Connect with us

Articles

ജീവജലമാണ്; കരുതിവെക്കാം

വെള്ളം അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ്. ഓരോ തുള്ളിയും എങ്ങനെ ചെലവഴിച്ചുവെന്നത് പ്രധാനമാണ്. തീര്‍ച്ചയായും അത് നാളെ പരലോകത്ത് വിചാരണ ചെയ്യപ്പെടും. ഈ ആശയം കേന്ദ്രീകരിച്ചാണ് എസ് വൈ എസ് ജല സംരക്ഷണ ക്യാമ്പയിന്‍ ആചരിക്കുന്നത്.

Published

|

Last Updated

ഭൂമിയുടെ ഉപരിതലത്തില്‍ 71 ശതമാനം ജലമാണ്. ലഭ്യമായ വെള്ളത്തിലെ 97 ശതമാനവും കടല്‍ ജലമാണ്. ആകെയുള്ളതിന്റെ മൂന്ന് ശതമാനം മാത്രമാണ് ശുദ്ധജലമായുള്ളത്. അതില്‍ തന്നെ 2.5 ശതമാനം ഉപയോഗിക്കാന്‍ പറ്റാത്ത രൂപത്തിലാണ്. ഭൂമിക്കടിയിലായും മഞ്ഞുപാളികളായും ഇത് ഉപയോഗപ്രദമല്ലാതെ കിടക്കുന്നു. ബാക്കിയുള്ള 0.5 ശതമാനം മാത്രമേ നമുക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതുള്ളൂ. ലോകത്തെ 800 കോടി ജനങ്ങള്‍, പക്ഷികള്‍, ജന്തുക്കള്‍, മറ്റു ജീവജാലങ്ങള്‍ എന്നിവക്കെല്ലാം ഉപയോഗിക്കാന്‍ ലഭിക്കുന്ന ശുദ്ധജലത്തിന്റെ അളവാണിത്. ശുദ്ധജലം എത്രമാത്രം സൂക്ഷിച്ചു ചെലവഴിക്കണമെന്ന് മനസ്സിലാക്കാന്‍ ഈ കണക്ക് മാത്രം മതിയാകും.

നമുക്ക് കേരളത്തിന്റെ അവസ്ഥ പരിശോധിച്ചു നോക്കാം. 44 നദികളും നിരവധി കുളങ്ങളും കിണറുകളും തോടുകളും കൊണ്ട് ജല സമൃദ്ധമാണ് കേരളം. കേരളത്തിന്റെ പടിഞ്ഞാറ് അതിര്‍ത്തി മുഴുവന്‍ അറബിക്കടലാണ്. കായലുകള്‍ പോലെയുള്ള ജലസ്രോതസ്സുകള്‍ ധാരാളം. അങ്ങനെയാണെങ്കിലും കേരളത്തിന്റെ ജലവിതാനം വര്‍ഷം കഴിയും തോറും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം ജലത്തിന്റെ ഉപഭോഗം ഒരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുന്നു. വളരുന്ന ജനസംഖ്യ, വര്‍ധിച്ച വ്യവസായ വാണിജ്യ ആവശ്യങ്ങള്‍, കാര്‍ഷിക ആവശ്യങ്ങള്‍ എന്നിവയെല്ലാം ജലത്തിന്റെ ഉപഭോഗം വര്‍ധിക്കാന്‍ കാരണമാകുന്നു.
മഴ ലഭ്യതയില്‍ രാജ്യത്ത് മുന്‍നിരയിലായിരുന്ന നമ്മുടെ സംസ്ഥാനത്ത് അടുത്ത കാലത്തായി മഴ കുറഞ്ഞു വരുന്നതായി കാണാം. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പഠനത്തില്‍ കേരളത്തിലെ ശരാശരി വാര്‍ഷിക മഴ ലഭ്യത പ്രതിവര്‍ഷം 1.43 മില്ലി ലിറ്റര്‍ കുറഞ്ഞു വരികയാണ്. ഒരു ഭാഗത്ത് ജല വിതാനവും മഴ ലഭ്യതയും കുറയുന്നു. മറുഭാഗത്ത് ജല ഉപഭോഗവും മലിനീകരണവും വര്‍ധിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. നിതി ആയോഗിന്റെ കണക്ക് പ്രകാരം ഓരോ വര്‍ഷവും ലഭ്യമായ ജലത്തിന്റെ പകുതിയിലേറെ ഭാഗം മലിനമായി കൊണ്ടിരിക്കുന്നു. മാത്രമല്ല, ശുദ്ധജലത്തിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട് ആഗോള കണക്കും നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഒട്ടും ആശ്വാസകരമല്ല. ലോകത്ത് ശുദ്ധജലത്തിന്റെ വിഷയത്തില്‍ 122ല്‍ 120ാം സ്ഥാനത്താണ് ഇന്ത്യയുടെ കിടപ്പ്!

