Connect with us

Articles

അത്രക്കങ്ങ് ചുവന്നോ ലങ്ക?

മഹിന്ദ രജപക്സെയുടെയും ഗോതബായ രജപക്സെയുടെയും സ്വേച്ഛാധിപത്യ ഭരണത്തിനെതിരായി നടന്ന പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നിന്നുവെന്നതാണ് എ കെ ഡിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും യുവാക്കള്‍ക്ക് പ്രിയങ്കരമാക്കിയത്.

Published

|

Last Updated

ശ്രീലങ്കന്‍ ജനതയുടെ അതിജീവന സ്വപ്നങ്ങള്‍ മുഴുവന്‍ ചുമലിലേറ്റി അനുര കുമാര ദിസനായകെ രാജ്യത്തിന്റെ പ്രസിഡന്റായി അധികാരമേറ്റിരിക്കുന്നു. അദ്ദേഹത്തെ അനുയായികള്‍ സ്നേഹപൂര്‍വം എ കെ ഡിയെന്നാണ് വിളിക്കുന്നത്. കൂലിത്തൊഴിലാളിയുടെ മകനാണ്. 2000ത്തില്‍ എം പിയായി. കൃഷി മന്ത്രിയായിരുന്നു. 2019ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു, ദയനീയമായി തോറ്റു. കടുത്ത ഇന്ത്യാ വിമര്‍ശകനായിരുന്ന അദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയില്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ച് അമിത് ഷായുമായും അജിത് ഡോവലുമായും ചര്‍ച്ച നടത്തി ആ പ്രതിച്ഛായ മായ്ക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. ദേശീയ ജനകീയ സഖ്യ (എന്‍ പി പി)ത്തിന്റെ നേതാവാണ് ദിസനായകെ. ജനത വിമുക്തി പെരമുന (ജെ വി പി)യാണ് സ്വന്തം പാര്‍ട്ടി. മാര്‍ക്സിസ്റ്റ് ചന്താധാരയിലാണ് പ്രത്യയശാസ്ത്രപരമായി ജനത വിമുക്തി പെരമുന നിലകൊള്ളുന്നത്. അതുകൊണ്ടാണ് കേരളത്തില്‍ ദിസനായകെയെ സഖാവ് ചേര്‍ത്ത് വിളിക്കുന്നത്. ലങ്ക ചുവന്നുവെന്ന് ആഘോഷമുയരുന്നതും. ചുവപ്പ് പശ്ചാത്തലത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങളാണ് എ കെ ഡിയുടേതായി നിറയുന്നത്. ആ ദൃശ്യങ്ങളിലെല്ലാം വല്ലാത്തൊരു ഊര്‍ജം കാണാനുണ്ട്.

ബുദ്ധക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചും സിംഹള വംശാഭിമാന ഗീതങ്ങള്‍ ഉരുവിട്ട ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ബുദ്ധ മേധാവിയില്‍ നിന്ന് അനുഗ്രഹം വാങ്ങിയുമാണ് എ കെ ഡി ഭരണസാരഥ്യത്തിലേക്ക് കയറിയത്. മുന്‍ ഭരണാധികാരികള്‍ വരുത്തിയ തെറ്റുകള്‍ തിരുത്തുമെന്നും തകര്‍ന്നടിഞ്ഞു നില്‍ക്കുന്ന സമ്പദ് വ്യവസ്ഥയെ നേരെയാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുമെന്നും എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുമെന്നും വിദേശ രാജ്യങ്ങളിലും ഏജന്‍സികളിലുമുള്ള ആശ്രിതത്വം കുറയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വലിയ പ്രതീക്ഷയോടെയാണ് ശ്രീലങ്കന്‍ ജനത ഈ നേതാവിന്റെ വാക്കുകള്‍ ശ്രവിക്കുന്നത്. മൂന്ന് വര്‍ഷത്തിലേറെയായി കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും അരാജകത്വത്തിന്റെയും ആഭ്യന്തര കലാപ സമാനമായ പ്രക്ഷോഭത്തിന്റെയും നാളുകളായിരുന്നു ലങ്കയില്‍. പുതിയ പ്രസിഡന്റിന്റെ വിജയം പ്രഖ്യാപിച്ച രാത്രി തന്നെ മിക്ക നഗരങ്ങളിലും കര്‍ഫ്യൂ പിന്‍വലിക്കുകയും പോലീസ് നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്തത് വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയായാണ് ജനം കണക്കിലെടുക്കുന്നത്.

