Variyankunnath Kunhammed Haji
ആ ചിത്രം വാരിയന്‍കുന്നന്റെതോ? ഫ്രഞ്ച് മാഗസിനില്‍ തെളിവില്ല
വാരിയൻ കുന്നന്റെതെന്ന് അവകാശപ്പെടുന്ന ചിത്രത്തിന്റെ ഉറവിടമായി സുൽത്താൻ വാരിയൻ കുന്നൻ എന്ന പുസ്തകത്തിന്റെ പ്രസാധകർ ഉയർത്തിക്കാട്ടിയ 'സയന്‍സ് അറ്റ് വോയേജസ്' എന്ന ഫ്രഞ്ച് മാഗസിനിലെ ലേഖനം പുറത്തുവിട്ട് എഴുത്തുകാരനും ഗവേഷകനുമായ ഡോ. അബ്ബാസ് പനക്കല്‍. ലേഖനത്തിൽ ഒരിടത്തും വാരിയൻ കുന്നനെ കുറിച്ച് പരാമർശമില്ല. ചിത്രത്തിനറെ അടിക്കുറിപ്പിലും വാരിയൻകുന്നന്റെ പേരില്ല.
കോഴിക്കോട് | വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ഥ ചിത്രമെന്ന് അവകാശപ്പെട്ട് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് പുറത്തുവിട്ട ചിത്രം സംശയ നിഴലില്‍. ആഴ്ചകള്‍ക്ക് മുമ്പാണ് വാരിയന്‍ കുന്നന്റെതെന്ന് അവകാശപ്പെടുന്ന ചിത്രം കവര്‍ചിത്രമാക്കി റമീസ് മുഹമ്മദ് ‘സുല്‍ത്താന്‍ വാരിയന്‍കുന്നന്‍’ എന്ന പുസ്തകം പുറത്തിറക്കിയത്. ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്ന് ലഭിച്ച അപൂര്‍വ ചിത്രം എന്ന് അവകാശപ്പെട്ടാണ് ചിത്രം പുറത്തുവിട്ടത്. എന്നാല്‍ ഈ ചിത്രം അച്ചടിച്ചുവന്ന ‘സയന്‍സ് എറ്റ് വോയേജസ്’ എന്ന ഫ്രഞ്ച് മാഗസിനില്‍ ഒരിടത്തും വാരിയന്‍കുന്നനെ കുറിച്ച് പരാമര്‍ശമേയില്ലെന്ന് എഴുത്തുകാരനും ഗവേഷകനുമായ ഡോ. അബ്ബാസ് പനക്കല്‍ സിറാജ്‌ലൈവിനോട് പറഞ്ഞു. ഫ്രഞ്ച് മാഗസിനില്‍ മലബാര്‍ സമരത്തെ കുറിച്ച് വന്ന ലേഖനത്തിന്റെ പൂര്‍ണരൂപം അദ്ദേഹം ഫേസ്ബുക്കിൽ പുറത്തുവിടുകയും ചെയ്തു.
‘സുല്‍ത്താന്‍ വാരിയന്‍ കുന്നന്‍’ എന്ന പുസ്തകം ചര്‍ച്ചയാകുന്നതിനിടയിലാണ് ആ പുസ്തകത്തില്‍ നല്‍കിയ ചിത്രം വാരിയന്‍ കുന്നന്റെത് തന്നെയോ എന്ന് സംശയമുയര്‍ത്തുന്ന തെളിവുകള്‍ പുറത്തുവരുന്നത്. 1922 ആഗസ്റ്റില്‍ പ്രസിദ്ദീകരിച്ച ‘സയന്‍സ് എറ്റ് വോയേജസ്’ എന്ന പുസ്തകത്തിന്റെ അഞ്ചാം പേജിലാണ് സമരപോരാളികളുടെ ചിത്രങ്ങള്‍ പ്രസിദ്ദീകരിച്ചിരിക്കുന്നത്. നടുവില്‍ ആലിമുസ്‌ലിയാരുടെ ചിത്രവും അതിന് ഇരു വശങ്ങളിലുമായി അദ്ദേഹത്തിന്റെ കൂട്ടാളികളായ രണ്ട് പേരുടെ ചിത്രങ്ങളുമാണ് മാഗസിന്‍ നല്‍കിയത്. ഇതില്‍ ആലി മുസ് ലിയാരുടെ ചിത്രത്തിന് മാത്രമാണ് മുഹമ്മദ് അലി എന്ന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. മറ്റു ചിത്രങ്ങളുടെ അടിക്കുറിപ്പില്‍ ചിത്രത്തില്‍ ഉള്ളത് ആരാണെന്ന് വ്യക്തമാക്കുന്നില്ല.