ലോക ജലദിനത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ ചിന്ത എങ്ങനെ ക്രമീകരിക്കണമെന്ന് പറയാനാണ് മേല്‍ വസ്തുതകള്‍ ചൂണ്ടിക്കാണിച്ചത്. മനുഷ്യര്‍, കടലിലും കരയിലും അനേകായിരം സ്പിഷീസുകളിലായി പരന്നു കിടക്കുന്ന സസ്യങ്ങള്‍, ജന്തുക്കള്‍, മറ്റു ജീവികള്‍ ഇവയുടെയെല്ലാം ആവശ്യങ്ങള്‍ നിവൃത്തി വരുത്താനാവശ്യമായ വിഭവങ്ങള്‍ ഈ ഭൂമിക്കകത്തുണ്ട്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവ 100 ശതമാനം നേടിയെടുക്കാന്‍ വേണ്ട അസംസ്‌കൃത വസ്തുക്കള്‍ ഭൂമിയില്‍ ലഭ്യമാണ്. ഇവയെല്ലാം ആലോചനാപൂര്‍വം ഉപയോഗിക്കുക എന്നതാണ് നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്വം.

മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ വളരെ പ്രസക്തമാണ്: ‘ലോകത്തുള്ള എല്ലാ മനുഷ്യരുടെയും ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള വിഭവം ഈ ഭൂമിയിലുണ്ട്. എന്നാല്‍ ഒരാളുടെ പോലും ആര്‍ത്തി തീര്‍ക്കാന്‍ ഭൂമിയിലെ വിഭവങ്ങള്‍ക്കൊണ്ടാകില്ല’. ഭൂമിയില്‍ ലഭ്യമായ വിഭവങ്ങള്‍ ഇന്ന് ജീവിക്കുന്നവരുടേത് മാത്രമല്ല. ലോകാവസാനം വരെ ഇവിടെ ജീവിച്ചു മരിക്കേണ്ടവര്‍ക്ക് കൂടിയുള്ളതാണ്. ശുദ്ധജലമടക്കമുള്ളവ എത്രമാത്രം കണിശതയോടെ ഉപയോഗിക്കണമെന്ന ചിന്ത ഉയര്‍ത്തിക്കൊണ്ടുവരേണ്ട സമയമാണിത്. ഈ ചിന്തയെ തട്ടിയുണര്‍ത്തുന്ന ഒരു ചോദ്യം ഖുര്‍ആന്‍ നമ്മോട് ഉന്നയിക്കുന്നുണ്ട്. ‘നിങ്ങളുടെ വെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങിപ്പോയാല്‍ നിങ്ങള്‍ക്ക് ആരാണ് അത് വീണ്ടും നല്‍കുക?’ (സൂറത്തുല്‍ മുല്‍ക്).

മനുഷ്യരുടെ ശരീര ഘടന പരിശോധിച്ചു നോക്കാം. ചെറിയ കുട്ടികളില്‍ 75 ശതമാനവും പ്രായമായവരില്‍ 60 ശതമാനവും ജലത്തിന്റെ സാന്നിധ്യം കാണാന്‍ സാധിക്കും. മറ്റു ജീവികളില്‍ ഇത് 60 ശതമാനമാണ്. സസ്യങ്ങളില്‍ 75 ശതമാനവും. മനുഷ്യ തലച്ചോറിന്റെ 90 ശതമാനവും ജലമാണത്രെ. ഇതെല്ലാം സൂചിപ്പിക്കുന്നത് പ്രകൃതിയിലെ ഏറ്റവും ശക്തനായ മനുഷ്യന്റെ എല്ലാ ആന്തരിക പ്രവര്‍ത്തനവും ജലം കൊണ്ടാണ് നടക്കുന്നതെന്നാണ്. മനുഷ്യന് ഭക്ഷണം കഴിക്കാതെ ജീവിക്കാന്‍ കഴിയുന്നത്ര വെള്ളം കുടിക്കാതെ ജീവിക്കാനാകില്ല.

