Connect with us

Prathivaram

നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഒരു നിശ്ശബ്ദ കൊലയാളിയോ?

ഫാറ്റിലിവർ അല്ലെങ്കിൽ അമിതമായി കരളിൽ കൊഴുപ്പടിഞ്ഞു കൂടുന്ന അവസ്ഥ മദ്യപാനികളിൽ സർവസാധാരണയാണ്. എന്നാൽ "NAFLD' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നോൺ ആൽക്കഹോളിക് ഫാറ്റിലിവർ, അഥവാ കരൾവീക്കം മദ്യപാനികളല്ലാത്തവരിലും അമിതവണ്ണമുള്ള കുട്ടികളിൽ പോലും കാണുന്നുണ്ട്.

Published

|

Last Updated

ഫാറ്റിലിവർ അല്ലെങ്കിൽ അമിതമായി കരളിൽ കൊഴുപ്പടിഞ്ഞു കൂടുന്ന അവസ്ഥ മദ്യപാനികളിൽ സർവസാധാരണയാണ്. എന്നാൽ “NAFLD’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നോൺ ആൽക്കഹോളിക് ഫാറ്റിലിവർ, അഥവാ കരൾവീക്കം മദ്യപാനികളല്ലാത്തവരിലും അമിതവണ്ണമുള്ള കുട്ടികളിൽ പോലും കാണുന്നുണ്ട്.

ലക്ഷണങ്ങൾ

പ്രത്യേക ലക്ഷണങ്ങളൊന്നും തുടക്കത്തിലേ കാണിക്കാത്തതുകൊണ്ട് ഇത് പലപ്പോഴും ഒരു നിശബ്ദ കൊലയാളി ആകാറുണ്ട്. ഒട്ടുമിക്ക സാഹചര്യങ്ങളിലും മറ്റുപല രോഗങ്ങൾക്കോ ലക്ഷണങ്ങൾക്കോ രക്തപരിശോധനയോ സ്‌കാനിംഗോ ചെയ്യുമ്പോഴാണ് ഇത് കണ്ടുപിടിക്കുന്നത്. അതേസമയം, തുടക്കത്തിലെ കണ്ടുപിടിക്കുകയാണെങ്കിൽ ഇത് പൂർണമായും ഭേദമാക്കാനാകും. പക്ഷേ, ലക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ തുടക്കത്തിൽ ഇല്ലാത്തത് കാരണം പലരും ഇത് അവഗണിക്കുകയും രോഗം മൂർധന്യത്തിലേക്കെത്താറുമുണ്ട്.

കരൾ എന്ന അതിപ്രധാനഗ്രന്ഥി

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരൾ സങ്കീർണമായ പല പ്രവർത്തനങ്ങളും ചെയ്യുന്നു. വായുവിലൂടെയും ജലത്തിലൂടെയും ആഹാരത്തിലൂടെയും മറ്റേതെങ്കിലും രീതിയിലോ നമ്മുടെ ശരീരത്തിലെത്തുന്ന വിഷാംശം ശരീരത്തിൽ നിന്നും നീക്കം ചെയ്യാൻ കരളിന് സാധിക്കും. മാത്രമല്ല കേട് പറ്റിയാൽ സ്വയം സുഖപ്പെടുത്താനും മുറിച്ചുമാറ്റിയാൽ പോലും സ്വന്തം ശക്തിയെ പുനർജനിപ്പിക്കാനുമുള്ള ശേഷിയും കരളിനുണ്ട്. രോഗലക്ഷണങ്ങൾ ഒട്ടും തന്നെ പ്രകടിപ്പിക്കാതെ പ്രവർത്തനം തുടരാനുള്ള പ്രത്യേക കഴിവ് കരളിനുള്ളതിനാലാണ് പലപ്പോഴും കരളിന്റെ രോഗങ്ങൾ വൈകി കണ്ടെത്തുന്നത്.

കാരണങ്ങൾ

അനാരോഗ്യകരമായ ഭക്ഷണ രീതികൾ, കൊഴുപ്പും അന്നജവും കൂടുതൽ അടങ്ങിയ ആഹാരം അമിതമായി കഴിക്കുക, അലസമായ ജീവിതരീതി, പിരിമുറുക്കം, മതിയായ സുഖനിദ്രയുടെ അഭാവം, കൂടുതലായി ഫാസ്റ്റ് ഫുഡുകളും സംസ്‌കരിച്ച ഭക്ഷണപദാർഥങ്ങളും കഴിക്കുക എന്നിവ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ അഥവാ എൻ എ എഫ് എൽ ഡിക്ക് കാരണമാകാറുണ്ട്. അമിതവണ്ണമുള്ളവർ, പൊണ്ണത്തടിയുള്ളവർ, പ്രമേഹം, രക്തത്തിൽ കൊളസ്‌ട്രോൾ കൂടുതലുള്ളവർ, പി സി ഒ ഡിയുടെ ലക്ഷണങ്ങൾ ഉള്ളവർ, ഹൈപ്പോ തൈറോയ്ഡിന്റെ പ്രശ്‌നങ്ങളുള്ളവർ എന്നിവരിലും NAFLD കൂടുതലായി കണ്ടുവരുന്നു.

