Connect with us

Editors Pick

മലയാളി മനസ്സ് വികലമാകുന്നുവോ?

പഴയ കാലത്തെ മലയാളികളുടെ ഇടയിൽ നിലനിന്നിരുന്നതുപോലുള്ള നല്ല ആശയവിനിമയത്തിൻ്റെ അഭാവം ഇന്നത്തെ സമൂഹത്തിൻ്റെ വലിയ വിപത്താണ്. കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതി, സാമ്പത്തികാസൂത്രണം എന്നിവയെപ്പറ്റിയുള്ള ചർച്ചകൾ ഇന്ന് ജീവിതപങ്കാളികൾക്കിടയിൽ പോലും വേണ്ട രീതിയിൽ നടക്കുന്നില്ലെന്നതാണ് ഖേദകരമായ വസ്തുത. ആഡംബര ജീവിതം നയിക്കാൻ ധനസമ്പാദനത്തിനായി അവിഹിത മാർഗങ്ങളുൾപ്പെടെ സ്വീകരിച്ച് സ്വന്തം പങ്കാളിയോടുപോലും കിടമത്സരത്തിലേർപ്പെട്ട് വഴക്കടിച്ച് പിരിയുന്ന സംഭവങ്ങളും ഇന്ന് ഒട്ടേറെയുണ്ട്.

Published

|

Last Updated

നഃശാസ്ത്ര ശാഖയുടെ പിതാവായ സിഗ്മണ്ട് ഫ്രോയിഡിൻ്റെ സിദ്ധാന്തമനുസരിച്ച് ഓരോ മനുഷ്യജീവിയുടെയും മനസ്സിനെയും തദ്വാര അയാളുടെ പ്രവൃത്തികളെയും ചിന്തകളെയും നിയന്ത്രിക്കുന്നത് “ഈഗോ’ എന്ന് വിളിക്കുന്ന ഒരു നിയന്ത്രണ ശക്തിയാണ്. നിയന്ത്രണങ്ങളില്ലാതെ ഉടൻ തോന്നുന്നത് ചെയ്യാൻ പ്രേരിപ്പിക്കുന്ന മനുഷ്യമനസ്സിൻ്റെ മൃഗീയ വാസനയായ ഇഡ്ഡിനെ നിയന്ത്രിച്ച്, സമാധാനിപ്പിച്ച് സാഹചര്യത്തിന് അനുകൂലമായ രീതിയിൽ മനുഷ്യത്വപരമായി പെരുമാറാൻ ഫ്രോയിഡിൻ്റെ ഈഗോ എന്ന പ്രേരകശക്തി സഹായിക്കുന്നു. ഈഗോക്ക് മേലെ പ്രവർത്തിക്കുന്ന സൂപ്പർ ഈഗോ എന്ന മറ്റൊരു ഘടകം ഈഗോയെയും നിയന്ത്രിച്ച് സ്ഫുടപ്പെടുത്തി സമൂഹത്തിലെ നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി പ്രവർത്തിക്കാൻ വ്യക്തിയെ സഹായിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇഡ്, ഈഗോ, സൂപ്പർ ഈഗോ എന്നീ മൂന്ന് ഘടകങ്ങളുടെ സന്തുലനമായ പ്രവർത്തനമാണ് ഒരു വ്യക്തിയുടെ സ്വഭാവ രൂപവത്കരണത്തെ സ്വധീനിക്കുന്നതും പലതരത്തിലുള്ള സ്വഭാവവൈകല്യങ്ങൾക്ക് വഴിതെളിക്കുന്നതും.

