Editorial
സൂപ്പര്‍ പദവി ചമയുന്നത് കോടതിയോ ധന്‍ഖറോ?
വിശദ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം ഉള്‍ക്കൊള്ളിച്ച ഒരു അനുഛേദത്തെ കേവലം രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തി ഉപരാഷ്ട്രപതി വിമര്‍ശിച്ചത് അപലപനീയമാണ്.

ജുഡീഷ്യറിക്കെതിരെ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സംഘടിതമായ ആക്രമണമാണ് നടന്നുവരുന്നത്. ഗവര്‍ണര്‍ വിഷയത്തിലും വഖ്ഫ് നിയമ ഭേദഗതിയിലും സുപ്രീം കോടതിയില്‍ നിന്ന് സര്‍ക്കാറിന് തിരിച്ചടി നേരിട്ടതോടെയാണ് ജുഡീഷ്യറിക്കെതിരായ നീക്കം തുടങ്ങിയത്. നിയമസഭ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചതിനു പിന്നാലെ ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍ഖറാണ് ജുഡീഷ്യറിക്കെതിരായ വിമര്‍ശത്തിന് തുടക്കം കുറിച്ചത്. ഭരണഘടന അനുഛേദം 145 പ്രകാരം ഭരണഘടന വ്യാഖ്യാനിക്കാനുള്ള അധികാരം മാത്രമാണ് ജഡ്ജിമാര്‍ക്കുള്ളത്. ചില ജഡ്ജിമാര്‍ നിയമനിര്‍മാണവും എക്സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങളും നടത്തി സൂപ്പര്‍ പാര്‍ലിമെന്റായി പ്രവര്‍ത്തിക്കുകയാണെന്ന് ധന്‍ഖര്‍ കുറ്റപ്പെടുത്തി. രാജ്യസഭയിലെ ഇന്റേണുകളോട് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ഉപരാഷ്ട്രപതിയുടെ ഈ പരാമര്‍ശങ്ങള്‍. ജനാധിപത്യ ശക്തികള്‍ക്കെതിരായി ജുഡീഷ്യറിയുടെ കൈവശമുള്ള ന്യൂക്ലിയര്‍ മിസൈലാണ് 142ാം അനുഛേദമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രീം കോടതി പരിഗണിക്കുന്ന കേസില്‍ സമ്പൂര്‍ണ നീതി നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്താനായി ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിക്ക് അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്.
സുപ്രീം കോടതി നിയമം നിര്‍മിക്കുകയാണെങ്കില്‍ പാര്‍ലിമെന്റ് അടച്ചുപൂട്ടണമെന്ന പ്രസ്താവനയുമായി പിന്നാലെ ബി ജെ പി. എം പിമാരായ നിഷികാന്ത് ദുബെയും തുടര്‍ന്ന് ദിനേശ് ശര്‍മയും രംഗത്തു വന്നു. പാര്‍ലിമെന്റ് പാസ്സാക്കിയ വഖ്ഫ് ഭേദഗതി നിയമങ്ങള്‍ താത്കാലികമായി മരവിപ്പിച്ചു കൊണ്ടുള്ള കോടതിയുടെ ഉത്തരവാണ് ഇവരെ ചൊടിപ്പിച്ചത്. പാര്‍ലിമെന്റാണ് രാജ്യത്ത് നിയമങ്ങള്‍ നിര്‍മിക്കുന്നത്, രാഷ്ട്രപതിയാണ് ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്, എന്നിരിക്കെ പാര്‍ലിമെന്റിന് നിര്‍ദേശം നല്‍കാന്‍ കോടതിക്ക് എന്തധികാരമെന്ന് ചോദിച്ച ദുബെ, രാജ്യത്ത് മതയുദ്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് സുപ്രീം കോടതിയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമിടയിലും സര്‍ക്കാറിനും ജുഡീഷ്യറിക്കുമിടയിലും തുല്യ അകലം പാലിക്കേണ്ട വ്യക്തിയാണ് രാജ്യസഭാ അധ്യക്ഷ പദവി കൂടി വഹിക്കുന്ന ഉപരാഷ്ട്രപതി. സര്‍ക്കാറിന്റെയോ ഭരണകക്ഷിയുടെയോ വക്താവായി അദ്ദേഹം തരംതാഴരുത്. പദവിക്ക് നിരക്കാത്തതായിപ്പോയി ധന്‍ഖറിന്റെ പ്രസ്താവന. അതേസമയം, രാഷ്ട്രീയ വൃത്തങ്ങളില്‍ ഇത് അത്ഭുതമുളവാക്കുന്നില്ല. ബംഗാള്‍ ഗവര്‍ണര്‍ പദവി വഹിച്ച ശേഷമാണ് ധന്‍ഖര്‍ ഉപരാഷ്ട്രപതി പദവിയിലെത്തുന്നത്. കേരളത്തില്‍ ആരിഫ് മുഹമ്മദ് ഖാനെന്ന പോല, ബംഗാളില്‍ ബി ജെ പിക്കും കേന്ദ്രത്തിനും വേണ്ടി രാഷ്ട്രീയമായി കളിച്ചയാളാണ് ധന്‍ഖര്‍. ഗവര്‍ണര്‍മാരുടെ അധികാര പരിധി ലംഘിച്ച്, ജനങ്ങള്‍ ഭരിക്കാന്‍ തിരഞ്ഞെടുത്തയച്ച സംസ്ഥാന സര്‍ക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കുകയായിരുന്നു ബംഗാളില്‍ അദ്ദേഹം. അവസാനം കോടതിയാണ് അദ്ദേഹത്തെ പിടിച്ചു കെട്ടിയത്. ഈ വിദ്വേഷം കൂടിയുണ്ട് ധന്‍ഖറിന് ജുഡീഷ്യറിയോടെന്നാണ് വിലയിരുത്തപ്പെടുന്നത്.
