First Gear
ഇതെന്താ റോബോട്ടിക് കുതിരയോ? തരംഗമാകാൻ കാവസാക്കിയുടെ 'കോർലിയോ'
2025 ഏപ്രിൽ 13 ന് ആരംഭിക്കാൻ പോകുന്ന ജപ്പാനിലെ 2025 വേൾഡ് എക്‌സ്‌പോയിൽ കോർലിയോയെ കാവസാക്കി പ്രദർശിപ്പിക്കും.

ടോക്യോ | കുന്നും മലയും കയറുന്ന കുഴികൾ കണ്ടാൽ ചാടിക്കടക്കുന്ന കൂട്ടാളി. കുതിരയെക്കുറിച്ചല്ല, ജപ്പാനീസ് മോട്ടോർവെഹിക്കിൾ കമ്പനിയായ കാവസാക്കി പുറത്തിറക്കിയ പുതിയ പേഴ്‌സണൽ ട്രാൻസ്‌പോർട്ടേഷൻ ഓഫ്‌റോഡ് വെഹിക്കിളിനെക്കുറിച്ചാണ് പറയുന്നത്.
ഭാവിയുടെ സഞ്ചാര ഉപാധിയായാണ് കാവസാക്കി കണ്ടാൽ കുതിരയെപ്പോലെ തോന്നുന്ന വാഹനം പുറത്തിറക്കിയിരിക്കുന്നത്.കോർലിയോ (CORLEO) എന്നാണ് ഇതിന്‍റെ പേര്.ഹൈഡ്രജൻ ഇന്ധന സെൽ സംവിധാനത്താൽ പ്രവർത്തിക്കുന്ന നാല് കാലുകളുള്ള ബയോണിക് റോബോട്ട് എന്നാണ് കാവസാക്കി കോർലിയോക്ക് നൽകിയിരിക്കുന്ന വിശേഷണം.
ചക്രത്തിൽ ഉരുളുകയല്ല, കുതിരയെപ്പോലെ നാലുകാലിൽ നടക്കുകയും ഓടുകയുമാണ് കോർലിയോ ചെയ്യുന്നത്.2025 ഏപ്രിൽ 13 ന് ആരംഭിക്കാൻ പോകുന്ന ജപ്പാനിലെ 2025 വേൾഡ് എക്‌സ്‌പോയിൽ (ഒസാക്ക-കൻസായി എക്‌സ്‌പോ) കോർലിയോയെ കാവസാക്കി പ്രദർശിപ്പിക്കും.ചലനശേഷി, സ്ഥിരത, പ്രവർത്തന മികവ് എന്നിവ വാഗ്ദാനം ചെയ്യുന്ന നാല് കാലുകളുള്ള ഒരു പുതിയ തരം ഓഫ്-റോഡ് പേഴ്‌സണൽ മൊബിലിറ്റിയാണ് കോർലിയോ.
മോട്ടോർസൈക്കിളിന്‍റെ സ്വിംഗ് ആം മെക്കാനിസം കാരണം പിൻകാലുകൾ മുൻകാലുകളിൽ നിന്ന് സ്വതന്ത്രമായി മുകളിലേക്കും താഴേക്കും നീങ്ങുന്നു.പർവതങ്ങൾ, ജലാശയങ്ങൾ തുടങ്ങിയ ഭൂപ്രദേശങ്ങളിൽ സുരക്ഷിതമായി സഞ്ചരിക്കാൻ കോർലിയോ സഹായിക്കും.പിൻകാലുകളിൽ ഘടിപ്പിച്ച ഹൈഡ്രജൻ കാനിസ്റ്ററിൽ സംഭരിക്കുന്ന ഹൈഡ്രജൻ ഉപയോഗിച്ചാണ് പ്രവർത്തനം. മുൻകാലുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ഹൈഡ്രജൻ എഞ്ചിൻ വഴിയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.ഒസാക്കയിലെ കൻസായി എക്‌സ്‌പോയിൽ ഈ ഭാവിയുടെ താരത്തെ പ്രദർശിപ്പിക്കുന്നതും കാത്തിരിക്കുകയാണ് ടെക് ലോകം.