പഴയ കാലത്ത് നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന കൂട്ടുകുടുംബവ്യവസ്ഥ ഇന്നു തികച്ചും അന്യമായിരിക്കുകയാണ്. പരസ്പര സ്‌നേഹം, വിശ്വാസം, ആത്മാർഥത തുടങ്ങിയ മൂല്യങ്ങളിൽ അധിഷ്ഠിതമായിരുന്ന കൂട്ടുകുടുംബവ്യവസ്ഥയുടെ തകർച്ച സമൂഹത്തിൽ സംഘർഷങ്ങളും ആത്മഹത്യകളും വളരെയേറെ വർധിക്കാൻ കാരണമായെന്നതിൽ തർക്കമില്ല. കുടുംബത്തിലെ പ്രായമേറിയ ഒരംഗമായിരിക്കും കൂട്ടുകുടുംബവ്യവസ്ഥയിൽ കാര്യങ്ങൾ നിശ്ചയിച്ചിരുന്നത്. കുടുംബത്തിൻ്റെ വരുമാനത്തിനനുസരിച്ച് ലളിതമായി, മിതമായ രീതിയിലുള്ള ജീവിതം നയിച്ചിരുന്നവരാണ് മുമ്പുകാലത്തെ കൂട്ടുകുടുംബങ്ങളിലധികവും. ഒരാളുടെ വരുമാനത്തിനനുസരിച്ച് മാത്രമേ ചെലവ് ചെയ്യാവൂ എന്ന സന്ദേശവാഹകരായിരുന്നു പഴയ തറവാട്ടുകാരണവരിലധികവും. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഒരു പ്രശ്‌നമുണ്ടായാൽ അത് കുടുംബത്തിൻ്റെ മൊത്തം പ്രശ്‌നമായി കണ്ടിരുന്ന വിശാലമായ കാഴ്ചപ്പാടായിരുന്നു കൂട്ടുകുടുംബവ്യവസ്ഥയിൽ നിലനിന്നിരുന്നത്. ഇന്നാകട്ടെ യാതൊരു പ്ലാനിംഗുമില്ലാതെ വരുമാനത്തേക്കാളേറെ ലക്കും ലഗാനുമില്ലാതെ കടം വാങ്ങി അത്യാഡംബരജീവിതം നയിക്കുന്നവരാണ് മലയാളികളിലേറെയും. ഏത് നിമിഷവും ഗുരുതരമായ സാന്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താൻ സാധ്യതയുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും.
വിവരമേറുന്നു;

വിവേകം കുറയുന്നു
വിവരസാങ്കേതിക വിദ്യയും വാർത്താവിനിമയ രംഗവും അതിവികാസം പ്രാപിച്ച ഇക്കാലത്ത് ലോകത്തിലെവിടെയും നടക്കുന്ന കാര്യങ്ങൾ നിമിഷങ്ങൾക്കകം അറിയാൻ സാധിക്കുന്ന നമ്മൾ അതിരുകളില്ലാത്ത ഭൂമിയെ തെല്ല് അഹങ്കാരത്തോടെ ഗ്ലോബൽ വില്ലേജ് എന്ന പേരിലൊതുക്കിയിരിക്കുന്നു. നമ്മുടെ സഹജീവികളുടെ പ്രശ്‌നങ്ങൾ നിമിഷങ്ങൾക്കകം അറിയാനും അവരോട് സഹാനുഭൂതി പ്രകടിപ്പിക്കാനും ഉതകുന്ന വിധത്തിൽ ഇന്നത്തെ സാങ്കേതിക വിദ്യകൾ ഭൂഗോളത്തിൻ്റെ വ്യാപ്തി കുറച്ചുവെന്നത് തികച്ചും ശുഭകരമായ വാർത്തയാണ്. എന്നാൽ സാങ്കേതികവിദ്യയുടെ വിസ്മയലോകത്ത് വിരാജിക്കുന്ന മലയാളി അണുകുടുംബത്തിലേക്കും മൊബൈൽ- സൈബർ ലോകത്തിലേക്കും ചുരുങ്ങിപ്പോകുന്ന അവസ്ഥ കടുത്ത ആശങ്കയുളവാക്കുന്നു. പഴയ കൂട്ടുകുടുംബങ്ങളെ സെൽഫി സ്റ്റൈലിലേക്കും നിയന്ത്രിച്ചിരുന്ന തറവാട്ടുകാരണവരുടെ സ്ഥാനം മിക്ക അണുകുടുംബങ്ങളിലും ഇന്ന് ഒഴിഞ്ഞുകിടക്കുകയാണ്. ഇന്റർനെറ്റും മൊബൈൽ ഫോണും അതിരുകൾ തീർക്കുന്ന ഇന്നത്തെ വീടുകളിൽ വ്യക്തിഗത പ്രശ്‌നങ്ങൾ മനസ്സിലാക്കാനും ചർച്ച ചെയ്തു പരിഹരിക്കാനുമുള്ള വേദികൾ ഇല്ലാതായിരിക്കുന്നു. ഇതിൻ്റെ ഫലമായി വിഷാദരോഗം, ഉത്കണ്ഠാരോഗങ്ങൾ, ലഹരി ഉപയോഗം എന്നിങ്ങനെയുള്ള മാനസികപ്രശ്‌നങ്ങളും വിവാഹേതര ബന്ധങ്ങളുമൊക്കെ മലയാളി സമൂഹത്തെയാകമാനം ഗ്രസിച്ചിരിക്കുന്നു.

