Connect with us

Editors Pick

പോര് ധ്രുവ് റാഠിയും ബി ജെ പിയും തമ്മിലോ?

തിരഞ്ഞെടുപ്പില്‍ ആം ആദ്മിയേയും അരവിന്ദ് കെജിരിവാളിനേയും തറ പറ്റിച്ച് വന്‍വിജയം വരിച്ചതോടെ ബി ജെ പിയുടെ അനുയായികള്‍ ധ്രുവ് റാഠിയുടെ പഴയ പോസ്റ്റുകള്‍ക്ക് പകരം വീട്ടുകയാണിപ്പോള്‍. സോഷ്യൽ മീഡിയ വഴി പുതിയ ട്രോളുകള്‍ ഇറക്കി ധ്രുവിനെ പരിഹസിക്കുന്ന തിരക്കിലാണ് അവരുടെ സൈബര്‍ വിംഗ്.

Published

|

Last Updated

കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ യു.പിയിലും ബി.ജെ.പിക്കുണ്ടായ വോട്ടു തകര്‍ച്ചയുടെ കാരണം ധ്രുവ് റാഠി എന്ന യൂട്യൂബറാണെന്ന് പലരും കരുതുന്നുണ്ട്. അതിനൊരു കാരണം‌ ബി ജെ പിക്കെതിരേ, പാര്‍ടിയുടെ അഴിമതിക്കും രാജ്യത്തെ തൊഴിലില്ലായ്മക്കുമെതിരേ രംഗത്തുവന്നത് മുഴുവൻ യുവാക്കളായിരുന്നു എന്നതാണ്. സോഷ്യല്‍ മീഡിയയില്‍ വന്ന ധ്രുവിന്‍റെ വാദങ്ങളാണ് അന്നവര്‍ തെരുവില്‍ ചര്‍ച്ച ചെയ്തത് എന്നതുകൊണ്ടാണത്. ഇപ്പോൾ ജർമ്മനിയിൽ താമസിക്കുന്ന ജനപ്രിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ധ്രുവ് റാഠിയുടെ പോസ്റ്റുകള്‍ അന്ന് രാജ്യം മുഴുവനും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒപ്പം അത് ബി ജെ പി അണികളെയും നേതൃത്വത്തേയും വല്ലാതെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് ധ്രുവിനെ രാജ്യദ്രോഹിയെന്നും പാകിസ്താൻ ചാരന്‍ എന്നും അക്കൂട്ടരില്‍ പലരും വിളിച്ചിരുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ യുവാവിന്‍റെ പോസ്റ്റുകളും വീഡിയോകളും നന്നായി സ്വാധീനം ചെലുത്തിയിട്ടുണ്ട്.+

എന്നാല്‍ ഇപ്പോള്‍ കഥ മാറി. മഹാരാഷ്ട്രയും ഡല്‍ഹിയും തിരിച്ചുപിടിച്ചപ്പോള്‍ പന്ത് ബി ജെ പിയുടെ കോര്‍ട്ടിലായി. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മിയേയും അരവിന്ദ് കെജിരിവാളിനേയും തറ പറ്റിച്ച് വന്‍വിജയം വരിച്ചതോടെ ബി ജെ പിയുടെ അനുയായികള്‍ ധ്രുവ് റാഠിയുടെ പഴയ പോസ്റ്റുകള്‍ക്ക് പകരം വീട്ടുകയാണിപ്പോള്‍. സോഷ്യൽ മീഡിയ വഴി പുതിയ ട്രോളുകള്‍ ഇറക്കി ധ്രുവിനെ പരിഹസിക്കുന്ന തിരക്കിലാണ് അവരുടെ സൈബര്‍ വിംഗ്.

