Connect with us

From the print

ദരിദ്ര വിഭാഗങ്ങളെ തരംതിരിക്കുന്നത് ശാസ്ത്രീയമായാണോ?- സുപ്രീം കോടതി

ഇ- ശ്രാം പോര്‍ട്ടലിനു കീഴില്‍ യോഗ്യരായ കുടിയേറ്റ തൊഴിലാളികള്‍ക്കും അവിദഗ്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

Published

|

Last Updated

ന്യൂഡല്‍ഹി | ദരിദ്ര വിഭാഗങ്ങളെ തിരിച്ചറിയുന്നതിനും തരംതിരിക്കുന്നതിനും സംസ്ഥാനങ്ങള്‍ പിന്തുടരുന്നത് ശാസ്ത്രീയ രീതിയാണോയെന്ന് സുപ്രീം കോടതി.

അര്‍ഹതയില്ലാത്തവര്‍ക്ക് ബി പി എല്‍ (ദാരിദ്ര്യ രേഖക്ക് താഴെ) ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കെ സിംഗ് എന്നിവരടങ്ങിയ ബഞ്ചാണ് ചോദ്യമുന്നയിച്ചത്. ഇ- ശ്രാം പോര്‍ട്ടലിനു കീഴില്‍ യോഗ്യരായ കുടിയേറ്റ തൊഴിലാളികള്‍ക്കും അവിദഗ്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുണ്ടെന്ന് അവകാശപ്പെടുന്ന സംസ്ഥാനങ്ങള്‍ ജനസംഖ്യയുടെ ഭൂരിഭാഗവും ദരിദ്രരാണെന്ന് പറയുന്നുവെന്നും ബി പി എല്‍ വിഭാഗത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ അവകാശപ്പെടുന്നുവെന്നും ബഞ്ച് പറഞ്ഞു.

2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പരിധിയില്‍ വരണമെങ്കില്‍ നഗരജനസംഖ്യയുടെ 50 ശതമാനവും ഗ്രാമപ്രദേശങ്ങളിലെ ജനസംഖ്യയുടെ 75 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെയായിരിക്കണമെന്ന പരിധി ജനസംഖ്യാ കണക്കുകള്‍ അടിസ്ഥാനമാക്കി മാറ്റാന്‍ കഴിയുമോയെന്ന വിഷയമാണ് ബഞ്ച് പ്രധാനമായും പരിഗണിക്കുന്നത്. ന

ഓരോ സംസ്ഥാനവും ജനസംഖ്യയുടെ 70 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെയാണെന്ന് അവകാശപ്പെടുന്നുവെന്നും യഥാര്‍ഥ ദരിദ്രരെ ഉദ്ദേശിച്ചുള്ള ആനുകൂല്യങ്ങള്‍ അനര്‍ഹരുടെ കൈകളിലെത്തുന്നുണ്ടോയെന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

2021ലെ സെന്‍സസ് നടന്നിട്ടില്ലാത്തതിനാല്‍ ഇതുവരെ കണക്കാക്കാന്‍ കഴിയാത്ത റേഷന്‍ കാര്‍ഡിന് അര്‍ഹതയുള്ള ഏകദേശം പത്ത് കോടി ജനങ്ങള്‍ കൂടിയുണ്ടെന്നും ഭക്ഷ്യ വിഹിതം പരിഗണിക്കാതെ അവര്‍ക്ക് സൗജന്യ- സബ്സിഡി റേഷന്‍ നല്‍കണമെന്നും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.

ഇ- ശ്രാം പോര്‍ട്ടലില്‍ വ്യക്തികള്‍ വരുമാനവും മറ്റ് മാനദണ്ഡങ്ങളും രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ സൗജന്യ റേഷന് അര്‍ഹരാകൂ. വ്യക്തികളുടെ യോഗ്യത പരിശോധിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കും അവരുടേതായ മാനദണ്ഡങ്ങളുണ്ട്. എന്നാല്‍, വ്യക്തി ദരിദ്രനായിരിക്കണമെന്നതാണ് മാനദണ്ഡമെന്നും പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.

 

Latest