gujrat election
കെജ്‌രിവാള്‍ ബി ജെ പിക്ക് മണ്ണൊരുക്കുന്നുവോ?
കെജ്‌രിവാളോ ആം ആദ്മി പാര്‍ട്ടിയോ കോണ്‍ഗ്രസ്സോ എന്നതല്ല പ്രശ്‌നം. സംഘ്പരിവാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന നയങ്ങള്‍ക്ക് സ്വീകാര്യത വന്നാല്‍ പിന്നെ ആര് ഭരിച്ചാലും അവര്‍ക്ക് പ്രശ്‌നമാകില്ല. അവരുടെ മണ്ണ് ഒരുങ്ങിക്കഴിഞ്ഞു. കെജ്‌രിവാള്‍ മാത്രമല്ല മതേതര ഇടതുപക്ഷ പുരോഗമനക്കാര്‍ എന്നറിയപ്പെടുന്നവര്‍ പോലും ഒളിഞ്ഞും തെളിഞ്ഞും ഇത്തരം അജന്‍ഡകള്‍ക്ക് സ്വീകാര്യത സൃഷ്ടിക്കുന്നു. ഇതാണ് സംഘ്പരിവാറിന്റെ വിജയം.
ഇന്ത്യന്‍ കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളായ ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍, ഗാന്ധിജിക്കൊപ്പം ചേര്‍ക്കണം എന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം അക്ഷരാര്‍ഥത്തില്‍ പലരെയും ഞെട്ടിച്ചിരിക്കുകയാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ലക്ഷ്മിയെ സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായും ഗണപതിയെ എല്ലാ വിധ തടസ്സങ്ങളും നീക്കുന്നതിനുള്ള ദേവനായുമാണ് ഹിന്ദു വിശ്വാസികള്‍ കാണുന്നത്. ഇത്തരം ഒരു അഭ്യര്‍ഥന പരസ്യമായി നടത്തുന്നതിനുള്ള കാരണമായി അദ്ദേഹം പറയുന്നത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്, അത് പരിഹരിക്കാന്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനും ഈ ദൈവങ്ങളുടെ സഹായം വേണം എന്നാണ്. ഈ ചിത്രങ്ങള്‍ നല്‍കുന്നതിനോടൊപ്പം മറ്റു നിരവധി കാര്യങ്ങളും ചെയ്യേണ്ടതുണ്ടെന്നും കെജ്‌രിവാള്‍ പ്രധാനമന്ത്രിയെ ഓര്‍മിപ്പിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിനെയും അതിനു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തെയും വിലയിരുത്താനാണ് ഇവിടെ ശ്രമിക്കുന്നത്.
ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആരവം തുടങ്ങിയിട്ട് മാസങ്ങളായി. 2017ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു എങ്കിലും ബി ജെ പിക്ക് തൊട്ടു പിന്നില്‍ ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം ഒരു പരാജയമായിരുന്നു എന്നും അതിന്റെ ഫലമായി ശക്തമായ ഒരു ഭരണവിരുദ്ധവികാരം രൂപപ്പെട്ടിരിക്കുന്നു എന്നുമാണ് പല നിരീക്ഷകരും പ്രവചിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ആം ആദ്മി പാര്‍ട്ടി വരുന്ന തിരഞ്ഞെടുപ്പില്‍ ഒരു നിര്‍ണായക ശക്തിയാകും എന്നും പ്രവചനമുണ്ട്. പഞ്ചാബില്‍ അവര്‍ നേടിയ വിജയവും അരവിന്ദ് കെജ്‌രിവാളും മറ്റു നേതാക്കളും സംസ്ഥാനത്തു നടത്തിയ പ്രചാരണ യോഗങ്ങളിലെ ജനപങ്കാളിത്തവുമെല്ലാം ഇതിന്റെ സൂചനകളായി അവര്‍ കാണുന്നു. പ്രതിപക്ഷമായ കോണ്‍ഗ്രസ്സിലെ ഹാര്‍ദിക് പാണ്ഡെ പോലുള്ള സമുന്നതരായ പല നേതാക്കളും ബി ജെ പി പക്ഷത്തേക്ക് കൂറുമാറിയതും ബി ജെ പിക്കെതിരായ പ്രധാന ശക്തി ആം ആദ്മി ആണെന്ന ധാരണ വളര്‍ത്താന്‍ സഹായകമായിട്ടുണ്ട്. പതിവ് പോലെ കേന്ദ്ര ഭരണകക്ഷിക്കു സഹായകമാകും വിധത്തില്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിച്ചിരിക്കുകയാണ്. ഹിമാചല്‍ പ്രദേശിനൊപ്പം അവിടെയും വോട്ടെടുപ്പ് നടത്തേണ്ടതാണ്. തന്നെയുമല്ല മുമ്പൊരിക്കലും ഇല്ലാത്ത വിധത്തില്‍ അദാനിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ജയിക്കാന്‍ വേണ്ട സംഘടിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും പറയുന്നു.
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ മുന്നേറ്റത്തെ പറ്റി പല വിധത്തിലുള്ള വിലയിരുത്തലുകള്‍ നടന്നിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നുമുണ്ട്. ഒറ്റ നോട്ടത്തില്‍ ഇത് ബി ജെ പിക്ക് അനുകൂലമാകും വിധത്തില്‍ അവര്‍ക്കെതിരായ വോട്ടുകളെ ഭിന്നിപ്പിക്കും എന്ന ചിന്തയാണുണ്ടാക്കുക. എന്നാല്‍ ആം ആദ്മിക്കാര്‍ പറയുന്നത് ഗുജറാത്തില്‍ ബി ജെ പിയെ നേരിടുന്ന പ്രധാന ശക്തി തങ്ങള്‍ ആണ് എന്നാണ്. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസ്സും മറ്റ് മതേതര കക്ഷികളും പിടിക്കുന്ന വോട്ടുകളാകും ബി ജെ പിയെ സഹായിക്കുക എന്നാണ്. ഈ വാദത്തിന് അനുകൂലമായി അവര്‍ ചൂണ്ടിക്കാട്ടുന്ന ചില വസ്തുതകള്‍ ഉണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ഉടനെ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത് ഉള്‍പ്പെടുന്നില്ല എന്നതാണ് അതില്‍ ഒന്ന്. ഇതത്ര കാര്യമാക്കേണ്ടതില്ല, കാരണം ഈ യാത്ര കേവലം ഒരു നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ളതല്ലെന്ന് കോണ്‍ഗ്രസ്സ് പറയുന്നു. കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രിയും ഗുജറാത്തില്‍ പലവട്ടം പ്രചാരണം നടത്തി എന്നതാണ് മറ്റൊന്ന്. കോണ്‍ഗ്രസ്സ് ഈ നിലപാടിനെ അവജ്ഞയോടെ തള്ളിക്കളയുന്നു. നഗര പ്രദേശങ്ങളിലാണ് ആം ആദ്മി ശക്തിപ്രകടനം നടത്തുന്നത്. ഗ്രാമീണ മേഖലകളില്‍ അവര്‍ക്ക് സംഘടനാ സംവിധാനങ്ങള്‍ ഇല്ല. എന്നാല്‍ കോണ്‍ഗ്രസ്സ് ശക്തമായിട്ടുള്ളത് ആ മേഖലയിലാണ്. നഗരത്തില്‍ ആം ആദ്മി നേടുന്ന വോട്ടുകള്‍ ബി ജെ പിയെയാണ് ബാധിക്കുക.
ആം ആദ്മി ബി ജെ പിയുടെ ബി ടീം ആണെന്ന ആരോപണം കോണ്‍ഗ്രസ്സ് ഏറെക്കാലമായി ഉയര്‍ത്തുന്നുണ്ട്. (തിരിച്ച് കോണ്‍ഗ്രസ്സാണ് ബി ടീം എന്ന് ആം ആദ്മിയും പറയുന്നുണ്ട്). ഏറ്റവും ഒടുവില്‍ കെജ്‌രിവാള്‍ ഉന്നയിച്ച ആവശ്യം – കറന്‍സിയില്‍ ദേവി ദേവന്മാരുടെ ചിത്രങ്ങള്‍ വേണമെന്നത് – തങ്ങളുടെ വാദത്തിനുള്ള സാധൂകരണമായി കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കാട്ടുന്നു.
ബി ജെ പി ഗുജറാത്തില്‍ കടുത്ത പ്രതിരോധത്തിലാണ് എന്നത് അവര്‍ തന്നെ അംഗീകരിക്കുന്ന വസ്തുതയാണ്. പണവും ആള്‍ബലവും കൊണ്ട് മാത്രം ഈ ദൗര്‍ബല്യം മറികടക്കാന്‍ കഴിയും എന്ന് കരുതുക എളുപ്പമല്ല. എതിരാളികളുടെ ഭിന്നിപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ജയ സാധ്യതയാണ്. ആം ആദ്മിയെ പ്രധാന എതിരാളിയായി ഉയര്‍ത്തിക്കാട്ടാന്‍ ബി ജെ പി തന്നെ ശ്രമിക്കുന്നു എന്ന വാദവും തള്ളിക്കളയാന്‍ പറ്റില്ല.