മഹിന്ദ രജപക്സെയുടെയും ഗോതബായ രജപക്സെയുടെയും സ്വേച്ഛാധിപത്യ ഭരണത്തിനെതിരായി നടന്ന പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നിന്നുവെന്നതാണ് എ കെ ഡിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും യുവാക്കള്‍ക്ക് പ്രിയങ്കരമാക്കിയത്. രാജി സമര്‍പ്പിക്കാന്‍ പോലും കാത്തുനില്‍ക്കാതെ നാടുവിട്ടോടിയ രജപക്സെമാരായിരുന്നു ബൂത്തിലേക്ക് പോകുമ്പോള്‍ അവരുടെ മനസ്സില്‍. എല്‍ ടി ടി ഇയെ ചോരയില്‍ മുക്കിക്കൊന്ന രജപക്സെയുടെ ക്രൗര്യം ഒരിക്കല്‍ നെഞ്ചേറ്റിയവരാണ് ശ്രീലങ്കന്‍ ജനത. പിന്നെ ബാലറ്റിലൂടെ തന്നെ രജപക്സെ കുടുംബത്തിന് തിരിച്ചടി നല്‍കി. സലഫി ഗ്രൂപ്പുകളുടെ വിഡ്ഢിത്തത്തിന്റെ പഴുതില്‍ മുസ്ലിം പേടി കത്തിച്ച് നിര്‍ത്തി സിംഹള ഏകീകരണം സാധ്യമാക്കിയതോടെ വീണ്ടും അധികാരം രജപക്സെയിലേക്ക് തന്നെ ചെന്നെത്തി. ഇപ്പോഴിതാ രജപക്സെമാരെ നാടുകടത്തിയതിന്റെ രാഷ്ട്രീയ ഗുണഭോക്താവായി എ കെ ഡി വന്നിരിക്കുന്നു. പെട്രോള്‍ പമ്പിലെ ക്യൂവില്‍ ഉറങ്ങേണ്ടി വന്ന മനുഷ്യരാണ് പോളിംഗ് ബൂത്തിലെ ക്യൂവില്‍ നിന്ന് രാഷ്ട്രീയ തീരുമാനമെടുത്തിരിക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തും ചൈനയുടെ റിമോര്‍ട്ട് ഭരണവും അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്വം അവര്‍ പുതിയ പ്രസിഡന്റിന്റെ ചുമലില്‍ വെച്ചിരിക്കുന്നു. എ കെ ഡിക്ക് ഈ പ്രതീക്ഷകള്‍ കാക്കാനാകുമോ? അദ്ദേഹത്തിന്റെ വിജയം ആഘോഷിക്കുന്നത്ര ഉജ്ജ്വലമാണോ? സത്യത്തില്‍ ശ്രീലങ്ക ചുവന്നിട്ടുണ്ടോ?

മൊത്തം 38 സ്ഥാനാര്‍ഥികളുണ്ടായിരുന്നു. മൂന്ന് പേരായിരുന്നു പ്രധാനമായും മത്സരരംഗത്തുണ്ടായിരുന്നത്- രജപക്സെ നാടുവിട്ടപ്പോള്‍ ഇടക്കാല പ്രസിഡന്റായ റനില്‍ വിക്രമ സിംഗെ (യു എന്‍ പി), പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, ദിസനായകെ. വോട്ടെണ്ണിയപ്പോള്‍ റനിലിന് കിട്ടിയത് 17.27 ശതമാനം മാത്രം. സജിത്തിന് 32.7. എ കെ ഡിക്ക് 42.3 ശതമാനവും. ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ആര്‍ക്കും അമ്പത് ശതമാനം വോട്ട് നേടാനായില്ല. അതോടെ രണ്ടാം വോട്ടുകള്‍ എണ്ണുന്നതിലേക്ക് നീങ്ങി. വോട്ടര്‍ക്ക് പ്രിഫന്‍ഷ്യല്‍ വോട്ടുകള്‍ രേഖപ്പെടുത്താമെന്നതാണ് ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സവിശേഷത. അങ്ങനെയാണ് രണ്ടാം വോട്ടെണ്ണി എ കെ ഡിയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ചിതറിയ വോട്ടുകളുടെ വലിയ പങ്ക് എ കെ ഡിക്ക് ലഭിച്ചുവെന്ന് ചുരുക്കം. റനില്‍ മുന്നോട്ട് വെച്ചത് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള പദ്ധതികളും മുസ്ലിം, തമിഴ് ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളലും തന്നെയായിരുന്നു. പക്ഷേ, ജനങ്ങള്‍ അദ്ദേഹത്തെ വിശ്വാസത്തിലെടുത്തില്ല. രജപക്സെ കുടുംബത്തിന്റെ തുടര്‍ച്ചയായാണ് അവര്‍ റനിലിനെ കണ്ടത്. സജിത് പ്രേമദാസക്കും റനിലിനുമായി മധ്യവയസ്‌കരുടെയും മുതിര്‍ന്നവരുടെയും വോട്ടുകള്‍ ചിതറിയപ്പോള്‍ അഭ്യസ്തവിദ്യരും ചെറുപ്പക്കാരും എ കെ ഡിക്കൊപ്പം നിലയുറപ്പിച്ചു.

