Connect with us

Articles

ഹൃദയം വിശാലമാകുന്നുണ്ടോ?

ഹൃദയത്തിന് വികസിക്കാൻ കഴിയുമ്പോഴാണ് നിങ്ങളിൽ തഖ്്വയുടെ തോത് വർധിക്കുന്നത്

Published

|

Last Updated

ഹൃദയമാണല്ലോ മനുഷ്യ ശരീരത്തിന്റെ കാതൽ. ഹൃദയത്തിൽ നിന്നാണല്ലോ മനുഷ്യനുണ്ടാകേണ്ട നല്ല ചിന്തകൾ രൂപപ്പെടേണ്ടത്. ഹൃദയശുദ്ധി പ്രധാനമാണെന്ന ബോധം എപ്പോഴും ഉണ്ടാകണം. തഖ്്വയുടെ ഉറവിടം ഹൃദയമാണെന്ന് ഹൃദയത്തിൽ കൈവെച്ച് ലോകത്തോട് പറഞ്ഞത് ആറ്റൽ നബിയാണ്. ഹൃദയത്തിന് വികസിക്കാൻ കഴിയുമ്പോഴാണ് നിങ്ങളിൽ തഖ്്വയുടെ തോത് വർധിക്കുന്നത്.

ഹൃദയം വികാസം പ്രാപിക്കുമ്പോഴാണ് സ്വന്തം ന്യൂനതയിലേക്ക് നോക്കി മറ്റുള്ളവരുടെ ന്യൂനത കാണാതിരിക്കാൻ ആഗ്രഹിക്കുന്നത്. സ്വന്തം കുറ്റങ്ങൾ ഓർമിക്കാതെ മറ്റുള്ളവന്റെ വീഴ്ചകളിൽ രോഷപ്രകടനം നടത്തുന്ന ശീലമുള്ളവരാണെങ്കിൽ ഉറപ്പിക്കാം, ഹൃദയം കറുത്ത് കൊണ്ടിരിക്കുന്നു. മറ്റുള്ളവരുടെ വീഴ്ചകൾക്ക് കാരണങ്ങളുണ്ടാകാം എന്നാലോചിച്ച് അവർക്ക് മാപ്പ് നൽകുകയും സ്വന്തം വീഴ്ചകൾ മാരകമാണെന്ന ബോധവുമാണ് നമുക്ക് വേണ്ടത്.
ഉറപ്പായും സ്വർഗത്തിലാണെന്ന് പ്രഖ്യാപിക്കപ്പെട്ട ഒരു സ്വഹാബിയെക്കുറിച്ച് കൂട്ടുകാർ പഠിച്ച് നോക്കി. നിർബന്ധ ബാധ്യതകൾക്കപ്പുറം ഒന്നും ചെയ്യാതെ ജീവിക്കുന്ന അദ്ദേഹത്തിന് സ്വർഗമുണ്ടെന്ന മുത്ത് നബിയുടെ പ്രഖ്യാപനത്തിന്റെ കാരണമന്വേഷിച്ച കൂട്ടുകാരോട് അദ്ദേഹം പറഞ്ഞു. എന്റെ ഹൃദയത്തിൽ ഒരാളോടും പകയും വെറുപ്പും ഉണ്ടാകാറില്ല. രാത്രി ഉറങ്ങുമ്പോഴും എഴുന്നേൽക്കുമ്പോഴും.

വിശുദ്ധ ഖുർആൻ അധ്യായം 26ൽ 88, 89 വചനത്തിൽ പരലോകത്ത് ഉപകാരപ്പെടുന്നതിന്റെ മാനദണ്ഡം പരിശുദ്ധമായ ഹൃദയം മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഹൃദയം തെളിച്ചമുള്ളതായില്ലെങ്കിൽ എല്ലാം വെറുതെയാകും. ഹൃദയം തെളിച്ചമുള്ളതാകുന്നതിന് ലക്ഷ്യം നന്നാകണം. മാർഗം മാത്രം നന്നായാൽ പോരാ. അഥവാ ലക്ഷ്യം രൂപപ്പെടുത്തുന്നതിൽ നല്ല ജാഗ്രത വേണം. ഇതിനാണ് ഇഖ്‌ലാസ് എന്ന് പറയുക. നിഷ്കളങ്കത എന്നൊക്കെ മലയാളീകരിക്കുന്ന ഇതിന്റെ ഒറിജിനൽ ആശയം അല്ലാഹുവിന്റെ ഇഷ്ടം മാത്രം മുൻനിർത്തിയുള്ള കർമങ്ങൾ രൂപപ്പെടുക എന്നതാണ്. പ്രലോഭനങ്ങളെക്കാളും പ്രകോപനങ്ങളെക്കാളും നമ്മെ നയിക്കേണ്ടത് അല്ലാഹുവിന്റെ പ്രീതിയാകണം.

മറ്റുള്ളവരെയെല്ലാം ഉൾക്കൊള്ളാൻ പറ്റുംവിധത്തിൽ ഹൃദയം തുറന്നുവെക്കുക എന്നതാണ് മറ്റൊന്ന്. പ്രായമുള്ളവരെ കാണുമ്പോൾ കുട്ടികൾ ഓർക്കേണ്ടത് എത്രയോ കാലം അല്ലാഹുവിന് ആരാധന നടത്താൻ ഭാഗ്യംലഭിച്ച നല്ല വ്യക്തി, ഞാൻ വളരെ പ്രായം കുറഞ്ഞതിനാൽ എനിക്ക് കഴിഞ്ഞില്ലല്ലോ എന്നാണ്. കുട്ടികളെ കണ്ടാൽ പ്രായമുള്ളവർ ചിന്തിക്കേണ്ടത് ഞാൻ എത്ര കാലമായി ഈ ഭൂമിയിൽ തെറ്റുകൾ ചെയ്തു ജീവിക്കുന്നു. ഈ കുട്ടി തെറ്റ് കുറവുള്ളവനല്ലേ, ഇവൻ എന്നേക്കാൾ നല്ലവനല്ലേ എന്നാണ്. ഇങ്ങനെ മറ്റുള്ളവരെ നന്നാക്കാൻ ഒരു ശതമാനം കാരണം ബാക്കിയുണ്ടെങ്കിൽ അതിനെ പരിഗണിച്ച് നമ്മുടെ വിധിതീർപ്പുകളിൽ ഹൃദയത്തെ രക്ഷപ്പെടുത്തുക.

നോമ്പിന്റെ രാപകലുകൾ ഒരോന്നും വിട ചൊല്ലുമ്പോൾ ചോദിക്കണം ഹൃദയത്തോട്, വിശാലമാകുന്നുണ്ടോ? മാപ്പ് നൽകാൻ കഴിയുന്നുണ്ടോ? സ്വന്തം വീഴ്ചകളിലേക്ക് കണ്ണ് തുറക്കുന്നുണ്ടോ? അതെ എന്നാണെങ്കിൽ മാറ്റങ്ങളുണ്ട്. മാറട്ടെ, റമസാൻ മാറ്റങ്ങളുടെ കാലം കൂടിയാകട്ടെ.

Latest