Connect with us

articles

അരവിന്ദ് കെ ജ്്രിവാളിന് ഇനി തിരിച്ചടികളുടെ കാലമോ?

കെജ്്രിവാളിന്റെ ശക്തിയും പ്രതീക്ഷയും ഡൽഹി ആയിരിക്കെ ഭരണസാരഥ്യത്തിൽ നിന്ന് പൂർണമായും തൂത്തെറിയപ്പെടുന്നത് പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തെ ബാധിക്കും. രാജ്യതലസ്ഥാനത്തിന്റെ തലയെടുപ്പ് ഉപയോഗപ്പെടുത്തി നടത്തിയ രാഷ്ട്രീയം പഞ്ചാബിന്റെ മേൽവിലാസത്തിൽ നടത്താൻ അരവിന്ദ് കെജ്്രിവാളിന് സാധിച്ചെന്നുവരില്ല.

Published

|

Last Updated

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ പരാജയത്തെ കുറിച്ച് പാർട്ടിയുടെ സ്ഥാപക അംഗമായ പ്രശാന്ത് ഭൂഷൺ പറഞ്ഞത് ഇത് ആം ആദ്മി പാർട്ടിയുടെ അവസാനത്തിന്റെ തുടക്കമാണെന്നായിരുന്നു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പരാജയപ്പെട്ടു എന്ന് മാത്രമല്ല മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്്രിവാളിന് ന്യൂഡൽഹി സീറ്റ് നിലനിർത്താനും സാധിച്ചില്ല. മദ്യനയത്തിലെ അഴിമതി ആരോപണത്തെ തുടർന്ന് ആറ് മാസത്തെ തടവിന് ശേഷം ജാമ്യത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ അരവിന്ദ് കെജ്്രിവാൾ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ട് പറഞ്ഞത് താൻ സത്യസന്ധനാണോ അല്ലയോ എന്ന് ജനങ്ങളുടെ കോടതി തീരുമാനിക്കും എന്നായിരുന്നു.

ഏതായാലും ജനവിധി കെജ്്രിവാളിനെതിരായിരുന്നു. ആം ആദ്മി പാർട്ടിയുടെ തോൽവി അഴിമതി ആരോപണത്തിന്റെ പേരിലല്ല എന്ന് വ്യക്തം. 70 അംഗ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് 48ഉം ആം ആദ്മി പാർട്ടിക്ക് 22 സീറ്റുമാണ് ലഭിച്ചത്. ബി ജെ പിക്ക് 45.56 ശതമാനം വോട്ട് ലഭിച്ചപ്പോൾ ആം ആദ്മി പാർട്ടിക്ക് ലഭിച്ചത് 43.57 ശതമാനം വോട്ടുകളാണ്. ബി ജെ പിക്ക് അധികം ലഭിച്ചത് രണ്ട് ശതമാനം വോട്ട് മാത്രമാണ്. രണ്ട് ശതമാനം അധിക വോട്ടിന്റെ ബലത്തിലാണ് ബി ജെ പി യുടെ ജയം. ഈ കണക്കുകൾ പറയുന്നത് ജനങ്ങൾക്ക് എ എ പിയിൽ ഇപ്പോഴും വിശ്വാസം ഉണ്ട് എന്നാണ്. എന്നാൽ ഈ വിശ്വാസവും കണക്കുകളും കൊണ്ടുമാത്രം പിടിച്ചുനിൽക്കാൻ എ എ പി ക്ക് സാധിക്കില്ല. കൈയിലുള്ള ഡൽഹി നഗര ഭരണവും എ എ പിക്ക് നഷ്ടപ്പെടുകയാണ്. എ എ പി യുടെ അവസാനത്തിന്റെ തുടക്കം എന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞത് ഇത്തരം സാഹചര്യം മുൻകൂട്ടി കണ്ടതു കൊണ്ടാകാം.

ഡൽഹിയിലെ മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഏറ്റവും വലിയ സ്ഥാപനമാണ് ഡൽഹി മുനിസിപൽ കോർപറേഷൻ (എം സി ഡി). അഞ്ച് വർഷമാണ് കൗൺസിൽ കാലാവധിയെങ്കിലും എം സി ഡി ചട്ടപ്രകാരം മേയറുടെ കാലാവധി ഒരുവർഷമാണ്. മേയറെ തിരഞ്ഞെടുക്കുന്നത് എല്ലാ വർഷവും ഏപ്രിലിലാണ്. ആദ്യ ടേം വനിതകകൾക്കും മൂന്നാമത്തേത് സംവരണ വിഭാഗത്തിനുമാണ്. രണ്ടാമത്തേതും അവസാനത്തെ രണ്ട് ടേമുകളും ഓപൺ വിഭാഗത്തിനാണ്.
27 വർഷത്തെ കാത്തിരിപ്പിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ബി ജെ പിയുടെ കൈകളിലേക്ക് ഡൽഹി മുനിസിപൽ കോർപറേഷൻ ഭരണവും ചെന്നുചേരുകയാണ്. മേയർ തിരഞ്ഞെടുപ്പ് അടുത്ത ഏപ്രിലിലാണ്. നിലവിൽ എ എ പിയുടെ മഹേഷ് ഖിച്ചിയാണ് മേയർ. 2022 ഡിസംബറിൽ നടന്ന ഡൽഹി മുനിസിപൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഭൂരിപക്ഷം നേടുകയുണ്ടായി. എ എ പി യുടെ വിജയം 15 വർഷത്തെ ബി ജെ പി ആധിപത്യത്തിന് വിരാമം കുറിച്ചുകൊണ്ടുള്ളതായിരുന്നു. മേയർ തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളജിൽ 274 അംഗങ്ങളാണുള്ളത്. 250 തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ, തലസ്ഥാനത്തെ പത്ത് എം പിമാർ (ഏഴ് ലോക്സഭ , മൂന്ന് രാജ്യസഭ), നിയമസഭയിലെ പാർട്ടി അംഗങ്ങളുടെ ആനുപാതികമായി സ്പീക്കർ നാമനിർദേശം ചെയ്യുന്ന 14 എം എൽ എ മാർ എന്നിങ്ങനെയാണത്.

