Connect with us

Afghanistan crisis

അഫ്ഗാന്‍ ജനതയുടെ ഭാവി സുരക്ഷിതമോ ?

അമേരിക്കന്‍, നാറ്റോ വാഴ്ച അവസാനിച്ചതിന്റെ പേരില്‍ ഉള്ളറിഞ്ഞ് ആനന്ദിക്കാന്‍ ആ ജനതക്ക് സാധിക്കുന്നില്ല. താലിബാന്‍ വാഴ്ചയുടെ കെടുതികള്‍ ഒരു ഭാഗത്തും വന്‍ ശക്തികളുടെ വടം വലികള്‍ മറുഭാഗത്തും ഈ രാജ്യത്തെ വീണ്ടും ദുരന്ത ഭൂമിയാക്കുമെന്ന് അവര്‍ ഭയക്കുന്നു.

Published

|

Last Updated

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമായി തന്നെ തുടരുകയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അവരവരുടെ പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള ശ്രമകരമായ ദൗത്യത്തിലാണ്. അഫ്ഗാന്‍ പൗരന്‍മാര്‍ സ്വന്തം മണ്ണ് വിട്ട് ഓടിപ്പോകുന്നതിന്റെ ഹൃദയഭേദകമായ കാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിടുന്നുണ്ട്. കാബൂള്‍ വിമാനത്താവളത്തില്‍ കണ്ടത് പരക്കം പാച്ചിലിന്റെ അങ്ങേയറ്റമായിരുന്നു. ആരും ഭയക്കേണ്ടെന്നും പലായനം ചെയ്യേണ്ട സ്ഥിതിയില്ലെന്നും താലിബാന്‍ വക്താവ് ഖത്വറില്‍ നിന്ന് പറയുന്നുണ്ടെങ്കിലും അതിനെ പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ ജനതയിലെ നല്ലൊരു ശതമാനത്തിന് സാധിക്കുന്നില്ല. നേരത്തേ ഭരണം കൈയാളിയിരുന്നപ്പോള്‍ താലിബാന്‍ കാണിച്ച ക്രൂരതകളും പിടിവാശികളും ജനാധിപത്യവിരുദ്ധതകളും നയരാഹിത്യവും തന്നെയാണ് ഇതിന് കാരണം. അമേരിക്കന്‍, നാറ്റോ വാഴ്ച അവസാനിച്ചതിന്റെ പേരില്‍ ഉള്ളറിഞ്ഞ് ആനന്ദിക്കാന്‍ ആ ജനതക്ക് സാധിക്കുന്നില്ല.

താലിബാന്‍ വാഴ്ചയുടെ കെടുതികള്‍ ഒരു ഭാഗത്തും വന്‍ ശക്തികളുടെ വടം വലികള്‍ മറുഭാഗത്തും ഈ രാജ്യത്തെ വീണ്ടും ദുരന്ത ഭൂമിയാക്കുമെന്ന് അവര്‍ ഭയക്കുന്നു. ഒപ്പം ഐ എസ്, അല്‍ഖാഇദ തുടങ്ങി അസംഖ്യം ഗ്രൂപ്പുകള്‍ ആയുധങ്ങളുമായി കാത്തിരിക്കുന്നുണ്ട്. ഇവര്‍ ആര്‍ക്കു വേണ്ടിയൊക്കെ ആയുധമെടുക്കുമെന്നത് പ്രവചനാതീതമാണ്. അഴിമതിയും കെടുകാര്യസ്ഥതയും മാത്രം കൈമുതലായുള്ള പാവ സര്‍ക്കാറുകളാണ് പതിറ്റാണ്ടുകളായി അഫ്ഗാന്‍ ഭരണം കൈയാളുന്നത്. അതുകൊണ്ട് ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായി അഫ്ഗാന്‍ മാറിയിരിക്കുന്നു. ആഭ്യന്തര സംഘര്‍ഷമാണ് വരാനിരിക്കുന്നതെങ്കില്‍ കൂടുതല്‍ പരിതാപകരമായ നിലയിലേക്ക് കാര്യങ്ങള്‍ കൂപ്പുകുത്തും. ഈ ഭീതിയിലാണ് മനുഷ്യര്‍ കൈയില്‍ കിട്ടിയതുമെടുത്ത് അപകടകരമായ പലായനത്തിന് മുതിരുന്നത്. അതിനാല്‍ ഇപ്പോള്‍ സംഭവിച്ചതിന്റെ ശരി തെറ്റുകളേക്കാള്‍ പ്രധാനം അഫ്ഗാന്‍ ജനതയുടെ വേദനയാണ്. അഭയം തേടുന്ന അവര്‍ക്ക് കൈത്താങ്ങാകാന്‍ ഇന്ത്യയടക്കമുള്ള ദേശങ്ങള്‍ തയ്യാറാകണം. പൗരത്വ നിയമത്തില്‍ കാണിച്ചതു പോലെ അതിലേക്ക് മതപരമായ പരിഗണനകള്‍ കൊണ്ടുവരരുത്. യു എന്‍ ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തണം. അധികാരത്തിന്റെ ചതുരംഗപ്പലകയിലേക്ക് അഫ്ഗാന്‍ ജനതയെ എടുത്തെറിയരുത്.