ശരിയായ രീതിയിലുള്ള സാമ്പത്തിക ആസൂത്രണമില്ലായ്മകൊണ്ട് കടക്കെണിയിലകപ്പെട്ട് മാനസിക സംഘർഷം വന്ന് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. കുടുംബ ആത്മഹത്യകളിൽ കേരളം നാലാം സ്ഥാനത്താണെന്ന് നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ആത്മഹത്യ ചെയ്തവരിൽ 55 ശതമാനം പേരും സ്ത്രീകളും അതിൽ ബഹുഭൂരിഭാഗവും കുടുംബിനികളുമാണെന്ന യാഥാർഥ്യവും നാം വിസ്മരിക്കരുത്. ആത്മഹത്യക്ക് പ്രേരിപ്പിച്ച കാരണങ്ങൾ വിശകലനം ചെയ്താൽ കുടുംബപ്രശ്‌നങ്ങളാണ് പ്രധാന കാരണം എന്ന് മനസ്സിലാകും. ഭർത്താവിൻ്റെ അമിത മദ്യപാനവും അതുമൂലം ഉണ്ടാകുന്ന മാനസിക-സാമ്പത്തിക പ്രശ്‌നങ്ങളും വരവിൽ കവിഞ്ഞ ചെലവും, കുടുംബ ബജറ്റിൻ്റെ പാകപ്പിഴകളും ഒക്കെയാകണം കേരളത്തിൽ ആത്മഹത്യകൾ കൂടാൻ കാരണം.
കേരളീയ സമൂഹത്തിൽ പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം എപ്പോഴും നിലനിൽക്കുന്നു. സമ്പന്നരുടെ ജീവിതശൈലി അനുകരിക്കാൻ ഇടത്തരക്കാരും പാവപ്പെട്ടവരും നടത്തുന്ന ആശാസ്യമല്ലാത്ത ശ്രമങ്ങളാണ് പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. ബ്ലേഡു മാഫിയകളിൽനിന്നും കൊള്ളപ്പലിശക്ക് പണം കടം വാങ്ങിയും ആകെ സമ്പാദ്യമായുള്ളൊരു വീട് പണയപ്പെടുത്തിയും പരസ്യങ്ങളുടെ വലയിൽ വീണ് ടി വി, ഫ്രിഡ്ജ്, കാർ എന്നിവ വാങ്ങിക്കൂട്ടിയും അയൽവാസിയായ പണക്കാരനോട് മത്സരിക്കാൻ പാഴ്ശ്രമങ്ങൾ നടത്തുന്ന മലയാളികൾ ഇന്ന് ഒട്ടേറെയുണ്ട്.

കുറച്ചു കാലം മുമ്പുവരെ മെച്ചപ്പെട്ട ജീവിതം നയിച്ചിരുന്ന, തുടർന്നുവന്ന മാറ്റങ്ങൾക്കനുസൃതമായി ജീവിതശൈലിയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കാത്ത, അല്ലെങ്കിൽ അങ്ങനെ ആഗ്രഹിക്കുന്നുവെങ്കിൽ തന്നെ അയൽക്കാരനായ പണക്കാരൻ തന്നെപ്പറ്റി എന്തു കരുതുമെന്ന് ചിന്തിക്കുന്ന മലയാളി ബ്ലേഡ് മാഫിയകളെയും മറ്റും അഭയം പ്രാപിക്കുന്നു. തുടർന്ന് കടുത്ത കടക്കെണിയിൽ അകപ്പെടുന്ന ഇക്കൂട്ടർ മദ്യം, മയക്കുമരുന്ന്, സൈബർ ബന്ധങ്ങൾ, വിവാഹേതര ബന്ധങ്ങൾ എന്നിവയിൽ താത്കാലിക ആശ്വാസം കണ്ടെത്തുന്നു. പക്ഷേ, അനാശാസ്യകരമായ അത്തരം പ്രവൃത്തികൾ വിഷാദാവസ്ഥ, സംശയരോഗം തുടങ്ങിയ കടുത്ത മാനസികപ്രശ്‌നങ്ങൾ, ലൈംഗിക പ്രശ്‌നങ്ങൾ, കുടുംബബന്ധങ്ങളുടെ തകർച്ച എന്നിവയിലേക്ക് നയിക്കുമെന്ന് ഒരിക്കലും ചിന്തിക്കാറില്ല.

ആശയവിനിമയത്തിൻ്റെ അഭാവം
പഴയ കാലത്തെ മലയാളികളുടെ ഇടയിൽ നിലനിന്നിരുന്നതുപോലുള്ള നല്ല ആശയവിനിമയത്തിൻ്റെ അഭാവം ഇന്നത്തെ കേരളത്തിൻ്റെ ഒരു വലിയ ശാപമാണ്. കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതി, സാമ്പത്തികാസൂത്രണം എന്നിവയെപ്പറ്റിയുള്ള ചർച്ചകൾ ഇന്ന് ജീവിതപങ്കാളികൾക്കിടയിൽ പോലും വേണ്ട രീതിയിൽ നടക്കുന്നില്ലെന്നതാണ് ഖേദകരമായ വസ്തുത. ആഡംബര ജീവിതം നയിക്കാൻ ധനസമ്പാദനത്തിനായി അവിഹിത മാർഗങ്ങളുൾപ്പെടെ എല്ലാ മാർഗങ്ങളും സ്വീകരിച്ച് സ്വന്തം പങ്കാളിയോടുപോലും കിടമത്സരത്തിലേർപ്പെട്ട് വഴക്കടിച്ച് പിരിയുന്ന സംഭവങ്ങളും ഇന്ന് ഒട്ടേറെയുണ്ട്.
പാരമ്പര്യ മൂല്യങ്ങൾ ഇന്ന് തികച്ചും അന്യമാണ് പലർക്കും. വിദ്യാഭ്യാസപരവും തൊഴിൽപരവുമായ കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങൾ പലപ്പോഴും അവരുടെ വ്യക്തിത്വത്തിന് ചെറിയ വിലപോലും കൽപ്പിക്കാത്ത മാതാപിതാക്കൾക്ക് മുന്നിൽ അടിയറ വെക്കേണ്ടിവരുന്നു. ഇങ്ങനെ ജീവിതം കഴിച്ചുകൂട്ടാൻ നിർബന്ധിതരാകുന്നത് കുട്ടികളിൽ കടുത്ത മാനസികപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. കടുത്ത മാനസിക സമ്മർദം മൂലം തെറ്റായ കൂട്ടുകെട്ടുകളിലും ലഹരിവസ്തുക്കളിലും ആത്മഹത്യയിലും അഭയം പ്രാപിക്കുന്ന കൗമാരക്കാരുടെ എണ്ണം കേരളത്തിൽ ദിനംപ്രതി കൂടിവരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ലഹരിയെന്ന വിപത്ത്
മലയാളികൾക്കിടയിൽ പെരുകുന്ന ആത്മഹത്യകൾക്ക് പിന്നിലെ മുഖ്യ വില്ലൻ മദ്യമാണെന്നതിൽ തർക്കമില്ല. മദ്യപാന ശീലം സൃഷ്ടിക്കുന്ന മാനസികപ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയും ആരോഗ്യപ്രശ്‌നങ്ങളും കുറ്റകൃത്യങ്ങളും വാഹനാപകടങ്ങളും കേരളത്തിൽ ദിനംപ്രതി കൂടിവരുന്നു.
കൂടിയ ആയുർദൈർഘ്യവും സ്ത്രീകളെ വെറുമൊരു ഉപഭോഗ വസ്തുവായി കാണുന്ന മലയാളിയുടെ മാറിയ സംസ്‌കാരവും വൃദ്ധജനങ്ങളെയും സ്ത്രീകളെയും എന്തിനേറെ പിഞ്ചുകുട്ടികളെപ്പോലും തികഞ്ഞ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്നു. പഴയ പാരമ്പര്യവും കാഴ്ചപ്പാടുകളും വെച്ചുപുലർത്തുന്ന വൃദ്ധജനങ്ങൾക്കും സൈബർലോകത്തും സോഷ്യൽ മീഡിയകളിലും മുഴുകുന്ന യുവജനങ്ങൾക്കുമിടയിൽ നികത്താനാകാത്ത അന്തരം നിലനിൽക്കുന്നുവെന്നത് ആർക്കും നിഷേധിക്കാനാകാത്ത യാഥാർഥ്യമാണ്.

