Connect with us

Articles

മുസ്‌ലിമിനെ മറക്കുകയാണോ മുഖ്യധാരാ രാഷ്ട്രീയം?

1952ന് ശേഷം ഏറ്റവും കുറച്ച് മുസ്‌ലിം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പാണ് 2024ലേത്. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങി രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയെ പോലും മുഖ്യധാരാ പാര്‍ട്ടികള്‍ നിര്‍ത്തിയിട്ടില്ല. ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ലോക്സഭയിലെ മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞുവരികയാണ്.

Published

|

Last Updated

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന രാജ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായി. ജൂണ്‍ ഒന്നിന് ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഒടുവില്‍ പ്രഖ്യാപിച്ചത്. ഇത്തവണത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ ഒരു കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയതായി കാണുന്നു. മിക്ക പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥി പട്ടിക സൂചിപ്പിക്കുന്നത് പട്ടികയില്‍ നിന്ന് മുസ്‌ലിം പേരുകള്‍ ഒഴിവാക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്നാണ്. 1952ന് ശേഷം ഏറ്റവും കുറച്ച് മുസ്‌ലിം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പാണ് 2024ലേത്. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങി രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയെ പോലും മുഖ്യധാരാ പാര്‍ട്ടികള്‍ നിര്‍ത്തിയിട്ടില്ല. ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ലോക്സഭയിലെ മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞുവരികയാണ്. 543 അംഗ ലോക്സഭയില്‍ നിലവില്‍ 27 മുസ്‌ലിം എം പിമാരാണുള്ളത്. അഞ്ച് ശതമാനത്തില്‍ താഴെ. രാജ്യത്തെ മുസ്‌ലിം ജനസംഖ്യ 14 ശതമാനമാണ്. മതേതര ജനാധിപത്യ രാജ്യത്ത് ഒരു സമുദായത്തില്‍ നിന്നുള്ളവര്‍ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നത് വിശാല അര്‍ഥത്തില്‍ ശരിയല്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജാതി-മത ഭേദമന്യേ എല്ലാവരുടെയും പ്രതിനിധികളാണ്. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് എന്തുകൊണ്ട് ഒരു വിഭാഗത്തെ മാത്രം മാറ്റിനിര്‍ത്തപ്പെടുന്നു എന്നതാണ്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് ഇന്ത്യയിലെ മുസ്‌ലിംകള്‍ പാര്‍ശ്വവത്കരിക്കപ്പെടുകയാണ്. മുസ്ലിംകളെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ വിമുഖത കാട്ടുന്ന പാര്‍ട്ടി ബി ജെ പിയാണ്. ഊണിലും ഉറക്കിലും മുസ്‌ലിം വിരോധം പ്രസംഗിക്കുന്ന നേതാക്കള്‍ നയിക്കുന്ന പാര്‍ട്ടി മുസ്‌ലിംകളെ അകറ്റി നിര്‍ത്തുന്നതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ രാജ്യത്തെ മറ്റു മുഖ്യധാരാ പാര്‍ട്ടികളും ബി ജെ പിയെ അനുകരിക്കുകയാണെന്ന് സംശയിക്കണം. വയനാട്ടിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തില്‍ നിന്ന് മുസ്‌ലിം ലീഗിന്റെ പതാക ഒഴിവാക്കി നടത്തിയ ഒളിച്ചുകളി മുസ്‌ലിം സ്ഥാനാര്‍ഥികളുടെ കാര്യത്തിലും കോണ്‍ഗ്രസ്സുള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവര്‍ത്തിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടിയെന്നവകാശപ്പെടുന്ന ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും ഇത്തവണ മുസ്‌ലിംകള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കുന്നതില്‍ നിന്ന് പിറകോട്ട് പോയിട്ടുണ്ട്.

