Connect with us

Kerala

പിഞ്ചുകുഞ്ഞിനുപോലും ശസ്ത്രക്രിയ മാറിചെയ്യുന്നതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന നമ്പര്‍വണ്‍ കേരളം; പ്രതിപക്ഷനേതാവ് വിഡി സതീശന്‍

ഏത് സംഭവത്തിലും അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിടുന്നതല്ലാതെ റിപ്പോര്‍ട്ടില്‍ എന്ത് തിരുത്തല്‍ നടപടിയാണ് ആരോഗ്യവകുപ്പും മന്ത്രിയും ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലുവയസുകാരിക്ക് ശസ്ത്രക്രിയ മാറി ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍.എല്ലാ വകുപ്പുകളിലെന്നപ്പോലെ ആരോഗ്യവകുപ്പിലും ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയാണെന്നും പിഞ്ചുകുഞ്ഞിനുപോലും ശസ്ത്രക്രിയ മാറിചെയ്യുന്നതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ കേരളമെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

തുടര്‍ച്ചയായി സംഭവിക്കുന്ന ഇത്തരം ചികിത്സാപ്പിഴലുകളിലൂടെ കാലങ്ങളായി കേരളം ആരോഗ്യമേഖലയില്‍ ആര്‍ജ്ജിച്ചെടുത്ത നേട്ടങ്ങളാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം പ്രവര്‍ത്തികളിലൂടെ സര്‍ക്കാര്‍ ആശുപത്രികളുടെ വിശ്വാസ്യതവരെ ചോദ്യം ചെയ്യപ്പെടുകയാണെന്നും ഏത് സംഭവത്തിലും അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിടുന്നതല്ലാതെ റിപ്പോര്‍ട്ടില്‍ എന്ത് തിരുത്തല്‍ നടപടിയാണ് ആരോഗ്യവകുപ്പും മന്ത്രിയും ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.

നാലുവയസുകാരിയുടെ കൈക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയതിന് ഉത്തരവാദികളായവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൈയ്യിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കെത്തിയ കുട്ടിക്ക് ആശുപത്രി അധികൃതര്‍ നാവില്‍ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്. കൈയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. കൈയ്ക്കാണ് ശസത്രക്രിയ ചെയ്യേണ്ടതെന്നും മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് നഴ്‌സ് പ്രതികരിച്ചതെന്നും വീട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്ന് കുടുംബം പറയുന്നു.എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അധികൃതരില്‍ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ല.

Latest