അഫ്ഗാന്‍ മുന്‍ ആഭ്യന്തര മന്ത്രി അലി അഹ്മദ് ജലാലി ഇടക്കാല പ്രസിഡന്റാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നേരിട്ട് അധികാരം ഏറ്റെടുക്കുന്നതിന് പകരം ഒരു ജാലാലിയെപ്പോലെ യു എസിനു കൂടി സ്വീകാര്യനായ ഒരാളെ ഹ്രസ്വ കാലത്തേക്ക് കസേരയിലിരുത്തി മുല്ല അബ്ദുല്‍ ഘാനി ബര്‍ദാറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാമെന്നാണ് താലിബാന്‍ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇതടക്കം വ്യത്യസ്തമായ വഴിയിലാണ് ഇത്തവണ തങ്ങള്‍ സഞ്ചരിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ താലിബാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.

താലിബാനെ നേരിട്ട് ചര്‍ച്ചക്ക് വിളിച്ച് യു എസ് ഉണ്ടാക്കിക്കൊടുത്ത നയതന്ത്ര വിജയമാണ് ഈ പരിശ്രമങ്ങളുടെ അടിസ്ഥാനം. ചൈന, റഷ്യ, തുര്‍ക്കി, പാക്കിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ താലിബാന്‍ വാഴ്ചയെ പിന്തുണച്ചു സംസാരിച്ചു കഴിഞ്ഞു. ബ്രിട്ടനുമുണ്ട് മൃദു സമീപനം. വലിയ സംഘര്‍ഷങ്ങളില്ലാതെ കാബൂള്‍ പിടിക്കാന്‍ താലിബാന് സാധിച്ചുവെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യവും അമേരിക്കയുടെ സൃഷ്ടിയാണ്. അശ്‌റഫ് ഗനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് പ്രത്യക്ഷത്തില്‍ പിന്തുണ നല്‍കിയെങ്കിലും പിന്‍മാറ്റം പ്രഖ്യാപിച്ച ശേഷം യു എസ് മെല്ലെ കൈ വലിച്ചിരുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉസാമാ ബിന്‍ലാദനെ കൊന്നുവെന്ന് ബരാക് ഒബാമ പ്രഖ്യാപിച്ചത് തൊട്ട് ഈ ചുവടുമാറ്റം തുടങ്ങിയിരുന്നു. ഡൊണാള്‍ഡ് ട്രംപ് പിന്‍മാറ്റ കരാര്‍ കൊണ്ടുവന്നതോടെ താലിബാന് കാര്യങ്ങള്‍ എളുപ്പമാകുന്ന നിലയുണ്ടായി. ഇത് അഫ്ഗാന്‍ സൈന്യത്തില്‍ നല്ലൊരു ശതമാനത്തിന്റെ ആത്മവിശ്വാസം കെടുത്തി. താലിബാനെ പ്രതിരോധിക്കാനാകില്ലെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തിയ മട്ടായിരുന്നു. അതോടെ അവിശ്വസനീയമായ വേഗത്തില്‍ കാബൂള്‍ വീഴുകയായിരുന്നു. രക്തച്ചൊരിച്ചില്‍ ഒഴിവാകുകയും ചെയ്തു. എന്നാല്‍ താലിബാന് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിച്ചതിന്റെ തെളിവായാണ് ഈ അതിവേഗ മാറ്റത്തെ അവരെ പിന്തുണക്കുന്നവര്‍ ആഘോഷിക്കുന്നത്.

