Connect with us

Web Special

വ്യാജ മദ്യക്കുരുതികള്‍ക്ക് ഒരവസാനമില്ലേ?

മീഥൈൽ ആൽക്കഹോൾ എന്ന രാസവസ്തു കൂടുതലായി ചേർക്കുന്നതും നാടൻ മദ്യവുമായി കൂട്ടിക്കലർത്തുന്നതുമാണ് ഇത്തരം ദുരന്തങ്ങളുടെ പ്രധാന കാരണം. ഈ ദ്രാവകത്തിന്‍റെ വിഷ ഫലങ്ങൾ ഒന്നുകിൽ മരണം‌, അല്ലെങ്കില്‍ അതിജീവിക്കുന്നവരുടെ സ്ഥിരമായ അന്ധതക്ക് കാരണമാകും. ലൈസൻസുള്ള കടകളിൽ നിന്ന് മദ്യം വാങ്ങാനുള്ള സാമ്പത്തികം താങ്ങാനാകാത്തതിനാൽ ഈ വ്യാജ മദ്യം പ്രധാനമായും താഴ്ന്ന സാമൂഹിക സാമ്പത്തിക മേഖലകളിലുള്ള വിഭാഗങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന ക്രൂരമായ വസ്തുത രാജ്യത്തുടനീളമുള്ള മദ്യദുരന്തക്കണക്കുകള്‍ വെളിപ്പെടുത്തുന്നു.

Published

|

Last Updated

കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ മൃതദേഹത്തിന് സമീപം ബന്ധുക്കൾ വിലപിക്കുന്നു.

അവസാനമിതാ ഏറ്റവും പുതിയ വ്യാജമദ്യദുരന്തത്തിന്‍റെ ഇരകളുടെ കണക്കുകള്‍ വന്നുകൊണ്ടിരിക്കുന്നു. കരുണാപുരത്ത് വ്യാജമദ്യം കഴിച്ച് നാല് പേർ കൂടി മരിച്ചതോടെ തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 54 ആയി ഉയര്‍ന്നിരിക്കുന്നു. കൊല്ലപ്പെട്ടവരിൽ 48 പുരുഷന്മാരും ആറ് സ്ത്രീകളും ഉൾപ്പെടുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യയിൽ 2000 ത്തോളം ആളുകൾക്ക് നിരവധി മദ്യ ദുരന്തങ്ങളിലൂടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. മദ്യവിൽപ്പന നിയമപരമായി നിരോധിച്ചിട്ടുള്ള സംസ്ഥാനങ്ങളെപ്പോലും ദുരന്തങ്ങള്‍ വെറുതെ വിട്ടില്ല എന്നോര്‍ക്കണം. ഏതാണ്ട് എല്ലാ വർഷങ്ങളിലും രാഷ്ട്രം നടുങ്ങുന്ന ഒരു മദ്യദുരന്തം സംഭവിച്ചു കൊണ്ടേയിരിക്കുന്നു..

മീഥൈൽ ആൽക്കഹോൾ എന്ന രാസവസ്തു കൂടുതലായി ചേർക്കുന്നതും നാടൻ മദ്യവുമായി കൂട്ടിക്കലർത്തുന്നതുമാണ് ഇത്തരം ദുരന്തങ്ങളുടെ പ്രധാന കാരണം. ഈ ദ്രാവകത്തിന്‍റെ വിഷ ഫലങ്ങൾ ഒന്നുകിൽ മരണം‌, അല്ലെങ്കില്‍ അതിജീവിക്കുന്നവരുടെ സ്ഥിരമായ അന്ധതക്ക് കാരണമാകും. ലൈസൻസുള്ള കടകളിൽ നിന്ന് മദ്യം വാങ്ങാനുള്ള സാമ്പത്തികം താങ്ങാനാകാത്തതിനാൽ ഈ വ്യാജ മദ്യം പ്രധാനമായും താഴ്ന്ന സാമൂഹിക സാമ്പത്തിക മേഖലകളിലുള്ള വിഭാഗങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന ക്രൂരമായ വസ്തുത രാജ്യത്തുടനീളമുള്ള മദ്യദുരന്തക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഒരു മദ്യ ദുരന്തത്തിൻ്റെ ഉത്ഭവം, അതിൻ്റെ സാമൂഹിക സ്വാധീനം, അനധികൃത മദ്യവ്യാപാരം തടയുന്നതിനുള്ള വഴികള്‍ എന്നിവയെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോ, അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ എന്നീ ചോദ്യങ്ങള്‍ ഗൗരവമേറിയതാണ്.

രാജ്യത്തെ പ്രധാന വിഷ മദ്യ ദുരന്തങ്ങൾ

  • 1978 ധൻബാദ് മദ്യദുരന്തം
  • 1981 കർണാടക മദ്യവിഷബാധ
  • 1982 വൈപ്പിൻ ആൽക്കഹോൾ വിഷബാധ
  • 1991 ഡൽഹി മദ്യവിഷബാധ
  • 1992 ഒഡീഷ മദ്യ മരണം
  • 2008 കർണാടക-തമിഴ്നാട് മദ്യവിഷബാധ
  • 2009 ഗുജറാത്ത് മദ്യവിഷബാധ
  • 2011 സംഗ്രാംപൂർ മെഥനോൾ വിഷബാധ
  • 2011 ബംഗാൾ മദ്യവിഷബാധ
  • 2012 ഒഡീഷ മദ്യവിഷബാധ
  • 2013 അസംഗഡ് മദ്യവിഷബാധ
  • 2015 ബംഗാൾ മദ്യവിഷബാധ
  • 2015 മുംബൈ മദ്യവിഷബാധ
  • 2016 ബിഹാർ മദ്യവിഷബാധ
  • 2019 അസമിലെ മദ്യവിഷബാധ
  • 2019 ഉത്തർപ്രദേശ് – ഉത്തരാഖണ്ഡ് മദ്യത്തിൽ വിഷബാധ
  • 2020 പഞ്ചാബ് മദ്യത്തിൽ വിഷബാധ
  • 2022 ഗുജറാത്ത് വിഷ മദ്യം മരണങ്ങൾ
  • 2022 ബിഹാർ മദ്യത്തിൽ വിഷബാധ
  • 2024 കള്ളക്കുറിച്ചി മദ്യവിഷബാധ

ഇന്ത്യയിലെ മദ്യവിഷബാധയുടെ ഭാഗികമായ പട്ടികയാണിത് . ഈ സംഭവങ്ങങ്ങളിൽ ഭൂരിഭാഗത്തിലും മരണകാരണം മെഥനോൾ വിഷബാധയാണ്. മദ്യത്തിൻ്റെ ലഹരിയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് ന്യായമായി ഉപയോഗിക്കേണ്ട
എത്തനോളിൻ്റെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ വിഷാംശമുള്ള മീഥൈൽ ആൽക്കഹോളിന്‍റെ വില വളരെ കുറവാണ്. അതിനാല്‍ വിലകുറഞ്ഞ മദ്യത്തിലൂടെ കൂടുതൽ ലാഭമുണ്ടാക്കാനുള്ള‌ മാർഗമായി മീഥൈല്‍ ആള്‍ക്കഹോള്‍ ഉപയോഗിക്കുന്നു.

സമ്പന്നരാഷ്ട്രങ്ങള്‍ മുതല്‍ മൂന്നാംലോക രാജ്യങ്ങള്‍ വരെ മദ്യം‌ എന്ന രാക്ഷസന്‍റെ പിടിയില്‍ നിന്ന് മോചിതരല്ല. സ്വാഭാവിക മാനസികാവസ്ഥയെ ശാരീരികമായി ഉത്തേജിപ്പിക്കുന്ന പുതിയ രാസവസ്തുക്കളേക്കാള്‍ താരതമ്യേന അപകടരഹിതമാണ് എന്നതാണ് മദ്യത്തിന് ലഭിക്കുന്ന ഈ സ്വീകാര്യതയുടെ കാരണം. ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെങ്കിലും‌മിതമായ മദ്യം നിരുപദ്രവകരമെന്ന് വിശ്വസിക്കുന്നവരേറെയാണ്. ഇതിനാല്‍ തന്നെ പലയിടത്തും മദ്യവില്‍പന സര്‍ക്കാരിന് കീഴിലാണ്. ഈ കവടത്തില്‍ നിന്നുള്ള ലാഭത്തിലാണ് സര്‍ക്കാരിന്‍റെ കണ്ണ്. അതിനപ്പുറം നിയമലംഘകരായ വ്യാജമദ്യ ലോബികളെ പൂര്‍ണമായി നിലക്ക് നിര്‍ത്താന്‍ പോന്ന സന്നാഹങ്ങള്‍ സര്‍ക്കാരിനുമില്ല.

എക്സൈസ് ഡിപ്പാർട്ട്മെന്റിനാകട്ടെ ന്യൂജെന്‍ മയക്കുമരുന്നു വേട്ടകള്‍ക്ക് തന്നെ സമയം തികയുന്നില്ല. അപ്പോള്‍ പിന്നെ വ്യാജമദ്യ നിര്‍മ്മിതികള്‍ തടയേണ്ടത് , നാട്ടുകാരുടേയും സാമൂഹ്യപ്രസ്ഥാനങ്ങളുടേയും കൂടി ഉത്തരവാദിത്വമാണ്. അല്ലെങ്കില്‍ ഇനിയും ഇത്തരം‌ ദുരന്തങ്ങള്‍ക്ക് സമൂഹം സാക്ഷ്യം വഹിക്കേണ്ടിവരും.

Latest