Connect with us

Articles

കേരളീയ നവോത്ഥാനം ഒരു മിഥ്യയാണോ?

റിക്രൂട്ട്മെന്റിന്റെ നിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ വന്ന ബാലുവിന് തുടക്കം മുതല്‍ തന്നെ കാര്യങ്ങള്‍ ഒട്ടും സുഖകരമായിരുന്നില്ല. ക്ഷേത്രത്തിനകത്ത് നിലനിന്നിരുന്ന ജാതി അധികാരം തന്നെയായിരുന്നു അതിന്റെ കാരണം. ബാലുവിന്റെ നേരെ പ്രത്യക്ഷവും പരോക്ഷവും ആയ പലതരത്തിലുള്ള നിസ്സഹകരണങ്ങള്‍ പ്രയോഗിക്കപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന തന്നെ വിലക്കിയ അയിത്തത്തിന്റെ ആചരണമല്ലാതെ അതില്‍ കുറഞ്ഞ മറ്റെന്താണിത്?

Published

|

Last Updated

ഒരു ഇടവേളക്ക് ശേഷം ഫാസിസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായ സന്ദര്‍ഭത്തിലാണല്ലോ നമ്മള്‍. ഇന്ത്യയില്‍ ഫാസിസം ഇനിയും വന്നിട്ടുണ്ടോ എന്ന് ഇപ്പോഴും സംശയിക്കുന്നവരുണ്ട്. എന്താണ് ഫാസിസം എന്ന് ഇപ്പോഴും നിഘണ്ടു നോക്കി നിവൃത്തി വരുത്തുന്നവരും ഉണ്ട്. ഫാസിസത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതും ആഘോഷിക്കപ്പെട്ടിട്ടുള്ളതുമായ നിര്‍വചനം ഉമ്പര്‍ട്ടോ എക്കോയുടേതാണ്. എന്നാല്‍ സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഫാസിസത്തെക്കുറിച്ച് ഏറ്റവും സാധുതയുള്ളതും സമഗ്രവുമായ നിര്‍വചനം സഹോദരന്‍ അയ്യപ്പന്റേതാണ്. വളരെ ലളിതവും സരളവുമായി അദ്ദേഹം അതിനെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്, ‘നമ്മുടെ മനുവിനെ വെച്ച് നോക്കുമ്പോള്‍, അവരുടെ ഹിറ്റ്ലര്‍ പാവം ആണ്’. അതിന്റെ അര്‍ഥം ഫാസിസം എന്ന് പറയുന്നത് ജര്‍മനിയിലോ ഇറ്റലിയിലോ ഉത്ഭവിച്ച്, ലോകം മുഴുവന്‍ വ്യാപിച്ച യൂറാപ്യന്‍ പ്രതിഭാസമല്ല, മറിച്ച് അതിന്റെ പ്രഭവകേന്ദ്രം ഇന്ത്യയാണെന്നാണ്. ഇന്ത്യന്‍ ജാതിവ്യവസ്ഥയെ ലോകത്തിലെ ആദ്യത്തെ ഫാസിസ്റ്റ് പ്രയോഗമായും മനുസ്മൃതിയെ അതിന്റെ ആദ്യത്തെ ടെക്സ്റ്റുമായാണ് അയ്യപ്പന്‍ കണ്ടത്. അത് മനസ്സിലാക്കിയത് കൊണ്ടാണ് അംബേദ്കര്‍ മനുസ്മൃതി കത്തിച്ചത്. മനുസ്മൃതിക്കുള്ള മറുപടിയായി തന്നെയാണ് അംബേദ്കര്‍ ഭരണഘടനയെ വിഭാവന ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ്, അയിത്തവും അതിന്റെ ഏത് രൂപത്തിലുള്ള ആചരണവും കുറ്റകൃത്യമാണെന്ന് സംശയമില്ലാതെ പ്രഖ്യാപിക്കുന്ന ആര്‍ട്ടിക്കിള്‍ 17 മൗലികാവകാശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നത്. അംബേദ്കര്‍ നിര്‍മിച്ച ഭരണഘടനയുടെ അട്ടിമറിയും അതിന്റെ സ്ഥാനത്ത് മനുസ്മൃതിയുടെ സ്ഥാപനവുമാണ് സംഘ്പരിവാര്‍ പ്രഭൃതികളുടെ ലക്ഷ്യം എന്ന അറിവ്, അവരുടെ പ്രത്യയശാസ്ത്രവും പ്രവര്‍ത്തന ശൈലിയും അറിയുന്നവരെ സംബന്ധിച്ച് അത്ഭുതകരം അല്ല. അതേസമയം ഇപ്പോഴും സംഘ്പരിവാറിന് അധികാരം അപ്രാപ്യമായ, ഇടതുപക്ഷം ആണെന്ന് അവകാശപ്പെടുന്നവര്‍ ഭരിക്കുന്ന കേരളത്തിലാണ് അയിത്തം അതിന്റെ എല്ലാ ക്രൗര്യത്തോടൊപ്പം ഒരിക്കല്‍ കൂടി ദൃശ്യപ്പെട്ടിരിക്കുന്നത്.

ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ആണ് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ബാലു എന്ന ഈഴവ ചെറുപ്പക്കാരന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ കഴക പ്രവൃത്തിയില്‍ നിയമനം നല്‍കിയത്. ക്ഷേത്രത്തിലെ മാലകെട്ടല്‍ ഉള്‍പ്പെടെയുള്ള അടിയന്തര പ്രവൃത്തികള്‍ ആണ് കഴകത്തിന്റെ പരിധിയില്‍ വരുന്നത്. ആ തസ്തികയില്‍ സ്ഥിര ജോലിക്കാരന്‍ ഇല്ലാത്ത സാഹചര്യത്തില്‍ നിയമാനുസൃതം ഒഴിവ് റിപോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴാണ്, റിക്രൂട്ട്മെന്റ്‌ബോര്‍ഡ് നിയമന നടപടികള്‍ തുടങ്ങിയത്. പരീക്ഷയും ഇന്റര്‍വ്യൂവും അടക്കമുള്ള സ്വാഭാവിക നടപടിക്രമങ്ങളിലൂടെ തന്നെയായിരുന്നു ബാലുവിന്റെ നിയമനം. എന്നാല്‍ റിക്രൂട്ട്മെന്റിന്റെ നിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ വന്ന ബാലുവിന് തുടക്കം മുതല്‍ തന്നെ കാര്യങ്ങള്‍ ഒട്ടും സുഖകരമായിരുന്നില്ല. ക്ഷേത്രത്തിനകത്ത് നിലനിന്നിരുന്ന ജാതി അധികാരം തന്നെയായിരുന്നു അതിന്റെ കാരണം. ബാലുവിന്റെ നേരെ പ്രത്യക്ഷവും പരോക്ഷവും ആയ പലതരത്തിലുള്ള നിസ്സഹകരണങ്ങള്‍ പ്രയോഗിക്കപ്പെട്ടു. തന്ത്രിമാര്‍ മുതല്‍ താഴോട്ടുള്ള പാരമ്പര്യ ജീവനക്കാര്‍ പ്രത്യക്ഷത്തില്‍ തന്നെ പണിമുടക്കി. ഈഴവനായ ബാലു തൊട്ട മാല തൊടാന്‍ ആരും തയ്യാറായില്ല. ഇന്ത്യന്‍ ഭരണഘടന തന്നെ വിലക്കിയ അയിത്തത്തിന്റെ ആചരണമല്ലാതെ അതില്‍ കുറഞ്ഞ മറ്റെന്താണിത്? മഹാത്മാ ഗാന്ധി സന്ദര്‍ശിച്ച സ്വന്തം ഗൃഹത്തിനു പോലും ശുദ്ധികലശം നടത്തിയ പ്രതിലോമ ബ്രാഹ്മണ്യ പരിസരങ്ങളില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും ആരും പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം.

അതേസമയം കേരളീയ നവോത്ഥാനത്തിന്റെ നായകസ്ഥാനവും നടത്തിപ്പ് സ്ഥാനവും അവകാശപ്പെടുന്നവര്‍ നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ആറംഗങ്ങള്‍ ഉള്‍പ്പെട്ട കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ എടുത്ത സമീപനം കൂടി പ്രശ്നവത്കരിക്കേണ്ടതുണ്ട്. ജോലിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യം മൂലം ബാലുവിന് ലീവില്‍ പ്രവേശിക്കേണ്ടി വന്നപ്പോള്‍, ബാലുവിന് അനുകൂലമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് സമ്പൂര്‍ണമായി പരാജയപ്പെട്ടു. അവധി കഴിഞ്ഞ് ബാലു തിരിച്ച് വന്നപ്പോഴാകട്ടെ, തന്ത്രിമാരുടെ സമ്മര്‍ദത്തിന് വഴങ്ങി ബാലുവിനെ ഓഫീസ് ജോലിക്ക് അയച്ച് പ്രശ്നം ശാശ്വതമായി ഒത്തുതീര്‍ക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിച്ചത്. നീതിക്കും അനീതിക്കും ഇടയില്‍ ഒത്തുതീര്‍പ്പുകളും ഇടനിലകളും ഇല്ല എന്ന് തന്നെയാണ് ഇവര്‍ മറന്ന് പോകുന്നത്.

ഇതുപോലൊരു സംഭവം, പൊതുവില്‍ പുരോഗമനപരം എന്ന് പറയുന്ന കേരളത്തില്‍ സംഭവിക്കുമ്പോഴും, അതിനോട് കക്ഷി ഭേദമന്യേ രാഷ്ട്രീയ കേരളം പുലര്‍ത്തിയ കുറ്റകരവും നിരുത്തരവാദപരവുമായ ഉദാസീനതയും മൗനവും അതിന്റെ അഗാധതയില്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഈ സംഭവത്തില്‍ സത്വര പ്രതികരണം നടത്തിയ ഏക നേതാവ്, മുന്‍ ദേവസ്വം മന്ത്രി കൂടിയായിരുന്ന കെ സി വേണുഗോപാല്‍ മാത്രമാണ്. കെ സിയുടെ പ്രതികരണം കൂരിരുട്ടിലെ രജതരേഖ എന്ന നിലയില്‍ ആശ്വസിക്കാന്‍ വകയുള്ളതാണെങ്കിലും, പൊതുവിലെ മൗനം ആപത്കരമാണെന്ന് പറയാതിരിക്കാനാകില്ല. അവസാനം എ പി അനില്‍കുമാര്‍ എം എല്‍ എ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍, അഡ്മിനിസ്ട്രേറ്ററുടെ തലയിലിട്ട് തടിതപ്പുകയായിരുന്നു ദേവസ്വം മന്ത്രി. നമ്മുടെ നവോത്ഥാന സൗധം നിര്‍മിക്കപ്പെട്ടിരിക്കുന്ന ഇഷ്ടികകളുടെ ബലക്ഷയം തന്നെയാണ് ആത്യന്തികമായി അത് അടയാളപ്പെടുത്തുന്നത്. ഏത് നിമിഷവും താഴേക്ക് നിപതിക്കാവുന്ന ഭാര്‍ഗവീനിലയം മാത്രമാണ് കേരളീയ പുരോഗമനം എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.

 

കേരള ഹൈക്കോടതി അഭിഭാഷകന്‍

---- facebook comment plugin here -----

Latest