എല്ലാ മൃഗങ്ങളെയും അല്ലാഹു വെള്ളത്തില്‍ നിന്ന് പടച്ചുവെന്നാണ് ഖുര്‍ആന്‍ പറയുന്നത് (സൂറത്തുന്നൂര്‍ 45). ഈ ഭൂമിലോകത്തെ മുഴുവന്‍ ജീവസ്സുറ്റതാക്കാന്‍ സര്‍വശക്തനായ അല്ലാഹു വെള്ളത്തെയാണ് ഉപയോഗപ്പെടുത്തിയത്. ഖുര്‍ആന്‍ പറയുന്നത് കാണുക: ‘അല്ലാഹു മുകളില്‍ നിന്ന് വെള്ളം ഇറക്കി. അതിലൂടെ നിര്‍ജീവമായി കിടക്കുന്ന ഭൂമിയെ അവന്‍ ജീവിപ്പിച്ചു. കാര്യങ്ങള്‍ ശരിയായി കേട്ട് മനസ്സിലാക്കുന്ന വിഭാഗത്തിന് ഇതില്‍ ദൃഷ്ടാന്തമുണ്ട്’ (സൂറത്തുന്നഹ്്ല്‍ 65). വിശുദ്ധ ഖുര്‍ആനില്‍ 63 സൂക്തങ്ങളില്‍ ജലത്തിന്റെ പ്രാധാന്യം പരാമര്‍ശിക്കുന്നുണ്ട്.

ജലസംരക്ഷണത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്യുമ്പോള്‍ അതി പ്രധാനമാണ് ശുചിത്വം. ജല ശുചിത്വ പ്രതിസന്ധി പരിഹരിക്കുന്നതിന് മാറ്റം ത്വരിതപ്പെടുത്തുകയെന്നതാണ് ഈ വര്‍ഷത്തെ ലോക ജലദിന സന്ദേശം. വിശ്വാസത്തിന്റെ പകുതിയായി വൃത്തിയെയും ശുദ്ധിയെയും ഇസ്ലാം പരിചയപ്പെടുത്തി. അതുകൊണ്ട് തന്നെ ശുദ്ധജല സംരക്ഷണം വിശ്വാസ സംരക്ഷണം കൂടിയാണ്. ഖുര്‍ആന്‍ മറ്റൊരിടത്ത് പറയുന്നത് കാണുക: ‘ശുദ്ധമായ വെള്ളം ആകാശത്തില്‍ നിന്ന് നാം ഇറക്കി’ (സൂറത്തുല്‍ ഫുര്‍ഖാന്‍ 48)

വെള്ളം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. നമ്മുടെ സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിലായാലും മറ്റുള്ളവര്‍ക്ക് അത്യാവശ്യം ഉണ്ടായിരിക്കെ നാം പിടിച്ചു വെക്കാന്‍ പാടില്ല. നമ്മുടെ ആവശ്യം കഴിഞ്ഞ് അവര്‍ക്കു കൂടി അത് നല്‍കണം. വെള്ളം, സസ്യം, തീ എന്നീ മൂന്ന് കാര്യങ്ങളില്‍ വിശ്വാസികളെല്ലാം തുല്യരാണെന്ന് തിരുനബി(സ) പഠിപ്പിക്കുന്നുണ്ട്. ജലത്തിന്റെ കാര്യത്തില്‍ മറ്റു ജീവികളെയും പരിഗണിക്കണം. ഒരാളുടെ അടുത്ത് കുറച്ച് വെള്ളമുണ്ട്. നിസ്‌കാരത്തിന് അംഗസ്‌നാനം ചെയ്യാനുമുണ്ട്. മനുഷ്യനോ മറ്റു ജീവികളോ ദാഹിച്ച് വലയുന്നുമുണ്ട്. എങ്കില്‍ പ്രസ്തുത വെള്ളം ദാഹിക്കുന്ന ജീവിക്ക് കൊടുക്കണമെന്നും പകരം മണ്ണ് കൊണ്ട് തയമ്മും ചെയ്ത് നിസ്‌കരിക്കണമെന്നുമാണ് ഇസ്ലാമിക വീക്ഷണം.

