Connect with us

Articles

"ഇന്ത്യ' മുന്നണിയുടെ ഭാവി വിധിയെഴുത്തോ?

ബി ജെ പിയെ നേരിടാന്‍ കൈകോര്‍ത്ത കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും ഒരുമിച്ചു മത്സരിച്ചിട്ടും സംസ്ഥാനത്തെ ഏഴ് സീറ്റുകളും ബി ജെ പി നേടുകയുണ്ടായി. ഈ അനുഭവം മുന്നില്‍ നില്‍ക്കെ അന്നത്തെ മിത്രങ്ങള്‍ ശത്രുക്കളെ പോലെ പരസ്പരം ഏറ്റുമുട്ടുകയാണ്.

Published

|

Last Updated

അടുത്ത മാസം ആദ്യവാരം നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് ജയിക്കും ആര് തോല്‍ക്കും എന്നതിലുപരി, ബി ജെ പിയെ നേരിടാനായി പ്രതിപക്ഷപാര്‍ട്ടികള്‍ രൂപവത്കരിച്ച “ഇന്ത്യ’ മുന്നണിയുടെ ഭാവിയുടെ വിധിയെഴുത്ത് കൂടിയായിരിക്കും. ബി ജെ പിയെ നേരിടാന്‍ കൈകോര്‍ത്ത കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും ഒരുമിച്ചു മത്സരിച്ചിട്ടും സംസ്ഥാനത്തെ ഏഴ് സീറ്റുകളും ബി ജെ പി നേടുകയുണ്ടായി. ഈ അനുഭവം മുന്നില്‍ നില്‍ക്കെ അന്നത്തെ മിത്രങ്ങള്‍ ശത്രുക്കളെ പോലെ പരസ്പരം ഏറ്റുമുട്ടുകയാണ്.

ഇതിനെതിരെ മുന്നണിയിലെ മറ്റു ഘടക കക്ഷികള്‍ ആശങ്ക പരസ്യപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ചുനിന്ന ഘടക കക്ഷികള്‍ക്ക് ഐക്യം തുടരാനാകുന്നില്ലെങ്കില്‍ “ഇന്ത്യ’ മുന്നണി പിരിച്ചു വിടണമെന്ന് മുന്നണിയിലെ ഘടക കക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു.

“ഇന്ത്യ’ മുന്നണിയുടെ യോഗങ്ങള്‍ ചേരുന്നില്ല. മുന്നണിയെ ആര് നയിക്കും? സഖ്യത്തിന്റെ അജന്‍ഡ എന്താണ്? സഖ്യം എങ്ങനെ മുന്നോട്ടുപോകും? ഇത്തരം അവസ്ഥയില്‍ മുന്നണി തുടരേണ്ടതുണ്ടോ? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമായിരുന്നെങ്കില്‍ സഖ്യം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ഉമര്‍ അബ്ദുല്ല പറഞ്ഞു. വളരെ പ്രതീക്ഷയോടെ ബി ജെ പിക്കെതിരെ രൂപവത്കരിച്ച പ്രതിപക്ഷ സഖ്യമായിരുന്നു “ഇന്ത്യ’ മുന്നണി. മുന്നണി രൂപവത്കരണത്തിനു ശേഷം നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും സഖ്യത്തിനുള്ളിലെ ആഭ്യന്തര വൈരുധ്യങ്ങള്‍ പ്രകടമായിരുന്നു. ഇതിന്റെ പേരില്‍ ഘടക കക്ഷികള്‍ കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തുകയുണ്ടായി. സഖ്യത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സ് മധ്യപ്രദേശിലെയും ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കാഴ്ചവെച്ച മോശം പ്രകടനം മുന്നണിക്കിടയില്‍ ചര്‍ച്ചയായിരുന്നു. അത്തരം ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു. എന്നാല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും തുറന്ന വാക് പോരിലേക്ക് കടന്നിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സ്, സമാജ് വാദി പാര്‍ട്ടി, ശിവസേന (ബി ടി യു) എന്നീ ഘടക കക്ഷികള്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത് “ഇന്ത്യ’ മുന്നണിയുടെ ഭാവിയെ കുറിച്ചുള്ള ചോദ്യ ചിഹ്നമായി മാറുകയാണ്.