പതിനൊന്നര ശതമാനം മുസ്‌ലിംകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ പ്രധാന മത്സരം കോണ്‍ഗ്രസ്സ്, ബി ജെ പി, ശിവസേനയുടെയും എന്‍ സി പിയുടെയും രണ്ട് വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന രണ്ട് മുന്നണികള്‍ തമ്മിലാണ്. സംസ്ഥാനത്ത് 48 ലോക്സഭാ സീറ്റുകളാണുള്ളത്. ധൂലെ, നന്ദേഡ്, ലാത്തൂര്‍, ഔറംഗബാദ്, ഭീവണ്ടി, താനെ, മുംബൈ സെന്‍ട്രല്‍, മുംബൈ നോര്‍ത്ത്, മുംബൈ സൗത്ത് തുടങ്ങി സംസ്ഥാനത്തെ 14 മണ്ഡലങ്ങള്‍ 15 മുതല്‍ 25 ശതമാനം വരെ മുസ്‌ലിം വോട്ടര്‍മാരുള്ള മണ്ഡലങ്ങളാണ്. എന്നാല്‍ ഇരു മുന്നണിയിലെയും പാര്‍ട്ടികള്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ഒരാള്‍ക്കും സീറ്റ് നല്‍കിയിട്ടില്ല. ‘ഇന്ത്യ’ മുന്നണി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മുസ്‌ലിംകളെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ മുഹമ്മദ് ആരിഫ് നഈം ഖാന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയില്‍ നിന്ന് രാജിവെക്കുകയുണ്ടായി. മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ ടിക്കറ്റിനായി ഖാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രസ്തുത സീറ്റ് കോണ്‍ഗ്രസ്സിന്റെ മറ്റൊരു നേതാവായ വര്‍ഷ ഗെയ്ക് വാദിനാണ് നല്‍കിയത്. ഈ വിവേചനം പുതിയതല്ല. മുസ്‌ലിം സമുദായത്തില്‍ പെട്ടവരെ മുഖ്യധാരാ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയ സംഭവം സംസ്ഥാനത്ത് ഇതാദ്യമാണ്. കഴിഞ്ഞ 64 വര്‍ഷത്തിനിടെ സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട 614 ലോക്‌സഭാ എം പിമാരില്‍ മുസ്‌ലിംകള്‍ 15 പേര്‍ മാത്രമായിരുന്നു. ഇതില്‍ നിന്ന് തന്നെ കാര്യം വ്യക്തമാണ്. കഴിഞ്ഞ തവണ ഔറംഗബാദില്‍ തിരഞ്ഞെടുക്കപ്പെട്ട എ ഐ എം ഐ എമ്മിലെ ഇംതിയാസ് ജലീല്‍ ആണ് നിലവില്‍ സംസ്ഥാനത്തെ ഏക മുസ്‌ലിം എം പി.

പത്ത് ശതമാനം മുസ്‌ലിംകളുള്ള ഗുജറാത്തില്‍ നിന്ന് ഒരു മുസ്‌ലിം പാര്‍ലിമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. ആ നില തുടരട്ടെ എന്ന് കരുതിയാണോ എന്നറിയില്ല ഇത്തവണ ബി ജെ പിയെ പോലെ ‘ഇന്ത്യ’ മുന്നണിയും മുസ്‌ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. 1996ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഹമ്മദാബാദ് മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്റെ ഏക മുസ്‌ലിം സ്ഥാനാര്‍ഥി ഇര്‍ശാദ് മിര്‍സ ആയിരുന്നു. അദ്ദേഹം ബി ജെ പിയുടെ ഹരിന്‍ പഥക്കിനോട് പരാജയപ്പെട്ടു. പിന്നീട് കോണ്‍ഗ്രസ്സ് ഈ സീറ്റില്‍ മുസ്‌ലിം സ്ഥാനാര്‍ഥിയെ പരിഗണിച്ചിരുന്നില്ല.