എന്നാൽ, മാറ്റം സംഭവിച്ച ഇക്കാലത്ത് പഴയ സമ്പ്രദായത്തിലേക്കുള്ള തിരിച്ചുപോക്ക് സാധ്യമാണോയെന്നതിലും സംശയമുണ്ട്. ആത്മാർഥതയും സുതാര്യതയും കുടുംബാംഗങ്ങൾ തമ്മിൽ നല്ല രീതിയിലുള്ള ആശയവിനിമയവും പുലർത്താൻ എല്ലാവരും ശ്രദ്ധിക്കണം. മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവരെ തിരിച്ചറിഞ്ഞ് ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കുടുംബത്തിനും സമൂഹത്തിനും ബാധ്യതയുണ്ട്. സർക്കാർ മുൻകൈ എടുത്താൽ ഇത്തരക്കാർക്കുവേണ്ടി കൗൺസലിംഗ് സെന്ററുകൾ പഞ്ചായത്തുകൾ തോറും സ്ഥാപിക്കാൻ കഴിയും. പേരോ സ്വന്തം മേൽവിലാസമോ നൽകാൻ താത്്പര്യമില്ലാത്ത സ്വകാര്യ ദുഃഖങ്ങൾ അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാൻ ഈ മേഖലയിൽ പ്രാവീണ്യം ലഭിച്ച കൗൺസിലർമാരെ ടെലിഫോൺ കൗൺസലിംഗിനായി വിനിയോഗിക്കുന്നത് നല്ലൊരു പ്രതിരോധ മാർഗം ആയിരിക്കും. ആരോഗ്യപരമായ പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള അറിവുകൾ പഠന സിലബസിൽ ഉൾക്കൊള്ളിക്കുന്നത് കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ മാനസിക പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിന് സഹായിക്കും.

---- facebook comment plugin here -----

Latest