‘എൽഎസ്ഇയിൽ ഇന്ത്യാ സഖ്യത്തെയും, ഹരിയാനയിൽ കോൺഗ്രസിനെയും, മഹാരാഷ്ട്രയിൽ എംവിഎയെയും, ഡൽഹിയിൽ എഎപിയെയും ധ്രുവ് റാഠി പിന്തുണച്ചു, പക്ഷേ അവരെല്ലാം പരാജയപ്പെട്ടു. നന്ദി, എല്ലാ തിരഞ്ഞെടുപ്പുകളിലും ഇന്ത്യാ സഖ്യത്തിന്റെ പാർട്ടികളെ പിന്തുണയ്ക്കുന്നത് തുടരുക’ എന്നാണ് പുതിയ_ പരിഹാസ പോസ്റ്റ്. മറ്റു രീതികളിലുമുണ്ട് ട്രോളുകള്‍. എന്നാല്‍ ഇതുകൊണ്ടൊന്നും തോല്‍ക്കാത്ത യുവ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഇതിനെതിരേ ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്.

‘തലസ്ഥാന സംസ്ഥാനത്ത് വികസനപരമായ ഒരു ജോലിയും നടക്കാത്തതിനാലാണ് ആം ആദ്മി പാർട്ടി പരാജയപ്പെട്ടത്. . സർക്കാരിന്റെ മുഴുവൻ പ്രവർത്തനവും സ്തംഭിപ്പിക്കാൻ ബി ജെ പി സാധ്യമായതെല്ലാം ചെയ്തതിനാലാണിത്. ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് ഉത്തരവുകൾ നിർത്തലാക്കുന്നത് മുതൽ, സി ബി ഐ തുടങ്ങി അവരുടെ സ്വന്തം ഏജൻസികളെ ഉപയോഗിച്ച് ആം ആദ്മി നേതാക്കളെ വ്യാജ കേസുകളിൽ ജയിലിലടയ്ക്കുന്നത് വരെ, ഡല്‍ഹി സര്‍ക്കാരിനെതിരേ 2023 ലെ ജിഎൻസിടിഡി ആക്ട് മുതൽ, ജനാധിപത്യ വിരുദ്ധമായ പുതിയ നിയമങ്ങൾ പാസാക്കുന്നത് വരെ. സംസ്ഥാനത്ത് ആം ആദ്മി സര്‍ക്കാരുള്ളപ്പോഴും ഡൽഹി പരോക്ഷമായി ബിജെപിയാണ് ഭരിക്കുന്നത്”- ഡൽഹിയിൽ ആം ആദ്മി പാർട്ടി പരാജയപ്പെട്ടതിന് ശേഷമുള്ള ധ്രുവ് റാഠിയുടെ ട്വീറ്റാണിത്.

ഡൽഹിയിലെ ജനങ്ങൾക്ക് അവരുടെ എല്ലാ പ്രശ്‌നങ്ങൾക്കും ആരാണ് ഉത്തരവാദിയെന്ന് ഇപ്പോൾ നേരിട്ട് കാണാൻ കഴിയുന്നത് നല്ലതാണ്. വായു മലിനീകരണം, യമുന മലിനീകരണം, തകർന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വരും വർഷങ്ങളിലും ആളുകൾ സംസാരിക്കുന്നത് തുടരുമോ എന്നതാണ് ഒരേയൊരു ചോദ്യം. അതോ മറ്റ് പല സംസ്ഥാനങ്ങളിലും ചെയ്തതുപോലെ മതവിദ്വേഷത്തിന്റെ പേരിൽ ഇതെല്ലാം അവഗണിക്കാൻ ആളുകളെ ബ്രെയിൻ വാഷ് ചെയ്യുന്നതിലും അടിച്ചമർത്തുന്നതിലും ബിജെപി വിജയിക്കുമോ,” ധ്രുവ് റാഠി തുടരുന്നു.

നല്ല ജനാധിപത്യത്തിനായുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ അവസാനിപ്പിക്കില്ലെന്ന സൂചനയാണിത്. ഒപ്പം സോഷ്യൽ മീഡിയയിലെ ബി.ജെ.പി അനുകൂലികള്‍ അടങ്ങിയിരിക്കില്ലെന്നതും തീര്‍ച്ചയാണ്.