26 മണ്ഡലങ്ങളില്‍ കച്ച്, ബറൂച്ച്, അഹമ്മദാബാദ് വെസ്റ്റ്, അഹമ്മദാബാദ് ഈസ്റ്റ്, ഗാന്ധി നഗര്‍ തുടങ്ങി സംസ്ഥാനത്തെ 15 മണ്ഡലങ്ങള്‍ മുസ്‌ലിം സ്വാധീന മണ്ഡലങ്ങളാണ്. സ്വതന്ത്രരായി 35 മുസ്‌ലിം സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ പത്രിക നല്‍കിയിരിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മത്സരിക്കുന്ന ഗാന്ധി നഗറിലാണ്. ഏഴ് പേര്‍. കൂടാതെ ബി എസ് പി ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയെ ഇവിടെ നിര്‍ത്തിയിട്ടുണ്ട്.

ബറൂച്ച് ലോക്‌സഭാ സീറ്റ് കോണ്‍ഗ്രസ്സിന്റെ കുത്തകയായിരുന്നു. പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേല്‍ മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടത് ബറൂച്ച് മണ്ഡലത്തില്‍ നിന്നായിരുന്നു. അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ് പട്ടേല്‍ ഇത്തവണ ബറൂച്ച് മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയാകുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ഈ സീറ്റ് കോണ്‍ഗ്രസ്സ് ആം ആദ്മി പാര്‍ട്ടിക്ക് നല്‍കിയതോടെ ആ പ്രതീക്ഷ കൈവിട്ടു. ആം ആദ്മിയിലെ ചൈതര്‍ വാസയാണ് ബറൂച്ചിലെ ‘ഇന്ത്യ’ മുന്നണി സ്ഥാനാര്‍ഥി.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബിഹാറില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ കോണ്‍ഗ്രസ്സ് മുസ്‌ലിം പ്രാതിനിധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാല്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ ഡി യുവും മുന്‍ വര്‍ഷങ്ങളില്‍ നല്‍കിയ പ്രാതിനിധ്യം ഇത്തവണ മുസ്‌ലിംകള്‍ക്ക് നല്‍കിയിട്ടില്ല. 17.7 ശതമാനം മുസ്‌ലിംകളുള്ള ബിഹാറില്‍ ആര്‍ ജെ ഡിക്ക് ഇത്തവണ രണ്ട് മുസ്‌ലിം സ്ഥാനാര്‍ഥികളാണുള്ളത്. ഒമ്പത് ലോക്സഭാ സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് മുസ്‌ലിം സമുദായത്തില്‍ നിന്ന് രണ്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ ഡി എ ഘടക കക്ഷിയായ ജെ ഡി യു മത്സരിക്കുന്നത് 16 സീറ്റുകളിലാണ്. 68 ശതമാനം മുസ്‌ലിംകളുള്ള സീമാഞ്ചല്‍ പ്രദേശത്തെ കിഷന്‍ഗഞ്ച് മണ്ഡലത്തില്‍ മാത്രമാണ് ജെ ഡി യു മുസ്‌ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്നത്.

കര്‍ണാടകയിലെ 28 മണ്ഡലങ്ങളില്‍ 58 പേരാണ് മത്സര രംഗത്തുള്ളത്. ഇവരില്‍ ഏക മുസ്‌ലിം സ്ഥാനാര്‍ഥി ബെംഗളൂരു സെന്‍ട്രലില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്സിലെ മന്‍സൂര്‍ അലി ഖാന്‍ ആണ്. കര്‍ണാടകയിലെ മുസ്‌ലിം ജനസംഖ്യ 13 ശതമാനമാണ്.

ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ആകെ 80 സീറ്റുകളില്‍ ‘ഇന്ത്യ’ മുന്നണിയിലെ സമാജ് വാദി പാര്‍ട്ടി 62 സീറ്റിലും കോണ്‍ഗ്രസ്സ് 17 സീറ്റിലുമാണ് മത്സരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സമാജ് വാദി പാര്‍ട്ടി മുസ്‌ലിംകള്‍ക്ക് ഏതാണ്ട് ജനസംഖ്യാനുപാതികമായി സീറ്റുകള്‍ നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് നാല് സീറ്റിലാണ്. യു പിയിലെ മുസ്‌ലിം ജനസംഖ്യ 19 ശതമാനമാണ്. കോണ്‍ഗ്രസ്സിന്റെ 17 സ്ഥാനാര്‍ഥികളില്‍ രണ്ട് പേര്‍ മുസ്‌ലിംകളാണ്. യു പിയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിരിക്കുന്നത് ബി എസ് പിയാണ്. 80 സീറ്റില്‍ മത്സരിക്കുന്ന ബി എസ് പിയുടെ സ്ഥാനാര്‍ഥികളില്‍ 20 പേര്‍ മുസ്‌ലിംകളാണ്. അതായത് 25 ശതമാനം.

പശ്ചിമ ബംഗാളില്‍ മത്സരം നടക്കുന്നത് 42 സീറ്റിലാണ്. ഇവിടെ ത്രികോണ മത്സരമാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സും രംഗത്തുണ്ട്. ബി ജെ പി തനിച്ചും കോണ്‍ഗ്രസ്സും സി പി എമ്മും ഉള്‍പ്പെടെയുള്ളവര്‍ മുന്നണിയായും മത്സരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്സ്, കോണ്‍ഗ്രസ്സ്, സി പി എം പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ ആറ് പേര്‍ വീതം മുസ്‌ലിംകളാണ്.

6.5 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള മധ്യപ്രദേശില്‍നിന്ന് ഒരു മുസ്ലിം പ്രതിനിധി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 33 വര്‍ഷം മുമ്പാണ്. ഇത്തവണ മത്സര രംഗത്ത് മുസ്‌ലിം സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതുകൊണ്ട് ഒരു മാറ്റം പ്രതീക്ഷിക്കാനില്ല. 1991ലെ തിരഞ്ഞെടുപ്പില്‍ ബേത്തുല്‍ മണ്ഡലത്തില്‍ നിന്നുള്ള അസ്ലം ഷേര്‍ഖാനാണ് മധ്യപ്രദേശില്‍ നിന്ന് അവസാനമായി തിരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം. ആറ് ശതമാനം മുസ്‌ലിംകളുള്ള തമിഴ്‌നാട്ടില്‍ മത്സര രംഗത്തുള്ളത് രണ്ട് പേരാണ്. സിറ്റിംഗ് എം പിയായ മുസ്‌ലിം ലീഗിലെ നവാസ് ഖാനി ‘ഇന്ത്യ’ മുന്നണി സ്ഥാനാര്‍ഥിയായി രാമനാഥപുരത്ത് നിന്ന് വീണ്ടും ജനവിധി തേടുന്നു. രണ്ടാമന്‍ എ ഐ എ ഡി എം കെ മുന്നണിയിലെ മുഹമ്മദ് മുബാറക്കാണ്. ദിണ്ടിഗലില്‍ മത്സരിക്കുന്ന മുഹമ്മദ് മുബാറക് എസ് ഡി പി ഐ സ്ഥാനാര്‍ഥിയാണ്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ മുസ്‌ലിം ജനസംഖ്യ ഏതാണ്ട് പതിമൂന്ന് ശതമാനമാണ്. ഏഴ് സീറ്റുകളുള്ള ഡല്‍ഹിയിലും മുസ്‌ലിം സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടാകാറില്ല. 17 സീറ്റുകളുള്ള തെലങ്കാനയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളില്‍ ഒരാള്‍ മുസ്‌ലിം ആണ്. സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടിയായ ബി ആര്‍ എസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ മുസ്‌ലിം പേരുകള്‍ ഇല്ല. ആന്ധ്രാപ്രദേശിലെയും സ്ഥിതി മറിച്ചല്ല.

 

Latest