Connect with us

articles

ഇതാണോ ജനാധിപത്യ റിപബ്ലിക്?

പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും വെവ്വേറെ നടപടികളും നിയമങ്ങളും ഒരുക്കുന്ന ഒരു രാജ്യം ജനാധിപത്യ റിപബ്ലിക്കല്ല എന്ന തിരിച്ചറിവ് അടുത്ത് നിന്ന് മനസ്സിലാക്കുന്നതിന്റെ ഞെട്ടല്‍ ചെറുതല്ല. സംഘ്പരിവാരം കൊണ്ടെത്തിക്കുന്ന അപകടകരമായ സന്ധിയോര്‍ത്ത് തളര്‍ന്നിരിക്കാന്‍ കഴിയില്ലലോ. അതുകൊണ്ട് പൊരുതാന്‍ തന്നെയാണ് തീരുമാനം.

Published

|

Last Updated

അടുത്തിടെയുണ്ടായ പാര്‍ലിമെന്റിലെ സുരക്ഷാ വീഴ്ചയെ പറ്റി പ്രധാനമന്ത്രി പാര്‍ലിമെന്റില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടതിനാണ് പ്രതിപക്ഷത്ത് നിന്ന് 142 എം പിമാരെ ഇരു സഭകളില്‍ നിന്നുമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. പ്രതിപക്ഷം ഉയര്‍ത്തിയ ന്യായമായ ഒരാവശ്യത്തെ ഏറ്റവും ജനാധിപത്യ വിരുദ്ധവും അപഹാസ്യവുമായ രീതിയില്‍ റദ്ദ് ചെയ്യുകയും വിമര്‍ശന സ്വരങ്ങളെ സഭാതലത്തില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നത് വെറും പി ആര്‍ പ്രേരിത അധര വ്യായാമം മാത്രമാണ് നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിനും എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇപ്പോള്‍ പാര്‍ലിമെന്റില്‍ നടക്കുന്നത്. ഇവിടെയുള്ള ജനാധിപത്യത്തിന് അന്ത്യകൂദാശ ഒരുക്കി സമ്പൂര്‍ണ ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊട്ടിയാനയിക്കുകയാണ് എന്‍ ഡി എ സര്‍ക്കാര്‍ ചെയ്യുന്നത്.

രാജ്യത്തെ നടുക്കിയ പാര്‍ലിമെന്റ് ആക്രമണം നടക്കുന്നത് അടല്‍ ബിഹാരി വാജ്പയി നേതൃത്വം കൊടുത്ത സര്‍ക്കാറിന്റെ കാലത്താണ്. അതിന്റെ 22ാം വാര്‍ഷിക ദിനത്തില്‍ രാജ്യത്തെ നാണം കെടുത്തിക്കളഞ്ഞ സംഭവമായിരുന്നു ആ സുരക്ഷാ വീഴ്ച. രാഹുല്‍ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന എം പിമാര്‍ സഭയിലുള്ളപ്പോഴാണ് സംഭവം നടക്കുന്നത്. തന്റെ 56 ഇഞ്ച് നെഞ്ചളവില്‍ ഈ രാജ്യം സുരക്ഷിതമാണെന്ന അവകാശവാദങ്ങള്‍ വെറും പൊള്ളയാണെന്ന് പാര്‍ലിമെന്റിന്റെ നടുത്തളത്തില്‍ തന്നെ വ്യക്തമാകുന്ന സാഹചര്യം മോദിക്ക് വലിയ നാണക്കേടാണ്. എം പിമാരുടെ സ്റ്റാഫിനും മാധ്യമ പ്രവര്‍ത്തകര്‍ക്കുമൊക്കെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പാര്‍ലിമെന്റില്‍ എത്ര എളുപ്പത്തിലാണ് നുഴഞ്ഞുകയറ്റക്കാര്‍ അവരുടെ ലക്ഷ്യം നടപ്പാക്കിയത്.