ഈ സാഹചര്യത്തിലാണ് ഹിന്ദു മത വിശ്വാസികളായ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ഈ ആവശ്യത്തെ കാണേണ്ടത്. അടവുനയം എന്ന രീതിയില്‍ ആം ആദ്മിക്കാര്‍ ഇതിനെ ന്യായീകരിക്കുന്നു. ഈ മുദ്രാവാക്യം ബി ജെ പിയെ തന്നെ വെട്ടിലാക്കും എന്നും ഡല്‍ഹി മാതൃകയില്‍ ജനങ്ങള്‍ക്ക് നിരവധി സൗജന്യ സേവനങ്ങള്‍ (വെള്ളം, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം മുതലായവ) നല്‍കുമെന്ന പ്രഖ്യാപനം കൂടിയാകുമ്പോള്‍ ജനങ്ങള്‍ ബി ജെ പിയെ പുറന്തള്ളുമെന്നും അവര്‍ കണക്കുകൂട്ടുന്നു.
ആം ആദ്മി ഇത്തരം അടവുനയങ്ങള്‍ എന്ന പേരില്‍ ഇങ്ങനെ ചെയ്യുന്നത് ആദ്യമായല്ല. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കുന്ന സുപ്രീം കോടതി വിധി വന്നപ്പോള്‍ അതിനെ സ്വാഗതം ചെയ്തവരില്‍ കെജ്‌രിവാള്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. താന്‍ ഹനുമാന്‍ ദാസന്‍ ആണെന്നും ശ്രീരാമന്‍ അയോധ്യയിലേക്ക് തിരിച്ചു വരുന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞതാണ്. രാജ്യമാകെ ഇളക്കിമറിച്ച പൗരത്വ നിയമഭേദഗതിയെ മറ്റു പ്രതിപക്ഷങ്ങള്‍ കണ്ടതു പോലെയല്ല അദ്ദേഹം കണ്ടത്. ഇതിലെല്ലാം പ്രധാനമാണ് കശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞ, ഭരണഘടനയുടെ 370ാം വകുപ്പ് ഭേദഗതി ചെയ്തപ്പോള്‍ കെജ്‌രിവാള്‍ സ്വീകരിച്ച നിലപാട്. ഡല്‍ഹി എന്ന അര്‍ധ സംസ്ഥാനത്തിന് പൂര്‍ണ സംസ്ഥാന പദവി നല്‍കണം എന്ന് ഏറ്റവും ശക്തിയായി വാദിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി കശ്മീരിന്റെ പദവി താഴ്ത്തിയപ്പോള്‍ അതിനെ സ്വാഗതം ചെയ്തു.
ഈ അടവ് നയങ്ങള്‍ പ്രയോഗിച്ചു കൊണ്ട് ബി ജെ പിയെ പരാജയപ്പെടുത്താന്‍ കഴിയുമോ എന്നത് ഒരു സാങ്കേതിക ചോദ്യമാണ്. ജനങ്ങള്‍ക്ക് സൗജന്യ സേവനം നല്‍കുന്ന ഒരു മൃദു(?)ഹിന്ദുത്വവാദിയെ അവര്‍ തിരഞ്ഞെടുക്കുമോ എന്നതാണ് ആ ചോദ്യം. എന്നാല്‍ രാഷ്ട്രീയമായി വളരെ പ്രധാനപ്പെട്ട മറ്റൊരു ചോദ്യമുണ്ട്. ഇത്തരം അടവുകളില്‍ കൂടി താത്കാലികമായി ബി ജെ പി പരാജയപ്പെട്ടാല്‍ തന്നെ അതുകൊണ്ടെന്ത് ഗുണം?
ആ ജനത സംഘ്പരിവാറിന്റെ അജന്‍ഡക്ക് കീഴ്‌പ്പെട്ടിരിക്കുന്നു. കെജ്‌രിവാളോ ആം ആദ്മി പാര്‍ട്ടിയോ കോണ്‍ഗ്രസ്സോ എന്നതല്ല പ്രശ്‌നം. സംഘ്പരിവാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന നയങ്ങള്‍ക്ക് സ്വീകാര്യത വന്നാല്‍ പിന്നെ ആര് ഭരിച്ചാലും അവര്‍ക്ക് പ്രശ്‌നമാകില്ല. അവരുടെ മണ്ണ് ഒരുങ്ങിക്കഴിഞ്ഞു. കെജ്‌രിവാള്‍ മാത്രമല്ല മതേതര ഇടതുപക്ഷ പുരോഗമനക്കാര്‍ എന്നറിയപ്പെടുന്നവര്‍ പോലും ഒളിഞ്ഞും തെളിഞ്ഞും ഇത്തരം അജന്‍ഡകള്‍ക്ക് സ്വീകാര്യത സൃഷ്ടിക്കുന്നു. ഇതാണ് സംഘ്പരിവാറിന്റെ വിജയം. തിരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും അതാകുമോ സംഭവിക്കുക?