Connect with us

Editors Pick

നാല്‍പതു വയസ്സില്‍ താഴെയുള്ളവരില്‍ കാന്‍സര്‍ രോഗ ബാധ കൂടുന്നുവോ?

ക്യാൻസർ വ്യാപിക്കുന്നതിന്റെ കാരണങ്ങളിലേക്ക് നടത്തിയ അന്വേഷണങ്ങള്‍ ചെന്നെത്തുന്നത് ആധുനിക മനുഷ്യന്‍റെ തിരക്കുപിടിച്ച ജീവിതരീതികളിലേക്കാണ്.

Published

|

Last Updated

ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്കിടയില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം‌ കൂടുന്നതില്‍ ആരോഗ്യരംഗവും സാമൂഹ്യപ്രവർത്തകരും കടുത്ത ആശങ്കയിലാണ്. ഇതിന്‍റെ കാരണമന്വേഷിച്ചു നടത്തിയ അന്വേഷണങ്ങള്‍ ചെന്നെത്തുന്നത് ആധുനിക മനുഷ്യന്‍റെ തിരക്കുപിടിച്ച ജീവിതരീതികളിലേക്കാണ്.

ജംഗ് ഫുഡ്ഡുകളുടെ സ്ഥിരമായ ഉപഭോഗവും കൃത്യനിഷ്ഠയില്ലാത്ത ജീവിതശൈലിയും കാരണമാണ് ഇന്ത്യയിൽ 40 വയസിന് താഴെയുള്ളവരിൽ കാൻസർ കേസുകൾ വർധിപ്പിക്കുന്നതെന്നാണ് ഡോക്‌ടർമാരുടെ അഭിപ്രായം. സംസ്‌കരിച്ച ഭക്ഷണങ്ങൾ, പുകയില, മദ്യം എന്നിവയുടെ വർദ്ധിച്ച ഉപഭോഗം, ഉദാസീനമായ ജീവിതശൈലി, ഭക്ഷണത്തിനനുസരിച്ചുള്ള വ്യായാമമില്ലാത്തതിനാലുണ്ടാകുന്ന അമിതവണ്ണം, മാനസിക സമ്മർദങ്ങള്‍ എന്നിവയാണ് പ്രാഥമിക കാരണങ്ങളെന്നാണ് നിഗമനം.

പരിസ്ഥിതി മലിനീകരണമാണ് മറ്റൊരു നിർണായക ഘടകം. വിവിധതരം രാസ വാതകങ്ങളാല്‍ ഇന്ത്യയിലെ നഗരങ്ങൾ ഉയർന്ന തോതില്‍ മലിനീകരിക്കപ്പെട്ടിരിക്കുകയാണ്. നഗരങ്ങളിലെ അന്തരീക്ഷവായുവില്‍ ഓക്സിജന്റെ അളവ് കുറച്ചുകൊണ്ട് വിനാശകരമായ മൂലകങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നു. ഇതും‌ വിവിധ തരത്തിലുള്ള ക്യാൻസറുകള്‍ക്ക് കാരണമാകുന്നു. വായു, ജല മലിനീകരണങ്ങള്‍ നഗരവാസികളുടെ കാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.

സംസ്കരിച്ച ഇന്‍സ്റ്റന്‍റ് ഫുഡ്ഡുകളും ഉദാസീനമായ ജീവിതശൈലികളും യുവ ഇന്ത്യക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന കാൻസർ നിരക്കിന് കാര്യമായ സംഭാവന നൽകുന്നുണ്ട്. അനാരോഗ്യകരമായ ചേരുവകൾ നിറഞ്ഞ ഭക്ഷണങ്ങളുടെ ഉയർന്ന ഉപഭോഗവും ശരീരം അനങ്ങാതെയുള്ള ജോലിയും ചേർന്നാണ് ഈ ആരോഗ്യ പ്രതിസന്ധി സൃഷ്‌ടിക്കുന്നതെന്ന് ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിലെ ഹെമറ്റോളജി ആൻഡ് ബിഎംടി വിഭാഗം ഡയറക്‌ടറും മേധാവിയുമായ ഡോ. രാഹുൽ ഭാർഗവ പറയുന്നു. ഈ പ്രവണത തടയുന്നതിന് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും സജീവമായ ഒരു ജീവിതശൈലിയും സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന നിര്‍ദ്ദേശമാണ് അദ്ദേഹം മുമ്പോട്ട് വെക്കുന്നത്.

ഉദാസീനമായ ജീവിതശൈലി ക്യാൻസർ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഡൽഹിയിലെ യുണീക്ക് ഹോസ്‌പിറ്റൽ കാൻസർ സെൻ്ററിലെ പ്രിൻസിപ്പൽ ഇൻവെസ്‌റ്റിഗേറ്ററും സീനിയർ ഓങ്കോളജിസ്‌റ്റുമായ ഡോ. ആശിഷ് ഗുപ്‌ത പറയുന്നു. യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ക്യാൻസർ നിരക്കിനെ ചെറുക്കുന്നതിന് ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണെന്നാണ് ഈ ഡോക്ടര്‍മാരുടെയെല്ലാം അഭിപ്രായം. നമ്മുടെ പാരമ്പര്യ ഭക്ഷണരീതിയും അടുക്കളയും തിരിച്ചുപിടിക്കുകയും ഏതു തിരക്കിനിടയിലും ചെയ്യാവുന്ന വ്യായാമങ്ങള്‍ക്കായി സമയം കണ്ടെത്തുകയുമാണ് ഇതിനുള്ള പരിഹാരങ്ങളിലൊന്ന്.

നഗരങ്ങളിലെ മാലിന്യത്തോത് കുറയ്ക്കുന്നതില്‍ വ്യക്തിക്കും സര്‍ക്കാരുകള്‍ക്കും തുല്യ പങ്കുണ്ട്. വാഹനങ്ങളെ പാരമ്പര്യ ഇന്ധനങ്ങളില്‍ നിന്ന് വൈദ്യുതിയിലേക്കും സൗരോർജ്ജത്തിലേക്കും മാറ്റുകയും നഗരങ്ങളില്‍ കൂടുതൽ ആളുകള്‍ക്ക് യാത്ര ചെയ്യാവുന്ന പൊതുവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും വേണം.

Latest