അതിര്‍ത്തിയില്‍ എന്നും തുടരുന്ന ചൈനയുടെ അധിനിവേശത്തെ തടയിടാന്‍ കഴിയാതെ നില്‍ക്കുന്ന മോദി സര്‍ക്കാര്‍ പാര്‍ലിമെന്റിനകത്ത് പോലും സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തവിധം ദുര്‍ബലരാണെന്ന് ജനങ്ങള്‍ തിരിച്ചറിയണം. ഈ വിഷയങ്ങള്‍ തങ്ങളുടെ പി ആര്‍ പ്രതിച്ഛായക്ക് ഏല്‍പ്പിച്ച പ്രഹരം വലുതാണെന്ന് മനസ്സിലാക്കിയ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പരാക്രമമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഒരുപക്ഷേ ലോക പാര്‍ലിമെന്ററി ചരിത്രത്തിലെ കൂട്ട സസ്‌പെന്‍ഷനിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. പെഗാസസ് മുതല്‍, ചൈനാ അധിനിവേശം അടക്കം മണിപ്പൂര്‍ കലാപം വരെയുള്ള വിഷയങ്ങളില്‍ ഇതുപോലെ പ്രധാനമന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുതരമായ വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രധാനമന്ത്രി സഭയെ അഭിമുഖീകരിച്ച് വിശദീകരണം നല്‍കുക എന്നത് ഒരു മര്യാദയാണ്. എന്നാല്‍ എല്ലാ സഭാ സമ്മേളനങ്ങളുടെയും തുടക്കത്തിലും ഒടുക്കത്തിലും ഓരോ മണിക്കൂര്‍ വീതം (പരമാവധി) സഭയില്‍ വന്നുപോകുന്ന, ഇനിയാരും തനിക്ക് മറുപടി പറയില്ലെന്ന് ഉറപ്പിച്ചുമാത്രം സഭയില്‍ സംസാരിക്കുന്ന ഒരു പ്രധാനമന്ത്രി എങ്ങനെയാണ് ആര്‍ജവമുള്ള ഒരു പ്രതിപക്ഷത്തെ അഭിമുഖീകരിക്കുക?

ചോദ്യങ്ങള്‍ ചോദിക്കുന്ന, വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന, പ്രതിഷേധം അടയാളപ്പെടുത്തുന്ന പ്രതിപക്ഷമല്ല, പ്രധാനമന്ത്രിക്ക് പ്രശംസ പാടുന്ന, പഞ്ചപുച്ഛമടക്കി ഒതുങ്ങിയിരിക്കുന്ന പ്രതിപക്ഷത്തെയാണ് അവര്‍ ആഗ്രഹിക്കുന്നത്. ബി ജെ പിയുടെ നേതൃത്വത്തിലുള്ള മൃഗീയ ഭൂരിപക്ഷമുള്ള സര്‍ക്കാറിനെ നേരിടുന്ന പ്രതിപക്ഷം സംഖ്യയില്‍ ചെറുതെങ്കിലും കരുത്തരാണെന്ന് പതിനേഴാം ലോക്‌സഭയുടെ ആദ്യ സെഷന്‍ മുതല്‍ വ്യക്തമായതാണ്. അഞ്ച് വര്‍ഷത്തിനിടയില്‍ അഞ്ച് തവണയാണ് ഞാന്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ക്ക് വാജ്പയി അടക്കം മന്‍മോഹന്‍ സിംഗ് അടക്കമുള്ള മുഴുവന്‍ പ്രധാനമന്ത്രിമാരും പ്രതിപക്ഷത്തെ അവരുടെ വിമര്‍ശനങ്ങളെ അഭിമുഖീകരിച്ചുകൊണ്ടും വിലക്കെടുത്തുകൊണ്ടും ഭരണം നിര്‍വഹിച്ചവരാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അന്നത്തെ പല അപകോളനീകൃത രാജ്യങ്ങള്‍ പോലെ ഏകാധിപത്യത്തിലേക്കോ ഏകപാര്‍ട്ടി സംവിധാനത്തിലേക്കോ കൊണ്ടുപോകാമായിരുന്ന ഒരു ഭരണവ്യവസ്ഥയെ ജനാധിപത്യവത്കരിച്ച പാരമ്പര്യമാണ് നെഹ്‌റുവിനുള്ളത്. രണ്ടേ രണ്ട് എം പിമാര്‍ മാത്രമുള്ള ബി ജെ പിയുടെ പൂര്‍വ രാഷ്ട്രീയ സംവിധാനത്തിനും ജനാധിപത്യ ഇടത്തില്‍ അര്‍ഹിക്കുന്ന പ്രതിനിധാനവും ദൃശ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട് കോണ്‍ഗ്രസ്സും മറ്റു സര്‍ക്കാറുകളും. അഴിമതി അടക്കമുള്ള ആരോപണങ്ങള്‍ ഉയരുന്ന വേളയില്‍ പ്രതിപക്ഷ ആവശ്യങ്ങള്‍ അംഗീകരിക്കാനും വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനും അവര്‍ തയ്യാറായിട്ടുണ്ട് എന്നത് ചരിത്രമാണ്.

ലക്ഷക്കണക്കിന് ആളുകളുടെ പ്രതിനിധിയാണ് ഓരോ ലോക്‌സഭാംഗവും. അവരുടെ ഇടപെടലുകളെ മാനിക്കാതെ ഒരു സര്‍ക്കാര്‍ കടന്നുപോകുന്നത് പ്രതിഷേധാര്‍ഹമാണെന്നതില്‍ തര്‍ക്കമെന്താണ്? പ്രതിപക്ഷം പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെടുന്നതോ, സുതാര്യമായ അന്വേഷണം വേണമെന്ന് പറയുന്നതോ, അഴിമതി ആരോപണങ്ങളിലും മറ്റും സംയുക്ത പാര്‍ലിമെന്ററി സമിതി അന്വേഷണം ആവശ്യപ്പെടുന്നതോ തികച്ചും സാധാരണമാണ്. അത് ചെവിക്കൊള്ളാതെയും അവഗണിച്ചും പരിഹസിച്ചും കടന്നുപോകുമ്പോള്‍ സ്വാഭാവികമായും പ്രതിപക്ഷം പ്രതിഷേധിക്കും. വിഷയങ്ങളുടെ ഗൗരവമനുസരിച്ച് മുദ്രാവാക്യങ്ങളുയര്‍ത്തും, സഭാ നടപടികള്‍ ക്രിയാത്മകമായി (ഒട്ടും കായികമായിട്ടല്ലാതെ) തടസ്സപ്പെടുത്താന്‍ ശ്രമിക്കും, പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തും, ബാനറുകള്‍ ഉയര്‍ത്തും, വിഷയം രൂക്ഷമെങ്കില്‍ നടുത്തളത്തിലിറങ്ങും, എന്നിട്ടും പ്രതിഷേധം അവഗണിക്കുന്നെങ്കില്‍ അധ്യക്ഷ പീഠത്തിനടുത്തെത്തി പ്രതിഷേധം തുടരും. ഇത് 2014ന് ശേഷം ഉണ്ടായ പാര്‍ലിമെന്ററി പ്രതിഷേധ രൂപങ്ങളല്ല. കഴിഞ്ഞ ഏഴരപ്പതിറ്റാണ്ടായി ഈ രാജ്യം ഇങ്ങനെയാണ് വളര്‍ന്നത്. നമ്മുടെ പാര്‍ലിമെന്ററി സംവാദ സംസ്‌കാരം ഇങ്ങനെയാണ് രൂപപ്പെട്ടത്. ലോകത്തെല്ലായിടത്തും പാര്‍ലിമെന്റുകളില്‍ പ്രതിപക്ഷം ഇങ്ങനെയൊക്കെത്തന്നെയാണ് പ്രതിഷേധിക്കുന്നത്. 2004 മുതല്‍ 2014 വരെ സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയ ബി ജെ പി നേതാക്കളും പ്രതിപക്ഷത്തിരുന്ന് ഇങ്ങനെയൊക്കെയാണ് പ്രവര്‍ത്തിച്ചുപോന്നത്.

വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തി, ജനാധിപത്യത്തെ കുറിച്ച് ക്ലാസ്സെടുക്കുന്ന പരിപാടിയാണ് ലോക്‌സഭാ സ്പീക്കറുടെയും രാജ്യസഭാ അധ്യക്ഷന്റെയും ശീലം. പാര്‍ലിമെന്റിലെ ജനാധിപത്യ മര്യാദകളും കീഴ് വഴക്കങ്ങളും തിണ്ണമിടുക്കിന്റെ ബലത്തില്‍ അട്ടിമറിച്ചുകളഞ്ഞ കാലമാണ് കടന്നുപോകുന്നത്. പ്രതിപക്ഷത്തെ പരമാവധി സഭാ ടെലിവിഷന്‍ ചാനലുകളില്‍ കാണിക്കാതിരിക്കാനുള്ള ഉത്സാഹം ഈ സര്‍ക്കാറിനുണ്ട്. രാഹുല്‍ ഗാന്ധിയെ പോലെ മുതിര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ സംസാരിക്കുമ്പോള്‍ കൂടുതലും കാണിച്ചുകൊണ്ടിരിക്കുക സഭാധ്യക്ഷനെ ആയിരിക്കും. പ്രതിപക്ഷത്തെ ഇല്ലാതാക്കിയും അദൃശ്യമാക്കിയും ബി ജെ പി വിഭാവനം ചെയ്യുന്ന പാര്‍ലിമെന്റ് ജനാധിപത്യത്തിന്റെതല്ല, മറിച്ച് ഏകാധിപത്യത്തിന്റെതാണ്.

പുതിയ പാര്‍ലിമെന്റ് ഉണ്ടാക്കി ആദ്യം ചേര്‍ന്ന സമ്മേളനത്തില്‍ തന്നെ രാജ്യത്തിന്റെ അഭിമാനത്തിന് കനത്ത ക്ഷതം ഏല്‍പ്പിച്ച ഒരു ബി ജെ പി. എം പി ഇപ്പോഴും ഞങ്ങളെയൊക്കെ പുറത്തിരുത്തിയ അതേ സഭയില്‍ ഇരിക്കുന്നുണ്ട്. കുന്‍വര്‍ ദാനിഷ് അലി എം പിക്കെതിരെ കേട്ടാലറക്കുന്ന വംശീയ അധിക്ഷേപം നടത്തിയ രമേശ് ബിധൂരി എം പിയാണത്. അദ്ദേഹത്തിെനതിരെ എന്തുകൊണ്ടാണ് പാര്‍ലിമെന്റ് മര്യാദകള്‍ മുന്‍നിര്‍ത്തി നടപടികള്‍ ഉണ്ടാകാത്തത്? പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും വെവ്വേറെ നടപടികളും നിയമങ്ങളും ഒരുക്കുന്ന ഒരു രാജ്യം ജനാധിപത്യ റിപബ്ലിക്കല്ല എന്ന തിരിച്ചറിവ് അടുത്ത് നിന്ന് മനസ്സിലാക്കുന്നതിന്റെ ഞെട്ടല്‍ ചെറുതല്ല. മതവും വര്‍ഗീയതയും പറഞ്ഞ് വോട്ട് നേടി രാജ്യത്തെ സംഘ്പരിവാരം കൊണ്ടെത്തിക്കുന്ന അപകടകരമായ സന്ധിയോര്‍ത്ത് തളര്‍ന്നിരിക്കാന്‍ കഴിയില്ലലോ. അതുകൊണ്ട് പൊരുതാന്‍ തന്നെയാണ് തീരുമാനം. പാര്‍ലിമെന്റിനകത്തും പുറത്തും പൊരുതാന്‍ തന്നെയാണ് തീരുമാനം.

Latest