അടുത്ത ചോദ്യം ജനത വിമുക്തി പെരമുന ലക്ഷണമൊത്ത കമ്മ്യൂണിസ്റ്റ്- മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണോ എന്നതാണ്. സ്വയം മാര്‍ക്‌സിസ്റ്റ് എന്ന് വിളിക്കുന്നുവെങ്കിലും സിംഹള ദേശീയ പാര്‍ട്ടിയായാണ് ശ്രീലങ്കന്‍ രാഷ്ട്രീയ വിദഗ്ധരെല്ലാം ജെ വി പിയെ അടയാളപ്പെടുത്തുന്നത്. എല്‍ ടി ടി ഇയുമായുള്ള സംഘര്‍ഷത്തില്‍ ഈ പാര്‍ട്ടി സിംഹള ഭൂരിപക്ഷത്തിനൊപ്പമായിരുന്നു. 1965ല്‍ രോഹണ വിജേവീരയാണ് പാര്‍ട്ടി സ്ഥാപിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ശ്രീലങ്കയിലൂടെ ഇടതുപക്ഷ ആശയങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന അദ്ദേഹം മോസ്‌കോയിലെ പാട്രിസ് ലുമുംബ ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റിയില്‍ ഉന്നത പഠനത്തിന് പോയി. തിരിച്ചു വന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തുടരുന്നതിന് പകരം ജെ വി പി രൂപവത്കരിക്കുകയായിരുന്നു. 1971ല്‍ പാര്‍ട്ടി സായുധ പോരാട്ടത്തിലേക്ക് എടുത്തുചാടി. ഇന്ത്യാവിരുദ്ധ ക്യാമ്പയിനില്‍ സജീവമായി. 1989ലാണ് പാര്‍ലിമെന്ററി രാഷ്ട്രീയത്തിലേക്ക് എത്തിയത്. ഈ ഹ്രസ്വ ചരിത്രത്തിലെവിടെയാണ് നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍ക്ക് ഇടമുള്ളത്? ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബുദ്ധഭിക്ഷുക്കളെ അഭിസംബോധന ചെയ്യവെ, എ കെ ഡി പറഞ്ഞത് ‘ആര്‍ട്ടിക്കിള്‍ ഒമ്പത്’ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നാണ്. ബുദ്ധമതത്തിന് അപ്രമാദിത്വം കല്‍പ്പിക്കുന്ന വകുപ്പാണത്.

ഐ എം എഫ് സഹായം വേണ്ടെന്നുവെക്കില്ലെന്ന് എ കെ ഡി പ്രഖ്യാപിച്ചു കഴിഞ്ഞു. നിബന്ധനകളില്‍ ഇളവ് ആവശ്യപ്പെടും, അത്രയേ ഉള്ളൂ. സ്വകാര്യവത്കരണത്തെ എതിര്‍ക്കില്ല. അദ്ദേഹത്തിന്റെ ദേശീയ ജനകീയ സഖ്യത്തിന് പാര്‍ലിമെന്റില്‍ മൂന്ന് സീറ്റ് മാത്രമേയുള്ളൂ. അതു വെച്ച് എന്ത് നിര്‍ണായക തീരുമാനമാണ് അദ്ദേഹത്തിനെടുക്കാന്‍ സാധിക്കുക? ഇന്ത്യക്കും ചൈനക്കുമിടയില്‍ സമദൂരത്തില്‍ നില്‍ക്കാനേ എ കെ ഡിക്ക് സാധിക്കൂ.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest