indian judiciary
നീതിപീഠമാണ്; വഴങ്ങില്ലെന്ന് തന്നെ
സുപ്രീം കോടതിയെ നിരന്തരം നേരിട്ട് വിമര്‍ശിക്കാന്‍ കേന്ദ്ര മന്ത്രി തയ്യാറാകുമ്പോള്‍ അതൊരു ഒറ്റപ്പെട്ട ശബ്ദമായല്ല, കേന്ദ്ര സര്‍ക്കാറിന്റെയും അതിനെ പിന്തുണക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെയും അഭിപ്രായങ്ങളുടെ മുഴക്കമായി വേണം കാണാന്‍.
ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം സമ്പ്രദായം തുടരുന്നതിലെ അസംതൃപ്തി കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും പ്രകടിപ്പിച്ചതിന് പിറകെ ജഡ്ജിമാരെ നിയമിക്കാനുള്ള ശിപാര്‍ശകളിന്‍മേല്‍ കേന്ദ്ര സര്‍ക്കാര്‍ അടയിരിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുന്നു സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍. കേന്ദ്ര മന്ത്രിയുടെയോ ഉപരാഷ്ട്രപതിയുടെയോ പേര് പരാമര്‍ശിക്കാതെ കേന്ദ്ര സര്‍ക്കാറിലെ “വേണ്ടത്ര ഔന്നത്യമുള്ള ചിലര്‍’ ഉന്നയിക്കുന്ന വിമര്‍ശനങ്ങളില്‍ കൊളീജിയം സംവിധാനം തുടരുന്നതില്‍ അവര്‍ക്കുള്ള കഠിനമായ നിരാശയാണ് പ്രതിഫലിക്കുന്നത് എന്ന് സൂചിപ്പിക്കുന്നു ജസ്റ്റിസ് എസ് കെ കൗളിന്റെ നേതൃത്വത്തിലുള്ള ബഞ്ച്. ഇതിന്റെ തുടര്‍ച്ചയില്‍ ജാമ്യാപേക്ഷകളും പൊതുതാത്പര്യ ഹരജികളും പരിഗണിച്ച് സമയം കളയുകയാണ് സുപ്രീം കോടതിയെന്ന വിമര്‍ശവുമായി നിയമ മന്ത്രി കിരണ്‍ റിജിജു രംഗത്തുവരുന്നു. സുപ്രീം കോടതി അവധിയെടുക്കുന്നത്, നീതിനിര്‍വഹണത്തില്‍ കാലതാമസമുണ്ടാക്കുന്നുവെന്ന് കൂടി അദ്ദേഹം പറഞ്ഞുവെച്ചു. ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായം, യോഗ്യതയേക്കാളുപരി ബന്ധുത്വമോ പരിചയമോ ഒക്കെയാണ് നിയമനത്തിന് പരിഗണിക്കുന്നത് എന്നും വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയുന്നില്ലെന്നും പ്രതികരിച്ചതിന് പിറകെയാണ് പുതിയ വിമര്‍ശങ്ങളുമായി കേന്ദ്ര നിയമ മന്ത്രി രംഗത്തുവരുന്നത്. സുപ്രീം കോടതിയെ നിരന്തരം നേരിട്ട് വിമര്‍ശിക്കാന്‍ കേന്ദ്ര മന്ത്രി തയ്യാറാകുമ്പോള്‍ അതൊരു ഒറ്റപ്പെട്ട ശബ്ദമായല്ല, കേന്ദ്ര സര്‍ക്കാറിന്റെയും അതിനെ പിന്തുണക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്)യും അഭിപ്രായങ്ങളുടെ മുഴക്കമായി വേണം കാണാന്‍.
ഇതര ഭരണഘടനാ സംവിധാനങ്ങളെയാകെ ഭരണകൂടത്തിന്റെ ഇച്ഛാനുവര്‍ത്തികളാക്കി മാറ്റി, ഹിന്ദു രാഷ്ട്ര സ്ഥാപനമെന്ന ലക്ഷ്യത്തിലേക്ക് സംഘ്പരിവാരം ചരിക്കുന്ന കാഴ്ചയാണ് 2014ന് ശേഷമുള്ള ഇന്ത്യന്‍ യൂനിയനില്‍. അതിന് വേഗമേറ്റും വിധത്തില്‍ നീതിന്യായ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയം ജനിപ്പിക്കുന്ന വിധത്തിലുള്ള തീര്‍പ്പുകള്‍ക്ക് പരമോന്നത നീതിപീഠം തുല്യം ചാര്‍ത്തുന്ന കാഴ്ചയും നമ്മള്‍ കണ്ടു. പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധത്തിന് ശേഷം ബാബരി മസ്ജിദ് നിലനിന്ന ഭൂമി, വിശ്വാസത്തെ മാത്രം അധികരിച്ച്, ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വിധിക്കുമ്പോള്‍ രാജ്യത്തിന്റെ യഥാര്‍ഥ അവകാശികള്‍ ഹിന്ദുക്കള്‍ മാത്രമാണെന്ന തോന്നലാണ് നീതിപീഠം സൃഷ്ടിച്ചത്. കോഴയിടപാടുകള്‍ സംബന്ധിച്ച ആരോപണങ്ങളോ ഊഹാപോഹങ്ങളോ ഉയര്‍ന്നാല്‍, അതിന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പിന്തുണയുണ്ടായാല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ മടിക്കാത്ത കോടതി, റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അന്വേഷണം വേണ്ടതേയില്ലെന്ന് വിധിക്കുമ്പോള്‍ ആ സംശയം അധികരിക്കുകയായിരുന്നു. താരതമ്യേന ജൂനിയറായ ജഡ്ജിക്കു മുന്നിലേക്ക് സുപ്രധാന ഹരജികളൊക്കെ തള്ളിക്കൊടുത്തും മറ്റ് പ്രധാന ഹരജികളില്‍ വിധിയെഴുതാന്‍ ആ ജഡ്ജിയെ ചുമതലപ്പെടുത്തിയും അധികാരത്തിന്റെ ഇംഗിതങ്ങളാണ് നടപ്പാകേണ്ടത് എന്ന് തങ്ങളും വിശ്വസിക്കുന്നുവെന്ന തോന്നല്‍ നീതിപീഠം ജനിപ്പിക്കുകയും ചെയ്തു. അസമിലെ ദേശീയ പൗരത്വപ്പട്ടികയുടെ നിര്‍മാണം ത്വരിതപ്പെടുത്താന്‍ പാകത്തില്‍ നടപടികള്‍ വേഗത്തിലാക്കുകയും അതിന്റെ മേല്‍നോട്ടം സ്വയം വഹിക്കുകയും ചെയ്ത ജഡ്ജി, പൗരത്വ നിയമ ഭേദഗതിയിലൂടെയും പൗരത്വപട്ടികാ നിര്‍മാണം രാജ്യത്താകെ വ്യാപിപ്പിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിലൂടെയും പ്രധാന ന്യൂനപക്ഷ വിഭാഗത്തെ രണ്ടാംതരക്കാരാക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്ന കാഴ്ചക്കും അധികം പഴക്കമില്ല.
പരമോന്നത നീതിപീഠം തങ്ങളുടെ അജന്‍ഡക്കൊപ്പിച്ച് നീങ്ങുകയാണെന്ന വ്യാമോഹത്തില്‍ മുന്നേറിയ സംഘ്പരിവാരത്തിന് പില്‍ക്കാലത്ത് തിരിച്ചടികളുണ്ടായി. ബ്രിട്ടീഷ് ഭരണകൂടം, സ്വാതന്ത്ര്യ സമര സേനാനികളെ രാജ്യദ്രോഹികളാക്കി തുറുങ്കിലടക്കാന്‍ രൂപകല്‍പ്പന ചെയ്ത ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് മരവിപ്പിക്കുകയും ആ വകുപ്പ് ചുമത്തി കേസെടുക്കുന്നത് തടയുകയും നിലവിലെടുത്ത കേസുകളിലെ തുടര്‍ നടപടികള്‍ വിലക്കുകയും ചെയ്തതോടെയാണ് ആ വ്യാമോഹത്തിന് തിരിച്ചടിയേറ്റത്. ഭരണകൂടത്തെ വിമര്‍ശിക്കുന്നത് രാജ്യത്തെ വിമര്‍ശിക്കുന്നതിന് തുല്യമാണെന്ന് വരുത്തി 124 എ പ്രകാരം നിരന്തരം കേസെടുത്തുകൊണ്ടിരുന്നവര്‍ക്ക് അതുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതി വന്നു. ലക്ഷ്മണ രേഖകള്‍ ആരും മറികടക്കരുതെന്ന് അന്ന് പ്രസ്താവനയിറക്കിയ ദേഹമാണ് നിയമ മന്ത്രി കിരണ്‍ റിജിജു. ആ അതൃപ്തി നിലനില്‍ക്കെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ (യു എ പി എ) പ്രകാരം അറസ്റ്റ് ചെയ്തവര്‍ക്ക് ജാമ്യം അനുവദിച്ച്, യു എ പി എ ചുമത്തിയ കേസുകളൊക്കെ പകവീട്ടലിന് വേണ്ടിയായിരുന്നോ എന്ന സംശയം കീഴ്‌ക്കോടതികള്‍ ഉയര്‍ത്തിത്തുടങ്ങിയത്.
അങ്ങനെ ജാമ്യം അനുവദിക്കുകയോ വീട്ടുതടങ്കല്‍ മതിയെന്ന് നിശ്ചയിക്കുകയോ ചെയ്ത കേസുകളില്‍ സുപ്രീം കോടതിയില്‍ അപ്പീലുമായിപ്പോയാല്‍, പൗരന്റെ അവകാശങ്ങളെക്കുറിച്ചും ആ അവകാശങ്ങള്‍ അനുവദിച്ച ഭരണഘടനാ വ്യവസ്ഥകളെക്കുറിച്ചും ഓര്‍മിപ്പിക്കുന്ന സ്ഥിതിയായി. പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്ത വ്യക്തിക്ക് വീട്ടുതടങ്കല്‍ മതിയെന്ന് ഹൈക്കോടതി വിധിക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസിനോട് ചേര്‍ന്ന ഗ്രന്ഥശാല തടവുപുരയാക്കാമെന്ന് ആ വ്യക്തി നിശ്ചയിക്കുകയും ചെയ്യുമ്പോള്‍ അത് ചോദ്യം ചെയ്ത് ഹരജി സമര്‍പ്പിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസിനോട് ചേര്‍ന്നുള്ള മുറിയാണെങ്കില്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നമെന്ന് പരമോന്നത കോടതി ചോദിച്ചാല്‍! കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസാണെന്നത് ഞെട്ടലുണ്ടാക്കുന്നില്ലേ എന്ന് മറുചോദ്യമുന്നയിക്കുമ്പോള്‍ ആ പാര്‍ട്ടി രാജ്യത്ത് നിരോധിക്കപ്പെട്ടതല്ലല്ലോ ഒരു ഞെട്ടലുമില്ലെന്ന് പരമോന്നത കോടതി മറുപടി പറഞ്ഞാല്‍! ഹിന്ദു രാഷ്ട്ര സ്ഥാപനത്തിന് വെട്ടിയിട്ട പച്ചമാവിന്റെ ചീളുകള്‍ക്ക് തീകൂട്ടുമ്പോള്‍ പുകയൂതാനുണ്ടാകുമെന്ന് പ്രതീക്ഷിച്ചയിടത്തൊരു ഇടഞ്ഞുനില്‍പ്പുണ്ടായാല്‍! മുദ്രവെച്ച കവറുകളുമായി വന്ന്, രാജ്യരക്ഷയുടെ മേമ്പൊടിയില്‍ അജന്‍ഡകള്‍ നടപ്പാക്കിയെടുക്കുന്ന പതിവ് തന്റെ കോടതിയില്‍ വേണ്ടെന്ന് പറയുന്ന ജഡ്ജി ചീഫ് ജസ്റ്റിസാകുക കൂടി ചെയ്താല്‍! ആ ചീഫ് ജസ്റ്റിസിന്റെ കാലത്ത് 19 ജഡ്ജിമാരെ സുപ്രീം കോടതിയിലേക്ക് നിയമിക്കണമെന്ന ദുര്യോഗം കൂടി ഉണ്ടായാല്‍! ആശ്ചര്യചിഹ്നങ്ങളുടെ എണ്ണം കൂടുകയാണ്. അതങ്ങനെ കൂടാന്‍ അനുവദിക്കാവതല്ല തന്നെ.
അപ്പോള്‍ കരണീയമായത്, പരമോന്നത കോടതിയെ സമ്മര്‍ദത്തിലാക്കുക എന്നതുതന്നെ. മുന്‍സിഫ് കോടതിയോ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയോ പരിഗണിക്കേണ്ട ജാമ്യാപേക്ഷകള്‍ പരിഗണിച്ചും ശല്യങ്ങളായ വ്യവഹാരങ്ങളെന്ന് അപഹസിച്ച് തള്ളിക്കളയേണ്ട പൊതുതാത്പര്യ ഹരജികള്‍ വിലക്കെടുത്തും സമയം പോക്കുന്ന, അതുവഴി നീതിതേടുന്ന മനുഷ്യരെ അവഗണിക്കുന്ന, അവധികളൊന്നും പാഴാക്കാതെ കേസുകള്‍ കെട്ടിക്കിടക്കാന്‍ വഴിയൊരുക്കുന്ന സ്ഥാപനമായി പരമോന്നത കോടതിയെ ചിത്രീകരിച്ച് അതിന്റെ വിശ്വാസ്യതയെ ഇടിച്ചുതാഴ്ത്തുകയും. മുന്‍ ജഡ്ജിമാരുടെ ബന്ധുക്കളെയും ജഡ്ജിമാരായിരിക്കുന്നവരുടെ സുഹൃത്തുക്കളെയും കൊളീജിയത്തിന്റെ മറവില്‍ ജഡ്ജിമാരായി നിയമിച്ച്, യോഗ്യരായവരെ മാറ്റിനിര്‍ത്തുന്നതിന്റെ താത്പര്യമെന്താണെന്ന് കിരണ്‍ റിജിജു പരോക്ഷമായി ചോദിക്കുന്നത് അതുകൊണ്ടാണ്. പാര്‍ലിമെന്റ് ഏകകണ്ഠമായി പാസ്സാക്കിയ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമം കോടതി റദ്ദാക്കുമ്പോള്‍ നിയമ നിര്‍മാണത്തിനുള്ള പരമാധികാരത്തിലേക്ക് കോടതി കടന്നുകയറുകയായിരുന്നുവെന്ന് ഉപരാഷ്ട്രപതി പറയുമ്പോഴും ആ റദ്ദാക്കലിന്റെ താത്പര്യമെന്തായിരുന്നുവെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.
ഭരണഘടന നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിനെ മറികടക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെ ആജ്ഞാനുവര്‍ത്തികളാക്കി സ്വതാത്പര്യങ്ങള്‍ നടത്തിയെടുക്കുകയും ജനാധിപത്യ മര്യാദകളോ പൗരാവകാശങ്ങളോ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നവരുടെ ആധിപത്യകാലത്ത് നീതിപീഠങ്ങളാണ് മതനിരപേക്ഷ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന, നീതി നടപ്പാകണമെന്ന് ആഗ്രഹിക്കുന്ന ജനസംഖ്യയിലെ ഭൂരിപക്ഷത്തിന്റെ ആശ്രയം. അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുകയും വിശ്വസ്തരല്ലാത്ത കൂട്ടം ഭരണകൂടത്തിന്റെ തീരുമാനങ്ങളെ അട്ടിമറിക്കുകയാണെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുക എന്നതാകണം തന്ത്രം. നുണകളും അര്‍ധസത്യങ്ങളും പ്രചരിപ്പിച്ച്, പ്രചാരണത്തിന്റെ ചുഴലിവേഗത്തില്‍ സത്യമേത്, നുണയേത് എന്ന് ജനത്തിന് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നതില്‍ മിടുക്ക് കാണിക്കുകയും ചെയ്യുന്നവര്‍ നീതിപീഠത്തെ നേരിട്ടെതിര്‍ക്കുകയാണെന്ന് കരുതണം. അതിന് വഴങ്ങാന്‍ തയ്യാറല്ലെന്ന് പറയുകയാണ് ജസ്റ്റിസ് എസ് കെ കൗളും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും. പൗരസ്വാതന്ത്ര്യം തടയപ്പെടുന്നുവെന്ന് തോന്നുകയാണെങ്കില്‍ കോടതി ഇടപെടുക തന്നെ ചെയ്യുമെന്ന് പറയുമ്പോള്‍ ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി, ഭരണഘടന അനുവദിച്ചിരിക്കുന്ന അധികാരം വിനിയോഗിക്കുക തന്നെ ചെയ്യുമെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ഈ സ്ഥാപനം നിലനില്‍ക്കുകയും അതിന്റെ ശാന്തവും സുഗമവുമായുള്ള പ്രവര്‍ത്തനം തുടരുകയും ചെയ്യേണ്ടത് രാജ്യം ജനാധിപത്യ പാതയില്‍ തുടരുന്നതിന് അനിവാര്യമാണെന്ന് ഇവര്‍ തിരിച്ചറിയുന്നുണ്ടാകണം. അത് വാര്‍ത്താ സമ്മേളനം നടത്തി പറയുകയല്ല, പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കുകയാണ് വേണ്ടതെന്നും.