‘വിപ്ലവത്തിന്റെ പ്രധാന ശില്പികളിലൊരാളായ മുഹമ്മദ് അലിയുടെ ഛായാചിത്രം. അദ്ദേഹത്തെ പിടികൂടിയതും വധിച്ചതും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയും അവരുടെ കീഴടങ്ങലിലേക്ക് നയിക്കുകയും ചെയ്തു. ഇരുവശത്തും, ഇംഗ്ലീഷ് കുടിയേറ്റക്കാരെ കൊലപ്പെടുത്തി കലാപത്തിന് സൂചന നല്‍കിയ രണ്ട് മാപ്പിളമാര്‍’ എന്നാണ് ആലിമുസ് ലിയാരുടെ ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയത്. ലേഖനത്തില്‍ ഒരിടത്തും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് പരാമര്‍ശിക്കുന്നുമില്ല. പിന്നെ എങ്ങിനെയാണ് ചിത്രം വാരിയന്‍ കുന്നന്റെതെന്ന് ഉറപ്പിക്കുകയെന്ന് അബ്ബാസ് പനക്കല്‍ ചോദിക്കുന്നു. വാരിയന്‍ കുന്നന്റെതാണ് ചിത്രമെന്ന് ഉറപ്പിക്കാന്‍ കൂടുതല്‍ ആഴത്തിലുള്ള ഗവേഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലേഖനത്തിലുടനീളം ബ്രിട്ടീഷുകാരെ വെള്ളപൂശുന്ന പരാമര്‍ശങ്ങളാണുള്ളത്. ‘വടക്കും പടിഞ്ഞാറും ഉള്ള തങ്ങളുടെ സഹമതവിശ്വാസികളേക്കാള്‍ മതഭ്രാന്തരായ മാപ്പിളമാര്‍ അക്രമാസക്തമായ പ്രതിഷേധവുമായി രംഗത്ത് വരികയും 1919ന്റെ തുടക്കത്തില്‍ തന്നെ തുര്‍ക്കി സുല്‍ത്താനെ മാത്രമേ അനുസരിക്കുകയുള്ളൂവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു’വെന്നും ലേഖനം ആരോപിക്കുന്നു. ഗാന്ധിജി മുസ്‍ലിംകള്‍ക്ക് അനുകൂലമായിരുന്നുവെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.
മലബാര്‍ സമരക്കാര്‍ക്ക് റഷ്യന്‍ പിന്തുണ ലഭിച്ചുവെന്നാണ് ലേഖനത്തിലെ മറ്റൊരു പ്രധാന പരാമര്‍ശം. ‘ പെട്ടെന്ന് സമരം ഒരു കലാപമായി മാറി. സോവിയറ്റ് യൂണിയന്റെ ദൂതന്‍മാര്‍ പറഞ്ഞത് പോലെ ആസൂത്രണം ചെയ്ത സമരമാണോ ഇത്? മോസ്‌കോയില്‍ ഒരു ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊപ്പഗാണ്ട ഇന്‍ ഏഷ്യ’ ഉണ്ടെന്ന് അറിയുന്നു. അവിടെ എല്ലാ ഏഷ്യന്‍ പൗരന്മാരുടെയും പ്രതിനിധികള്‍ക്ക് വിപ്ലവകരമായ നടപടിക്രമങ്ങളില്‍ പരിശീലനം നല്‍കുന്നു’വെന്നും പുസ്തകത്തില്‍ പറയുന്നു. വാരിയന്‍കുന്നന്‍ ധീര രക്തസാക്ഷിത്വം വഹിച്ച് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഫ്രഞ്ച് മാഗസിന്‍ പുറത്തിറങ്ങിയത്.