ഒരു തുള്ളി വെള്ളം പോലും അനാവശ്യമായി ഉപയോഗിക്കാന്‍ പാടില്ല. അമിതവ്യയം അരുത്. അല്ലാഹുവിന് നല്‍കുന്ന ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പോലും അമിതമായി വെള്ളം ഉപയോഗിക്കാന്‍ പാടില്ല. ഖുര്‍ആന്‍ പഠിപ്പിക്കുന്നത് കാണുക: ‘നിങ്ങള്‍ ഭക്ഷണം കഴിക്കുക, കുടിക്കുക. അമിതവ്യയം പാടില്ല. നിശ്ചയം അമിതവ്യയം കാണിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല’. ശുദ്ധ ജലം മലിനമാക്കരുത്. കെട്ടി നില്‍ക്കുന്ന, ചെറിയ തോതില്‍ മാത്രം ഒഴുകുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കരുത്. പുഴകളിലേക്കും മറ്റു ജല സ്രോതസ്സുകളിലേക്കും വ്യാവസായിക വാണിജ്യ ഭവന മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കടുത്ത തെറ്റായാണ് ഇസ്ലാം കാണുന്നത്. ഒരു വിശ്വാസി അങ്ങനെ ചെയ്യില്ല.

വെള്ളം അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ്. ഓരോ തുള്ളിയും എങ്ങനെ ചെലവഴിച്ചുവെന്നത് പ്രധാനമാണ്. തീര്‍ച്ചയായും അത് നാളെ പരലോകത്ത് വിചാരണ ചെയ്യപ്പെടും. ഈ ആശയം കേന്ദ്രീകരിച്ചാണ് എസ് വൈ എസ് ജല സംരക്ഷണ ക്യാമ്പയിന്‍ ആചരിക്കുന്നത്. ജലമാണ് ജീവന്‍ എന്ന പ്രമേയത്തില്‍ മാര്‍ച്ച് 10 മുതല്‍ മെയ് 31 വരെ നടക്കുന്ന ക്യാമ്പയിന്‍ സാമൂഹിക പ്രതിബദ്ധതക്ക് സംഘടന നല്‍കുന്ന കരുതല്‍ കൂടിയാണ്. ജല സംരക്ഷണം, ശുചിത്വ ബോധവത്കരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പയിനിന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്.

ജലസ്രോതസ്സുകളുടെ ശുചീകരണം, കുടിവെള്ള പദ്ധതികള്‍, കുടിവെള്ള വിതരണം, തണ്ണീര്‍ പന്തല്‍, തണ്ണീര്‍ കുടം, സന്ദേശ പ്രഭാഷണം എന്നിവ ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന പ്രധാന പരിപാടികളാണ്. കൂടാതെ ജല സംരക്ഷണ ബോധവത്കരണം, ശുചിത്വ പാലനം തുടങ്ങിയ കാര്യങ്ങളില്‍ ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, ആരോഗ്യ പരിസ്ഥിതി പ്രവര്‍ത്തകര്‍, ജന പ്രതിനിധികള്‍ എന്നിവരുമായി കൈ കോര്‍ത്ത് സംസ്ഥാനത്തെ 600 കേന്ദ്രങ്ങളില്‍ സംഘടന സംഘടിപ്പിക്കുന്ന എക്കോ ഗാതറിംഗ് ഈ രംഗത്തെ ശ്രദ്ധേയമായ കാല്‍വെപ്പാണ്. ഭൂമിയിലെ മനുഷ്യര്‍, ജീവ ജാലങ്ങള്‍, പക്ഷികള്‍, പറവകള്‍, ജന്തുക്കള്‍, സസ്യങ്ങള്‍ തുടങ്ങി എല്ലാ സഹ ജീവികള്‍ക്കുമായി നമുക്ക് ജീവ ജലം കരുതിവെക്കാം. ‘ജലമാണ് ജീവന്‍’ എന്നത് മറക്കാതിരിക്കുക.

 

Latest