“ഇന്ത്യ’ മുന്നണിയിലെ വലിയ കക്ഷി കോണ്‍ഗ്രസ്സാണ്. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് മുന്നണി കണ്‍വീനര്‍. ആ നിലക്ക് “ഇന്ത്യ’ മുന്നണിയെ തകരാതെ നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസ്സിനുണ്ട്. ബി ജെ പി വിരുദ്ധ സഖ്യ കക്ഷികള്‍ക്കിടയിലെ ആശയവിനിമയക്കുറവും മുന്നണിയുടെ പ്രയാണത്തിന് തടസ്സമായിട്ടുണ്ട്. എന്നാല്‍ മുന്നണിയുടെ അനൈക്യത്തിന്റെ പേരിലോ പാര്‍ട്ടിയുടെ പരാജയത്തിലോ കോണ്‍ഗ്രസ്സിന് ആശങ്ക ഉള്ളതായി തോന്നുന്നില്ല. മുന്നണി നേതൃത്വം മാറണമെന്ന ആവശ്യം ഉയര്‍ന്നത് ഈ പശ്ചാത്തലത്തിലാണ്. “ഇന്ത്യ’ മുന്നണിയുടെ നേതൃത്വം ഏറ്റെടുക്കാമെന്നറിയിച്ച തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മമതാ ബാനര്‍ജിയെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്, എന്‍ സി പി നേതാവ് ശരത് പവാര്‍, ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ എന്നിവര്‍ പിന്തുണച്ചത് “ഇന്ത്യ’ മുന്നണിയുടെ നിര്‍ജീവാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടിയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും ബി ജെ പിക്കും ഞെട്ടലുണ്ടാക്കാന്‍ “ഇന്ത്യ’ മുന്നണിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഭാവിപരിപാടി ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേരാന്‍ പോലും “ഇന്ത്യ’ മുന്നണിക്ക് സാധിച്ചിട്ടില്ല. “ഇന്ത്യ’ മുന്നണിയെന്ന സംവിധാനം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണെന്നവകാശപ്പെടുന്നത് ബി ജെ പിയെ സഹായിക്കലാണ്. “ഇന്ത്യ’ മുന്നണി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപവത്കരിച്ചതാണെന്ന് പവന്‍ ഖേരയെ പോലുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ ആവര്‍ത്തിക്കുകയാണ്. പ്രധാനപ്പെട്ട ബില്ലുകള്‍ പാര്‍ലിമെന്റില്‍ പാസ്സാകണമെങ്കില്‍ രാജ്യസഭയുടെ കൂടി അംഗീകാരം വേണമെന്നും രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത് നിയമസഭാംഗങ്ങളാണെന്നും അറിയാത്തവരായിരിക്കുമോ ഇതുപോലുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍.
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലെന്ന പോലെ ഇത്തവണയും ഡല്‍ഹിയില്‍ ത്രികോണ മത്സരമാണ്. മൂന്നാം തവണയും ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എ എ പി. മൂന്നാം തവണയും അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂക്കിനു താഴെ സ്ഥിതി ചെയ്യുന്ന ഡല്‍ഹി സംസ്ഥാന ഭരണം ബി ജെ പിക്ക് അന്യമായിട്ട് കാല്‍ നൂറ്റാണ്ടായി. കേന്ദ്ര ഏജന്‍സികള്‍ കെജ്‌രിവാളിനും പ്രമുഖ എ എ പി നേതാക്കള്‍ക്കും എതിരെ നടത്തുന്ന അന്വേഷണങ്ങള്‍ ബി ജെ പിക്ക് പ്രതീക്ഷ നല്‍കുന്നു. 2013 വരെ മൂന്ന് തവണ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സിന് ഒന്നുമില്ലായ്മയില്‍ നിന്ന് പുനര്‍ജനിക്കേണ്ടതുണ്ട്. സി പി എം, സി പി ഐ, ഫേര്‍വേഡ് ബ്ലോക്ക് തുടങ്ങിയ ഇടതു പാര്‍ട്ടികളും ബി എസ് പി, എ ഐ എം ഐ എം എന്നീ പാര്‍ട്ടികളും മത്സര രംഗത്തുണ്ടെങ്കിലും ഡല്‍ഹിയിലെ പ്രധാന മത്സരം ഭരണ കക്ഷിയായ ആം ആദ്മി പാര്‍ട്ടിയും പ്രതിപക്ഷമായ ബി ജെ പിയും തമ്മിലാണ്. 