കരൾവീക്കം എങ്ങനെ തടയാം

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ പ്രശ്‌നമുള്ളവരും വരാൻ സാധ്യതയുള്ളവരും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

. അമിത ഭാരമോ പൊണ്ണത്തടിയോ ഉള്ളവർ ഭാരം കുറച്ചു കൊണ്ടുവരാനുള്ള ആരോഗ്യപരമായ മാർഗങ്ങൾ സ്വീകരിക്കുക. ഒരു ഡയറ്റിഷ്യന്റെ സേവനം സ്വീകരിക്കുന്നത് നല്ലതാണ്.

. ചിട്ടയായ വ്യായാമം കരളിലെ കൊഴുപ്പിനെ അലിയിക്കാനും കൊഴുപ്പടിയുന്നത് തടയാനും സഹായകമാകും.

. സമീകൃത ആഹാരം ശീലമാക്കുന്നതിനോടൊപ്പം ഫാസ്റ്റ് ഫുഡുകളും സംസ്‌കരിച്ച ആഹാര സാധനങ്ങളും പരമാവധി കുറയ്ക്കുക.

. പച്ചക്കറികൾ ധാരാളമായി ഉപയോഗിക്കാമെങ്കിലും പഴവർഗങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് നല്ലതല്ല. പഴവർഗങ്ങളിലെ പ്രകൃതിദത്തമായ മധുരം നൽകുന്ന ഫ്രക്ടോസ് ഫാറ്റിലിവറിന് കാരണമാകാം. ദിവസവും 60 മുതൽ 70 ഗ്രാം പഴവർഗങ്ങൾ കഴിക്കാം. അമിതമാകരുത്. മധുരപാനീയങ്ങളും പഴച്ചാറുകളും പാക്കറ്റ് ജ്യൂസുകളും ഇത്തരക്കാർക്ക് നല്ലതല്ല.

. നോൺവെജ് ഭക്ഷണത്തിൽ ബീഫ്, ആട്ടിറച്ചി എന്നിവ ശരീരത്തിന് ദോഷകരമായ “ട്രാൻസ്ഫാറ്റ്’ കൂടുതലടങ്ങിയവയാണ്. ആയതിനാൽ പരിമിതമായി ഉപയോഗിക്കുക. മുട്ട, മീൻ, ചിക്കൻ എന്നിവ മിതമായി ഉപയോഗിക്കാം. 75 മുതൽ 100 ഗ്രാം വരെ ദിവസേന ഉപയോഗിക്കാം. ട്രാൻസ്ഫാറ്റ് കൂടുതൽ അടങ്ങിയ സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളും ബേക്കറി പലഹാരങ്ങളും കരളിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് വഷളാക്കുന്നു. അതിനാൽ ഉപയോഗം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക.

. നാരുകൾ അടങ്ങിയ ഇലക്കറികൾ, പച്ചക്കറികൾ, തവിടോടുകൂടിയ ധാന്യങ്ങൾ, മില്ലറ്റുകൾ, പയറു പരിപ്പ് വർഗങ്ങൾ ഇവയെല്ലാം കൊഴുപ്പടിഞ്ഞു കൂടുന്നത് തടയാൻ സഹായകമാകും.

. മതിയായ സുഖനിദ്രയും പിരിമുറുക്കം കുറയ്ക്കുന്നതും ചിട്ടയായ ജീവിതരീതികളും ശീലമാക്കുക.

മുകളിൽ നിർദേശിച്ച പരിഹാരമാർഗങ്ങൾ ശീലിക്കുകവഴി NAFL തടയാനും അസുഖം പ്രാരംഭ ഘട്ടമെങ്കിൽ തിരുത്താനും സാധിക്കും.

ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്തും ചെറിയ തകരാറുകൾ സ്വയം പരിഹരിച്ചും പ്രകടമായ ലക്ഷണങ്ങളിലൂടെ നമ്മെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ടു പോകാനുള്ള കരളിന്റെ ഈ സവിശേഷമായ കഴിവ് മുൻതലമുറക്കാർ അറിഞ്ഞിരുന്നു എന്ന് വേണം കരുതാൻ. അല്ലെങ്കിൽ “എന്റെ കരളേ’ എന്നൊരു പ്രയോഗം നമ്മുടെ നാട്ടിൽ വന്നതെങ്ങനെ? അപ്പോൾ തെറ്റായ ഭക്ഷണ രീതിയാൽ കരളിനെ ഉപദ്രവിക്കാതെ നമ്മുടെ നല്ലപാതിയോടെന്നപോലെ, കരുതലോടെയും ഉത്തരവാദിത്വത്തോടെയും കരളിനെ കാണണം.

ഡയറ്റീഷൻ, ഉമാസ് നൂട്രിയോഗ തിരുവനന്തപുരം

Latest