റമീസ് മുഹമ്മദിന്റെ പുസ്തകം പുറത്തുവന്നതിന് പിന്നാലെ തന്നെ അതില്‍ നല്‍കിയ ചിത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്ത പല ഭാഗത്തു നിന്നും എതിർപ്പുകളുയർന്നിരുന്നു. 1921ല്‍ വാരിയന്‍ കുന്നന് 55-60 വയസ്സ് പ്രായം ഉണ്ടാകുമെന്നാണ് മാധവന്‍ നായരുടെ പുസ്തകത്തില്‍ പറയുന്നത്. എന്നാല്‍ ഫോട്ടോയില്‍ കാണുന്നയാള്‍ക്ക് 25 വയസ്സ് പ്രായമേ തോന്നിക്കുന്നുള്ളൂവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
രക്തസാക്ഷിയായിട്ട് നൂറ് വര്‍ഷമായിട്ടും ലഭ്യമല്ലാതിരുന്ന ആ അമൂല്യനിധി ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് ഞങ്ങള്‍ക്ക് ലഭിച്ചതെന്നും അതിനു പുറമേ വേറെയും അനേകം അമൂല്യമായ ചിത്രങ്ങള്‍ പലയിടത്തുനിന്നുമായി ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും പ്രസാധകര്‍ അവകാശപ്പെട്ടിരുന്നു. വാരിയന്‍ കുന്നത്ത് കുറഞ്ഞഹമ്മദ് ഹാജിയുടെ കോയമ്പത്തൂരിലുള്ള കുടുംബാംഗങ്ങളെ വരെ പങ്കെടുപ്പിച്ചാണ് മലപ്പുറത്ത് വെച്ച് പുസ്തകം പ്രകാശനം ചെയ്തത്.
അതിനിടെ, പുസ്തകത്തില്‍ ആലി മുസ്‌ലിയാരുടെ വലതുവശത്തുള്ള ചിത്രം വാരിയന്‍കുന്നന്റെ ഗവര്‍ണറായിരുന്ന സീതിക്കോയ തങ്ങളുടെതാണെന്ന അവകാശവാദവും പുറത്തുവന്നിട്ടുണ്ട്. സീതിക്കോയ തങ്ങളുടെ പേരമകനും ഫ്രഞ്ച് മാഗസിനിലെ ചിത്രത്തോട് രൂപസാദൃശ്യമുള്ളയാളുമായ നൗഫല്‍ തങ്ങളുടെ ചിത്രം സഹിതം നസ്‌റുദ്ദീന്‍ മണ്ണാര്‍ക്കാട് എന്നയാളാണ് ഫേസ്ബുക്കില്‍ ഈ അവകാശവാദം പങ്കുവെച്ചത്. ചിത്രത്തിലെ മൂന്നാമന്‍ ആര് എന്ന് ഔദ്യോഗികമായി പുറത്തുവിടുന്നു എന്ന ആമുഖത്തോടെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്.
ഫ്രഞ്ച് മാഗസിനില്‍ വന്ന ലേഖനത്തിന്റെ പൂര്‍ണരൂപം അബ്ബാസ് പനക്കല്‍ പുറത്തുവിട്ടതിന് പിന്നാലെ പുസ്തകത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ അസ്‌കര്‍ ലെസ്സിറേയും ലേഖനത്തിന്റെ പേജുകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. സയൻസ് എറ്റ് വോയേജസ് എന്ന മാഗസിനിൽ നിന്നാണ് തങ്ങൾക്ക് പടം ലഭിച്ചത് എന്ന് പറഞ്ഞ പ്രസാധകർ ആ ലേഖനത്തിന്റെ യഥാര്‍ഥ പ്രതി പുറത്തുവിട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചിത്രത്തിനറെ ഉറവിടമായ ലേഖനത്തിന്റെ പൂർണരൂപം അബ്ബാസ് പനക്കൽ പുറത്തുവിട്ടത്. സീതിക്കോയ തങ്ങളുടെ ചിത്രമെന്ന അവകാശവാദവുമായി നസ്‌റുദ്ദീൻ രംഗത്ത വന്നതും അബ്ബാസ് പനക്കല്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ്.