142ാം അനുഛേദത്തിന്റെ ബലത്തില്‍ സുപ്രീം കോടതി അമിതാധികാരം പ്രയോഗിക്കുകയും സൂപ്പര്‍ പാര്‍ലിമെന്റായി മാറുകയും ചെയ്തുവെന്ന ധാരണ അബദ്ധമാണെന്നാണ് നിയമജ്ഞരുടെ പക്ഷം. സഭ പാസ്സാക്കിയ ബില്ലുകളുടെ കാര്യത്തിലുള്ള തീരുമാനം ഗവര്‍ണറോ രാഷ്ട്രപതിയോ അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണെങ്കില്‍ സംസ്ഥാനത്ത് ഭരണ പ്രതിസന്ധി രൂപപ്പെടുകയും ജനകീയ താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ബില്ലുകളിലെ തീര്‍പ്പിന് പരിധി നിശ്ചയിക്കേണ്ടത് ജുഡീഷ്യറിയുടെ ബാധ്യതയും ഭരണഘടനയോടുള്ള കടപ്പാടുമാണ്. സര്‍ക്കാറുകളെ സുഖിപ്പിക്കുന്ന വിധികളും ഉത്തരവുകളും പുറപ്പെടുവിക്കുകയല്ല കോടതിയുടെ ഉത്തരവാദിത്വം, നീതി ഉറപ്പ് വരുത്തുകയാണ്. ഈ ലക്ഷ്യത്തില്‍ തന്നെയാണ് ഭരണഘടനാ നിര്‍മാതാക്കള്‍ 142ാം അനുഛേദം ഉള്‍പ്പെടുത്തിയതും. വിശദ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം ഉള്‍ക്കൊള്ളിച്ച ഒരു അനുഛേദത്തെ കേവലം രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തി ഉപരാഷ്ട്രപതി വിമര്‍ശിച്ചത് അപലപനീയമാണ്.
ആര്‍ക്കും വിധേയപ്പെടാതെ സ്വതന്ത്രമായി നില്‍ക്കുകയും കേസുകളില്‍ നിഷ്പക്ഷമായി വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുകയുമാണ് ജനാധിപത്യ വ്യവസ്ഥിതിയില്‍ കോടതികളുടെ ബാധ്യത. ബാഹ്യവും ആന്തരികവുമായ എല്ലാ സമ്മര്‍ദങ്ങളില്‍ നിന്നും മുക്തമായിരിക്കണം ജുഡീഷ്യറി. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്നതിനും ജുഡീഷ്യറിക്ക് സ്വാതന്ത്ര്യം അനിവാര്യമാണ്. നിഷ്പക്ഷമായ ജുഡീഷ്യറിക്കു മാത്രമേ ഇത്തരം അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഭയപ്പെടാതെ ജഡ്ജിമാര്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്ന വിധം ജുഡീഷ്യറിയെയും എക്സിക്യൂട്ടീവിനെയും വേറിട്ടു നിലനിര്‍ത്തണമെന്ന് ഭരണഘടനാ അനുഛേദം 50 വ്യക്തമാക്കുന്നു. അതേസമയം ഭീഷണിയുടെ സ്വരം മുഴക്കി ജഡ്ജിമാരെ സമ്മര്‍ദത്തിലാക്കി ജുഡീഷ്യറിയെ തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും കേന്ദ്ര ഭരണകക്ഷിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ട്. അത്തരമൊരു തന്ത്രമാണ് നിഷികാന്ത് ദുബെ, ദിനേശ് ശര്‍മ തുടങ്ങിയ എം പിമാരെ ഉപയോഗപ്പെടുത്തി ബി ജെ പി നടത്തിക്കൊണ്ടിരിക്കുന്നത്. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ദുബെയെ തള്ളിപ്പറയുകയും അദ്ദേഹത്തിന്റെ പ്രസ്താവനയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ടങ്കിലും പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതെ ദുബെ ഇത്തരമൊരു പ്രസ്താവന നടത്താന്‍ സാധ്യതയില്ലെന്ന അഭിപ്രായത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. അഥവാ ദുബെയുടെ പ്രസ്താവന നേതൃത്വത്തിന്റെ അറിവോടെയല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ബി ജെ പി നേതൃത്വം തയ്യാറാകേണ്ടതുണ്ട്.