കഴിഞ്ഞ എം സി ഡി തിരഞ്ഞെടുപ്പിൽ എ എ പി 134 വാർഡുകളിലും ബി ജെ പി 104 വാർഡുകളിലും കോൺഗ്രസ്സ് ഒമ്പത് വാർഡുകളിലും വിജയിച്ചു. മൂന്ന് വാർഡുകൾ സ്വതന്ത്രർ നേടി. നിലവിലുള്ള കൗൺസിലർമാരിൽ ചിലർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും എ എ പി കൗൺസിലർമാരിൽ ചിലരുടെ കൂറുമാറ്റവും കക്ഷിനിലയിൽ മാറ്റംവരുത്തിയിട്ടുണ്ട്. നിയമസഭാ ഫലപ്രഖ്യാപനത്തിന് പിറകെ മൂന്ന് എ എ പി കൗൺസിലർമാർ ബി ജെ പി യിലേക്ക് കൂറുമാറി. ആൻഡ്രൂസ് ഗഞ്ചിൽ നിന്നുള്ള അനിത ബസോയ, ആർ കെ പുരത്തിൽ നിന്നുള്ള ധരംവീർ, ചപ്രാനയിൽ നിന്നുള്ള നിഖിൽ എന്നിവരാണ് കൂറുമാറിയത്.

ഇതിനകം 13 എ എ പി കൗൺസിലർമാർ പാർട്ടി മാറുകയുണ്ടായി. നിലവിൽ ബി ജെ പിക്ക് 111 ഉം എ എ പിക്ക് 119 ഉം കോൺഗ്രസ്സിന് എട്ടും കൗൺസിലർമാരാണുള്ളത്. തിരഞ്ഞെടുത്ത കൗൺസിൽമാർക്ക് പുറമേ സംസ്ഥാനത്തെ ഏഴ് ലോക്സഭാ എം പിമാരും മൂന്ന് രാജ്യസഭ എം പിമാരും 14 എം എൽ എമാരും വോട്ടവകാശമുള്ള അംഗങ്ങളാണ്. കൂടാതെ ഒരു കൗൺസിലർ ലെഫ്റ്റനന്റ്ഗവർണറുടെ നോമിനിയാണ്. കഴിഞ്ഞ ഏപ്രിലിൽ നടക്കേണ്ടിയിരുന്ന മേയർ തിരഞ്ഞെടുപ്പ് നവംബറിലാണ് നടന്നത്. ലഫ്‌നന്റ്ഗവർണറുടെ നോമിനിയുടെ വോട്ടവകാശവുമായുള്ള തർക്കത്തെതുടർന്ന് മേയർ തിരഞ്ഞെടുപ്പ് തീയതി നീണ്ടുപോകുകയായിരുന്നു. നിലവിൽ നാമനിർദേശം ചെയ്യപ്പെട്ട കൗൺസിലർമാർക്ക് മേയർ തിരഞ്ഞെടുപ്പിൽ വോട്ടവകാശമില്ല.

നിയമസഭയിലെ പുതിയ കക്ഷിനില പ്രകാരം ബി ജെ പിക്ക് ഒമ്പത് എം എൽ എമാരുടെയും ഏഴ് എം പിമാരുടെയും പിന്തുണ ലഭിക്കുമെന്നതിനാൽ ഏപ്രിലിൽ നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വിജയം ഉറപ്പിക്കാം. രാജ്യസഭയിലെ മൂന്നംഗങ്ങൾ എ എ പിയിൽ നിന്നുള്ളവരാണ്. ഒരുകൗൺസിലർ ലോക്സഭയിലേക്കും 11 കൗൺസിലർമാർ നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് 12 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇതിൽ ഒമ്പത് സീറ്റുകൾ കഴിഞ്ഞ തവണ ബി ജെ പി ജയിച്ച സീറ്റുകളാണ്. ഒഴിവുള്ള കൗൺസിൽ സ്ഥാനത്തേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം മറിച്ചായാൽ ബി ജെ പിക്ക് തിരിച്ചടിയാകും. അതുകൊണ്ട് പുതിയ മേയറെ തിരഞ്ഞെടുക്കാനുള്ള കാലാവധിയായ ഏപ്രിൽ വരെ കാത്തുനിൽക്കാതെ ബി ജെ പി മേയർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കാം. അങ്ങനെയാണെങ്കിൽ ഒരുമാസത്തിനിടയിൽ കെജ്്രിവാൾ നേരിടുന്ന രണ്ടാമത്തെ തിരിച്ചടി ആയിരിക്കും.

കെജ്്രിവാളിന്റെ ശക്തിയും പ്രതീക്ഷയും ഡൽഹി ആയിരിക്കെ ഭരണസാരഥ്യത്തിൽ നിന്ന് പൂർണമായും തൂത്തെറിയപ്പെടുന്നത് പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തെ ബാധിക്കും. രാജ്യതലസ്ഥാനത്തിന്റെ തലയെടുപ്പ് ഉപയോഗപ്പെടുത്തി നടത്തിയ രാഷ്ട്രീയം പഞ്ചാബിന്റെ മേൽവിലാസത്തിൽ നടത്താൻ കെജ്്രിവാളിന് സാധിച്ചെന്നുവരില്ല