നാളെ താലിബാന്‍ മാറുമോ? സിവിലിയന്‍ സര്‍ക്കാറിന്റെ മിതത്വത്തിലേക്ക് അതിന് ഉണരാനാകുമോ? അഫ്ഗാനെ കെട്ടുറപ്പോടെ നയിക്കാന്‍ അവര്‍ക്ക് സാധിക്കുമോ? ഈ ചോദ്യങ്ങളെല്ലാം ഭാവിയെക്കുറിച്ചുള്ളവയാണ്. മുന്നിലുള്ള അനുഭവങ്ങള്‍ വെച്ച് താലിബാന്‍ എന്ന സായുധ സംഘത്തെ ഒരു നിലക്കും ന്യായീകരിക്കാനാകില്ല. ആധുനിക ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നില്ലെന്ന് തന്നെയാണ് അവരുടെ പൂര്‍വകാലം തെളിയിക്കുന്നത്. അല്‍ഖാഇദയെപ്പോലെ ആഗോള ലക്ഷ്യങ്ങള്‍ താലിബാനില്ലെന്നും അധിനിവേശത്തിനെതിരെ പൊരുതിയ പ്രാദേശിക സംഘമാണ് അവരെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷേ, അത്തരം വിലയിരുത്തലുകളെയെല്ലാം അപ്രസക്തമാക്കും വിധം ക്രൂരമായിരുന്നുവല്ലോ താലിബാന്റെ വഴികള്‍.

ഏറ്റവും ഒടുവില്‍ കൊമേഡിയന്‍ നാസര്‍ മുഹമ്മദിനെയും (ഖാശാ സ്വാന്‍) ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദീഖിയെയും അഫ്ഗാന്‍ പ്രസിഡന്റിന്റെ മാധ്യമ ഉപദേഷ്ടാവ് ദാവാ ഖാനെയുമൊക്കെ കൊന്നു തള്ളിയപ്പോള്‍ ആ ഭീകരത ഒരിക്കല്‍ കൂടി ലോകം കണ്ടു. മതാധ്യാപനങ്ങളെ വക്രീകരിക്കുകയും തെറ്റായി പ്രയോഗിക്കുകയുമായിരുന്നു അവര്‍.
താലിബാന്‍ ഭരണത്തെ തിടുക്കത്തില്‍ പിന്തുണക്കുന്ന ചൈനയുടെ നീക്കം നിഷ്‌കളങ്കമാണെന്ന് കരുതാനാകില്ല. കൃത്യമായ ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങള്‍ അതിനുണ്ട്. അമേരിക്ക ഉപേക്ഷിച്ചു പോയിടത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്ന പിന്‍സീറ്റ് ഡ്രൈവിംഗിലേക്ക് ചൈന കയറിയിരിക്കുകയാണ്. പാക്കിസ്ഥാനും റഷ്യയുമുണ്ട് കൂട്ടിന്. ഇങ്ങനെ ഉരുത്തിരിഞ്ഞു വരുന്ന അച്ചുതണ്ട് ഇന്ത്യക്ക് ആശങ്ക പകരുന്നതാണ്. അഫ്ഗാന്‍ ജനതക്കും അത് ഗുണകരമാകില്ല. ഈ അച്ചുതണ്ടിനെതിരെ യു എസ് കരുക്കള്‍ നീക്കുമെന്നുറപ്പാണ്. അതാകട്ടെ ഐ എസ് പോലുള്ള ഗ്രൂപ്പുകള്‍ക്ക് പണവും ആയുധവും നല്‍കിക്കൊണ്ടാകും നിര്‍വഹിക്കുക. 19ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഈ ജനത അനുഭവിക്കുന്ന അധിനിവേശത്തിന്റെ കെടുതികളില്‍ നിന്ന് ഇവരെ ആര് രക്ഷിക്കും?

---- facebook comment plugin here -----

Latest