2015, 2020 വര്‍ഷങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന് ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല. അതേസമയം 2022ലെ എം സി ഡി (മുനിസിപല്‍ കോര്‍പറേഷന്‍ ഓഫ് ഡല്‍ഹി) തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് മികച്ച പ്രകടനം കാഴ്ചവെക്കുകയുണ്ടായി. ഓഖ്്ല പോലുള്ള മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസ്സ് പിടിച്ചെടുത്തു. മുസ്തഫാബാദ്, ബ്രിജ്പുരി, ശാസ്ത്രി പാര്‍ക്ക് തുടങ്ങിയ പ്രധാന വാര്‍ഡുകളില്‍ വിജയം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്സിനു സാധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള സീറ്റുകളിലാണ്. ചാന്ദ്‌നി ചൗക്ക്, മതിയ മഹല്‍, ബാബര്‍പൂര്‍, സലീംപൂര്‍, ഓഖ്‌ല, ബല്ലിമാര്‍, മുസ്തഫാബാദ് തുടങ്ങി ഡല്‍ഹിയിലെ പത്തോളം മണ്ഡലങ്ങള്‍ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളാണ്.
കഴിഞ്ഞ തവണ കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള മത്സരത്തില്‍ മുസ്‌ലിം വോട്ടുകള്‍ ഭിന്നിച്ചതിനാല്‍ ബാബര്‍പൂര്‍, മുസ്തഫാബാദ് മണ്ഡലങ്ങള്‍ ബി ജെ പി കൈവശപ്പെടുത്തുകയുണ്ടായി. മുസ്‌ലിം വോട്ടുകള്‍ ലക്ഷ്യമാക്കി അസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീനും മത്സര രംഗത്തുണ്ട്. ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതാണ് അരവിന്ദ് കെജ്്രിവാളിനെതിരെ മത്സര രംഗത്തുള്ള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയുടെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് ബി ജെ പി ഓഫീസില്‍ വെച്ചാണെന്ന് കെജ്‌രിവാള്‍ ആരോപിക്കുകയാണ്. ഡല്‍ഹി മുഖ്യമന്ത്രി അതിഷി ഒരു പടി കൂടി കടന്ന് കെജ്‌രിവാളിനെ പരാജയപ്പെടുത്താന്‍ സന്ദീപ് ദീക്ഷിത് ബി ജെ പിയില്‍ നിന്ന് പണം കൈപ്പറ്റിയതായി കുറ്റപ്പെടുത്തുകയുണ്ടായി. അതിഷിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ സന്ദീപ് ദീക്ഷിത് ഒരുങ്ങുകയാണ്. “ഇന്ത്യ’ മുന്നണിയിലെ ഘടക കക്ഷികളായ കോണ്‍ഗ്രസ്സും എ എ പിയും ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ പേരില്‍ അത്രമാത്രം അകന്നു കഴിഞ്ഞു. കോണ്‍ഗ്രസ്സ് നേതാവ് അജയ് മാക്കന്‍ കെജ്‌രിവാളിനെ വിളിച്ചത് രാജ്യദ്രോഹി എന്നായിരുന്നു. കെജ്‌രിവാളിനെ രാജ്യദ്രോഹിയെന്നു വിളിച്ച അജയ് മാക്കനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ മുന്നണിയുമായി സഹകരിക്കില്ലെന്ന് എ എ പി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഇരു പാര്‍ട്ടികളും തങ്ങളുടെ പ്രധാന ശത്രു ബി ജെ പിയാണെന്ന കാര്യം മറന്നപോലെ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുകയാണ്. അഴിമതിയും ഭരണവിരുദ്ധതയും ആരോപിച്ച് ഡല്‍ഹിയിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ എ എ പി സര്‍ക്കാറിനും കെജ്‌രിവാളിനുമെതിരെ ആക്രമണം ശക്തിപ്പെടുത്തുകയാണ്. ഈ അവസ്ഥയില്‍ ബി ജെ പിക്കെതിരെ പ്രതിപക്ഷസഖ്യമെന്ന ആശയം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പോടെ ചാപ്പിള്ളയായി മാറിയേക്കാം. മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ശിവസേന (യു ബി ടി) തനിച്ചു മത്സരിക്കുമെന്നു കൂടി പ്രഖ്യാപിച്ചിരിക്കെ കഥ പൂര്‍ണമാകുകയാണ്.

Latest