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുണ്ടായത്. ഭരണഘടനാ സാധുതയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടേണ്ടതാണ് ജമ്മു കശ്മീരിന്റെ ഭാവി. പക്ഷേ സവിശേഷ പദവി റദ്ദാക്കി വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും നീതിപീഠം ആ നിലയില്‍ ചിന്തിക്കുന്നില്ലെന്നത് നിരാശാജനകമാണ്.
അടുത്ത ജനുവരി മുതല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കി തുടങ്ങുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈയിടെ വ്യക്തമാക്കിയത്. നിയമം കൊണ്ടുവന്ന് മൂന്ന് വര്‍ഷത്തോടടുക്കുമ്പോഴും നീതിപീഠത്തില്‍ കാര്യങ്ങള്‍ എവിടെയും എത്തിയിട്ടില്ല. രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക നിയമ വ്യവഹാരമാണത്. പരമോന്നത നീതിപീഠത്തിന്റെ തീര്‍പ്പ് പ്രധാനമാണെന്നിരിക്കെ ഉദാസീനമായ സമീപനമാണ് നമുക്ക് കാണാനാകുന്നത്. പൗരത്വത്തിന് മതം മാനദണ്ഡമാകും വിധം ഇന്ത്യ മതാധിഷ്ഠിതമാകുമോ എന്ന അമൂര്‍ത്തമായ ചോദ്യം ഒരു വലിയ വിഭാഗം ഇന്ത്യന്‍ പൗരസമൂഹത്തെ സംബന്ധിച്ച് നിര്‍ണായകമാകുമ്പോഴും പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയില്‍ തൊടാതെ ഒരു മുഖ്യ ന്യായാധിപനും കൂടെ പടിയിറങ്ങുന്നു എന്നത് എത്രമേല്‍ കഷ്ടമാണ്. ഇലക്ടറല്‍ ബോണ്ട് ഉള്‍പ്പെടെ മറ്റു പല പ്രധാന നിയമ വ്യവഹാരങ്ങളിലും വിചാരണ തുടങ്ങുക പോലും ചെയ്യാതെയാണ് ജസ്റ്റിസ് എന്‍ വി രമണയും വിരമിക്കാനിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിക്കുന്നതിനെതിരെ വിവാദ നീക്കങ്ങള്‍ കര്‍ണാടക സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായി. തദ്വിഷയികമായ ഭരണകൂട ഇടപെടല്‍ സാധൂകരിക്കുന്ന തരത്തിലുള്ള കര്‍ണാടക ഹൈക്കോടതി വിധി പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഹൈക്കോടതി വിധി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. വിദ്യാര്‍ഥിനികളുടെ ഭാവി തുലാസിലാണെന്നും അടിയന്തരമായി പരിഗണിക്കണമെന്നുമുള്ള ഹരജിക്കാരുടെ ആവശ്യത്തോട് നിഷേധാത്മകമായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. വിദ്യാര്‍ഥികളുടെ പ്രധാന മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഹരജിയായിരുന്നിട്ടും സുപ്രീം കോടതി ഇതുവരെ പരിഗണനക്കെടുത്തിട്ടില്ല. അതേസമയം ഇസ്‌റാഈല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ചതില്‍ ഭരണകൂടത്തെ മുള്‍മുനയില്‍ നിര്‍ത്താനായതും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം താത്കാലികമായി മരവിപ്പിച്ച നടപടിയും രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കിയ നീതിന്യായ ഇടപെടലുകളായിരുന്നു എന്നത് നിഷേധിക്കാനാകില്ല.
കുറഞ്ഞ കാലത്തേക്കെങ്കിലും മുഖ്യ ന്യായാധിപ പദവിയില്‍ ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് എത്തുമ്പോള്‍ നമ്മുടെ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വീണ്ടെടുപ്പിന്റെ വഴിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷ ആരും പങ്കുവെക്കുന്നില്ല. ആദ്യ മോദി സര്‍ക്കാര്‍ അധികാരാരോഹണം നടത്തിയ ഉടനെ 2014 ആഗസ്റ്റ് 13നാണ് സുപ്രീം കോടതിയിലെ അഭിഭാഷക വൃത്തിയില്‍ നിന്ന് ന്യായാധിപ പദവിയിലേക്ക് യു യു ലളിത് ഉയര്‍ത്തപ്പെടുന്നത്. സുപ്രീം കോടതി ബാറില്‍ നിന്ന് നേരിട്ട് സുപ്രീം കോടതി ബഞ്ചിലേക്കെത്തുന്ന രണ്ടാമനാണദ്ദേഹം. ഇതിന് മുമ്പ് 1964ല്‍ ജസ്റ്റിസ് എസ് എം സിക്രി മാത്രമാണ് അത്തരത്തില്‍ സുപ്രീം കോടതി ന്യായാധിപ പദവിയിലെത്തിയത്. ഇന്നിപ്പോള്‍ മറ്റൊരു ആഗസ്റ്റില്‍ 74 ദിവസം മാത്രമാണെങ്കിലും ചീഫ് ജസ്റ്റിസ് പദവിയിലിരിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു ജസ്റ്റിസ് യു യു ലളിതിന്. നേരത്തേ ഭരണകൂട താത്പര്യങ്ങള്‍ക്കൊപ്പം പലപ്പോഴും നിലയുറപ്പിച്ചതിന്റെ ഉപകാരസ്മരണയാണ് പുതിയ മുഖ്യ ന്യായാധിപനെ തേടിയെത്തിയ പദവിയെന്ന ആക്ഷേപം പല കോണില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. മുഖ്യ ന്യായാധിപ പദവിയിലെ മുഖം മാറുന്നതേയുള്ളൂ. അവര്‍ ഭരണഘടനയോട് കാണിക്കേണ്ട പരമമായ കൂറും രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിലെ ഉയര്‍ന്ന ജാഗ്രതയും ഒട്ടും കൂടുന്നില്ലെന്നത് ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയുടെ ഭാവി പ്രവചനാതീതമാക്കുകയാണ്.